നാടുവിടുന്ന യുവതലമുറയും; കേരളത്തിലെ ദൈവസഭയുടെ ഭാവിയും

നാടുവിടുന്ന യുവതലമുറയും; കേരളത്തിലെ ദൈവസഭയുടെ ഭാവിയും

നാടുവിടുന്ന യുവതലമുറയും മലങ്കരയിലെ ദൈവസഭയുടെ ഭാവിയും:വേദപുസ്തക അടിസ്ഥാനത്തിലുള്ള വിലയിരുത്തൽ

ന്നത്തെ കേരളം ഒരു വലിയ മാറ്റത്തിന്റെ കവാടത്തിൽ നിൽക്കുകയാണ്. പഠനത്തിനും തൊഴിലവസരങ്ങൾക്കും മികച്ച ജീവിതത്തിനുമായി യുവജനങ്ങൾ കൂട്ടത്തോടെ നാടുവിടുന്നു. ഗ്രാമങ്ങളിലെ സഭകൾ ശൂന്യമാകുന്നു, ഗായകസംഘങ്ങളിൽ യുവശബ്ദങ്ങൾ കുറയുന്നു, സൺഡേസ്കൂൾ ക്ലാസുകളിൽ കുട്ടികളുടെ എണ്ണം ക്രമാതീതമായി താഴുന്നു. ഈ സാഹചര്യത്തിൽ ഒരു പ്രധാന ചോദ്യമുയരുന്നു; കേരളത്തിലെ ദൈവസഭയുടെ ഭാവി എന്താകും?

ഈ ചോദ്യം ഭയത്തോടെ അല്ല, വിശ്വാസത്തോടെ സമീപിക്കേണ്ടതാണ്. കാരണം ദൈവസഭ മനുഷ്യരുടെ സൃഷ്ടിയല്ല; നിത്യനായ ദൈവത്തിന്റെ അനാദികാലം മുൻപുള്ള പദ്ധതിയാണ്.

1. ചിതറിപോകൽ എല്ലാ കാലത്തും ദൈവത്തിന്റെ പദ്ധതിയിൽ ഉണ്ടായിരുന്നു

ആദിമസഭയുടെ ചരിത്രം നോക്കുമ്പോൾ, ഒരു ഘട്ടത്തിൽ വിശ്വാസികൾ ചിതറിപ്പോയതായി കാണാം. അപ്പോസ്തലന്മാരുടെ പ്രവർത്തികൾ എട്ടാം അധ്യായത്തിൽ പീഡനത്തെ തുടർന്ന് വിശ്വാസികൾ വിവിധ സ്ഥലങ്ങളിലേക്ക് ചിതറിപ്പോയി. എന്നാൽ അതിന്റെ ഫലമായി സുവിശേഷം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു.

അതായത്, ചിതറിക്കൽ എല്ലായ്പ്പോഴും നഷ്ടമല്ല; പലപ്പോഴും അത് ദൈവിക പദ്ധതികളുടെ വിപുലീകരണത്തിന്റെ വഴിയാണ്. ഇന്ന് കേരളത്തിലെ യുവജനങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിലേക്ക് പോകുമ്പോൾ, അവർ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ, അവർ തങ്ങൾ അയക്കപ്പെടുന്ന ദേശങ്ങളിൽ സുവിശേഷത്തിന്റെ ദൂതുവാഹികളാകും.

2. പ്രവാസവും ദൈവിക സാന്നിധ്യവും

യിസ്രായേൽജനങ്ങൾ ബാബിലോണിൽ പ്രവാസത്തിലായിരുന്നപ്പോഴും ദൈവം അവരെ ഉപേക്ഷിച്ചില്ല. യിരെമ്യാവ് 29:7-ൽ ഞാൻ നിങ്ങളെ ബദ്ധന്മാരായി കൊണ്ടുപോകുമാറാക്കിയ പട്ടണത്തിന്റെ നന്മ അന്വേഷിച്ചു അതിന്നുവേണ്ടി യഹോവയോടു പ്രാർത്ഥിപ്പിൻ; അതിന്നു നന്മ ഉണ്ടെങ്കിൽ നിങ്ങൾക്കും നന്മ ഉണ്ടാകും (Seek the peace and welfare of the city to which I have caused you to be carried away captive; and pray to the Lord for it, for in the welfare of the city in which you live, you will have welfare) എന്നു പറയുന്നു. ബാബിലോണ്യ പ്രവാസത്തിൽ പോലും ദൈവം തന്റെ ജനങ്ങളെ ഉപയോഗിച്ചു.

