പീച്ചി മാസ്റ്ററും ഞാനും

പീച്ചി മാസ്റ്ററും ഞാനും

അനുസ്മരണം : 

പീച്ചി മാസ്റ്ററും ഞാനും

സജി പീച്ചി

ഞാൻ പീച്ചി സ്വദേശിയാണ്. എന്നെ അക്ഷരം പഠിപ്പിച്ച സ്കൂൾ അദ്ധ്യാപകനായിരുന്നു പീച്ചി മാസ്റ്റർ എന്നറിയപ്പെട്ട കോമ്പാറ വർഗീസ് മാസ്റ്റർ. തൃശൂർ നെല്ലിക്കുന്നത്ത്‌ ആയിരുന്നു പീച്ചി മാസ്റ്ററുടെ വീട്. 

പീച്ചി സ്കൂളിൽ അധ്യാപകനായിരുന്ന താൻ ഏകനായി തൃശൂർ നെല്ലിക്കുന്നത്തുള്ള വീട്ടിൽ നിന്നും പീച്ചിയിലേക്ക് അതിരാവിലെ ഇറങ്ങി തിരിക്കും. നഗ്നപാദനായി വഴിനീളെ വചനം വിളിച്ച് പറഞ്ഞ് കാൽനടയായിട്ടായിരുന്നു യാത്ര. അതിരാവിലെ എന്റെ വല്ല്യപ്പച്ചൻ ആറന്മുള കുട്ടിയച്ചന്റെ ഭവനത്തിലെത്തും. പിന്നീട് അവർ തമ്മിൽ കുശലപ്രശ്നം നടത്തിയ ശേഷം സുവിശേഷം പങ്കു വച്ച് പ്രാർത്ഥിച്ച് സ്കൂളിൽ പോകും.

ചില ദിവസങ്ങളിൽ വൈകുന്നേരങ്ങളിലും താൻ സന്ദർശനം നടത്തുമായിരുന്നു. വല്ല്യപ്പച്ചൻ ആറന്മുള സ്വദേശിയായതിനാൽ അന്നത്തെ ഭക്തന്മാരുടെ ഗാനങ്ങൾ തനിക്കറിയാമായിരുന്നു. 

സാധു കൊച്ചൂഞ്ഞുപദേശി, മഹാകവി കെ വി സൈമൺ സാർ എന്നിവരുടെ ഒട്ടനവധി ഗാനങ്ങൾ വല്ല്യപ്പച്ചനിൽ നിന്നും പീച്ചി മാസ്റ്റർ അങ്ങനെ ഹൃദിസ്ഥമാക്കിയിരുന്നതായി പ്രസ്താവിച്ചിട്ടുണ്ട്. 

എളിമയുള്ള ജീവിതശൈലി ആയിരുന്നു തനിക്കുണ്ടായിരുന്നത്. കുറെ നാളുകൾ താൻ പാദരക്ഷകൾ ഉപയോഗിച്ചിരുന്നില്ല. എന്നും രാത്രിയിൽ മിതമായ ആഹാരം മാത്രമായിരുന്നു.  അന്ന് സർക്കാർ ജീവനക്കാർക്ക് വേതനം കുറവായിരുന്നു. 

ദാരിദ്ര്യമുള്ള അക്കാലത്ത് ഒരു ജോഡി ഒറ്റ മുണ്ടും ജുബ്ബായുമായിരുന്നു തനിക്കുണ്ടായിരുന്നത് എന്ന് കേട്ടിട്ടുണ്ട്. തലേ ദിവസം രാത്രിയിൽ അലക്കി പിറ്റേന്ന് അത് ധരിച്ചാണ് സ്കൂളിൽ പഠിപ്പിക്കാൻ പോയിരുന്നത്. 

ഒരു കാലഘട്ടം വരെ താടി ഉണ്ടായിരുന്നതിനാൽ നാട്ടുകാർ താടി മാഷ്, കോമ്പാറ മാഷ്, വർഗീസ് മാഷ് എന്നൊക്കെയായിരുന്നു വിളിച്ചിരുന്നത്. ദേശത്ത് എല്ലാവരാലും സ്വീകാര്യനായിരുന്നു താൻ. 

തെക്കൻ കേരളത്തിൽ സുവിശേഷ പ്രഭാഷണത്തോടുള്ള ബന്ധത്തിലാണ് പീച്ചി മാസ്റ്റർ എന്ന പേരിൽ താൻ അറിയപ്പെടാൻ തുടങ്ങിയത്.  

