ഇറാനില്‍ 19 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഇറാനില്‍  19 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ടെഹ്റാന്‍: സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കെതിരെ ഇറാന്റെ സുരക്ഷാ സേന നടത്തിയ ആക്രമണങ്ങള്‍ക്കിടെ 19 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം അരങ്ങേറിയ പ്രകടനങ്ങൾക്കിടെയുണ്ടായ വെടിവയ്പ്പിൽ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച രണ്ടുപേര്‍ ഉള്‍പ്പെടെയാണ് 19 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ട്ടമായത്. ഇറാനിലെ മതസ്വാതന്ത്ര്യം നിരീക്ഷിക്കുന്ന യുകെ ആസ്ഥാനമായുള്ള ആർട്ടിക്കിൾ 18 സംഘടനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ജനുവരി 8ന് വ്യത്യസ്ത പ്രതിഷേധ സമ്മേളനങ്ങൾക്കിടെ 35 വയസ്സുള്ള നാദിർ മുഹമ്മദിയും 51 വയസ്സുള്ള സഹ്‌റ അർജോമാണ്ടിയും വെടിയേറ്റ് മരിച്ചതായി സംഘടന റിപ്പോർട്ട് ചെയ്യുന്നു. ഇരുവരും ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരായിരിന്നു. അതേസമയം അനൌദ്യോഗിക കണക്കുകള്‍ പ്രകാരം എണ്ണം ഇതിലും പതിമടങ്ങു ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

 ഇറാനിലെ തീവ്ര ഇസ്ലാമിക ഭരണകൂടം മതസ്വാതന്ത്ര്യത്തെ വ്യവസ്ഥാപിതമായി നിയന്ത്രിക്കുകയും ക്രൈസ്തവരെ ലക്ഷ്യമിടുന്നതും ഇതിനു മുന്‍പും വാര്‍ത്താപ്രാധാന്യം നേടിയ വിഷയമാണ്. ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ക്ക് അറസ്റ്റ്, നീണ്ട ജയിൽ ശിക്ഷ, കഠിനമായ ശിക്ഷണ നടപടികള്‍ എന്നിവ ഏർപ്പെടുത്തുകയും പതിറ്റാണ്ടുകളോളം തടങ്കലിലാക്കുകയും ചെയ്യുന്നത് രാജ്യത്തു സര്‍വ്വസാധാരണയായി മാറിയിരിക്കുകയാണ്. പരിവര്‍ത്തിത ക്രൈസ്തവര്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ഇറാനിലെ അധികാരികളുടെ ഭാഷ്യം.

ടെഹ്‌റാനിലെ റെവല്യൂഷ്ണറി കോടതി നടപ്പിലാക്കിയ ഭേദഗതി ചെയ്ത ശിക്ഷാ നിയമ വ്യവസ്ഥകൾ പ്രകാരം പ്രാർത്ഥനാ സമ്മേളനങ്ങൾ, ജ്ഞാനസ്നാനം, ബൈബിൾ വിതരണം എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് അഞ്ച് ഇറാനിയൻ ക്രിസ്ത്യാനികൾക്ക് 50 വർഷത്തെ തടവ് ശിക്ഷ നല്കിയത് ഇക്കഴിഞ്ഞ ഡിസംബറിലാണ്. അതേസമയം കൊടിയ ഭീഷണിയ്ക്കിടയിലും രാജ്യത്തു രഹസ്യമായി നൂറുകണക്കിന് ഇസ്ലാം മതസ്ഥരാണ് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത്.

Advertisement