ചെറിയവനെ വലിയനാക്കുന്ന ദൈവം

ചെറിയവനെ വലിയനാക്കുന്ന ദൈവം

ലേഖനം

ചെറിയവനെ വലിയനാക്കുന്ന ദൈവം

പാസ്റ്റർ റോബിൻസൺ പൊന്നച്ചൻ

വഴിയിലൂടെ നടന്നു പോകുന്നതിനിടയിലാണ് കൊട്ടാരത്തിന്റെ പടിവാതിൽക്കൽ ഇരുന്ന ഒരാളിലേക്ക് എന്റെ ശ്രദ്ധ പതിഞ്ഞത്. പ്രായത്തിന്റെ ഗൗരവം മുഖത്ത് തെളിഞ്ഞിരുന്ന അദ്ദേഹത്തെ ചുറ്റി പലരും കൂടി ഇരുന്ന് സംസാരിക്കുന്ന കാഴ്ച കൗതുകമുണർത്തി. അദ്ദേഹത്തോട് പേര് ചോദിക്കണമെന്നു മനസ്സിൽ കരുതുമ്പോഴേക്കും ആരോ വന്ന്, “മൊർദ്ദെഖായിയെ രാജകൊട്ടാരത്തിലേക്ക് വിളിക്കുന്നു” എന്നു പറഞ്ഞു.

അപ്പോൾ തന്നെ അദ്ദേഹം സാധാരണക്കാരനല്ലെന്ന് എനിക്ക് ബോധ്യമായി. അദ്ദേഹം കൊട്ടാരത്തിലേക്ക് പോയശേഷം അവിടെ നിന്നവരോട് ഞാൻ ചോദിച്ചു: “ആരാണീ മനുഷ്യൻ?” അവർ മറുപടി പറഞ്ഞു: “അത് മൊർദ്ദെഖായിയാണ്.”

“ചെറിയ മനുഷ്യൻ” എന്നർത്ഥം വരുന്ന ആ പേരിന്റെ ഉടമയെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ, അദ്ദേഹം യഥാർത്ഥത്തിൽ മഹാനായ ഒരാളാണെന്ന് മനസ്സിലായി. അടിമകളിൽ ഒരുവനായി ജീവിച്ചിരുന്നെങ്കിലും, സത്യദൈവത്തെ മുറുകെപ്പിടിച്ച് അവനെ മാത്രം ആരാധിച്ചവൻ; ആരുടെയും മുൻപിൽ തലകുനിക്കാത്ത ധീരൻ. പലരും വിശ്വാസം വിട്ടുമാറുകയും ചുറ്റുപാടുകളോട് അനുരൂപപ്പെടുകയും ചെയ്ത കാലത്ത്, തന്റെ വിശ്വാസത്തിൽ ഉറച്ചുനിന്ന വ്യക്തിത്വമായിരുന്നു മൊർദ്ദെഖായി എന്ന് അവർ സാക്ഷ്യപ്പെടുത്തി.

“ആ മനുഷ്യനെക്കുറിച്ച് കുറച്ചുകൂടി അറിയണം,” എന്ന് ഞാൻ പറഞ്ഞപ്പോൾ അവർ പറഞ്ഞ കഥ എന്നെ കൂടുതൽ അത്ഭുതപ്പെടുത്തി. സഹോദരന്റെ മകളെ സ്വന്തം മകളായി ഏറ്റെടുത്ത് വളർത്തുകയും, പിന്നീട് അവളെ രാജകൊട്ടാരത്തിലേക്ക് എത്തിക്കുകയും ചെയ്ത മഹത്തായ ഹൃദയത്തിന്റെ ഉടമയായിരുന്നു മൊർദ്ദെഖായി.

