പ്രകൃതിയുടെ വികൃതികൾ; അലാസ്കയുടെ സൗന്ദര്യം ആരെയും വിസ്മയിപ്പിക്കും

പാസ്റ്റർ മനു ഫിലിപ്പ് ഫ്ലോറിഡ
ഭാഗ്യം തേടി ഈ വഴി കടന്നുപോയ ആയിരക്കണക്കിന് ആത്മാക്കള്‍ക്കുള്ള ശാശ്വതമായ ആദരാഞ്ജലിയായി 1898-ലെ യഥാര്‍ത്ഥ ക്ലോണ്ടൈക്ക് ട്രയല്‍ പൊട്ടിച്ച ഭീമന്‍ പാറകള്‍ തെളിവായി അവശേഷിക്കുന്നുണ്ട്. അമേരിക്കന്‍ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ സ്വര്‍ണ്ണ ഖനനം, റഷ്യന്‍ സാമ്രാജ്യത്തില്‍ നിന്ന് 1867-ല്‍ അമേരിക്ക ഈ പ്രദേശം സ്വന്തമാക്കിയതിന് ശേഷം ഏതാനും വര്‍ഷങ്ങള്‍ ഒരു പ്രധാന വ്യവസായമെന്ന നിലയില്‍ പര്യവേക്ഷണത്തിനും താമസത്തിനും അനേകം ആളുകള്‍ ഇവിടേക്ക് വന്നിട്ടുണ്ട്. ഈ പ്രവിശ്യയില്‍ 37,000 ആളുകള്‍ മാത്രമേ വസിക്കുന്നുള്ളൂ. മരം കോച്ചുന്ന തണുപ്പായതിനാലാണ്, ആളുകള്‍ ഈ പ്രവിശ്യയിലേക്ക് വരാന്‍ താല്‍പ്പര്യപ്പെടാത്തതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. ഫ്രേസറില്‍ ഓരോ വര്‍ഷവും ശരാശരി 721 സെന്‍റീമീറ്റര്‍ (24 അടി) മഞ്ഞ് വീഴുന്നു. ടൂറിലുടനീളം ഓരോ യാത്രക്കാരനും വിശാലമായ മലയിടുക്കിലെ കാഴ്ച്ചകള്‍ ആനന്ദകരമായിരുന്നു. ഈ സ്കാഗ്വേ ട്രെയിന്‍ ടൂറില്‍, ബ്രൈഡല്‍ വെയില്‍ ഫാള്‍സ്, ഇന്‍സ്പിരേഷന്‍ പോയിന്‍റ്, ഡെഡ് ഹോഴ്സ് ഗള്‍ച്ച് എന്നിവ കടന്ന് വൈറ്റ് പാസ് ഉച്ചകോടിയിലേക്കുള്ള യഥാര്‍ത്ഥ റൂട്ട് തിരിച്ചുപിടിക്കുമ്പോള്‍ വിന്‍റേജ് പാസഞ്ചര്‍ കോച്ചുകളില്‍ വിശ്രമിക്കുവാന്‍ കഴിയും. പര്‍വതങ്ങള്‍, ഹിമാനികള്‍, മലയിടുക്കുകള്‍, വെള്ളച്ചാട്ടങ്ങള്‍, തുരങ്കങ്ങള്‍, ട്രെസ്റ്റലുകള്‍, വൈറ്റ് പാസ് റെയില്‍ റോഡിനൊപ്പം ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ എന്നിവയുടെ ഒരു വിശാല ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കും. കനേഡിയന്‍ അതിര്‍ത്തിയുടെ സമീപ പ്രദേശമായിട്ടാണ് സ്കാഗ്വേ അറിയപ്പെടുന്നത്. വൈറ്റ് പാസ് സമ്മിറ്റില്‍ നിന്നുള്ള യാത്ര സന്തോഷകരമായിരുന്നു. യാത്ര മലകളും, താഴ്വരകളും, ഹിമാനികളും, കൊടുമുടികളുമെല്ലാം പിന്നിടുമ്പോള്‍ ടോര്‍മെന്‍റഡ് വാലി എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് പ്രവേശിക്കും. അവിടെ ശ്രദ്ധേയമായ പാറക്കൂട്ടങ്ങള്‍, മഴക്കാടുകള്‍, വെള്ളച്ചാട്ടങ്ങള്‍, തിളങ്ങുന്ന പച്ചതടാകങ്ങള്‍, അടിത്തട്ടില്‍ കിടക്കുന്ന വര്‍ണ്ണാഭമായ ലൈക്കണ്‍ എന്നിവയാണ് ആ താഴ്വരയുടെ സവിശേഷത.

