ഡോ. സതീഷ് കുമാർ മുഖ്യപ്രഭാഷകൻ; അഖിലേന്ത്യാ പാസ്റ്റേഴ്സ് കോൺഫ്രൻസ് മാർച്ച് 17ന് കൊച്ചിയിൽ  

ഡോ. സതീഷ് കുമാർ മുഖ്യപ്രഭാഷകൻ; അഖിലേന്ത്യാ പാസ്റ്റേഴ്സ് കോൺഫ്രൻസ് മാർച്ച് 17ന് കൊച്ചിയിൽ  

കൊച്ചി: ദ ബോഡി ഓഫ് ക്രൈസ്റ്റ് (BOC) ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഓൾ ഇന്ത്യ പാസ്റ്റേഴ്സ് കോൺഫറൻസ്' മാർച്ച് 17 ചൊവ്വാഴ്ച കൊച്ചിയിൽ നടക്കും. നെടുമ്പാശ്ശേരിയിലെ സിയാൽ (CIAL) കൺവെൻഷൻ സെന്ററിൽ രാവിലെ 9:00 മുതൽ ഉച്ചകഴിഞ്ഞ് 4:30 വരെ സമ്മേളനം നടക്കും.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സഭാ ശുശ്രൂഷകരുടെ കൂട്ടായ്മ, ആരാധന, ആത്മീയ വളർച്ച എന്നിവ ലക്ഷ്യമിട്ടാണ് ഈ ഏകദിന സംഗമം സംഘടിപ്പിക്കുന്നത്. ഇതിനോടകം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1500-ഓളം പാസ്റ്റർമാർ സമ്മേളനത്തിനായി രജിസ്റ്റർ ചെയ്തു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൈസ്തവ സഭകളിലൊന്നായ ഹൈദരാബാദിലെ 'കാൽവരി ടെമ്പിളിന്റെ' സ്ഥാപകനും സീനിയർ പാസ്റ്ററുമായ ഡോ. പി. സതീഷ് കുമാർ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും. 2005-ൽ സ്ഥാപിതമായ കാൽവരി ടെമ്പിളിന് ഇന്ന് മൂന്ന് ലക്ഷത്തിലധികം അംഗങ്ങളുണ്ട്. ഓരോ ഞായറാഴ്ചയും സൂര്യോദയത്തിന് മുൻപേ ആരംഭിക്കുന്ന അഞ്ച് ആരാധനകളിലായി പതിനായിരക്കണക്കിന് ആളുകളാണ് വചനം കേൾക്കാൻ എത്തുന്നത്.

“എന്റെ മരണം മുൻപ് ഓരോ ഭാരതീയനും യേശുക്രിസ്തുവിനെക്കുറിച്ച് കേൾക്കണം" എന്ന വലിയ ദർശനവുമായി പ്രവർത്തിക്കുന്ന അദ്ദേഹം, 17 ഭാഷകളിലായി 650-ഓളം ടെലിവിഷൻ പ്രോഗ്രാമുകളിലൂടെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് സുവിശേഷം എത്തിക്കുന്നു. സ്നേഹത്തിലും പ്രത്യാശയിലും ഊന്നിയുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പ്രായോഗിക ക്രൈസ്തവ ജീവിതത്തിന് ഏറെ പ്രാധാന്യം നൽകുന്നവയാണ്.

പ്രമുഖ സഭാ നേതാക്കളായ പാസ്റ്റർ ഡി. മോഹൻ, ബ്രദർ മോഹൻ സി. ലാസറസ്, ഡോ. എ.എഫ്. പിന്റോ, പാസ്റ്റർ കെ.സി. ജോൺ, പാസ്റ്റർ ആർ. എബ്രഹാം,  അരുൺ സാമുവേൽ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

ഭാരതത്തിലെ സുവിശേഷ വേല നേരിടുന്ന വെല്ലുവിളികൾക്കിടയിലും സഭകൾ തമ്മിലുള്ള ഐക്യവും ആത്മീയ ശാക്തീകരണവും ഉറപ്പുവരുത്താൻ ഈ കോൺഫറൻസ് വലിയ പങ്കുവഹിക്കുമെന്ന് ബി.ഒ.സി (BOC) ഭാരവാഹികൾ പറഞ്ഞു.

പാസ്റ്റേഴ്സ് എബി ഉമ്മൻ, സാം വർഗീസ്, സജി മാത്യു, നോബിൾ പി തോമസ് എന്നിവർ കോർഡിനേറ്റേഴ്‌സ് ആയി പ്രവർത്തിക്കുന്നു.

Advertisement