പീച്ചി മാസ്റ്റർക്ക് നാലു മക്കൾ. പാസ്റ്റർ കെ വി ജോസ്, എൽസി, മേരി,പരേതനായ ജോയ്,എന്നിവരാണ് അവർ. എൽസിയും ഞാനും ഒരേ ക്ലാസ്സിൽ പഠിച്ചവരാണ്. ജോസ് എന്നേക്കാൾ രണ്ടു ക്ലാസ്സിന് മുന്നിൽ ആയിരുന്നു. 

പീച്ചി മാസ്റ്റർ അന്ന് ഗവണ്മെന്റ് സ്കൂളിൽ അധ്യാപകനായതിനാൽ ഗവണ്മെന്റ് ക്വാർട്ടേഴ്‌സിൽ ആയിരുന്നു താമസം. പരിമിതമായ സൗകര്യങ്ങൾ മാത്രമായിരുന്നു അന്ന് ക്വാർട്ടേഴ്‌സിൽ ഉണ്ടായിരുന്നത്. എളിമയുള്ള ജീവിതമാണ് താൻ നയിച്ചിരുന്നത്. 

അന്ന് പീച്ചിയിൽ വിദ്യാഭ്യാസമുള്ളവർ നന്നേ കുറവാണ്. ആ നഷ്ടം പരിഹരിച്ചത് പീച്ചി മാസ്റ്റർ ആയിരുന്നു. പിന്നീട് പ്രധാനധ്യാപകനായാണ് സേവനത്തിൽ നിന്നും വിരമിച്ചത്. 

ഇന്ന് ശാരോൻ ഫെല്ലോഷിപ് ചർച്ച് കെട്ടിടം നിലകൊള്ളുന്ന സ്ഥലത്തുള്ള ഒരു ചായ്‌പ്പിൽ ആയിരുന്നു അന്നത്തെ കൂടിവരവ് നടന്നിരുന്നത്. 

പാസ്റ്റർ വി കെ എബ്രഹാം ആയിരുന്നു സെന്റർ പാസ്റ്റർ. അതിന് ശേഷം പീച്ചി ഗേറ്റ് ന് സമീപം ഒരു ഷെഡ്‌ഡിൽ ആരാധന നടന്നു. പിന്നീടാണ് പീച്ചിയ്ക്ക് സമീപം വിലങ്ങന്നൂരിൽ സഭയ്ക്ക് സ്ഥലം വാങ്ങിയത്. 

പീച്ചി സ്കൂളിൽ അന്ന് പെന്തകോസ്ത് അധ്യാപകരായി രണ്ട് പേരാണ് ഉണ്ടായിരുന്നത്. 

പീച്ചി മാസ്റ്ററും സാലി ടീച്ചറും. സാലി ടീച്ചർ കൃപവരമുള്ള ഒരു ദൈവ ദാസി ആയിരുന്നു. പെന്തകോസ്ത് വിശ്വാസം ഉള്ളവരായിരുന്നതിനാൽ കോമ്പാറ വർഗീസ് മാസ്റ്റർ എന്ന പീച്ചി മാസ്റ്റർ പണിമുടക്കുകളിൽ പങ്കെടുക്കയോ മുദ്രാവാക്യം വിളിക്കാൻ നിൽക്കയോ ചെയ്യുമായിരുന്നില്ല. 

ആയിടെ മാസ്റ്ററുടെ കാലിൽ ബൾബിന്റെ ചില്ല് തറയ്ക്കുകയും അണു ബാധ ഉണ്ടാകയും മാംസം പഴുത്ത് പഴുപ്പും മലിന രക്തവും ഒഴുകിക്കൊണ്ടിരുന്നു. 

കാലിന്റെ അസ്ഥി തെളിഞ്ഞു കാണാൻ തുടങ്ങി. പഴുപ്പ് ഉള്ളിലേക്ക് കയറിയാൽ കാൽ മുറിച്ചു മാറ്റണം എന്ന അവസ്ഥയിലേക്ക് വന്നു. തന്നെ സ്നേഹിക്കുന്ന സഹ അധ്യാപകരും അയൽക്കാരും മരുന്ന് എടുക്കാൻ നിർബന്ധിച്ചുവെങ്കിലും താൻ അതിന് തയ്യാറായില്ല. വിശ്വാസത്താലുള്ള രോഗശാന്തിയിൽ അടിയുറച്ചു വിശ്വസിച്ചു. 

മരിച്ചു പോകുമെന്ന ബോധ്യത്തിൽ തന്റെ സഹപ്രവർത്തകരായ അധ്യാപകരും അയൽക്കാരും തന്നോട് ക്വാർട്ടേഴ്സ് ഒഴിയണമെന്ന് ആവശ്യപ്പെട്ടു. പീച്ചി മാസ്റ്റർ തെല്ലും പതറിയില്ല. 

