ശാന്തനും സൗമ്യനുമായ പാസ്റ്റർ ടി.എം കോര (കുഞ്ഞുമോൻ പാസ്റ്റർ) 

ശാന്തനും സൗമ്യനുമായ പാസ്റ്റർ ടി.എം കോര (കുഞ്ഞുമോൻ പാസ്റ്റർ) 

 പാസ്റ്റർ ടി.എം.കോര: അനുസ്മരണം 

സി.വി മാത്യു (ചീഫ് എഡിറ്റർ)

ൻ്റെ ഓർമ്മ ശരിയെങ്കിൽ  കുഞ്ഞുമോൻ പാസ്റ്ററെ ഞാൻ ആദ്യമായി കാണുന്നത് ഇല്ലിക്കൽ ഐപിസിയിൽ വെച്ചാണ്. ശാന്തവും സൗമ്യവുമായ പുഞ്ചിരിക്കുന്ന ആ മുഖം ഇന്നും എൻ്റെ മനസ്സിൽ നിന്നും മാഞ്ഞുപോയിട്ടില്ല. അന്ന് അദ്ദേഹം പാസ്റ്ററൊന്നുമായിരുന്നില്ല. ഒരു സ്ഥാപനത്തിലെ അക്കൗണ്ടൻ്റായിരുന്നു. ആ സമയം ഞാൻ എവരിഹോം ക്രൂസേഡിൽ പ്രവർത്തിക്കുകയായിരുന്നു. കോട്ടയത്തുള്ള ആഴ്ചകളിൽ ഐപിസി കഞ്ഞിക്കുഴി ഫിലദൽഫിയയിലാണ് ആരാധനയ്ക്ക് പൊയ്ക്കൊണ്ടിരുന്നത്. ആ സമയത്താണ് സുവിശേഷ ആത്മാവ് ഉണ്ടായിരുന്ന ഫിലദൽഫിയയിലെ സഭാ ശുശ്രൂഷകനായിരുന്ന എം.ടി ജോസഫ് പാസ്റ്ററെ പരിചയപ്പെടുന്നത്. അദ്ദേഹം ഇല്ലിക്കൽ സഭാശുശ്രൂഷകൻ ആയിരുന്നപ്പോൾ ഇടയ്ക്കിടെ ഞാൻ അവിടെയും പോകുമായിരുന്നു. പാസ്റ്റർ എംടിയുമായുള്ള കുഞ്ഞുമോൻ സഹോദരൻ്റെ സഹകരണം പിന്നീട് അദ്ദേഹത്തെ ഒരു നല്ല സുവിശേഷകനായി വാർത്തെടുക്കുവാൻ ഉപകരിച്ചു .

ചെറുപ്പത്തിലെ ഹൃദയത്തിൽ സുവിശേഷ വെളിച്ചം പകർന്നു കിട്ടിയ കുഞ്ഞുമോൻ സഹോദരൻ താമസിയാതെ സുവിശേഷ പ്രവർത്തനം ഏറ്റെടുത്തു. കൂടാരപ്പണി ചെയ്തു കൊണ്ട് സുവിശേഷ വേല ചെയ്ത അപ്പോസ്തോല മാതൃക അദ്ദേഹത്തെ സ്വാധീനിച്ചു. ഞാൻ മനസ്സിലാക്കിയിടത്തോളം തുടർന്ന് അങ്ങോട്ട് സഭയിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ ഒന്നും സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കാതെ സാമ്പത്തിക ഞെരുങ്ങൾക്കിടയിലും സുവിശേഷവേലയ്ക്ക് വേണ്ടി ആ സഭയിൽ ചെലവഴിക്കുകയായിരുന്നു. ആരും ഇഷ്ടപ്പെടുന്ന സൗമ്യ സ്വഭാവം തൻ്റെ സുവിശേഷവേലയ്ക്ക് ഏറെ പ്രയോജനപ്പെട്ടു.

