പാസ്റ്റർ ബെഞ്ചമിൻ പി തോമസ്: ദീപ്തമായ ഒരോർമ 

പാസ്റ്റർ ബെഞ്ചമിൻ പി തോമസ്: ദീപ്തമായ ഒരോർമ 
പാസ്റ്റർ ബെഞ്ചമിൻ പി തോമസ്

കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട എല്ലാവരുടെയും പ്രിയപ്പെട്ടവനായ പാസ്റ്റർ ബെഞ്ചമിൻ തോമസിനെക്കുറിച്ച് ആത്മാർത്ഥ സുഹൃത്ത് ഡോ. ലെസ്ലി വർഗീസ് 

മിക്കപേർക്കും പാസ്റ്റർ ബെൻ; എനിക്ക് പാസ്റ്റർ ബെഞ്ചമിൻ; അല്ലെങ്കിൽ ബെഞ്ചമിൻ. മൂന്നു പതിറ്റാണ്ടുകളായുള്ള ആത്മ ബന്ധം ചില വാക്കുകളിൽ പരിമിതപ്പെടുത്തുക അസാദ്ധ്യമെങ്കിലും, ദൈവകൃപയിൽ ആശ്രയിച്ച് ചില കാര്യങ്ങൾ കുറിക്കട്ടെ. 

നവംബർ 15 നാണ്  ഞങ്ങൾ തമ്മിൽ അവസാനമായി സംസാരിച്ചത്. തന്റെ ആവശ്യപ്രകാരം കൗൺസലിംഗ് കൊടുത്ത രണ്ടുപേർ അവരുടെ ജീവിതയാത്രയിൽ വിജയത്തിന്റെ പാതയിൽ മുന്നേറുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ വളരെ സന്തോഷത്തോടെ എനിക്ക് നന്ദി പറഞ്ഞ് ആ ഫോൺ കാൾ അവസാനിപ്പിച്ചു. പിന്നീട് ആ വാട്സ്ആപ്പ് നമ്പറിൽ നിന്ന് എനിക്ക് ഒരു മെസ്സേജ് വന്നിട്ടില്ല. ഈ ബന്ധം ആരംഭിച്ചത് 1995ൽ ക്വീൻസ് ചർച്ച് ഓഫ് ഗോഡിൽ നടക്കുന്ന മുഴുരാത്രി പ്രാർത്ഥനയിൽ പങ്കെടുക്കാൻ താൻ എന്നെ ക്ഷണിച്ചപ്പോൾ മുതലാണ്. അന്നുമുതൽ പരസ്പര സ്നേഹത്തോടെയും, ബഹുമാനത്തോടെയും, ധാരണയോടെയും, വിശ്വാസത്തോടെയും അവസാനം വരെ ഇടപെടുവാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങൾ പലപ്പോഴും രണ്ടു ചിന്താധാരക്കാരായിരുന്നു. അതിനാൽ പലകാര്യങ്ങളിലും ഞങ്ങളുടെ ആശയങ്ങളിലും, പ്രവർത്തനങ്ങളിലും വിയോജിപ്പ് ഉണ്ടായിരുന്നു. എന്നാൽ അവയൊന്നും ഞങ്ങളുടെ സ്നേഹബന്ധത്തെയും, പരസ്പര ബഹുമാനത്തെയും ബാധിച്ചില്ല. പാസ്റ്റർ ബെഞ്ചമിന്റെ ഏറ്റവും വലിയ സ്വഭാവ സവിശേഷത, കൂടെ പ്രവർത്തിക്കുന്നവരെ അവസരങ്ങൾ കൊടുത്ത് ഉയർത്തുവാനും, മറ്റുള്ളവരുടെ ദോഷങ്ങളെ ഉയർത്തിക്കാട്ടാതെ നന്മകളെ പ്രകീർത്തിക്കുവാനും ഉള്ള കഴിവായിരുന്നു. 

