പാസ്റ്റർ കെ. ജി. ചെറിയാൻ നൂറാം വയസ്സിലേക്ക് ...
നൂറാം വയസ്സിലേക്ക്...
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയിലെ ഇന്നു ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ ദൈവദാസൻ പാസ്റ്റർ കെ. ജി. ചെറിയാൻ നൂറാം വയസ്സിലേക്ക് പ്രവേശിക്കുന്നു
1927 മേയ് 20-ന് കറ്റാനം കല്ലുപടിപുരയിൽ ജോർജിന്റെയും അന്നമ്മയുടെയും ഏഴ് ആൺമക്കളിൽ അഞ്ചാമത്തെ മകനായി അദ്ദേഹം ജനിച്ചു. സഹോദരങ്ങൾ ആറുപേരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയെങ്കിലും, ദൈവകൃപയാൽ പാസ്റ്റർ കെ. ജി. ചെറിയാൻ നാളെ നൂറാം വയസ്സിലേക്കാണ് പ്രവേശിക്കുകയാണ്.
മാർത്തോമാ സഭാവിശ്വാസികളായ മാതാപിതാക്കളാൽ തികഞ്ഞ ആത്മീയ അന്തരീക്ഷത്തിൽ വളർന്ന അദ്ദേഹത്തിന് ഒൻപതാം വയസ്സിൽ രക്ഷാനുഭവം പ്രാപിക്കുവാൻ ഭാഗ്യം ലഭിച്ചു. ബാല്യകാലം മുതൽ തന്നെ ആത്മീയകാര്യങ്ങളിലും സുവിശേഷപ്രവർത്തനത്തിലും അതിയായ താത്പര്യം പ്രകടിപ്പിച്ച അദ്ദേഹം സിലോൺ പെന്തകോസ്തൽ മിഷന്റെ പ്രാർത്ഥനായോഗങ്ങളിൽ സജീവമായി പങ്കെടുക്കുകയും ദൈവവചനജ്ഞാനത്തിൽ ആഴത്തിൽ വളരുകയും ചെയ്തു. എങ്കിലും കുറേ നാളുകൾ മാർത്തോമാ സഭയോടൊപ്പം തന്നെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര.
കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് വിദ്യാഭ്യാസം മികച്ച മാർക്കോടെ പൂർത്തിയാക്കിയ ശേഷം, പതിനെട്ടാം വയസ്സിൽ ഡൽഹി-അമ്പാലയിൽ ഇന്ത്യൻ മിലിറ്ററി പോസ്റ്റൽ സർവീസിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് അവിടെനിന്ന് ട്രാൻസ്ഫറായി കേരളത്തിലെ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്മെന്റിൽ സേവനം തുടർന്നു.
1950-ൽ, തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ ഇരവിപേരൂർ മറ്റത്ത് മരുതുമൂട്ടിൽ അന്നമ്മ മത്തായിയെ ജീവിതപങ്കാളിയായി സ്വീകരിച്ചു. ആദ്യകാലങ്ങളിൽ പെന്തകോസ്ത് വിശ്വാസത്തോട് ശക്തമായ എതിര് പ്രകടിപ്പിച്ചെങ്കിലും, പിന്നീട് ദൈവത്തിന്റെ വ്യക്തമായ ഇടപെടലിലൂടെ ഭാര്യ അന്നമ്മയും വിശ്വാസസ്നാനം സ്വീകരിക്കണമെന്ന താല്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന്, 1955-ൽ കുടുംബമായി സിലോൺ പെന്തകോസ്തൽ മിഷനിൽ ജലസ്നാനം സ്വീകരിച്ചു. തുടർന്ന് ഏകദേശം രണ്ടു പതിറ്റാണ്ടിലധികം ആ സഭയിൽ ആരാധിക്കുകയും സൺഡേ സ്കൂൾ അധ്യാപകനായും ഇൻസ്‌പെക്ടറായും ആത്മാർത്ഥമായി ശുശ്രൂഷിക്കുകയും ചെയ്തു.
