ദൈവം വാഴിക്കാത്ത രാജാക്കന്മാർ

ബിജു പി സാമുവൽ, പശ്ചിമ ബംഗാൾ
"തന്നേ തീരൂ, തന്നേ തീരൂ.. രാജാവിനെ ഞങ്ങൾക്കു തന്നേ തീരൂ.."
യിസ്രായേൽ ജനത്തിനു ഒറ്റ വാശി (1 ശമു.8:19). അന്നുവരെ യഹോവയായിരുന്നു യിസ്രായേലിനെ ഭരിച്ചുകൊണ്ടിരുന്നത്. എന്നാൽ ചുറ്റുമുള്ള രാജ്യങ്ങളിലെ സിംഹാസനവും ചെങ്കോലും കണ്ടപ്പോൾ തങ്ങൾക്കും രാജാവും രാജഭരണവും വേണമെന്ന ആഗ്രഹം യിസ്രായേലിനുണ്ടായി.
രാജാവിൻ്റെ നിയമങ്ങൾ കാഠിന്യമേറിയതാണെന്നു ശമുവേൽ പ്രവാചകനിലൂടെ ദൈവം ജനത്തെ ധരിപ്പിച്ചു. എന്നിട്ടും പിന്മാറാൻ ജനം തയ്യാറല്ലായിരുന്നു. അവസാനം അവരുടെ ശാഠ്യം ജയിച്ചു.
ഇനി, ദൈവം അവിടുത്തെ ഹൃദയം തകർന്നു പറയുന്നതുകൂടി നാം ശ്രദ്ധിക്കൂ: "അവർ രാജാക്കന്മാരെ വാഴിച്ചു; ഞാൻ മുഖാന്തരം അല്ലതാനും. ഞാൻ അവർക്കു രാജാവിനെ നൽകിയതു എൻ്റെ കോപത്തിലാണ്" (ഹോശെയ 8:4, 13: 10-11).
"ഞാനവരെ ഭരിക്കാതെവണ്ണം അവർ എന്നെ ത്യജിച്ചിരിക്കുന്നു" (1ശമു.8:7). ദൈവത്തിൻ്റെ കണ്ണീർ വീണ വാക്യങ്ങളാണിത്.
"നിങ്ങൾ തെരഞ്ഞെടുത്ത രാജാവ്" എന്ന പ്രയോഗം ശമുവേൽ പ്രവാചകൻ നടത്തുന്നതും ശ്രദ്ധിക്കുക ( 1ശമു. 12:13). ദൈവത്തിൻ്റെ അനുവാദം ദൈവത്തിൻ്റെ ഹിതം ആകണമെന്നില്ലല്ലോ.
യൊരോബെയാം രാജാവിൻ്റെ കാലത്തു സിംഹാസനം ഉറപ്പിക്കാനും ജനത്തെ തന്റെകൂടെ നിർത്താനുമായി നടത്തിയ നീക്കങ്ങൾ യിസ്രായേലിനെ ദുരന്തത്തിലേക്കു നയിച്ചു. സ്വന്തം കസേര ഉറപ്പിക്കാൻ ദൈവാധികാരത്തെ നിഷേധിക്കുന്നവർ ഇന്നത്തെ നേതൃത്വത്തിലും ഉണ്ടല്ലോ.
പ്രാരംഭസമയങ്ങളിൽ, യിസ്രായേൽ രാജാക്കന്മാരെ നിയമിക്കുന്നതിൽ പ്രവാചകൻമാർക്കും പുരോഹിതന്മാർക്കും പങ്ക് ഉണ്ടായിരുന്നു. യഹോയാദാ പുരോഹിതൻ യോവാശ് രാജാവിൻ്റെ ഉപദേശകനും ആയിരുന്നല്ലോ.
അസര്യാവ്, യഹോവാഹാസ് എന്നിവരെ രാജാവാക്കിയതു ജനങ്ങളായിരുന്നു (2 രാജാ.14: 21, 23:30). ജനാധിപത്യ സംവിധാനത്തിന്റെ ഒരു രൂപം. ജനത്തിൻ്റെ "കീ ജയ്" വിളി മുഴുവൻ ശൗൽ രാജാവിനു അനുകൂലമായിരുന്നു (1ശമു. 10:24). ദൈവഹിതത്തിന്റെ മാനദണ്ഡം അണികളുടെ ആർപ്പുവിളി അല്ലല്ലോ.