ട്രെയിന്‍ യാത്രയ്ക്കിടെ ഞങ്ങള്‍ കണ്ട കൂറ്റന്‍ മലകള്‍ക്കും കല്ലുകള്‍ക്കും വ്യത്യസ്ത രൂപങ്ങളായി ഞങ്ങള്‍ക്ക് തോന്നുമായിരുന്നു. പ്രകൃതിയുടെ വികൃതികളെന്നു കവികള്‍ പറയുമായിരിക്കും. പ്രകൃതിയുടെ ചെയ്തികള്‍ പലപ്പോഴും പ്രവചനാതീ തമാണ്. ഒരു സമയം തന്നെ സൗന്ദര്യംകൊണ്ട് വിസ്മയിപ്പിക്കുകയും ഭീകരതകൊണ്ട് ഭയപ്പെടുത്തുകയും ചെയ്യും. പ്രകൃതി തല്ലും തലോടലും ഒരുമിച്ചു ചെയ്യുന്ന കര്‍ക്കശക്കാരിയാണ്. ഋതുഭേദങ്ങള്‍ക്കു മാത്രം എത്രയെത്ര വിസ്മയഭാവങ്ങളാണ്! പ്രകൃതി പ്രസന്ന വര്‍ണങ്ങളുടെ പുഷ്പശയ്യകള്‍ തീര്‍ക്കുന്ന വസന്തകാല പ്രഭാതങ്ങള്‍. സൂര്യഗോളം കത്തിയെരിയുന്ന ഗ്രീഷ്മ മധ്യാഹ്നങ്ങള്‍, മധുര ശൈത്യത്തിന്‍റെ ഹേമന്ത സായന്തനങ്ങള്‍, സിന്ദൂരമേഘങ്ങളുടെ ശരത്കാല സന്ധ്യകള്‍, ഇടിവെട്ടിപ്പെയ്യുന്ന വര്‍ഷകാല രാത്രികള്‍. ഓരോ ഋതുവും കിലുക്കുന്നതു സൗന്ദര്യത്തിന്‍റെ ആയിരമായിരം പാദസരങ്ങളാണ്. പ്രപഞ്ചത്തിന്‍റെ കലാസുഭഗത കണ്ടാസ്വദിക്കാന്‍ സാധിക്കാത്തവര്‍ക്കു ജീവിതം വിരസമായിരിക്കും.

ഭൂമിയെ വന്ദിച്ചു നില്‍ക്കുന്ന കൂറ്റന്‍ വടവൃക്ഷങ്ങളും വള്ളിപ്പടര്‍പ്പുകളും കാട്ടുപുല്ലുകളും, നോക്കെത്താദൂരത്തു പരന്നു കിടക്കുന്ന വെള്ളാരാങ്കല്ലുകളും ചാര നിറത്തിലുള്ള ഗ്രാനൈറ്റുകള്‍, മരതകവര്‍ണ്ണം ചാലിക്കുന്ന ഗ്ലേഷ്യറുകളും വന്യതയുടെ വൈവിധ്യമാര്‍ന്ന കൊടുംങ്കാടുകളും. കനേഡിയന്‍ അതിര്‍ത്തി കടന്നശേഷം, പ്രശസ്തമായ യുകോണ്‍ സസ്പെന്‍ഷന്‍ ബ്രിഡ്ജ് സന്ദര്‍ശിക്കുവാന്‍ കഴിയും. തുട്ഷി നദിയുടെ കുതിച്ചുപായുന്ന വെള്ളത്തിന്‍റെ ഒഴുക്കിനു മുകളിലൂടെ പാലം വായുവില്‍ 65 അടി തങ്ങി നില്‍ക്കുന്നു. അലാസ്കയുടെ പ്രകൃതി ദൃശ്യത്തിന്‍റെ വിസ്മയിപ്പിക്കുന്ന ശക്തിക്ക് സാക്ഷ്യം വഹിക്കാന്‍ ഇതിലും മികച്ച മാര്‍ഗമില്ല. സ്കാഗ്വേയില്‍ നിന്നുള്ള ഈ മനോ ഹരമായ ഡ്രൈവില്‍ നാടകീയമായ സൗന്ദര്യം അവിടെ നിന്ന് മടങ്ങി വന്നാലും നിങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കുന്നതായി തോന്നും. കാലത്തിന്‍റെ കൈയ്യൊപ്പുകള്‍ നിറഞ്ഞ ചരിത്രത്തിന്‍റെ കടുംവര്‍ണ്ണങ്ങള്‍ കൊണ്ടുള്ള നൂലുകളാല്‍ നെയ്തെടുത്ത പ്രകൃതിചിത്രങ്ങള്‍ നമുക്കിവിടെ കാണാം.