അപ്പച്ചന്റെ രണ്ടാമത്തെ മകനും, ഇപ്പോൾ അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡിലെ സഹശുശ്രൂഷകന്മാരിൽ ഒരാളുമായ പാസ്റ്റർ മാത്യു ചെറിയാൻ 1976-ൽ മുളക്കുഴ ബൈബിൾ കോളേജിൽ പഠനത്തിനായി ചേർന്നപ്പോഴാണ് അന്നത്തെ ചർച്ച് ഓഫ് ഗോഡ് ഓവർസീയറായിരുന്ന പാസ്റ്റർ എ. വി. എബ്രഹാമുമായി അടുത്ത പരിചയം ആരംഭിക്കുന്നത്. അപ്പച്ചന്റെ സുവിശേഷതീഷ്ണതയും ആത്മീയ സമർപ്പണവും മനസ്സിലാക്കിയ ഓവർസീയർ, ചർച്ച് ഓഫ് ഗോഡിനോടൊപ്പം ചേർന്ന് ശുശ്രൂഷ ചെയ്യുവാൻ ആവശ്യപ്പെട്ടു. പ്രാർത്ഥനയോടും ദൈവനിയോഗബോധ്യത്തോടും കൂടി ആ ക്ഷണം സ്വീകരിച്ച അപ്പച്ചൻ, പിന്നീട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഔദ്യോഗിക ജോലിയോടൊപ്പം സഭാശുശ്രൂഷയും നിർവഹിച്ചു.
ചർച്ച് ഓഫ് ഗോഡിൽ സുവിശേഷ പ്രവർത്തനത്തിന് ലഭിച്ച പൂർണ്ണസ്വാതന്ത്ര്യം അദ്ദേഹത്തെ കൂടുതൽ വിപുലമായ ശുശ്രൂഷതലത്തിലേക്ക് നയിച്ചു. സുവിശേഷതാത്പര്യമുള്ള ചിലരെ കൂട്ടിച്ചേർത്ത് 'Coastal Evangelism Campaign' എന്ന മിനിസ്ട്രി രൂപീകരിച്ചു. 1980 മുതൽ 2007 വരെ വിവിധ പ്രദേശങ്ങളിൽ 65-ലധികം ക്രൂസേഡുകളും ഗ്രാമീണ സുവിശേഷ പ്രവർത്തനങ്ങളും ഭവനസന്ദർശനങ്ങളും ട്രാക്ട് വിതരണങ്ങളും നടത്തി. അതിനു ശേഷവും 92-ാം വയസ്സുവരെ തനിയെ വീടുകൾ സന്ദർശിച്ച് സുവിശേഷം അറിയിക്കുകയും പ്രാർത്ഥിക്കുകയും ട്രാക്ടുകൾ വിതരണം നടത്തുകയും ചെയ്യുമായിരുന്നു.
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയിൽ ശുശ്രൂഷയിൽ ആയിരിക്കുമ്പോൾ തന്നെ, പാസ്റ്റർ കെ. കെ. സാമുവേലിന്റെ നേതൃത്വത്തിൽ ഇരവിപേരൂർ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഫിലഡെൽഫിയ ചർച്ച് ഓഫ് ഗോഡിന്റെ പ്രവർത്തനങ്ങളിലും അപ്പച്ചൻ സുപ്രധാനവുമായ പങ്കുവഹിച്ചു. ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതിനോടൊപ്പം, പ്രസ്ഥാനത്തിന്റെ വെൽഫയർ ബോർഡിന്റെ പ്രവർത്തനങ്ങളിലൂടെ അനേകം കാരുണ്യപ്രവർത്തനങ്ങളും ചാരിറ്റി ശുശ്രൂഷകളും നിർവഹിക്കുവാൻ ദൈവം അദ്ദേഹത്തെ ഉപയോഗിച്ചു.
