ശോശാമ്മ അമ്മച്ചി: നൂറിന്റെ നിറവിൽ

ശോശാമ്മ അമ്മച്ചി: നൂറിന്റെ നിറവിൽ
ശോശാമ്മ അമ്മച്ചി അഞ്ചാം തലമുറയിലെ എൽക്ക മോളോടൊപ്പം

ശോശാമ്മ അമ്മച്ചി: നൂറിന്റെ നിറവിൽ

ടോണി ഡി. ചെവ്വൂക്കാരൻ

നൂറിന്‍റെ നിറവിലും ശോശാമ്മ അമ്മച്ചി കർമ്മനിരതയാണ്. നിറഞ്ഞ പുഞ്ചിരിയോടും ചുറുചുറുക്കോടും സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നതോടൊപ്പം തലമുറകളേയും ചേർത്തു പിടിക്കുന്ന അമ്മച്ചിയെ അല്‍പം അസൂയയോടെ മാത്രമേ നമുക്കു നോക്കികാണാന്‍ കഴിയൂ. പ്രായം വെറും അക്കമല്ലേ എന്നാണ് ശോശാമ്മ അമ്മച്ചിയുടെ പക്ഷം. ഇക്കഴിഞ്ഞ ജൂണ്‍ 17നായിരുന്നു നൂറാം പിറന്നാള്‍. പ്രായം വരുത്തിയ അല്പമായ ശാരീരിക പ്രയാസങ്ങള്‍ ഉണ്ടെങ്കിലും ആരോഗ്യവതിയാണ് അമ്മച്ചി.

തൃശൂരിലെ മാരായ്ക്കല്‍ കൂട്ടാലില്‍ കുടുംബത്തിലെ കാരണവരായ ശോശാമ്മ അമ്മച്ചി, നാലാമത്തെ മകന്‍ ബേബിയുടെ കൂടെയാണ് താമസം. നൂറാം പിറന്നാളിന്‍റെ ഒത്തുചേരല്‍ കൊച്ചുമകന്‍ ബിനു കെ.ചാണ്ടിയുടെ മുല്ലക്കരയിലെ വീട്ടിലായിരുന്നു. ഇപ്പോഴത്തെ കണക്കനുസരിച്ച് നൂറോളം അംഗങ്ങള്‍ വരുന്ന മക്കളും കൊച്ചുമക്കളും അവരുടെ മക്കളും അടക്കം അഞ്ചു തലമുറകളെ കാണുവാനുള്ള ഭാഗ്യം ദൈവം അമ്മച്ചിക്ക് കൊടുത്തു.

മാരായ്ക്കല്‍ ശാലേം സഭയിലെ അംഗങ്ങളാണ് കൂട്ടാലില്‍ കുടുംബം. ഒരു സഭായോഗം പോലും മുടക്കാത്ത അമ്മച്ചി വായനയിലും പ്രാർത്ഥനയിലുമായി ഓരോ ദിവസവും പിന്നിടുന്നു. കണ്ണട വെച്ചാല്‍ പോലും ചെറിയ അക്ഷരങ്ങള്‍ വായിക്കാന്‍ കഴിയാത്തതുകൊണ്ട് മകന്‍ ബേബിയാണ് അമ്മച്ചിയുടെ വായനാസഹായി. വേദപുസ്തകവും അതോടൊപ്പം പത്ര വായനയും അമ്മച്ചിയുടെ ദിനചര്യയുടെ ഭാഗമാണ്. വായനയെ ഇത്രയേറെ ഹൃദയത്തോടു ചേർത്തുവെച്ച അമ്മച്ചിയുടെ വാർത്ത വായനാദിനത്തില്‍ (ജൂണ്‍-19) മലയാള മനോരമ ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കുകയുണ്ടായി. 

ഏകദേശം ഏഴു പതിറ്റാണ്ടു മുന്‍പാണ് ശോശാമ്മ അമ്മച്ചിയും കുടുംബവും യാക്കോബായ സമുദായത്തില്‍ നിന്നും പെന്തകോസ്തു വിശ്വാസത്തില്‍ വന്നത്. അതിനു കാരണമായത് ഭർത്താവ് കൂട്ടാലില്‍ പൗലോസിനു ലഭിച്ച അത്ഭുതരോഗ സൗഖ്യവും. രോഗിയായി മരണത്തോടു മല്ലടിച്ച് ആശുപത്രിയില്‍ കിടന്ന പൗലോസിനെ വൈദ്യശാസ്ത്രം കൈയ്യൊഴിഞ്ഞു. ദൈവദാസന്മാരുടെ വിശ്വാസത്തോടുകൂടെയുള്ള  പ്രാർത്ഥന പൗലോസിനെ മരണക്കിടക്കയില്‍ നിന്നും എഴുന്നേല്‍പിച്ചു. തൃശൂരിലെ കുടിയേറ്റ പ്രദേശമായ മാരായ്ക്കലിലെ പെന്തക്കോസ്ത്  പ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചവരില്‍ പ്രധാനികളാണ് പൗലോസും കുടുംബവും. മൂവാറ്റുപുഴയില്‍ നിന്നും കുടിയേറി വന്നവരാണിവർ. പതിനാലു വർഷങ്ങള്‍ക്ക് മുന്‍പ് 89-ാം വയസ്സില്‍ പൗലോസ് നിത്യതയില്‍ പ്രവേശിച്ചു. 8 മക്കളെ ദൈവം ഇവർക്ക് നല്‍കി.

മണ്ണിനോട് മല്ലടിച്ചു കൃഷിചെയ്ത് ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ പാടുപെട്ടതോടൊപ്പം 8 മക്കളേയും ദൈവകൃപയില്‍ വളർത്തി. കഷ്ടപ്പാടുകളും പ്രാരാബ്ദങ്ങളും നിറഞ്ഞ ആ കാലങ്ങളില്‍ സ്വന്തം മണ്ണില്‍ അധ്വാനിച്ചതോടൊപ്പം കാർഷിക സർവ്വകലാശാലയില്‍ ഇരുവരും ജോലി ചെയ്തു.

ഏഴു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വികസന വെളിച്ചം അല്‍പം പോലും എത്തിയിട്ടില്ലാത്ത മാരായ്ക്കലിലെ കാടും മലയും വെട്ടി നിരത്തി വരണ്ട മണ്ണില്‍ വിത്തെറിഞ്ഞ് വിളവെടുത്തപ്പോഴും ഉള്ളില്‍ കൊളുത്തിയ സുവിശേഷ പ്രഭ ദേശമെങ്ങും പരത്തുവാന്‍ ഈ കുടുംബം അത്യദ്ധ്വാനം  ചെയ്തു. മാത്രമല്ല, ആ സുവിശേഷ വെളിച്ചം അവർ തലമുറകളിലേക്ക് പകർന്നു.

മകള്‍ ഏലിയാമ്മയും ഭർത്താവ് പാസ്റ്റർ എ.കെ. തമ്പി (കൊമ്പഴ ഐപിസി സഭാ ശുശ്രൂഷകന്‍)യും സുവിശേഷ വയലിലാണ്. മൂത്ത മകന്‍ ചാണ്ടിയുടെ മകള്‍ ബിന്ദുവും ഭർത്താവ് ജോണ്‍സണ്‍ ചേറുകുട്ടിയും എൻ.എൽ.സി.ഐ യോടു ചേർന്ന് അട്ടപ്പാടിയില്‍ ബൈബിള്‍ പരിഭാഷ മിനിസ്ട്രിയില്‍ പ്രവർത്തിച്ചുവരുന്നു. 

രണ്ടാമത്തെ മകന്‍ ചെറിയാന്‍റെ മകന്‍ സിജോ ചെറിയാനും  ഭാര്യ രാജിയും ബൈബിള്‍ ട്രാന്‍സലേഷന്‍ മിനിസ്ട്രി (വിക്ലിഫ് ഇന്‍ഡ്യ) യുടെ പ്രവർത്തകരാണ്

Advertisement