അലക്കുകാരന്റെ ചാ(ക്ഷാ)രവെള്ളം (Fuller's Soap)
അലക്കുകാരന്റെ ചാ(ക്ഷാ)രവെള്ളം (Fuller's Soap)
പാസ്റ്റർ സണ്ണി പി സാമുവൽ
ഇന്നേക്കു 55-60 വര്‍ഷം മുമ്പു എന്റെ പിതാമഹി ഒരു സൂത്രപ്പണ്ണി ചെയ്തിരുന്നതു എന്റെ ഓര്‍മ്മയില്‍ വരുന്നു. അന്നു അലക്കുസോപ്പ് ആഡംബരവസ്തു ആയിരുന്നു. വാരസോപ്പ് എന്നു മലയാളത്തില്‍ പേര്‍ പറഞ്ഞിരുന്ന ബാര്‍സോപ്പ് ഒരടി നീളത്തില്‍ വന്നിരുന്നതില്‍ നിന്നു കട്ടകട്ടകളായി മുറിച്ചായിരുന്നു വിറ്റിരുന്നതു. അന്നത്തെ വിശ്രുത ബാര്‍സോപ്പ് 501 ആയിരുന്നു. അതിന്റെ ഒരു കട്ട വാങ്ങുവാന്‍ പോലും പണം കയ്യിലില്ലായിരുന്ന കാലം. ഈ ഇല്ലായ്മയെ മറികടക്കുവാന്‍ പഴമക്കാര്‍ ഒരു ടെക്‌നോളജി ഉപയോഗിച്ചിരുന്നു -ക്ഷാരവെള്ളം!
അന്നു നാട്ടില്‍ സുലഭമായിരുന്ന കവളന്‍മടല്‍ കൂട്ടിയിട്ടു തീ കത്തിച്ചു ഭസ്മമാക്കും. അതു സസൂക്ഷ്മം വാരിയെടുത്തു വലിയ മണ്‍കലത്തില്‍ ഇട്ടു ശുദ്ധവെള്ളം ഒഴിച്ചു നന്നായി ഇളക്കും. പിന്നെ അടിഞ്ഞൂറാന്‍ അനക്കാതെ വയ്ക്കും. മൂന്നു-നാലു ദിവസം കഴിഞ്ഞു കലം കുലുക്കാതെ വെള്ളം സാവധാനം മറ്റൊരു കലത്തിലേക്കു പകരും. ചാരമുള്ള ആദ്യത്തെ കലത്തില്‍ വീണ്ടും വെള്ളം ഒഴിച്ചു ഇളക്കിവയ്ക്കും. ഇപ്രകാരം മൂന്നു നാലു പ്രാവശ്യം ചെയ്തു ചാരത്തിലെ മുഴുവന്‍ പുളിസത്തയും വേര്‍തിരിച്ചെടുക്കും. ഏറ്റവും ഒടുവില്‍ ശേഖരിക്കുന്ന വെള്ളത്തിനു ആദ്യം ശേഖരിച്ച വെള്ളത്തിന്റെ അത്രയും വീര്യം കാണുകയില്ല. എങ്കിലും തമ്മില്‍ കലര്‍ത്തുമ്പോള്‍ കാഠിന്യം കൃത്യമായിരിക്കും. ഈ വെള്ളം High quality Detergent ആണ്. ഈ വെള്ളത്തില്‍ നിന്നു അല്പമെടുത്തു നേര്‍പ്പിച്ചു അതില്‍ മുഷിഞ്ഞ, കറപിടിച്ച തുണികള്‍ മുക്കി തിളയ്പ്പിക്കും. അനന്തരം തണുക്കുവാന്‍ അനുവദിക്കും. പിന്നെ കഴുകിയെടുക്കുമ്പോള്‍ വസ്ത്രം വെണ്മയാകും. എത്ര പഴയ തുണിയും പുതുപുത്തന്‍പോലെ തോന്നിപ്പിക്കും. അല്പം നീലം കൂടെ മുക്കി തേച്ചാല്‍ സംഗതി ജോര്‍. ആധുനിക ഡിറ്റെര്‍ജന്റ് ഈ ചാരവെള്ളത്തിന്റെ ഏഴയലത്തു വരികയില്ല!
ദൈവം അയയ്ക്കുന്ന നിയമദൂതന്റെ പ്രത്യക്ഷതയുടെ സമയം -ആലയത്തിലേക്കുള്ള പ്രത്യക്ഷത തന്നെ- അവന്‍ ഊതിക്കഴിക്കുന്നവന്റെ തീ പോലെയും അലക്കുന്നവരുടെ ചാരവെള്ളം പോലെയും ആയിരിക്കുമെന്നു മലാഖി പറയുന്നു (3:2). ചാരവെള്ളം എന്നതിനു ഉപയോഗിച്ചിരിന്ന എബ്രായവാക്കിനു lye, wood ash, potash, alkali എന്നിങ്ങനെയാണു അര്‍ത്ഥം! ഈ വെള്ളം ലോഹോപരിതലം വൃത്തിയാക്കുവാന്‍ വരെ പ്രാപ്തമായിരുന്നു. വസ്ത്രം അലക്കുവാനും നൂലിഴകളെ സംരക്ഷിപ്പാനും ആസിഡിന്റെ പുളിയെക്കാള്‍ നല്ലതു ആല്‍ക്കലൈന്‍ പുളിയാണെന്നു ആധുനിക ടെക്‌നോളജി പറയുമ്പോള്‍; നൂറ്റാണ്ടുകള്‍ക്കു മുമ്പേ അതു നടപ്പിലാക്കിയിരുന്ന മുന്‍തലമുറകളുടെ പ്രായോഗികജ്ഞാനം!
വസ്ത്രം അലക്കുന്ന എന്നതു ഒരു ബിബ്ലിക്കല്‍ ടെര്‍മിനോളജി ആണ്. അതു രണ്ടു വിധത്തലാണെന്നു ബൈബിള്‍ പഠിപ്പിക്കുന്നതു. ഒന്ന്, കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ അങ്കി അലക്കി വെളുപ്പിക്കുക (വെളി:7:14). രണ്ടു, ഗോപുരത്തില്‍കൂടി നഗരത്തില്‍ കടക്കേണ്ടതിനു തങ്ങളുടെ വസ്ത്രം അലക്കുക (വെളി:22:14). ഈ വാക്യത്തിൽ വസ്ത്രം അലക്കുക എന്നതിനു They that do his commandments എന്നാണു ചില വിവര്‍ത്തനങ്ങളില്‍ കാണുന്നതു. ഒന്നു ശുദ്ധീകരണത്തെ കാണിക്കുമ്പോള്‍ മറ്റേതു അനുസരത്തെ കാണിക്കുന്നു. ഒന്നു നീതീകരണത്തേയും മറ്റേതു വിശുദ്ധീകരണത്തെയും കുറിക്കുന്നു. രണ്ടും ശരിയാണു. അലക്കുക്കാരന്റെ ക്ഷാരവെള്ളത്തിനു മനുഷ്യന്റെ മനഃസാക്ഷിയെയും ഉള്ളിലെ ഗൂഢമനുഷ്യനെയും ശുദ്ധീകരിപ്പാന്‍ കഴിയുകയില്ലല്ലോ. 'അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു'' (1 യോഹ: 1:7). തേജസ്‌ക്കരണത്തിനു നീതീകരണവും വിശുദ്ധീകരണവും ആവശ്യമാണെന്നു തിരുവെഴുത്തുകള്‍ പഠിപ്പിക്കുന്നു!