തുടർന്ന് കോട്ടയത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ പല സഭകളിൽ ശുശ്രൂഷകനായി പ്രവർത്തിക്കുവാൻ തനിക്കിടയായി. സഭയുടെ വലിപ്പം ചെറുപ്പമൊന്നും നോക്കാതെ നിയോഗിക്കുന്നിടത്ത് പോവുകയും അവിടെയൊക്കെ പ്രവർത്തിക്കുകയും ചെയ്യുന്നത് തൻ്റെ പതിവായിരുന്നു. സഭയിൽ നിന്നും ലഭിക്കുന്ന സാമ്പത്തിക നന്മകൾ സഭയുടെ വളർച്ചയ്ക്കും സ്ഥാപരജംഗമ വസ്തുക്കൾ ഉണ്ടാക്കുന്നതിനും അദ്ദേഹം ഉപയോഗിച്ചുപോന്നു.  ഇങ്ങനെയുള്ള സുവിശേഷകരെ ഇക്കാലത്ത് കണ്ടു കിട്ടുക പ്രയാസമാണ്. എപ്പോൾ കണ്ടാലും സൗമ്യമായ സംസാരിക്കുന്ന അദ്ദേഹത്തിൻ്റെ പ്രകൃതം ആരെയും ആകർഷിക്കുന്നതായിരുന്നു.

 ഗുഡ്ന്യൂസ് ഓഫീസിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി കുഞ്ഞുമോൻ പാസ്റ്ററുടെ മകൻ ഫിന്നിയാണ് വരുന്നത് എന്നറിഞ്ഞപ്പോൾ എനിക്ക് ഏറെ സന്തോഷം തോന്നി. എൻ്റെ കണക്കുകൂട്ടൽ തെറ്റിയില്ല.പിതാവിൻ്റെ നല്ല ഗുണങ്ങൾ പകർന്നു കിട്ടിയ ഫിന്നി വിദേശത്തേക്കു പോകുന്നതു വരെ ഗുഡ്ന്യൂസിനു അനുഗ്രഹമായിരുന്നു. ആ സൗഹൃദം കൊണ്ടാണ് ഓൺലൈൻ ഗുഡ്ന്യൂസ് ആരംഭിച്ചപ്പോൾ ഫിന്നിയെകൂടെ ഞങ്ങളുടെ ബോർഡംഗമായി ക്ഷണിക്കുവാൻ എനിക്ക് സന്തോഷം തോന്നിയത്. ഇതിനിടെ കുഞ്ഞുമോൻ പാസ്റ്ററുടെ മറ്റു മക്കളുമായി പരിചയപ്പെടുവാനും എനിക്ക് ഇടയായിട്ടുണ്ട്. പിതാവിൻ്റെ സ്വഭാവം പകർന്നു കിട്ടിയ അനുഗ്രഹീതമായ തലമുറയാണ് അദ്ദേഹത്തിൻ്റേത് എന്നത് ഏതു പിതാവിനും സന്തോഷം പകരുന്ന വസ്തുതയാണ്.

ഫിന്നിയുമായി സംസാരിക്കുമ്പോഴൊക്കെ പിതാവിൻ്റ വിശേഷങ്ങൾ അന്വേഷിക്കുവാൻ ഞാൻ മറക്കാറില്ല. കുറെ നാളുകളായി ആരോഗ്യ പ്രശ്നങ്ങളാൽ സഭാപ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞിരിക്കുകയായിരുന്നു അദ്ദേഹം. ഇവിടത്തെ വേല പൂർത്തിയായി എന്നു കർത്താവിനു ബോധ്യമായപ്പോൾ വിശ്രമത്തിനും പ്രതിഫലം പ്രാപിക്കുവാനുമായി തൻ്റെ അടുക്കലേക്ക് വിളിച്ചു ചേർത്തു.

 പ്രിയ പിതാവിൻ്റെ വേർപാടിൽ ദുഃഖം അനുഭവിക്കുന്ന മക്കളുടെ വേദനയിലും അതിലേറെ പ്രത്യാശയിലും ഗുഡ്ന്യൂസ് കുടുംബം പങ്കുചേരുന്നു. നമ്മെ വിട്ടുപോകുന്നവരെ മുഖാമുഖമായി കാണുവാനുള്ള സമയം അതിവിദൂരമല്ല എന്നതിൽ നമുക്ക് ആശ്വസിക്കാം.

പ്രിയ കർത്തൃദാസന്റെ വിടവാങ്ങൽ  ശുശ്രൂഷയിൽ സംബന്ധിക്കുവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും  കഴിയാത്തതിൽ ദുഃഖമുണ്ട്. ശുശ്രൂഷയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.