സിൻഡിക്കേറ്റ് സിംഹവും നിശബ്ദരായ മരംകൊത്തികളും | ആക്ഷേപഹാസ്യം

സിൻഡിക്കേറ്റ് സിംഹവും നിശബ്ദരായ മരംകൊത്തികളും | ആക്ഷേപഹാസ്യം

ആക്ഷേപഹാസ്യം

സിൻഡിക്കേറ്റ് സിംഹവും നിശബ്ദരായ മരംകൊത്തികളും

ആൻ്റണി പെരേര, കുവൈറ്റ്

സൈലന്റ് വാലിയിലെ മരങ്ങൾക്കിടയിൽ ഇലക്ഷൻ ചൂട് കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. കാട്ടിലെ ഭരണം നിലനിർത്താൻ 'സിംഹരാജന്റെ നേതൃത്വത്തിലുള്ള മുന്നണി' സർവ്വ സന്നാഹങ്ങളുമായി ഇറങ്ങിയിട്ടുണ്ട്.

ആ സമയത്താണ് കാട്ടിലെ ഒരു മൂലയിൽ ഒതുങ്ങിക്കൂടി കഴിയുന്ന 'വെള്ളരിപ്രാവ് മരംകൊത്തികൾ' ശ്രദ്ധിക്കപ്പെടുന്നത്. അവർ ആരെയും ശല്യം ചെയ്യാതെ സ്വന്തം പാട്ടിന് മരംകൊത്തി ജീവിക്കുന്നവരാണ്. ഇലക്ഷൻ വന്നാലും അവർ വലിയ ബഹളത്തിനൊന്നും പോകില്ല, രഹസ്യമായി പോയി വോട്ട് ചെയ്യും.
പെട്ടെന്നാണ് കാട്ടിലെ ഒരു പൊത്തിൽ നിന്നും 'ബഹളക്കാരൻ മൂങ്ങ' പുറത്തുവരുന്നത്. മൂങ്ങയുടെ തലയിൽ ഉണങ്ങിയ വള്ളികൾ കൊണ്ട് ഉണ്ടാക്കിയ ഒരു കിരീടമുണ്ട്. മൂങ്ങ ഒരു മരക്കൊമ്പിൽ കയറി നിന്ന് ഉറക്കെ വിളിച്ചു കൂവി: "കാട്ടിലെ പ്രജകളെ ശ്രദ്ധിക്കുക! ഞാൻ 'അഖില ലോക വനവാസി സിൻഡിക്കേറ്റ്' (Syndicate) പ്രസിഡന്റാണ്. എന്റെ കീഴിലുള്ള പതിനായിരക്കണക്കിന് മരംകൊത്തികൾ ഇത്തവണ സിംഹരാജന് മാത്രമേ വോട്ട് ചെയ്യൂ എന്ന് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. ഇത് എന്റെ അന്തിമ വിധി പ്രസ്താവമാണ്!"
സിംഹരാജൻ സന്തോഷം കൊണ്ട് ഗർജ്ജിച്ചു. സിംഹത്തിന്റെ പിആർ വർക്ക് ചെയ്യുന്ന കുറുക്കന്മാർ ഉടനെ പത്രക്കുറിപ്പിറക്കി: "മരംകൊത്തികളുടെ വോട്ട് ഉറപ്പിച്ചു! സിൻഡിക്കേറ്റ് പ്രസിഡന്റ് കട്ട സപ്പോർട്ട്!"

പക്ഷേ, കാട്ടിലെ മരംകൊത്തികൾ പരസ്പരം നോക്കി അമ്പരന്നു.
"ആരാണീ മൂങ്ങ?" ഒരു വയസ്സൻ മരംകൊത്തി ചോദിച്ചു.
"നമ്മുടെ കൂട്ടത്തിൽ ഇങ്ങനെയൊരു പ്രസിഡന്റ് ഉണ്ടോ?" മറ്റൊരു പക്ഷി സംശയം പ്രകടിപ്പിച്ചു.

"സിൻഡിക്കേറ്റ് എന്നൊക്കെ പറഞ്ഞാൽ എന്താ സംഭവം? നമുക്ക് അങ്ങനെയൊരു പരിപാടി ഇല്ലല്ലോ!" അവർ പതുക്കെ മന്ത്രിച്ചു.