കേരളത്തിൽ നിന്ന് പുറത്തേക്കു പോകുന്ന യുവജനങ്ങൾക്ക് അവർ പാർക്കുന്ന രാജ്യങ്ങളിലെ ആത്മീയ വളർച്ചയ്ക്ക് ഉപകരണങ്ങളാകാനുള്ള സാധ്യത വളരെയേറെയാണ്. എന്നാൽ അതിന് അവർ വിശ്വാസത്തിൽ വേരുറച്ചിരിക്കണം.

3. ശേഷിപ്പിന്റെ ദൈവശാസ്ത്രം

ബൈബിളിൽ, പ്രത്യേകിച്ച് പഴയനിയമത്തിൽ ശേഷിപ്പ് (remnant) എന്ന ആശയം ആവർത്തിച്ച് കാണുന്നുണ്ട്. എല്ലാവരും (ഭൂരിപക്ഷം പേരും) വിട്ടുപോയാലും ദൈവം ഒരു വിശ്വസ്ത സംഘത്തെ ദേശത്ത് നിലനിർത്തും. പുതിയ നിയമത്തിൽ റോമർക്കെഴുതിയ ലേഖനം 11-ാം അധ്യായത്തിൽ പരിശുദ്ധാത്മാവ് അപ്പോസ്തലനായ പൗലോസിലൂടെ ഈ സത്യത്തെ വീണ്ടും ഓർമ്മിപ്പിക്കുന്നു.

കേരളത്തിലെ സഭകളിൽ എണ്ണം കുറയാം; എന്നാൽ ഗുണമേന്മയുള്ള ഒരു ശേഷിപ്പ് ഇവിടെയുണ്ടെങ്കിൽ, അവർക്ക് ആത്മീയ വളർച്ചക്കായുള്ള ദാഹവുമുണ്ടെങ്കിൽ മലങ്കരയിലെ ദൈവസഭയുടെ ഭാവി സുരക്ഷിതമാണ്. മുൻപുള്ളതുപോലെ വലിയ ഇല്ലാതെയായാലും, വചനത്തിൽ ഉറപ്പുള്ള ആത്മനിറവുള്ള ജീവിത സാക്ഷ്യമുള്ള വിശ്വാസികൾക്കു ദൈവകരങ്ങളിൽ പ്രയോജനമുള്ള ഉപകരണങ്ങളാകാനുള്ള സാധ്യത എല്ലാ കാലത്തും നിലനിൽക്കുന്നുണ്ട്.

4. ഈ സന്നിഗ്ദ ഘട്ടത്തിൽ പ്രായോഗികമായി സഭ എന്ത് ചെയ്യണം?

(a) യുവജനങ്ങളെ അയക്കുന്ന സഭയാകുക.

പോകുന്നവരെ കുറ്റപ്പെടുത്താതെ, അനുഗ്രഹിച്ചയക്കണം. അവർ പോകുന്നിടത്ത് സഭകൾ കണ്ടെത്താൻ അവരെ സഹായിക്കണം. സഭയില്ലാത്തയിടങ്ങളിൽ കൂട്ടായ്മകൾ ആരംഭിക്കുവാൻ അവരെ ഉത്സാഹിപ്പിക്കണം.

സംഘടനാപരമായി ചിന്തിച്ചാൽ സഭാ നേതൃത്വത്തിന് ഇക്കാര്യത്തിൽ വലിയ പങ്കുവഹിക്കാൻ കഴിയും.