സ്വന്തം നേട്ടങ്ങൾക്കായി പലരും രക്തബന്ധങ്ങളെയും കുടുംബബന്ധങ്ങളെയും പോലും മറക്കുന്ന കാലഘട്ടത്തിൽ, അനാഥയായ ഒരു പെൺകുട്ടിക്ക് സ്നേഹവും സംരക്ഷണവും നൽകി അവളുടെ ജീവിതത്തിന് പുതിയ ദിശ തുറന്നുകൊടുത്തത് നിസ്സാര കാര്യമല്ല. അത് മനുഷ്യത്വത്തിന്റെ ഉജ്ജ്വലമായ ഒരു മാതൃക തന്നെയായിരുന്നു.

അറിയാതെ തന്നെ എന്റെ മനസ്സിൽ അദ്ദേഹത്തോടുള്ള ആദരവ് വർധിച്ചു. ആരും തിരിഞ്ഞുനോക്കാത്ത ഒരു അനാഥയെ സ്വന്തം മകളായി വളർത്തി, നല്ലൊരു ഭാവിയിലേക്ക് കൈപിടിച്ചുനടത്തി, രാജകൊട്ടാരത്തിന്റെ ഉയരങ്ങളിലെത്തിച്ച ആ “ചെറിയ മനുഷ്യൻ” യഥാർത്ഥത്തിൽ എത്ര മഹാനായ വ്യക്തിത്വമാണെന്ന് ഞാൻ വിസ്മയത്തോടെ ചിന്തിച്ചു.

ഞാൻ അവിടെ നിന്നവരോട് ചോദിച്ചു: “എന്തിനാണ് മൊർദ്ദെഖായിയെ രാജകൊട്ടാരത്തിലേക്ക് വിളിച്ചിരിക്കുന്നത്?” അവർ പറഞ്ഞു: “കുറച്ചുനാളുകൾക്ക് മുമ്പ് അദ്ദേഹം രാജാവിന്റെ ജീവൻ രക്ഷിച്ച ഒരാളാണ്. രാജാവിനെ വധിക്കാൻ നടത്തിയ ഗൂഢാലോചനയെക്കുറിച്ച് കൃത്യസമയത്ത് വിവരം നൽകി അദ്ദേഹം ആ അപകടം തടഞ്ഞു.”

അത് കേട്ടപ്പോൾ എന്റെ വിസ്മയം വർധിച്ചു. ശരിയായ സമയത്ത് അദ്ദേഹം ഇടപെട്ടില്ലായിരുന്നുവെങ്കിൽ രാജാവിന്റെ ജീവിതവും ഒരുപക്ഷേ ഭരണവും അവിടെത്തന്നെ അവസാനിച്ചേനേ. എന്നാൽ പടിവാതിൽക്കൽ ശാന്തമായി ഇരുന്ന ആ മനുഷ്യൻ, ജാഗ്രതയും വിശ്വസ്തതയും കൊണ്ട് ചരിത്രത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു.

വീണ്ടും ഞാൻ ചിന്തിച്ചു: “ഈ ചെറിയ മനുഷ്യന് ഇത്ര വലിയ കാര്യങ്ങൾ ചെയ്യാൻ എങ്ങനെ സാധിക്കുന്നു?” സ്ഥാനത്തിന്റെ ഉയരമല്ല, വ്യക്തിത്വത്തിന്റെ മഹത്വമാണ് ഒരാളെ വലിയവനാക്കുന്നതെന്ന് മൊർദ്ദെഖായി തന്റെ ജീവിതംകൊണ്ട് തെളിയിച്ചിരുന്നു. ആ ചിന്ത മനസ്സിലൂടെ കടന്നുപോയ നിമിഷം, എവിടെനിന്നോ ഉയരുന്ന കരഘോഷങ്ങൾ ഞാൻ കേൾക്കുന്നതുപോലെ തോന്നി. അപ്പോൾ എന്റെ ഹൃദയം പറഞ്ഞു:

“പേരിൽ ചെറിയവൻ; പ്രവർത്തിയിൽ മഹാനായ മനുഷ്യൻ; ഇതാ മൊർദ്ദെഖായി.”

ഞാൻ അവിടെയുണ്ടായിരുന്നവരോട് ചോദിച്ചു: “രാജാവിന്റെ ജീവൻ രക്ഷിച്ച ഈ മനുഷ്യന് രാജാവ് വലിയ പാരിതോഷികങ്ങൾ നൽകിയിട്ടുണ്ടാവുമല്ലോ?”

അവർ വിഷാദഭാവത്തോടെ മറുപടി പറഞ്ഞു: “ഇല്ല, ഇതുവരെയും അദ്ദേഹത്തിന് ഒരു പ്രതിഫലവും ലഭിച്ചിട്ടില്ല.”

ആ മറുപടി എന്നെ അത്ഭുതപ്പെടുത്തി. രാജാവിന്റെ ജീവൻ രക്ഷിച്ച ഒരാളെ എങ്ങനെ മറക്കാൻ കഴിഞ്ഞു? ഒരുപക്ഷേ രാജാവ് മറന്നുപോയതാകാം; അല്ലെങ്കിൽ അദ്ദേഹം ഒരു സാധാരണ മനുഷ്യനാണെന്നു കരുതിയതാകാം. അങ്ങനെ ചിന്തിച്ചുനിൽക്കുമ്പോഴാണ് ജനക്കൂട്ടത്തിന്റെ ആരവം എന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.

കരഘോഷങ്ങൾക്കിടയിൽ രാജകീയ വേഷം ധരിച്ച ഒരാളെ കുതിരപ്പുറത്ത് ആനയിച്ചുകൊണ്ടുവരുന്നു. ആരാണെന്നറിയാൻ ഞാനും ജനക്കൂട്ടത്തോടൊപ്പം മുന്നോട്ട് നീങ്ങി. കണ്ട കാഴ്ച എന്നെ വിസ്മയിപ്പിച്ചു. ഞങ്ങൾ ഇത്രനേരം സംസാരിച്ചുകൊണ്ടിരുന്ന ആ മൊർദ്ദെഖായി തന്നെയായിരുന്നു അത്. രാജാവിന്റെ വസ്ത്രവും കിരീടവും ധരിച്ച് അദ്ദേഹം പട്ടണവീഥികളിലൂടെ ആനയിക്കപ്പെടുന്നു. മുൻപിൽ ഒരാൾ ഉറക്കെ പ്രഖ്യാപിക്കുന്നുണ്ടായിരുന്നു:

“രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന്നു ഇങ്ങനെ ചെയ്യും.”

പിന്നീടാണ് ആ ബഹുമതിയുടെ പിന്നിലെ ദൈവിക ഇടപെടൽ ഞാൻ അറിഞ്ഞത്. അന്നത്തെ രാത്രി രാജാവിന് ഉറക്കം നഷ്ടമായി. ദിനവൃത്താന്തപുസ്തകം വായിപ്പിച്ചപ്പോൾ, തന്റെ ജീവൻ രക്ഷിച്ച മൊർദ്ദെഖായിക്ക് യാതൊരു പ്രതിഫലവും നൽകിയിട്ടില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. പിറ്റേന്ന് രാവിലെ തന്നെ രാജാവ് ആദ്യം ചെയ്തത് ആ വിശ്വസ്തനായ മനുഷ്യനെ ആദരിക്കുകയായിരുന്നു.

അങ്ങനെ പട്ടണത്തിന്റെ പടിവാതിൽക്കൽ ഇരുന്നിരുന്ന ആ “ചെറിയ മനുഷ്യൻ” എല്ലാവർക്കും അറിയപ്പെടുന്ന മഹാനായി. ചുറ്റുമുണ്ടായിരുന്ന ജനങ്ങളുടെ സന്തോഷവും കണ്ണീരിന്റെ തിളക്കവും കണ്ടപ്പോൾ, ദൈവം ഒരാളെ മാനിക്കേണ്ട സമയം വന്നാൽ അവനെ എങ്ങനെ ഉയർത്തുന്നു എന്ന് ഞാൻ നേരിൽ കാണുകയായിരുന്നു.