ഔദ്യോഗിക ജീവിതത്തിലും അദ്ദേഹം വളരെ ശ്രദ്ധേയനായിരുന്നു. പോസ്റ്റ് മാസ്റ്ററായും പിന്നീട് ഹെഡ് പോസ്റ്റ് മാസ്റ്ററായും ഉയർന്ന അദ്ദേഹം, 58 വയസ്സുവരെ ജോലി ചെയ്യാനാവുമായിരുന്നുവെങ്കിലും ദൈവവിളിയുടെ ശക്തമായ ബോധ്യത്തെ തുടർന്ന് 55-ാം വയസ്സിൽ വോളന്ററി റിട്ടയർമെന്റ് എടുത്ത് പൂർണ്ണസമയ സുവിശേഷപ്രവർത്തനത്തിലേക്ക് പ്രവേശിച്ചു. രോഗശാന്തി ശുശ്രൂഷയിലും പ്രവചന ശുശ്രൂഷയിലും ദൈവം അദ്ദേഹത്തെ ശക്തമായി ഉപയോഗിച്ചു.
അദ്ദേഹത്തിന്റെ ശുശ്രൂഷയിൽ സംഭവിച്ച നിരവധി അത്ഭുതങ്ങൾ ഇന്നും അനേകരുടെ വിശ്വാസസാക്ഷ്യങ്ങളായി നിലകൊള്ളുന്നു. പാസ്റ്റർ മാത്യു ചെറിയാൻ എന്നോട് പങ്കുവച്ചതിൽ ചിലത് മാത്രം ദൈവനാമ മഹത്വത്തിനായി ഞാനിവിടെ കുറിക്കുന്നു...
ഒരു ദിവസം ഒരു കൈനോട്ടക്കാരൻ വീട്ടിലെത്തി “കൈ നോക്കി ഭാവി പറയാം” എന്ന് പറഞ്ഞപ്പോൾ, ആത്മാവിൽ നിറഞ്ഞ പാസ്റ്റർ കെ. ജി. ചെറിയാൻ ആ മനുഷ്യന്റെ കുടുംബത്തിലെ ചില കാര്യങ്ങൾ വെളിപ്പെടുത്തി സംസാരിച്ചു. അതിൽ അത്ഭുതപ്പെട്ട ആ മനുഷ്യൻ പ്രാർത്ഥന അഭ്യർത്ഥിച്ച് മടങ്ങുകയും ചില ദിവസങ്ങൾക്കു ശേഷം വീണ്ടും അപ്പച്ചനെ വന്നു കണ്ടു തന്റെ ഭവനത്തിൽ കടന്നുവന്നു പ്രാർത്ഥിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പരിശുദ്ധാത്മാവിന്റെ നിർദ്ദേശപ്രകാരം ആ ക്ഷണം അദ്ദേഹം നിരസിച്ചു.
ശൂരനാട് വച്ചു നടന്ന ഒരു യോഗത്തിൽ, ഒരു സഹോദരിയോട് “നീ ഭാരപ്പെടുന്ന വിഷയത്തിൽ ഇപ്പോൾ തന്നെ ദൈവം ഇടപെടുന്നു” എന്ന് ആത്മാവിൽ സംസാരിച്ചതോടെ അവർ ക്ഷണത്തിൽ സൗഖ്യം പ്രാപിച്ചു. എന്നാൽ അതിന് ശേഷം ഭവനത്തിൽ എത്തിയ പാസ്റ്റർ കെ. ജി. ചെറിയാന്റെ ഇരുകൈകളുടെയും ചലനശേഷി നഷ്ടപ്പെട്ടു. ഏകദേശം ഒരാഴ്ചയോളം അങ്ങനെ തുടർന്നു. തന്നെ സന്ദർശിച്ച ചില സുവിശേഷകർ അത് പാപഫലമാണെന്ന് കുറ്റപ്പെടുത്തി. ഹൃദയത്തിന് ആഴമായി മുറിവേറ്റെങ്കിലും “എന്നെ വിധിക്കാൻ നിങ്ങളാര്..? കർത്താവ് ഇപ്പോൾതന്നെ എന്നെ സൗഖ്യമാക്കും” എന്ന വിശ്വാസപ്രഖ്യാപനത്തോടെ ആത്മാവിൽ നിറഞ്ഞ് താൻ അന്യഭാഷകളിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ, അദ്ദേഹത്തിന്റെ കൈകൾ വീണ്ടും ചലിക്കുവാനാരംഭിച്ചു. കുറ്റപ്പെടുത്താനെത്തിയവർ അത്ഭുതത്തോടെ ക്ഷമ ചോദിച്ച് മടങ്ങി.
