അവസരങ്ങൾ പാഴാക്കുന്നവർ...

അവസരങ്ങൾ പാഴാക്കുന്നവർ...

അവസരങ്ങൾ പാഴാക്കുന്നവർ...

റോയ് തോമസ്, അയ്യന്തോൾ

രു മനുഷ്യന് രക്ഷപ്പെടാനായി നിരവധി അവസരങ്ങളാണ് തിരുവചനം നൽകുന്നത്.  അവസരങ്ങൾ കിട്ടിയിട്ടും അത് നഷ്ടപ്പെടുത്തിയ ഒരുവനെ കുറിച്ചാണ് ഈ കുറിപ്പ്.  

ആരാണവൻ? എന്താണ് അവന് ലഭിച്ച ആ അവസരങ്ങൾ?  

യെരൂശലേമിൻ്റെ വീഥികളിൽ അന്ന് പെയ്തത് വെറുമൊരു മഴയായിരുന്നില്ല. മറിച്ച് ഒരു ആത്മാവിൻറെ വിലാപമായിരുന്നു. 30 വെള്ളിക്കാശുകൾ കയ്യിലിരിക്കുമ്പോഴും യൂദയുടെ ഉള്ളം ചുട്ടുപൊള്ളുകയായിരുന്നു. തൻറെ ഗുരുവിൻറെ കരുണാദ്രമായ കണ്ണുകൾ അവനെ നോക്കിക്കൊണ്ടിരുന്നു. മാനസാന്തരത്തിന് അവനു ലഭിച്ച ഓരോ നിമിഷവും ഒരു സ്വപ്നം പോലെ അവൻറെ മുമ്പിലൂടെ കടന്നുപോയി.

അന്ത്യ അത്താഴത്തിന് മുൻപ് ഗുരു തൻറെ മുൻപിൽ മുട്ടുകുത്തി ഇരുന്നത് അവൻ ഓർത്തു. ഗുരുവിൻറെ വിരലുകൾ അവൻറെ പാദങ്ങളെ സ്പർശിച്ചപ്പോൾ തന്റെ മനസ്സ് ഉരുകി പോകേണ്ടതായിരുന്നു. യേശു പത്രോസിനോട് : " നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു. എല്ലാവരും അല്ലതാനും" എന്ന് പറഞ്ഞപ്പോൾ 'അതെ കർത്താവേ, ഞാൻ അശുദ്ധനാണ് ' എന്ന് നിലവിളിച്ച്  ആ മാറിലേക്ക് വീഴുവാൻ അവന് അവസരം ഉണ്ടായിരുന്നു. പക്ഷേ അവൻ അത് ചെയ്തില്ല. മാനസാന്തരപ്പെടുവാനുള്ള ആദ്യ അവസരം അങ്ങനെ തള്ളിക്കളഞ്ഞു.

പിന്നെയും യേശു ഉള്ളം കലങ്ങി; 'നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചു കൊടുക്കും' എന്ന് പറഞ്ഞപ്പോഴും യൂദായ്ക്ക് തിരികെ വരാമായിരുന്നു. ആ അവസരവും അവൻ നഷ്ടപ്പെടുത്തി. കർത്താവ് അപ്പഖണ്ഡംമുക്കി അവന് നൽകിയപ്പോൾ അത് കേവലം ഒരു ഭക്ഷണമായിരുന്നില്ല. മറിച്ച് തൻറെ ഹൃദയ രഹസ്യം താൻ അറിയുന്നുണ്ടെന്ന ഗുരുവിൻറെ നിശബ്ദമായ സന്ദേശമായിരുന്നു. ആ നിമിഷം അവന്റെ ഉള്ളൊന്ന് പിടഞ്ഞു. അവിടെവച്ച് എല്ലാം ഏറ്റു പറഞ്ഞിരുന്നുവെങ്കിൽ ചരിത്രം അവനെ മറ്റൊരു പത്രോസ് ആയി വാഴ്ത്തുമായിരുന്നു. എന്നാൽ അവൻ അത് ചെയ്തില്ല.പകരം അവൻ അപ്പം വാങ്ങി ഇരുട്ടിലേക്ക് നടന്നു. വചനം പറയുന്ന പോലെ അപ്പോൾ രാത്രിയായിരുന്നു (യോഹന്നാൻ 13:30) അവന്റെ ഉള്ളിലും  പുറത്തും.

ഗത്സമനയിലെ തോട്ടത്തിൽ വച്ച് അവൻ ഗുരുവിനെ ചുംബിച്ചപ്പോൾ 'സ്നേഹിതാ, നീ വന്ന കാര്യം എന്ത്' എന്ന് ചോദ്യം ഒരു ഇടിമുഴക്കം പോലെ കാതുകളിൽ മുഴങ്ങി. ആ വിളിയിൽ ഒരു കുറ്റപ്പെടുത്തൽ അല്ല മറിച്ച്, തിരികെ വരുവാനുള്ള ഒരു ക്ഷണമായിരുന്നു ഉണ്ടായിരുന്നത്. ആ നിമിഷം പോലും വാളുകൾ താഴെയിട്ട് യേശുവിൻറെ പാദങ്ങളിൽ വീഴുവാൻ അവന് കഴിയുമായിരുന്നു. പക്ഷേ അവൻ തിരഞ്ഞെടുത്തത് 30 വെള്ളി കാശിന്റെ തിളക്കമായിരുന്നു.

ഒടുവിൽ ഗുരുവിനെ ക്രൂശിക്കാൻ കൊണ്ടുപോകുന്നത് കണ്ടപ്പോൾ അവന്റെ ഹൃദയം തകർന്നു. അവൻ കാശ് തിരികെ എറിഞ്ഞു. അവൻ ചെയ്തത് മാനസാന്തരം അല്ല മറിച്ച് കുറ്റബോധമായിരുന്നു. പത്രോസിനെ പോലെ കണ്ണുനീരോടെ ഗുരുവിൻറെ കാരുണ്യത്തിൽ അഭയം പ്രാപിക്കേണ്ടതിന് പകരം അവൻ തൻറെ പാപത്തിന്റെ ഭാരത്തേക്കാൾ വലുതാണ് ദൈവത്തിൻറെ കരുണയെന്ന് വിശ്വസിക്കുവാൻ പരാജയപ്പെട്ടു. ആ വിശ്വാസമില്ലായ്മ അവനെ ചെന്ന് എത്തിച്ചത് മരണത്തിന്റെ മരച്ചില്ലയിലേക്ക് ആയിരുന്നു.

യൂദയുടെ ജീവിതം നമുക്ക് നൽകുന്നത് ഒരു മുന്നറിയിപ്പാണ്.ദൈവം നൽകുന്ന ഓരോ നിമിഷവും ഓരോ അവസരമാണ്. ഒന്നും രണ്ടുമല്ല കർത്താവ് അവസരങ്ങൾ അവൻറെ മുമ്പിലേക്ക് ഇട്ടുകൊടുത്തത്. എന്നാൽ അതെല്ലാം അവൻ തട്ടിമാറ്റി. മാനസാന്തരപ്പെടുവാൻ ദൈവം തരുന്ന അവസരങ്ങൾ അത് സ്വീകരിക്കുക. പത്രോസിനെ പോലെ ഏറ്റു പറഞ്ഞു ആ മാറിലേക്ക് ചായുക. ഒരു  അത്ഭുതം തീർച്ചയായും സംഭവിക്കും. അതിനായി ദൈവം അവസരങ്ങൾ പിന്നേയും നൽകട്ടെ. തട്ടി മാറ്റാതെ സ്വീകരിക്കുക.