ഒരനുഭവം മാത്രം ഇവിടെ രേഖപ്പെടുത്തട്ടെ. 90കളിലെ PYFA ക്യാമ്പ്. വളരെ രസകരമായ പലതും നടന്ന കാലം. യോങ്കേഴ്സിലെ ക്യാമ്പ് സെന്ററിൽ രാത്രിയോഗങ്ങൾ അവസാനിച്ചു കഴിയുമ്പോൾ ഞങ്ങൾ ചിലരുടെ ശുഷ്രൂഷ തുടങ്ങുകയായി. മറ്റു മുറികളിൽ വാചകമടിച്ചിരിക്കുന്ന പല ‘പ്രമുഖരെയും പൊക്കി’ അവരുടെ മുറികളിൽ കൊണ്ടാക്കുക; ഗ്രൗണ്ടിലും കളിസ്ഥലങ്ങളിലും ഒക്കെ ആരെങ്കിലും ചുറ്റിത്തിരിയുന്നുണ്ടെകിൽ അവരെ ‘പിടിച്ചു’ മുറിയിലാക്കുക മുതലായ വലിയ പ്രവർത്തികൾക്ക് നേതൃത്വം നൽകിയിട്ട് ഏകദേശം ഒരുമണിയോടെ ‘സൊറ’ പറയാൻ ഒത്തുകൂടിയ ഒരു ദിവസം. പതിവുപോലെ കാപ്പിയും കടിയുമായി പാസ്റ്റർ തമാശകൾ, ജനറൽ ബോഡി വീരസ്യങ്ങൾ, പരിഭാഷാ ‘ബ്ലണ്ടറുകൾ’ ഒക്കെ ചർച്ചാവിഷയമായി. ഞങ്ങളിൽ ഒരാൾ ഒരു തമാശ പറഞ്ഞു. ഞങ്ങൾ എല്ലാവരും ചിരിച്ചു. പാസ്റ്റർ ബെഞ്ചമിൻ മാത്രം അവിടെ നിന്ന് എഴുന്നേറ്റു പോയി. കുറെ കഴിഞ്ഞു, മുറിയിലേക്ക് പോകാൻ ഏകദേശം രണ്ടു മണിയോടെ ഞാൻ തുടങ്ങിയപ്പോൾ, ഒരു മൂലയ്ക്ക് താൻ എന്നെ കാത്തു നിൽക്കുകയാണ്. എന്നെ ഇരുട്ടുള്ള ഒരു സ്ഥലത്തേക്ക് മാറ്റി കൊണ്ടുപോയി പറഞ്ഞു “സാറെ, നമുക്ക് തമാശ പറയാം, ചിരിക്കാം; എന്നാൽ എല്ലാ സംസാരത്തിനും നമുക്ക് ചേരാൻ ഒക്കത്തില്ല. നമ്മളെ ഒരു ശുഷ്രൂഷ ഏല്പിച്ചിട്ടുണ്ട്. അതിന് ആക്ഷേപം വരാൻ നമ്മൾ അനുവദിക്കരുത്”. ഈ ഒരൊറ്റ സംഭവം മതി എന്നെ താൻ എങ്ങനെ സ്വാധീനിച്ചു എന്നതിന് തെളിവ്.

പാസ്റ്റർ ബെഞ്ചമിൻ തോറ്റു കൊടുക്കുകയില്ലായിരുന്നു. പരാജയ ഭീതി തനിക്ക് തെല്ലും ഇല്ലായിരുന്നു. തന്നെക്കൊണ്ട് സാധിക്കുകയില്ല എന്നു മറ്റുള്ളവർ പറഞ്ഞാലും, താൻ ഉള്ളിൽ നിർണയിച്ചാൽ അത് നിവർത്തിച്ചേ താൻ അടങ്ങുമായിരുന്നുള്ളൂ. നിർബന്ധ ബുദ്ധി എന്നു ചിലർ അതിനെ വിളിച്ചാൽ, അസാമാന്യ ധൈര്യം എന്നു വിളിക്കാനാണ് എനിക്കിഷ്ടം. അതേ സ്വഭാവമാണ്, ദൈവത്തിന്റെ അനിതരസാധാരണമായ കരുണയോടു കൂടെ ആറു വർഷങ്ങൾക്കു മുൻപ് വെളിപ്പെട്ടത്. വൈദ്യശാസ്ത്രം കൈവിട്ടപ്പോൾ, സമസൃഷ്ടങ്ങൾ ഈയാംപാറ്റകളെപ്പോലെ സമീപത്തു മരണത്തെ പുൽകിയപ്പോൾ, എല്ലാ പ്രതീക്ഷകളും അസ്തമിച്ചപ്പോൾ; നൂറിൽ പരം ദിവസങ്ങൾ അമേരിക്കയിലെ വൈദ്യശാസ്ത്രത്തിനു അദ്‌ഭുതമായി, ജനങ്ങളെ കൈ വീശി അഭിവാദ്യം ചെയ്തു, പാസ്റ്റർ ബെൻ ഭവനത്തിലേക്കും, ജീവിതത്തിലേക്കും തിരിച്ചുവന്നു. ഓക്സിജൻ സഹായത്തോടെ വിവാഹങ്ങൾ നടത്തി; പലയിടങ്ങളിൽ ശുഷ്റൂഷിച്ചു; ശ്വാസകോശങ്ങൾ മാറ്റി വച്ചതിനു ശേഷം വീണ്ടും അനേകയിടങ്ങളിൽ തന്റെ രക്ഷകനെ ഉയർത്തി. പൗലോസ് പറഞ്ഞത് പോലെ ‘തന്റെ ജീവനെ താൻ വിലയേറിയതായി എണ്ണാതെ’ ഏല്പിച്ച ദൗത്യം പൂർത്തീകരിക്കാൻ അഹോരാത്രം അദ്ധ്വാനിച്ചു. എന്റെ അവസാനത്തെ സംഭാഷണത്തിൽ, ചർച്ചിന്റെ പണി കാര്യം, ഫെബ്രുവരിയിൽ വിവാഹ ശുഷ്രൂഷക്കായി നാട്ടിൽ പോകുന്ന കാര്യം സംസാരിച്ചപ്പോൾ, ഞാൻ പറഞ്ഞു, “സാറെ സൂക്ഷിക്കണേ”. മറുപടി “സാറെ ദൈവം വിളിക്കുമ്പോൾ മാത്രമേ ഞാൻ പോകത്തുള്ളൂ” 

ദൈവം വിളിച്ചു. കൂട്ടുകാരാ, പോയി വിശ്രമിച്ചു കൊള്ളുക..ഒത്തിരി ഓടിയതല്ലേ....

Advertisement