അദ്ദേഹം വിലങ്ങന്നൂർ സഭാ ഹാളിലേക്ക് മാറി. അനേക മാസങ്ങൾ താൻ ശയ്യാവലംബിയായി അവിടെ കഴിഞ്ഞു. മകൻ ജോയി അനുജൻ പാസ്റ്റർ കെ ഓ തോമസ് എന്നിവരാണ് തന്റെ കിടക്കയിൽ തന്നെ ശുശ്രൂഷിച്ചത്. 

ആ കാലഘട്ടത്തിൽ പീച്ചി പ്രദേശത്ത് നടക്കുന്ന മഹായോഗങ്ങളിൽ ഏറ്റവും ആളുകൾ കൂടി വന്നിരുന്നത് പീച്ചി മാസ്റ്ററുടെ കൺവെൻഷനായിരുന്നു. പരേതരായ യ കാനം അച്ചൻ, മേരി കോവൂർ, വി ഏ തോമസ്, എം ഈ ജേക്കബ്, വി ജെ ജേക്കബ്, വി ടി ജോസഫ്, ഭക്തവൽസലം പൊതിയോട്ട് കുഞ്ഞ്, പാസ്റ്റർ പി എം ഫിലിപ്പ്, തുടങ്ങി പ്രഗത്ഭരായ സുവിശേഷപ്രഭാഷകരുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു. ജാതിമത ഭേദമെന്യേ സകലരും ആ കൺവെൻഷനിൽ പങ്കു കൊള്ളുമായിരുന്നു. 

തന്റെ കാൽ അൽപ്പം ഭേദമായപ്പോൾ സമീപ സഭയായ വിലങ്ങന്നൂർ ഐപിസി സഭയിൽ നടന്ന കൺവെൻഷനിൽ സാക്ഷ്യം പറയാൻ തനിക്ക് അവസരം കൊടുത്തു. അന്ന് അദ്ദേഹം 66 സങ്കീർത്തനത്തിലെ ഒരു വേദഭാഗം വായിച്ച് സകല ഭക്തന്മാരുമായുള്ളോരേ വന്നു കേൾപ്പീൻ അവൻ എന്റെ പ്രാണനു വേണ്ടി ചെയ്തത് ഞാൻ വിവരിക്കാം എന്ന വാക്യം വായിച്ച് പ്രസംഗിച്ചു. 

ഇതിനിടയിൽ നിരവധി രാജ്യങ്ങളിൽ സുവിശേഷ പ്രസംഗകനായി താൻ കടന്ന് പോയി. 1993 ൽ ഒരു ദിവസം പോലും വിശ്രമമില്ലാതെ താൻ സുവിശേഷ പ്രഘോഷണം നടത്തി. അദ്ദേഹത്തിന്റെ ചില പ്രസംഗങ്ങൾ ഏറ്റു പറയാനും എനിക്ക് ഭാഗ്യമുണ്ടായി. 

ആയിരക്കണക്കിന്‌ സ്‌നാനങ്ങൾ, വിവാഹങ്ങൾ, സംസ്ക്കാര ശുശ്രൂഷകൾ നടത്തി. 

ആരുടെ മുന്നിലും തല കുനിക്കാത്ത വ്യക്തിത്വം, ആരെയും കൂസാത്ത പ്രകൃതം, ആരോടും ഒത്തു തീർപ്പില്ലാതെ സുവിശേഷം പങ്കു വയ്ക്കൽ എന്നിവ തന്റെ മുഖമുദ്ര ആയിരുന്നു. 

മരിക്കുന്നതിന് ചില മാസങ്ങൾക്കു മുൻപ് തന്നെ സന്ദർശിക്കാൻ ഭാഗ്യമുണ്ടായി. അനേകം കാര്യങ്ങൾ സംസാരിച്ചു. ഒരുമിച്ചിരുന്നു ചിത്രമെടുത്തു. അദ്ദേഹം എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിച്ചു. അതൊരു അവസാന കൂടി ക്കാഴ്ച്ചയാണെന്ന് അന്ന് മനസ്സിലായില്ല. 

പിന്നീട് തന്റെ വിയോഗവാർത്തയാണ് കേൾക്കുന്നത്. ഉയിർപ്പിന്റെ പൊൻ പുലരിയിൽ തന്നെ ആയിരമായിരം വിശുദ്ധരോടൊത്ത് നേരിൽ കാണാമെന്ന് പ്രത്യാശിക്കുന്നു.