കോന്നിയിൽ സുവിശേഷ പ്രവർത്തനത്തിനിടെ, “ഈ വീട്ടിൽ കയറി പ്രാർത്ഥിക്കണം” എന്ന ആത്മാവിന്റെ ശക്തമായ നിർദ്ദേശം ലഭിച്ചു. കൂടെയുണ്ടായിരുന്നവർ അത് ആ പ്രദേശത്തെ വലിയ സുവിശേഷവിരോധിയുടെ വീടാണെന്ന് പറഞ്ഞ് വിലക്കിയെങ്കിലും, ദൈവാത്മാവിന്റെ നിർബന്ധത്തിൽ അദ്ദേഹം അവിടെ പ്രവേശിച്ചു. ആ വീട്ടിലെ ഒരു സ്ത്രീ വർഷങ്ങളായി മാനസിക പ്രയാസങ്ങളാൽ മരുന്ന് കഴിക്കുന്ന കാര്യം ആത്മാവ് വെളിപ്പെടുത്തി. പ്രാർത്ഥിച്ചതോടെ അവർ സൗഖ്യം പ്രാപിച്ചു. ആ കുടുംബം കർത്താവിൽ വിശ്വസിക്കുകയും പിന്നീട് സുവിശേഷ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുകയും ചെയ്തു.
1997-ൽ മകൻ മാത്യു ചെറിയാനെയും കുടുംബത്തെയും സന്ദർശിക്കാനായി അമേരിക്കയിലേക്ക് അപ്പച്ചനും അമ്മച്ചിയും ഒരുമിച്ചു നടത്തിയ യാത്ര, ശുശ്രൂഷയ്ക്ക് പുതിയ വാതിലുകൾ തുറന്നു. ഇംഗ്ലീഷ് ഭാഷയിൽ ദൈവം നൽകിയ അസാധാരണ ജ്ഞാനവും ആത്മീയ ശുശ്രൂഷയിലെ വ്യത്യസ്തയും അമേരിക്കയിലും അദ്ദേഹത്തെ വ്യാപകമായി ഉപയോഗിക്കപ്പെടാൻ ഇടയായി. 'ബൈബിൾ നിഘണ്ടു' എന്ന് അന്നത്തെ യുവതലമുറ സ്നേഹത്തോടെ വിശേഷിപ്പിച്ചിരുന്ന പ്രിയ അപ്പച്ചൻ, തുടർന്ന് എട്ടു പ്രാവശ്യം കൂടി അമേരിക്ക സന്ദർശിച്ച് വിവിധ ഇടങ്ങളിൽ ദൈവവചനം പ്രസംഗിക്കുകയും കൃപാവരശുശ്രൂഷകൾ നിർവഹിക്കുകയും ചെയ്തു. അപ്പച്ചന്റെ ജീവിതസംഭവങ്ങളും ശുശ്രൂഷാനുഭവങ്ങളും ഹൃദയത്തിൽ സ്നേഹത്തോടെ സൂക്ഷിച്ചുവെച്ചത്, ഏറെ കൃത്യതയോടും വ്യക്തതയോടും കൂടി എന്നോട് പങ്കുവെച്ചത് മകൻ പാസ്റ്റർ മാത്യു ചെറിയാനാണ്
2021 നവംബർ 19-ന് സഹധർമ്മിണിയായ അന്നമ്മ ചെറിയാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
മക്കൾ : പരേതയായ അന്നമ്മ കുഞ്ഞുമോൻ, ജോർജ് ചെറിയാൻ, മാത്യു ചെറിയാൻ, സാം ചെറിയാൻ, പരേതയായ വത്സ, ഗ്രെയ്സ് മാത്യു, സജി ചെറിയാൻ.