(b) ഡിജിറ്റൽ ബന്ധം ശക്തമാക്കുക.

ഓൺലൈൻ ബൈബിൾ ക്ലാസുകൾ, പ്രാർത്ഥനാ ഗ്രൂപ്പുകൾ, ആത്മീയ മാർഗ്ഗനിർദ്ദേശം എന്നിവ വഴി അവരും തങ്ങളുടെ മാതൃസഭയും ആയുള്ള സജീവബന്ധം നിലനിർത്തണം.

അതിന് സഭാ ശുശ്രുഷകനും സഭയുടെ കമ്മറ്റിയംഗങ്ങൾക്കും ഗണ്യമായ പങ്കുണ്ട്.

(c) ശേഷിക്കുന്നവരെ ദൈവിക ശിക്ഷണത്തിൽ വളർത്തിയെടുക്കുക.

അവശേഷിക്കുന്ന സഭകളിൽ അടുത്ത തലമുറയെ നേതൃത്വത്തിലേക്കു വളർത്തണം. യുവാക്കളെ ശുശ്രൂഷയിൽ ഉൾപ്പെടുത്തണം.

സംഘടനയുടെ ചട്ടക്കൂട്ടിലും അടിസ്ഥാനപരമായ വ്യത്യാസങ്ങൾ ഉണ്ടാകേണ്ടതുണ്ട്.

(d) കുടുംബങ്ങളെ ശക്തമാക്കുക

വിശ്വാസത്തിന്റെ വേരുകൾ വീട്ടിൽ ആഴത്തിൽ പിടിപ്പിക്കണം. ഓരോ വീടും ആരാധനാലയങ്ങളായിത്തീരണം.

5. സഭയുടെ ഭാവി: ഭയമോ പ്രത്യാശയോ?

സഭയുടെ ഭാവി മാനുഷികമായ ആളെണ്ണത്തിലല്ല, ദൈവീക വാഗ്ദാനത്തിലാണ്. ഞാൻ എന്റെ സഭ പണിയും എന്ന ക്രിസ്തുവിന്റെ വാഗ്ദാനം ഇന്നും നിലനിൽക്കുന്നു (മത്തായി 16:18).

പാതാള ഗോപുരങ്ങൾക്കോ, രാഷ്ട്രീയ ശക്തികൾക്കോ, മാനുഷിക ഇടപെടലുകൾക്കോ, സാമൂഹിക പരിവർത്തനങ്ങൾക്കോ ഒന്നിനും ദൈവസഭയെ തകർക്കാൻ ആകില്ല.

അതുകൊണ്ട് കേരളത്തിലെ ദൈവസഭയുടെ ഭാവി ഇരുണ്ടതല്ല. അത് പുതിയ രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും; ചെറുസംഘങ്ങളായി, വീടുകളിലെ കൂട്ടായ്മകളായി, ആഗോള ബന്ധങ്ങളായി.

യുവജനങ്ങൾ നാടുവിടുമ്പോൾ, സഭയും ദൗത്യബോധത്തോടെ ലോകത്തിലേക്ക് നീങ്ങട്ടെ.

എണ്ണം കുറയാം; എന്നാൽ വിശ്വാസം ദൃഢമാകട്ടെ.

പ്രവാസം ഉണ്ടാകാം; എന്നാൽ ദൈവസാന്നിധ്യം വിട്ടുപോകില്ല.

അവസാനമായി ചോദിക്കേണ്ടത്:

നാം നഷ്ടത്തെ മാത്രം കാണുമോ, അതോ ദൈവത്തിന്റെ പുതിയ പ്രവർത്തനത്തെ തിരിച്ചറിയുമോ?

വിശ്വാസത്തോടെ മുന്നോട്ട് പോകുന്ന ദൈവസഭയുടെ ഭാവി സർവ്വശക്തനായ ത്രിയേകദൈവത്തിന്റെ കൈകളിൽ എക്കാലത്തും സുരക്ഷിതമാണ്.