പാസ്റ്റർ കെ. ജി. മാത്യുവിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു

പാസ്റ്റർ കെ. ജി. മാത്യുവിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു

തിരുവല്ല: നാലു പതിറ്റാണ്ടിലധികം ശാരോൻ ഫെലോഷിപ്പ് സഭയിൽ വിവിധ നിലകളിൽ ശുശ്രൂഷ നിർവഹിച്ച പാസ്റ്റർ കെ.ജി.മാത്യുവിന്റെ ജീവിചരിത്രം പ്രകാശനം ചെയ്തു. ശാരോൻ ഫെലോഷിപ് ജനറൽ കൺവെൻഷനിൽ വച്ചു നടന്ന പ്രകാശന ചടങ്ങിൽ സഭയുടെ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബിൽ നിന്നും സഭയുടെ ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ് കോപ്പി ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു. ഒരു പയനിയർ മിഷനറിയായി പ്രേഷിത പ്രവർത്തനം ആരംഭിച്ച പാസ്റ്റർ മാത്യു, സെന്റർ പാസ്റ്റർ, റീജിയൻ പാസ്റ്റർ, കൗൺസിൽ അംഗം, മിൻസ്റ്റീരിറ്റൽ സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ ശുശ്രൂഷ നിവർത്തിച്ചു. പാസ്റ്റർ മാത്യുവിന് ചെറുപ്പം മുതലേ ഒരു നാഴിക അധികം നടക്കുന്ന ശീലമായിരുന്നു. സഭാഹാളിന്റെ പണിയോ യുവജനക്യാമ്പോ കൺവെൻഷനോ പരസ്യയോഗമോ സന്നദ്ധ പ്രവർത്തനമോ എന്തുമാകട്ടെ ; പാസ്റ്റർ മാത്യു, തന്റെ കഴിവിനും പ്രാപ്തിയ്ക്കും അപ്പുറം അവയുടെ വിജയത്തിനായി പ്രവർത്തിച്ചു.

പിന്നീട് കർത്താവിന്റെ വേലയുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിലായിരുന്നപ്പോൾ ഒരു നാഴിക അധികം നടക്കുന്ന ശീലം പാസ്റ്റർ മാത്യു ഉപേക്ഷിച്ചില്ല. ആ ഗുണത്തിന്റെ ഫലം സഭാഹാളുകളായും യേശുവിനെ അറിഞ്ഞ് സഭയോട് ചേർന്ന നിരവധി വ്യക്തികളായും ഇന്നും നിലകൊള്ളുന്നു. ഒരു ആയുസ്സ് മുഴുവൻ സുവിശേഷ വയലിൽ അധ്വാനിച്ച പാസ്റ്റർ മാത്യുവിന്റെ ജീവചരിത്രം കർത്തൃവേലയിലായിരിക്കുന്നവർക്ക് ധൈര്യവും പ്രചോദനവും പകരും. ശുശ്രൂഷിച്ച സഭകളിൽ പുരോഗതിയും അഭിവൃദ്ധിയും ആത്മീയ ചൈതന്യവും കൊണ്ടുവന്ന പാസ്റ്റർ കെ. ജി. മാത്യുവിന്റെ ജീവചരിത്രം പ്രാർത്ഥനയുടെയും കഠിനാധ്വാനത്തിന്റെയും വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും കരുതലിന്റെയും സാക്ഷിപത്രമാണ്. ശുശ്രൂഷിച്ച സ്ഥലങ്ങളുടെ ചരിത്രപശ്ചാത്തലവും ദൈവവചനം പഠിച്ച കോളേജുകളുടെ പ്രാരംഭചരിത്രവും പാസ്റ്റർ മാത്യുവിന്റെയും ഭാര്യ മറിയാമ്മയുടെയും കുടുംബങ്ങളായ നെടുംപ്ലാക്കൽ കണ്ണംപ്ലാക്കൽ, താഴാംപള്ളം കുടുംബചരിത്രവും ഉൾപ്പെടുത്തിയിരിക്കുന്ന ഈ പുസ്തകം ശാരോൻ ഫെലോഷിപ്പ് സഭയുടെ വളർച്ചയുടെ ചിത്രവും വരച്ചുകാട്ടുന്നു. ജീവചരിത്രകാരൻ പ്രകാശ് പി. കോശിയും പാസ്റ്റർ മാത്യുവിന്റെ മകൻ ഫിന്നി മാത്യുവും ചേർന്നെഴുതിയിരിക്കുന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് റിഫോം ബുക്‌സാണ്.