മരുമക്കൾ: പരേതനായ വൈ. കുഞ്ഞുമോൻ, അന്നമ്മ മാത്യു, മിനി സാം, കെ. എ. മാത്യു, പരേതയായ ഷീല സജി.
ഇന്നു മലയാളി പെന്തക്കോസ്ത് സമൂഹത്തിൽ ശ്രദ്ധേയരായ അനേക സീനിയർ ദൈവദാസന്മാരോടൊപ്പം ശുശ്രൂഷ ചെയ്യുവാൻ അപ്പച്ചന് ദൈവം ഭാഗ്യം നൽകിയിട്ടുണ്ട്. വാർദ്ധക്യത്തിന്റെ ഭാഗമായ മറവി ശക്തമായി ബാധിച്ചിട്ടുണ്ടെങ്കിലും, ഇന്നും സ്നേഹത്തോടെയും ആദരവോടെയും അപ്പച്ചൻ പ്രത്യേകമായി ഓർത്തുപറയുന്ന മൂന്ന് പേരുകളാണ് പാസ്റ്റർ ജോൺസൻ ഡാനിയേലും (ചെറുവക്കൽ) പാസ്റ്റർ ബി. മോനച്ചനും (കായംകുളം) പാസ്റ്റർ ഫിന്നി ജേക്കബും (മാവേലിക്കര).
മെയ് 20 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ഭവനത്തിൽവച്ചു നടക്കുന്ന സ്തോത്രപ്രാർത്ഥനയിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സൗത്ത് ഏഷ്യൻ റീജണൽ സുപ്രണ്ട് റെവ. സി സി തോമസ് മുഖ്യാഥിതി ആയിരിക്കും.
കറ്റാനം ഭരണിക്കാവ് ചർച്ച് ഓഫ് ഗോഡ് സഭയുടെ പ്രാരംഭകാല വിശ്വാസികളിൽ ഒരാളായ പ്രിയ അപ്പച്ചൻ, ഇപ്പോൾ ഇളയ മകൻ സജി ചെറിയാനോടൊപ്പം സ്വന്തം ഭവനത്തിൽ വിശ്രമജീവിതം നയിക്കുകയാണ്. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളാൽ ശരീരം ഏറെ ക്ഷീണിതമാണെങ്കിലും, സ്നേഹത്തോടും കരുതലോടും പൂർണ്ണ സമർപ്പണത്തോടും കൂടി മകൻ സജി പിതാവിനെ ശുശ്രൂഷിക്കുകയും പരിചരിക്കുകയും ചെയ്യുന്നത് ഇന്നത്തെ തലമുറയ്ക്കു മാതൃകയാകുന്ന മനോഹരമായൊരു കാഴ്ചയാണ്. നൂറാം വയസ്സിലേക്കു പ്രവേശിക്കുന്ന ഈ അഭിഷക്ത ദൈവദാസന്റെ ജീവിതം, ഒരു മനുഷ്യന്റെ ദീർഘായുസ്സിന്റെ കഥമാത്രമല്ല; ദൈവവിശ്വാസത്തിൽ അചഞ്ചലമായി ഉറച്ചുനിന്ന ഒരു സുവിശേഷകന്റെ അതുല്യ സാക്ഷ്യമാണ്. വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും സുവിശേഷതീഷ്ണതയുടെയും പ്രകാശമായി തലമുറകളെ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഈ ജീവിതം, അനേകർക്ക് ഇന്നും പ്രചോദനവും ആത്മീയ ഉണർവും പകരുന്ന ജീവനുള്ള ഉദാഹരണമായി തുടരുന്നു.
✍റോഷൻ ഹരിപ്പാട് (കൊച്ചു മരുമകൻ)
Advertisement





























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