എന്നാൽ എന്നെ ഏറ്റവും കൂടുതൽ സ്പർശിച്ചത് മറ്റൊന്നായിരുന്നു. അല്പസമയത്തിനുശേഷം ഞാൻ വീണ്ടും നോക്കിയപ്പോൾ, മൊർദ്ദെഖായി പഴയതുപോലെ രാജാവിന്റെ വാതിൽക്കൽ മടങ്ങിയെത്തിയിരുന്നു (എസ്ഥേർ 6:12). ലഭിച്ച ബഹുമതികളും കരഘോഷങ്ങളും അദ്ദേഹത്തെ മാറ്റിയില്ല. ലോകം നൽകുന്ന അംഗീകാരങ്ങളെക്കാൾ ദൈവം നൽകുന്ന മാന്യതയ്ക്കായിരുന്നു അദ്ദേഹം വിലകല്പിച്ചത്. അതുകൊണ്ടുതന്നെ കൂടുതൽ ഉയർച്ചയ്ക്കായി ദൈവം അദ്ദേഹത്തെ ഒരുക്കിക്കൊണ്ടിരുന്നു.

കാലം കടന്നുപോയി. യാത്ര പറയാനായി ഞാൻ വീണ്ടും അവിടെയുള്ളവരെ കണ്ടപ്പോൾ അവർ സന്തോഷത്തോടെ പറഞ്ഞു:

“മൊർദ്ദെഖായിയെക്കുറിച്ച് കേട്ടോ? ഇപ്പോൾ അദ്ദേഹം രാജാവിന്റെ രണ്ടാമനായി മാനിക്കപ്പെട്ടിരിക്കുന്നു.”

അദ്ദേഹത്തെയും ജനത്തെയും നശിപ്പിക്കാൻ ശ്രമിച്ച ഹാമാൻ ന്യായവിധി ഏറ്റുവാങ്ങി. മൊർദ്ദെഖായിയുടെ പ്രാർത്ഥനയും ഉപവാസവും വിശ്വസ്തതയും ദൈവം കണ്ടു. അങ്ങനെ അദ്ദേഹം രാജാവിന്റെ രണ്ടാമനായും ജനത്തിന്റെ പ്രിയങ്കരനായും ഉയർത്തപ്പെട്ടു (എസ്ഥേർ 10:3).

അത് കേട്ടപ്പോൾ എന്റെ ഹൃദയം സന്തോഷംകൊണ്ട് നിറഞ്ഞു. കണ്ണുകളും അറിയാതെ നനഞ്ഞുപോയി. കാരണം ഞാൻ ഒരു സത്യം മനസ്സിലാക്കിയിരുന്നു:

ചെറിയവനെ വലിയവനാക്കുന്ന ഒരു ദൈവമുണ്ട്.

വിശ്വസ്തതയോടെ നിൽക്കുന്നവരെയും, പ്രമാണം കാത്തുസൂക്ഷിക്കുന്നവരെയും, താഴ്മയോടെ ദൈവസന്നിധിയിൽ നടക്കുന്നവരെയും ദൈവം തന്റെ സമയത്ത് ഉയർത്തും. വചനം പറയുന്നു:

"യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചു നടക്ക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും" (സങ്കീർത്തനങ്ങൾ 37:34).

പ്രിയരേ, പ്രമാണങ്ങളെ വിട്ട് സ്ഥാനമാനങ്ങൾക്കായി ഓടുന്ന ഈ കാലഘട്ടത്തിൽ മൊർദ്ദെഖായിയുടെ ജീവിതം നമ്മോട് ഒരു മഹത്തായ സന്ദേശം സംസാരിക്കുന്നു: യഹോവയിൽ പ്രത്യാശവെച്ച് അവന്റെ വഴിയിൽ നടന്നാൽ, അവൻ തന്റെ സമയത്ത് നമ്മെയും മാനിക്കുകയും ഉയർത്തുകയും ചെയ്യും. ആ വഴിയിൽ വിശ്വസ്തരായി നിലനിൽക്കുവാൻ സർവ്വശക്തനായ ദൈവം നമ്മെ സഹായിക്കട്ടെ.

Advertisement