സ്കാഗ്വേയുടെ മനോഹരമായ റെയില്‍വേ യാത്ര അവിസ്മരണീയമായ ഒന്നായിരുന്നു. വീണ്ടും ബസില്‍ കയറുന്നതിന് മുമ്പ്, ബ്രിഡ്ജിന്‍റെ ഔട്ട്ഡോര്‍ വാക്കിംഗ് മ്യൂസിയം ആസ്വദിക്കാനും, ഗിഫ്റ്റ് ഷോപ്പ് സന്ദര്‍ശിക്കാനും, രുചികരമായ കനേഡിയന്‍ ലഘുഭക്ഷണങ്ങള്‍ പരീക്ഷിക്കാനും സാധിക്കും. ഈ ടൂര്‍ കാനഡയിലേക്ക് പ്രവേശിക്കുന്നതിനാല്‍ പാസ്പോര്‍ട്ടുകള്‍ ആവശ്യമാണ്. ഇവിടെ എത്തിയെന്നതിനു തെളിവായി സൗജന്യമായി ഞങ്ങളില്‍ ചിലര്‍ പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്തു വാങ്ങി. തിരികെ സ്കാഗ്വേയില്‍ നിന്നുള്ള സാഹസികയാത്ര ആരംഭിക്കുന്നത് 24 യാത്രക്കാരുള്ള മിനി ബസ്സിലാണ്. ചാറ്റല്‍ മഴയുണ്ടായിരുന്നിട്ടും പലയിടങ്ങളിലും ഫോട്ടോ എടുക്കുവാനും പ്രധാന സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തി കാര്യങ്ങള്‍ വിവരിച്ചു തരാനും ടൂര്‍ ഗൈഡ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഓടിക്കൊണ്ടിരുന്ന വാഹനത്തിന്‍റെ ജനാലയുടെ അരികിലിരുന്ന് ഞാന്‍ പശ്ചിമചക്രവാളത്തില്‍ അസ്തമയത്തിന്‍റെ വര്‍ണ്ണശോഭ കണ്ടുകൊണ്ടിരുന്നു. നീലസാരിയുടുത്തു മനോഹരിയായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ആകാശവും, നീലക്കടലും, വെളുത്ത മണലും, ശാന്തമായുറങ്ങുന്ന പ്രകൃതിയും എല്ലാം ഒന്നിച്ചു ചേര്‍ന്ന സ്ഥലമാണ് അലാസ്ക്ക. കവി ഭാവനയ്ക്കുപോലും എഴുതിപ്പിടിപ്പിക്കുവാന്‍ കഴിയാത്തത്ര കാഴ്ചകള്‍ കണ്ടുകൊണ്ടിരുന്നു. ദൈവം മനുഷ്യര്‍ക്കായി ഒരുക്കിയിട്ടുള്ള അത്ഭുതങ്ങള്‍ക്കു മുന്നില്‍ അറിയാതെ കൈ കൂപ്പിപ്പോകും.