മോശെയുടെ കാലത്ത് ഒരു തിരഞ്ഞെടുപ്പു നടന്നിരുന്നെങ്കിൽ കോരഹ് അനായാസം ജയിക്കുകയും മോശെ എട്ടുനിലയിൽ പൊട്ടുകയും ചെയ്യുമായിരുന്നു.
സഭാ തെരഞ്ഞെടുപ്പുകളിലെ വിജയം ഒന്നും ദൈവത്തിൻ്റെ അംഗീകാരം ആകണമെന്നില്ല. കൂടുതൽ വോട്ടു കിട്ടി ജയിക്കുന്നവർ സത്യത്തിന്റെ പ്രതിനിധി ആകണമെന്നു നിർബന്ധവുമില്ല.
മക്കൾക്കു ദൈവികദർശനമോ സുവിശേഷാത്മാവോ ഇല്ലെങ്കിലും അവർ അധികാരക്കസേരയിൽ ഇരിക്കുന്നതു കണ്ടിട്ടു കണ്ണടച്ചാൽ മതിയെന്നു ചിന്തിക്കുന്ന നേതാക്കൾ.. സ്വന്തം മകനെ കസേരയിൽ എത്തിക്കാൻ ദൈവനിയോഗമുള്ള ദാവീദിനെ നശിപ്പിക്കാൻ ശ്രമിച്ച ശൗലിൻ്റെ ആത്മാവാണ് അവരെ നയിക്കുന്നത്.
സത്യങ്ങൾ വിളിച്ചു പറയുന്ന ആമോസിനെപ്പോലുള്ള പ്രവാചകരെ പുറത്താക്കാനും വയറ്റിപ്പിഴപ്പിനു ജീവിക്കുന്നവർ എന്നു അധിക്ഷേപിക്കാനും അവർ ശ്രമിക്കുന്നു. രാജാധികാരം നുണയുന്ന പുരോഹിതരല്ലേ അവർ? (ആമോസ് 7:10-13).
യിസ്രായേലിൽ ബഹുകാലമായി സത്യദൈവവും ഉപദേശിക്കുന്ന പുരോഹിതനും ന്യായപ്രമാണവും ഇല്ലാത്ത സ്ഥിതി( 2 ദിന. 15:3). ദൈവാലയത്തിന്റെ ഏതോ കോണിൽനിന്നും ന്യായപ്രമാണഗ്രന്ഥം തപ്പിയെടുക്കേണ്ട സ്ഥിതി(2രാജാ 22:8). പക്ഷേ ധനശേഖരണ ഭണ്ഡാരത്തിന്റെ കാര്യം മാത്രം അവർ മറന്നില്ല.
നമ്മുടെ കുമ്പനാട്, തിരുവല്ല, മുളക്കുഴ, പുനലൂർ എന്നിവയെപ്പോലെ അന്നത്തെ ജനത്തിനു പ്രിയപ്പെട്ട ബേഥേൽ, ഗിൽഗാൽ, ബേർശേബ എന്നീ സ്ഥലങ്ങളിലെങ്ങും പോകരുതെന്നുപോലും ദൈവം വിലക്കി (ആമോസ് 5:4-6).
അവസാനം അതു സംഭവിച്ചു. അകത്തുള്ളവനെ തീരുമാനിക്കുന്നതു പുറത്തുള്ളവനായി മാറി. യഹോയാക്കിമിനെ രാജാവാക്കിയത് ഫറവോനായിരുന്നല്ലോ (2 രാജാ. 23: 34). അടക്കിവാണിരുന്നവർ അടിമകളായി പോകേണ്ടി വന്നു.
തലമുറതലമുറയായി രാജത്വം പതിച്ചുനൽകാൻ ജനം തയ്യാറായിട്ടും അതു നിരസിച്ച ഗിദയോൻ നമ്മുടെ പ്രസംഗവിഷയം മാത്രമായി മാറുന്നു. ഗിദെയോനെപ്പോലെ "യഹോവയത്രേ നിങ്ങളുടെ രാജാവ്" എന്നു ധൈര്യമായി പറയാൻ കഴിയുന്ന ഏതെങ്കിലും നേതാക്കന്മാർ ഉണ്ടോ?
വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഒരു വാചകം ഓർമ്മയിൽ വന്നത് എഴുതി നിർത്താം: "ഞാൻ.. ഞാൻ.. എന്നു പറഞ്ഞഹങ്കരിച്ച രാജാക്കന്മാരും മറ്റും എവിടെ...?"

