സിറിയൻ കൂട്ടക്കൊല മരണപെട്ടവരിൽ നിരവധി ക്രൈസ്തവരും; കൂട്ടക്കൊലകളെ അപലപിച്ച് സഭാനേതൃത്വം

വാർത്ത : മോൻസി മാമ്മൻ
സിറിയയിൽ വീണ്ടും അതിക്രൂര പീഡനങ്ങൾക്ക് ഇരയായി ക്രൈസ്തവ സമൂഹം. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതോടെ സിറിയയിലെ ക്രിസ്ത്യാനികളും മറ്റ് മതന്യൂനപക്ഷങ്ങളും ആശങ്കാകുലരാണ്.ഡിസംബറിൽ പ്രസിഡന്റ് ബഷർ അൽ-അസദിനെ പുറത്താക്കിയതിനു ശേഷമുള്ള ഏറ്റവും ക്രൂരമായ അതിക്രമങ്ങളിൽ ഒന്നായിട്ടാണ് മനുഷ്യാവകാശ സംഘടനകൾ ഇതിനെ വിശേഷിപ്പിച്ചത്.
സിറിയയുടെ തീരദേശ മേഖലകൾ കേന്ദ്രീകരിച്ചുള്ള അക്രമങ്ങൾ പ്രധാനമായും ഇസ്ലാം ന്യൂന പക്ഷ വിഭാഗമായ അലവികളെയും ക്രിസ്ത്യാനികളെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളെയും ലക്ഷ്യം വച്ചുള്ളതാണെന്ന് ജിബി ന്യൂസ് റിപ്പോർട്ട് ചെയ്തു . സിറിയയിലെ ലതാകിയയ്ക്ക് സമീപം സുരക്ഷാ പട്രോളിങ്ങിൽ മുൻ സിറിയൻ പ്രസിഡന്റ് അനുകൂല പക്ഷം പതിയിരുന്ന് നടത്തിയ ആക്രമണത്തെ തുടർന്നാണ് സംഘർഷം രൂക്ഷമായതെന്ന് ജിബി ന്യൂസ് റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ 745 പേർ സാധാരണക്കാരാണെന്നും അവരിൽ പലരും വെടിവയ്പിൽ കൊല്ലപ്പെട്ടുവെന്നും സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട് ചെയ്തു . അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഈ സംഭവങ്ങളെ "വിഭാഗീയ കൂട്ടക്കൊലകൾ" എന്നാണ് വിശേഷിപ്പിച്ചത്. ആയിരക്കണക്കിന് ക്രിസ്ത്യാനികൾ അവരുടെ വീടുകൾ വിട്ട് പലായനം ചെയ്തിട്ടുണ്ട്, നൂറുകണക്കിന് ആളുകൾ ലതാകിയയിലെ ഹ്മൈമിമിലുള്ള റഷ്യൻ സൈനിക താവളത്തിൽ അഭയം തേടിയിട്ടുണ്ട്.

