ദൈവവഴിയിൽ സഞ്ചരിക്കാം റവ. ജോർജ് മാത്യു പുതുപ്പള്ളി
റവ. ജോർജ് മാത്യു പുതുപ്പള്ളി
ദൈവപ്രവൃത്തി നമ്മിൽ നിറവേറുവാൻ നാം കാത്തിരുന്നു പ്രാർത്ഥിക്കണം. ശരീരത്തിന്റെ ഒരു അവയവം വേല ചെയ്യാതിരുന്നാൽ ശരീരത്തിനാകമാനം അത് നഷ്ടവും കഷ്ടവുമാകുന്നതുപോലെ നാം യേശുവിന്റെ ശരീരത്തിന്റെ അംഗങ്ങളാകയാൽ ജോലി ചെയ്യാതിരിപ്പാൻ സാദ്ധ്യമല്ല. അതുപോലെ തന്നെ നാം സ്വയമായി, അല്ലെങ്കിൽ ദൈവത്തിന്റെ ആത്മാവിന്റെ നിയന്ത്രണം കൂടാതെ തനിയെ നിന്നുകൊണ്ട് ഒരു വേല ചെയ്താലും അത് ശരീരമാകുന്ന സഭയ്ക്ക് കേടുവരുത്തും. പുത്തൻ ഉണർവ് ദൈവം നമ്മിൽ പകരുമ്പോൾ നാം അവന്റെ വേലയ്ക്കായി മുന്നോട്ട് ഇറങ്ങണം.
ലോകം ദുഷ്ടനായ പിശാചിന്റെ മടിയിൽ കിടന്ന് ഉറങ്ങുകയാണ്. ദൈവമക്കൾ അതിൽനിന്നും ഉണരേണ്ടത് ആവശ്യമാണ്. ലോകക്കാരെ നോക്കരുത്, അവർ ഉറങ്ങുകയായിരിക്കും. എന്നാൽ നാം ഉണരണം. ജാഗ്രതയോടുകൂടി പ്രവർത്തിക്കുവാൻ ഒരുങ്ങണം. കാലം അതിന്റെ അന്ത്യത്തിലേക്ക് ഓടുകയാണ്. ലോകത്തോടും ലോകബന്ധങ്ങളോടും ഒട്ടിച്ചേരാതെ ദൈവാത്മാവിനു കീഴ്പ്പെട്ടു ജീവിക്കാം. പരിശുദ്ധാത്മാവ് നിമിഷംതോറും ആലോചന പറഞ്ഞുതന്ന് നമ്മെ നടത്തേണ്ടതിന് ദൈവസന്നിധിയിൽ നമ്മെ വിനയപ്പെടുത്താം. എങ്കിൽ ദൈവത്തിന്റെ അത്ഭുതപ്രവൃത്തി നമ്മിൽ നിറവേറും.
ലോകത്തിന്റെ വഴിയിൽ പോകാതെ ദൈവവഴിയിൽ മാത്രം സഞ്ചരിക്കുക. ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്. അവിടുന്ന് നമ്മുടെ വഴികാട്ടിയായി കൂടെയിരിക്കും. നാം ഇതുവരെ ദൈവത്തെ അറിഞ്ഞതിനെക്കാൾ കൂടുതലായി ദൈവാത്മാവ് നമുക്ക് വെളിപ്പെടുത്തിത്തരും. ദൈവികഭണ്ഡാരത്തിൽ ഒന്നിനും ഒരു കുറവുമില്ലെന്ന് മനസിലാക്കുക. ഈ ലോകത്തിലുള്ളതുപോലും പൂർണ്ണമായി കാണാനും അറിയാനും അളക്കാനും നമുക്കു സാധിക്കുന്നില്ലെങ്കിൽ ദൈവത്തിന്റെ സ്നേഹത്തിന്റെ ആഴവും നീളവും വീതിയും നമുക്ക് എങ്ങനെ നിർണ്ണയിക്കുവാൻ കഴിയും ?
അതുകൊണ്ട് നാം അടങ്ങിയിരിക്കരുത്, ഇറങ്ങിപ്പുറപ്പെടുക. നാം കണ്ടിട്ടില്ലാത്ത ഉയരങ്ങളിലേക്ക് നാം കയറും. ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ആത്മീയവെളിപ്പാടുകൾ നമുക്കു ലഭിക്കും. ഊഹിക്കാൻപോലും കഴിയാത്ത ആത്മീയസന്തോഷം നമ്മുടെ ഉള്ളിൽ നിറയും. പൗലൊസ് തന്റെ ശരീരത്തെ രാഗമോഹങ്ങളോടുകൂടി ക്രൂശിച്ചതുപോലെ നമ്മുടെ ജഡത്തെ ക്രൂശിച്ച് അതിനെ നമ്മുടെ അടിമയാക്കാം. ആത്മാവ് ജഡത്തിനു വിരോധമായി പോരാടുന്നു, ജഡം ആത്മാവിനു ശതൃത്വവും ആകുന്നു. ദൈവം നമ്മിൽനിന്നും ആഗ്രഹിക്കുന്ന കാര്യങ്ങളെ ചെയ്തെടുക്കുവാൻ നാം ബദ്ധശ്രദ്ധരായിരിക്കണം. ദൈവപ്രവൃത്തി നമ്മിൽ നിറവേറുമ്പോൾ നാം ഏറെ സന്തോഷമുള്ളവരായി മാറും.
ചിന്തക്ക് : 'ഇതു ചെയ്യേണ്ടത് ഉറക്കത്തിൽനിന്ന് ഉണരുവാൻ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ സമയത്തെ അറികയാൽതന്നെ. നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്ക് അധികം അടുത്തിരിക്കുന്നു. അതുകൊണ്ടു നാം ഇരുട്ടിന്റെ പ്രവൃത്തികളെ വച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവർഗം ധരിച്ചുകൊൾക. പകൽ സമയത്ത് എന്നപോലെ നാം മര്യാദയായി നടക്ക. വെറിക്കുത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലും അല്ല, കർത്താവായ യേശുക്രിസ്തുവിനെ ത്തന്നെ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിനായി ചിന്തിക്കരുത്' (റോമർ 13 : 11...14).

