സുവി. വി.സി. ജെയിംസൺ പ്രത്യാശത്തീരത്തേക്ക് യാത്രയായി
വാർത്ത: ടോണി ഡി. ചെവൂക്കാരൻ
തൃശൂർ: നൂറുകണക്കിന് യുവാക്കളിൽ ആത്‍മിയ ദർശനം പകർന്ന് ക്രിസ്തു സ്നേഹത്തിലേക്കു വഴി നടത്തിയ ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ മുന്നണി പ്രവർത്തകൻ ഇവാ.വി.സി. ജെയിംസൺ (64) ഫെബ്രു 17 ന് നിത്യതയിൽ ചേർക്കപ്പെട്ടു.
ഭൗതിക ശരീരം ഫെബ്രു. 20 വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ തൃശൂർ കാളത്തോട് കാതറിൻ ലൈനിലുള്ള ഭവനത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരശുശ്രുഷ ഫെബ്രു. 21 ശനി രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെ കൊല്ലം ആയുരിലെ ഭവനത്തിൽ നടക്കും.
കൊല്ലം ആയൂർ വിളയിൽ വീട്ടിൽ ചാക്കോയുടെ മകനായ ജെയിംസൺ എറണാകുളത്താണ് താമസം. ചില നാളുകളായി ഡയാലിസിസിന് വിധേയനായി കഴിയുകയായിരുന്നു.
43 വർഷമായി ക്യാമ്പസ് ക്രൂസേഡിൽ സജീവമായി പ്രവർത്തിച്ചുവരുന്ന ജെയിംസൺ നിലവിൽ സൗത്ത് ഏഷ്യ DMPD കോർഡിനേറ്റർ ആയിരുന്നു.
ബാംഗ്ലൂർ, പാലക്കാട്, തൊടുപുഴ, തൃശൂർ, എറണാകുളം എന്നീസ്ഥലങ്ങൾ തന്റെ പ്രവർത്തനമേഖലയായിരുന്നു. ഗാനരചയിതാവും ഗ്രന്ഥകാരനും പ്രഭാഷകനുമായിരുന്നു.
"യേശുവേ പൊന്നുനാഥ "എന്ന മനോരമ മ്യൂസിക് പുറത്തിറക്കിയ ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചത് ജെയിംസൺ ആയിരുന്നു.
1993 ൽ തൊടുപുഴ ഡി പോൾ ഹൈസ്കൂളിൽ നടത്തപ്പെട്ട ആയിരത്തിലധികം യുവാക്കൾ പങ്കെടുത്ത എക്സ്പ്ലോ 93 എന്ന സുവിശേഷപരിശീലന ക്യാമ്പിന് നേതൃത്വം നൽകുവാൻ ദൈവം അദ്ദേഹത്തെ ഉപയോഗിച്ചു .
ക്യാമ്പസ് ക്രൂസേഡിന്റെ ദേശീയ സംഗീത വിഭാഗമായ ഹാർട്ട് ബീറ്റ്സിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ചു പാലക്കാട് നടന്ന മ്യൂസിക് പ്രോഗ്രാമിൽ വചന ശുശ്രുഷ നിർവഹിച്ചത് ജെയിംസൺ ആയിരുന്നു. നാലു പതിറ്റാണ്ടു മുൻപ് പാലക്കാട് ജില്ലയിൽ നിന്നും ആരംഭിച്ച സുവിശേഷ പ്രയാണത്തിന്റെ സമാപനവും അവിടെ തന്നെ ആയതും ദൈവനിയോഗമായിരിക്കാം.
പാലക്കാട് നടന്ന മീറ്റിംഗിന് ശേഷം രാത്രി തൃശ്ശൂരിലെ വീട്ടിൽ എത്തിയ ജെയിംസൺ പിറ്റെ ദിവസം തിങ്കളാഴ്ച രാവിലെ എറണാംകുളത്തേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ ശാരീരിക പ്രയാസങ്ങൾ നേരിട്ടത്തിനെതുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആവശ്യമായ ചികിത്സകൾ ചെയ്തുവെങ്കിലും പെട്ടെന്ന് ഉണ്ടായ ഹൃദയസ്തംഭനം മൂലം പലരേയും നീതിയിലേക്ക് നയിച്ച, നക്ഷത്ര പ്രഭ ചൊരിഞ്ഞ ആ തേജോഗോളം നമ്മെ വിട്ടു മാഞ്ഞുപോയി.
സുവിശേഷപ്രവർത്തന രംഗത്ത് സജീവമായി നിലകൊള്ളുന്ന തന്റെ സഹധർമ്മിണി ഉഷ ജെയിംസൺ നിരവധി രോഗങ്ങളെ അതിജീവിച്ചു പ്രവർത്തനരംഗത്ത് നിലകൊള്ളുന്നു.
മക്കൾ: ജിഷ ജോയിസ്, അജയ് ജെയിംസൺ. മരുമകൻ: ജോയ്സൺ.

Advertisement




































































































