വെള്ളാപ്പള്ളിയുടെ പ്രസ്താവന അപലപനീയം: ക്രൈസ്തവ സംഘടനകൾ പ്രതിഷേധത്തിൽ

വാർത്ത: പി.എസ്. ചെറിയാൻ
തിരുവല്ല: പെന്തെക്കോസ്തുകാർ പണം മുടക്കി വ്യാപകമായി മതമാറ്റം നടത്തുന്നു എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന അസത്യവും അപലപനീയവും ആണെന്ന് ഐപിസി ഗ്ലോബൽ മീഡിയ. ഓൺലൈനിൽ ചേർന്ന ഗ്ലോബൽ മീഡിയ സമ്മേളനത്തിൽ സാംകുട്ടി ചാക്കോ നിലമ്പൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, ജനറൽ ട്രഷറാർ ഫിന്നി പി മാത്യു, മാധ്യമ പ്രവർത്തകരായ അച്ചൻകുഞ്ഞ് ഇലന്തൂർ, പാസ്റ്റർ രാജു ആനിക്കാട്, ടോണി ഡി. ചെവൂക്കാരൻ, പാസ്റ്റർ സി.പി മോനായി, ഷാജി മാറാനാഥ, ഷിബു മുള്ളംകാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഒരു സമുദായ സംഘടനയുടെ നേതാവായ വെള്ളാപ്പള്ളിയുടെ പരാമർശം അത്യന്തം പ്രതിഷേധാർഹവും അപലപനീയവും ആണെന്നും വർഗീയ കലാപം ലക്ഷ്യമാക്കിയുള്ളതാണെന്നും പ്രമേയത്തിൽ പറഞ്ഞു. മതസൗഹാർദ്ദം തകർക്കുന്നതിനുള്ള രാഷ്ട്രീയ ലക്ഷ്യമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനക്ക് പിന്നിലുള്ളത്. പെന്തെക്കോസ്തുകാർ പണം നൽകി മതപരിവർത്തനം നടത്താറില്ലെന്നും മറിച്ചുള്ള പ്രചരണം തെറ്റാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പ്രലോഭിച്ചോ പണം നൽകിയോ മതം മാറ്റിയതിന് എന്തു തെളിവാണ് വെള്ളാപ്പള്ളിക്ക് ഉള്ളത്? മതേതര രാജ്യമായ ഭാരതത്തിന്റെ ഭരണഘടന നൽകുന്ന അവകാശങ്ങൾ ഉപയോഗപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ മാത്രമെ പെന്തക്കോസ്തു സമൂഹം നടത്താറുള്ളു. വർഗീയതയുടെ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി ക്രൈസ്തവ സമൂഹത്തെ അപമാനിക്കുന്ന വ്യാജ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും യോഗം ആവശ്യപ്പെട്ടു.
പി.സി. ജോർജിന്റെ ലൗ ജിഹാദ് പരാമർശത്തെപ്പറ്റി മാധ്യമപ്രവർത്തകരോട് പ്രതികരിക്കുമ്പോഴായിരുന്നു വെള്ളാപ്പള്ളി പെന്തെക്കോസ്കാർക്കെതിരെ ആരോപണം ഉയർത്തിയത്. പി.സി. ജോർജിന്റെ പരാമർശം ബിജെപിയെ സുഖിപ്പിക്കാൻ ആണെന്നും ക്രിസ്ത്യാനികളെ കൂട്ടിക്കൊണ്ടു വരുവാൻ കഴിവുള്ള ആളല്ല പിസി ജോർജ് എന്നും പറഞ്ഞശേഷമാണ് പെന്തെക്കോസ്തുകാർ പണം മുടക്കി മതം മാറ്റുന്നു എന്ന് വെള്ളാപ്പള്ളി പറഞ്ഞത്. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനക്കെതിരെ സർഗ്ഗസമിതി, പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ തുടങ്ങി, ക്രൈസ്തവ സാഹിത്യ അക്കാദമി തുടങ്ങി വിവിധ സംഘടനകൾ പ്രതിഷേധം അറിയിച്ചു.
Advt