2011-ൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്തിൽ സിറിയയിലെ ക്രൈസ്തവരില്‍ ഭൂരിഭാഗവും പലായനം ചെയ്തെങ്കിലും, ലതാകിയ നഗരത്തില്‍ നിരവധി ക്രൈസ്തവര്‍ ഒന്നിച്ച് താമസിക്കുന്നുണ്ടായിരിന്നു. ഏറ്റവും പുതിയ അക്രമത്തിന്റെ കടുത്ത ആഘാതം നേരിട്ടിരിക്കുന്നതും ലതാകിയയിലാണ്. ഇവിടെ നടക്കുന്ന അക്രമങ്ങള്‍ ക്രൈസ്തവരെ മരണഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സുരക്ഷാസേനയും അലവികളും തമ്മിൽ നടത്തുന്ന പോരാട്ടം അലവികളെ കൂട്ടക്കൊല ചെയ്യുന്നതിലേക്കു വഴിമാറിയപ്പോള്‍ ഈ ഗണത്തില്‍ ഇരകളാക്കപ്പെടുന്നവരില്‍ ക്രൈസ്തവരും ഉള്‍പ്പെട്ട സാഹചര്യമാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. ഭൂരിപക്ഷ ഇസ്ലാമിക വിഭാഗങ്ങൾ ക്രിസ്ത്യാനികളെ കാണുന്നത് മുൻ ഭരണകൂടവുമായി രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും യോജിക്കുന്നവരായും ഇസ്ലാമിക നേതൃത്വത്തിലുള്ള ഒരു സർക്കാർ സ്ഥാപിക്കുന്നതിന് തടസ്സങ്ങളായുമാണ്. അക്രമത്തിൽ ക്രിസ്ത്യാനികളും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, എത്ര ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടുവെന്ന് വ്യക്തമല്ല.
അതേസമയം സിറിയയില്‍ നടക്കുന്ന കൂട്ടക്കൊലകളെ അപലപിച്ച് സഭാനേതൃത്വം രംഗത്തെത്തി. നിരപരാധികളായ സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള കൂട്ടക്കൊലകളെ അപലപിച്ചുകൊണ്ട് സിറിയയിലെ മൂന്ന് പ്രധാന ക്രിസ്ത്യൻ സഭകളായ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ, ഗ്രീക്ക് ഓർത്തഡോക്സ്, സിറിയക് ഓർത്തഡോക്സ് സഭകളുടെ നേതൃത്വമാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. മാനുഷികവും ധാർമ്മികവുമായ മൂല്യങ്ങൾക്ക് കടകവിരുദ്ധമായി നിലകൊള്ളുന്ന ഈ ഭയാനകമായ പ്രവൃത്തികൾ ഉടനടി അവസാനിപ്പിക്കണമെന്നും പൊതുസമാധാനത്തിന് ഭീഷണിയായ ഏതൊരു പ്രവര്‍ത്തിയെയും ക്രിസ്ത്യൻ സഭകൾ ശക്തമായി അപലപിക്കുന്നുണ്ടെന്നും സഭാനേതൃത്വം പ്രസ്താവിച്ചു. പൊതു സമാധാനത്തിന് ഭീഷണിയായ ഏതൊരു പ്രവൃത്തിയെയും ക്രിസ്ത്യൻ സഭകൾ ശക്തമായി അപലപിക്കുകയും നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള കൂട്ടക്കൊലകളെ അപലപിക്കുകയും ചെയ്യുന്നു, കൂടാതെ എല്ലാ മാനുഷികവും ധാർമ്മികവുമായ മൂല്യങ്ങൾക്ക് എതിരായി നിലകൊള്ളുന്ന ഈ ഭയാനകമായ പ്രവൃത്തികൾ ഉടനടി അവസാനിപ്പിക്കണമെന്ന് സംയുക്ത പ്രസ്‍താവനയിലൂടെ സഭാ നേതൃത്വം ആവശ്യപ്പെട്ടു.

സിറിയൻ ജനതയ്ക്കിടയിൽ ദേശീയ അനുരഞ്ജനം കൈവരിക്കുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ വേഗത്തിൽ സൃഷ്ടിക്കണമെന്നും സഭകൾ ആവശ്യപ്പെടുന്നു, എന്ന് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
സിറിയൻ നെറ്റ്‌വർക്ക് ഫോർ ഹ്യൂമൻ റൈറ്റ്‌സ് ഉൾപ്പെടെയുള്ള അവകാശ സംഘടനകൾ കൂട്ട വധശിക്ഷകൾ, സ്വത്തുക്കൾ കൊള്ളയടിക്കൽ, ആസൂത്രിതമായ കൊലപാതകങ്ങൾ എന്നിവ നടന്നതായി അവരുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
"തീവ്ര ഇസ്ലാമിക ഭീകരരെ" അപലപിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ , സിറിയയിലെ മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ന്യൂനപക്ഷങ്ങളെയും സാധാരണക്കാരെയും സംരക്ഷിക്കാൻ അദ്ദേഹം ഇടക്കാല സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, കൂട്ടക്കൊലകൾക്ക് സിറിയയിലെ പുതിയ ഭരണാധികാരികളെയാണ് ഇസ്രായേൽ കുറ്റപ്പെടുത്തിയത്, അവർ സാധാരണക്കാർക്കെതിരെ ക്രൂരമായ പ്രവൃത്തികൾ ചെയ്തുവെന്ന് ഇസ്രായേൽ ആരോപിച്ചു.
Advertisement














