മൂങ്ങ ഇതൊന്നും ഗൗനിക്കാതെ സിംഹരാജന്റെ ഗുഹയിൽ പോയി വിരുന്നുകൾ ആസ്വദിച്ചു. "എന്റെ കയ്യിൽ എല്ലാ മരംകൊത്തികളുടെയും താക്കോലുണ്ട്," മൂങ്ങ സിംഹത്തിന് ഉറപ്പു കൊടുത്തു. പകരമായി കാട്ടിലെ മികച്ച 'എലി' വിഭവങ്ങൾ മൂങ്ങയ്ക്ക് പാരിതോഷികമായി ലഭിച്ചു.

ഇലക്ഷൻ ദിവസം വന്നു. മൂങ്ങ ടിവി ക്യാമറകൾക്ക് മുന്നിൽ  പോസ് ചെയ്തു പറഞ്ഞു: "എന്റെ ആഹ്വാനം കേട്ട് എല്ലാ മരംകൊത്തികളും സിംഹത്തിന് വോട്ട് കുത്തുകയാണ്!"
ഒടുവിൽ ഫലം വന്നു. മരംകൊത്തികൾ താമസിക്കുന്ന ഭാഗത്ത് സിംഹരാജൻ ദയനീയമായി തോറ്റു. സിൻഡിക്കേറ്റ് പ്രസിഡന്റ് എന്ന് അവകാശപ്പെട്ട മൂങ്ങയുടെ സ്വന്തം മരത്തിൽ പോലും സിംഹത്തിന് വോട്ട് കിട്ടിയില്ല. സത്യത്തിൽ, മരംകൊത്തികൾ അവരുടെ രീതിയിൽ, അവർക്ക് ശരിയെന്നു തോന്നിയവർക്ക് വോട്ട് ചെയ്ത് സമാധാനമായി മടങ്ങിയിരുന്നു.
ക്ഷുഭിതനായ സിംഹരാജൻ മൂങ്ങയെ തിരഞ്ഞു ചെന്നു.
"എവിടെടാ നിന്റെ സിൻഡിക്കേറ്റ്? എവിടെ നിന്റെ മരംകൊത്തി വോട്ടുകൾ?" സിംഹം ഗർജ്ജിച്ചു.
മൂങ്ങ മെല്ലെ ചിറകടിച്ചു പറന്നുയർന്നു കൊണ്ട് പറഞ്ഞു:
"പ്രഭു, സിൻഡിക്കേറ്റ് എന്നത് എന്റെ മനസ്സിലെ ഒരു സങ്കല്പം മാത്രമായിരുന്നു. ഞാൻ പ്രസിഡന്റും എന്റെ ഭാര്യ സെക്രട്ടറിയുമായ ഒരു ചെറിയ സംഘടന! മരംകൊത്തികൾക്ക് എന്നെ അറിയില്ലെങ്കിലും സിംഹരാജന് എന്നെ മനസ്സിലായല്ലോ, ആ വിരുന്ന് ഗംഭീരമായിരുന്നു!"

മൂങ്ങ ആകാശത്തേക്ക് പറന്നു മറഞ്ഞു. സിംഹരാജൻ തന്റെ സിൻഡിക്കേറ്റ് സപ്പോർട്ട് കത്ത് നോക്കി നെടുവീർപ്പിട്ടു. കാട്ടിലെ മരംകൊത്തികൾ അപ്പോഴും ഒന്നും അറിയാത്ത ഭാവത്തിൽ മരത്തിൽ കൊത്തിക്കൊണ്ടിരുന്നു—അവർക്ക് ആരെങ്കിലും ഒരാൾ രാജാവാകുക എന്നതിനേക്കാൾ, തങ്ങളുടെ മരം സുരക്ഷിതമായിരിക്കണം എന്നതായിരുന്നു പ്രധാനം.

വോട്ട് പാവപ്പെട്ടവന്റേതും, പ്രസ്താവനകൾ 'പ്രസിഡന്റുമാരുടേതും' ആണ്!

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement