ദാവൂദ് ദമ്പതികൾ നടത്തിയ ഉണർവുയോഗം | ആദ്യയോഗം ശാരോൻ തോമാച്ചായന്റെ വീട്ടിൽ | പണ്ടത്തെ പെന്തെക്കോസ്ത്
പണ്ടത്തെ പെന്തെക്കോസ്ത്
ദാവൂദ് ദമ്പതികൾ നടത്തിയ ഉണർവുയോഗം | ആദ്യയോഗം ശാരോൻ തോമാച്ചായന്റെ വീട്ടിൽ
സന്ദീപ് വിളമ്പുകണ്ടം
ഇനി കൺവൻഷൻ കാലമാണ്. തിക്കും തിരക്കും ആളും ആരവവുമായി നടക്കുന്ന കേരളത്തിലെ ആത്മീയ സംഗമങ്ങൾ മാർച്ച് വരെ നീണ്ടുനിൽക്കും. ശാരോൻ ഫെല്ലോഷിപ്പ് സഭ അന്തർദേശീയ സമ്മേളനത്തോടെയാണ് കേരളത്തിലെ വിവിധ സംഘടനകളുടെ വാർഷിക കൂടിച്ചേരലുകൾക്ക് തുടക്കമാകുന്നത്. നൂറ്റാണ്ടോളം ചരിത്രമുള്ള നമ്മുടെ വാർഷിക സമ്മേളങ്ങൾ ഉണ്ടാക്കിയ ആത്മീയ പരിവർത്തനങ്ങൾ വിലമതിക്കാൻ കഴിയാത്തവയാണ്. കേരളക്കരയിലെ സഭകളുടെ വളർച്ചയ്ക്കും, പൊതുസമൂഹത്തിൽ സഭാ എന്ന രീതിയിൽ ഇന്നു പെന്തെക്കോസ്തു വിഭാഗത്തിന് ലഭിച്ച സ്വീകാര്യതയ്ക്കും എല്ലാം സഹായകരമായി തീർന്നവയാണ് ആയിരങ്ങൾ സംഗമിക്കുന്ന വിവിധ സഭകളുടെ വാർഷിക കൺവൻഷനുകൾ.
1992ലെ ശാരോൻ ഫെല്ലോഷിപ് ജനറൽ കൺവെൻഷൻ പാസ്റ്റർ പി.ജെ. തോമസ് ഉദ്‌ഘാടനം ചെയ്യുന്നു
ശാരോൻ ഫെല്ലോഷിപ്പ് സഭ ജനറൽ കൺവെൻഷൻ ഡിസം. 1 ഇന്ന് മുതൽ തുടക്കമാവുകയാണ്. സഭാ പ്രവർത്തനത്തിൽ ഏഴു പതിറ്റാണ്ട് പിന്നിട്ട ശാരോൻ ഫെല്ലോഷിപ്പ് സഭ സുവിശേഷ പ്രചാരണത്തിന് നൽകിയ സംഭാവനകൾ വലുതാണ്.
നിലവിലെ നേതൃത്വം
ശാരോൻ തോമാച്ചായന്റെ (കർത്തൃസന്നിധിയിൽ വിശ്രമിക്കുന്ന പാസ്റ്റർ പി. ജെ. തോമസ്) ദീർഘവീക്ഷണവും സമർപ്പണവുമാണ് ശാരോൻ ഫെല്ലോഷിപ്പ് സഭ.
|
ശാരോൻ തോമാച്ചായൻ
ശാരോൻ തോമാച്ചായൻ എന്ന് പോതുവെ അറിയപ്പെടുന്ന ഡോ. പി.ജെ. തോമസ്, ജോൺ അയ്യാപിള്ളയുടെ മകനായി 1915ലാണ് ജനിക്കുന്നത്. 1936-ൽ രക്ഷിക്കപ്പെട്ടു. താമസിക്കാതെ സ്നാനപ്പെട്ടു. 1941,42 വർഷങ്ങളിൽ സെറാമ്പൂർ യൂണിവേഴ്സിററി യിലും പിന്നീട് ബാംഗ്ലൂർ യു.റ്റി.സി.യിലും ദൈവശാസ്ത്ര പഠനം നടത്തി. ആസ്ട്രേലിയായിലെ സിഡ്‌നി ബൈബിൾ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലും, അമേരിക്കയിലെ വീറ്റൻ കോളേജിലുമായി ദൈവശാസ്ത്രത്തിൽ ഉപരിപഠനം നടത്തി. വീറ്റൻ കോളേജിൽ പ്രൊഫസറായി സേവനം ചെയ്തു. 1952-ൽ നാട്ടിൽ തിരിച്ചെത്തി. തിരുവല്ലായിൽ ശാരോൻ സഭ രൂപീകരിക്കപ്പെട്ടു. ശാരോൻ സഭയുടെ സ്ഥാപക പ്രസിഡണ്ടാണ്. നിരവധി വ്യക്തികളെ അമേരിക്കകയിലേയ്ക്ക് കുടിയേറാൻ സഹായിച്ച വ്യക്തിയാണ്. കർതൃസന്നിധിയിൽ വിശ്രമിക്കുന്നു |
1953-ൽ അമേരിക്കയിലെ പ്രശസ്‌തരായ ദാവൂദ് ദമ്പതികൾ തിരുവല്ല ശാരോനിൽ ഒരു ഉണർവുയോഗം നടത്തി. പാസ്റ്റർ ജോൺ അയ്യാപിള്ളയുടെ മകൻ പാസ്റ്റർ പി.ജെ. തോമസിന്റെ വീട്ടിലെ ഒരു മുറിയിലായിരുന്നു ആ യോഗങ്ങൾ ആരംഭിച്ചത്. ജനം കൂടുതലായപ്പോൾ ഗ്രൗണ്ടിലേക്ക് മാറ്റി. വലിയ അത്ഭുതങ്ങൾ ആ യോഗത്തിൽ നടന്നു. ആയിരക്കണക്കിനു ആളുകൾ കൂടുന്ന ഒരു മഹായോഗമായി അത് പരിണമിച്ചു. ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ തുടക്കം ഇതായിരുന്നു.
2000ലെ ശാരോൻ കൺവൻഷൻ സഭാപ്രസിഡണ്ട് പാസ്റ്റർ റ്റി.ജി. കോശി ഉദ്ഘാടനം ചെയ്യുന്നു. പാസ്റ്റർമാരായ പി. വി. ഈപ്പൻ, സി. വി. ജോൺ, ഡോ. ടി.പി ഏബ്രഹാം, പി.എം. ജോൺ, കെ.എ. ഏബ്രഹാം തോമസ് ഫിലിപ്പ്, പി. ജി. ജേക്കബ് തുടങ്ങിയവർ വേദിയിൽ.
ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ പിറവിയെക്കുറിച്ച് സാജു ജോൺ മാത്യു എഴുതി ഗുഡ്‌ന്യൂസ് പബ്ലിക്കേഷൻ പുറത്തിറക്കിയ 'കേരള പെന്തെക്കോസ്ത് ചരിത്രത്തിൽ' വിവരിച്ചിരിക്കുന്നത് ഇപ്രകാരമാണ്.
"പാസ്റ്റർ പി. വി. ജോണിൻ്റെ മകൻ പി.ജെ. തോമസ് അമേരിക്കയിലെ വേദപഠനത്തിനുശേഷം മടങ്ങിയെത്തിയപ്പോൾ ഐ.പി.സി. യുമായുണ്ടായിരുന്ന ബന്ധത്തിനു സാരമായ ഉലച്ചിൽ സംഭവിച്ചിരുന്നു. ഐ.പി.സി. വിഭജനത്തിന്റെ പാതയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. രണ്ടിടത്തും ചേരാതെ സ്വതന്ത്രനായിപ്പോകാനായിരുന്നു പി. ജെ. തോമസിൻ്റെ ആഗ്രഹമെങ്കിലും വിമതനേതാക്കൾ അദ്ദേഹത്തോടു ചേർന്നു പ്രവർത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ചു. വിഭജനകാലത്ത് അവർ തിരുവല്ല ശാരോനിൽ പല യോഗങ്ങൾ സംഘടിപ്പിക്കുകയും അതവരുടെ താവളമായിത്തന്നെ കണക്കാക്കുകയും ചെയ്തു. വിമത ഐ.പി.സി. യുടെ ജനറൽ കൺവൻഷൻ പോലും അവിടെ നടന്നിട്ടുണ്ട്. അന്നൊന്നും പാസ്റ്റർ പി.ജെ. തോമസിനു പുതിയൊരു സഭ തുടങ്ങുക എന്ന ലക്ഷ്യം മനസിലുണ്ടായിരുന്നില്ല.
പാസ്റ്റർ പി.എം. വർഗീസ്, ഡോ. ടി.പി . എബ്രഹാം, ഡോ. ടി.ജി. കോശി, പാസ്റ്റർ സി.എം. ടൈറ്റസ്, പാസ്റ്റർ പി.ജി. ജേക്കബ് എന്നിവർ തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു (ഫയൽ ചിത്രം)
1953-ൽ സുവിശേഷകരെ പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പാസ്റ്റർ തോമസ് തിരുവല്ലായിൽ ഒരു വേദപഠന ശാല ആരംഭിച്ചു. ഇതേസമയത്ത് അമേരിക്കയിലെ പ്രശസ്‌തരായ ദാവൂദ് ദമ്പതികൾ തിരുവല്ല ശാരോനിൽ ഒരു ഉണർവുയോഗം നടത്തി. പി.ജെ. തോമസിന്റെ വീട്ടിലെ ഒരു മുറിയിലായിരുന്നു ആ യോഗങ്ങൾ ആരംഭിച്ചത്.
പാസ്റ്റർ എം.ജെ. സാമുവേൽ കൺവെൻഷനിൽ പ്രസംഗിക്കുന്നു (ഫയൽ ചിത്രം)
എന്നാൽ ഈ യോഗങ്ങളിലെ പരിശുദ്ധാ പകർച്ചയിൽ ആകൃഷ്‌ടരായ പൊതു ജനം മീറ്റിംഗുകളിൽ പങ്കെടുക്കുവാൻ തുടങ്ങിയപ്പോൾ യോഗം ശാരോന്റെ മുറ്റത്തേക്കു മാറ്റേണ്ടിവന്നു. അയൽവാസിയായ ഒരു ബസുടമ പന്തലിടുവാനുള്ള പണം നൽകി. ജനത്തിരക്കുകൂടുന്നതനുസരിച്ച് പന്തലിൻ്റെ വലിപ്പം കൂട്ടിക്കൊണ്ടേയിരുന്നു. ഒടുവിൽ ആയിരക്കണക്കിനു ആളുകൾ കൂടുന്ന ഒരു മഹായോഗമായി അത് പരിണമിച്ചു.
23 ദിവസങ്ങൾ നീണ്ടുനിന്ന ആ യോഗങ്ങളിൽ കുരുടർ കാണുകയും, ചെകിടർ കേൾക്കുകയും, മുടന്തർ നടക്കുകയും ഉൾപ്പെടെയുള്ള അനേക അത്ഭുതങ്ങൾ ദൃശ്യമായി. യോഗങ്ങളിൽ പങ്കെടുത്ത് ദൈവകൃപ പ്രാപിച്ച പലരും പല സ്ഥലങ്ങളിൽ സഞ്ചരിച്ച് സുവിശേഷവേല ചെയ്യുകയും അവിടവിടെ ചെറിയ ചെറിയ കൂട്ടായ്‌മകൾ ആരംഭിക്കുകയും ചെയ്തു.
പാസ്റ്റർ സി.എം. ടൈറ്റസ് കൺവെൻഷനിൽ പ്രസംഗിക്കുന്നു (ഫയൽ ചിത്രം)
ശാരോൻ ബൈബിൾ സ്‌കൂളിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും പല സ്ഥലങ്ങളിൽ പ്രവർത്തിച്ച് സ്വതന്ത്രകൂടി വരവുകൾ ഉണ്ടായി. ഈ കൂടിവരവുകളുടെ കൂട്ടായ്മയാണ് ശാരോൻ ഫെലോ ഷിപ്പ് ചർച്ച് ആയി രൂപം പ്രാപിച്ചത്.
ഡോ. ടി.ജി. കോശിയും ടി.പി . ഏബ്രഹാമും (ഫയൽ ചിത്രം)
ഐ.പി.സി. യുടെ വിഭജനത്തിൽ മനംമടുത്ത് ചില പ്രവർത്തകർ തങ്ങൾക്കു സ്വാധീനമുള്ള സഭകളുമൊരുമിച്ച് ശാരോൻ ഫെലോഷിപ്പിനോടു യോജിച്ചത് ഇക്കാലത്താണ്. ഇങ്ങനെയെത്തിയ ആദ്യസഭ തിരുവല്ലായിലേതാണ്. പാസ്റ്റർ എ.എ. ചെറിയാൻ്റെ (പുളിക്കീഴ് കുഞ്ഞ്) സ്വാധീനതയിലായിരുന്നു കടമ്പനാട്ട് ഒരു സ്വതന്ത്രകൂട്ടായ്മയും ഇതേ കാലയളവിൽ ശാരോനോടു യോജിച്ചു. 1955-ൽ ഇരുപതോടടുത്ത സഭകൾ ശാരോൻ ഫെലോഷിപ്പിനുണ്ടായി. ഇതേ സമയത്താണ് പുളിക്കീഴ് പാസ്ററർ വി.ജി. ജോണിൻ്റെ സ്വാധീനതയിലുണ്ടായിരുന്ന മൂന്നു സഭകൾ ശാരോനോടു യോജിക്കുന്നത്. ചില വർഷങ്ങൾക്കു ശേഷം മുണ്ടിയപ്പള്ളി പാസ്റ്റർ എം.ഡി. ജോർജും, ജെ. വർഗീസ് എന്ന കൊച്ചു സാറും ശാരോനിൽ ചേർന്നു.
1957-ൽ ശാരോനിൽ വീണ്ടുമൊരു ഉണർവ്വയോഗംകൂടെ നടന്നു. പ്രശസ്തരായ റവ. എ.എ. അല്ലൻ, റവ. ജോൺ ഇ. ഡഗ്ലസ്, റവ. ഷാംബാക്ക് എന്നിവരായിരുന്നു ഇത്തവണ പ്രസംഗകർ. ദാവൂദ് ദമ്പതികളുടെ യോഗങ്ങളിൽ ഉണർവ്വ് അറിഞ്ഞ ജനത ഇത്തവണ കൂടുതൽ ഉത്സാഹത്തോടെ യോഗങ്ങൾക്കെത്തി. ശാരോൻ സഭയുടെ പ്രവർത്തനം വളരെ വേഗം വർദ്ധിക്കുന്നതിനു ഈ മിഷനറിമാരുടെ യോഗങ്ങൾ കാരണമായി."

ശാരോൻ സഭയുടെ സ്ഥാപക പ്രസിഡണ്ട് പാസ്‌ററർ പി.ജെ. തോമസാണ്. പിന്നീട് ദീർഘവർഷങ്ങൾ ഡോ. ടി.ജി. കോശി നേതൃത്വം നൽകി.
പാസ്റ്റർ സി.എൽ. സണ്ണി കൺവെൻഷനിൽ പ്രസംഗിക്കുന്നു (ഫയൽ ചിത്രം)
|
പി.വി. ജോൺ (ജോൺ അയ്യാപിള്ള)
മാരാമണ്ണിലെ ഒരു പുരാതന ഹൈന്ദവ കുടുംബത്തിൽ 1877-ൽ ജനിച്ച അയ്യാപിള്ള മാർത്തോമ്മായിലെ പ്രശസ്തസുവിശേഷകനായ കപ്യാരുപദേശിയുടെ നിരന്തരസന്ദർശനത്താൽ ബാല്യത്തിൽതന്നെ ക്രിസ്ത്യാനിത്വത്തോടു ആഭിമുഖ്യമുള്ളവനായിത്തീർന്നു. ഈ നൂറ്റാണ്ടാദ്യം ജോൺ, എ.ഡി. ഖാൻ നടത്തിയ ചില യോഗങ്ങളിൽ പങ്കെടുത്തതുമൂലം അയ്യാപിള്ള രക്ഷാനുഭവം പ്രാപി ച്ചു. ഖാൻ തന്നെ അദ്ദേഹത്തെ സ്നാനപ്പെടുത്തി. മകൻ ക്രിസ്ത്യാനിയായതറിഞ്ഞ് പിതാവ്, അയ്യാപിള്ളയെ വീട്ടിൽ നിന്ന് ഇറക്കിവിട്ട് പടിയടച്ച് പിണ്ഡംവച്ചു. സ്നേഹിതനായ പുളിമൂട്ടിൽ പി. ചെറി യാൻ എന്ന മുൻസിഫ് ജഡ് ജി അദ്ദേഹത്തിന്റെ വീട്ടിൽ അയ്യാപിള്ളയ്ക്ക് അഭയം നൽകി. കോടതിയിൽ ഒരു ക്ലാർക്ക് ഉദ്യോഗം വാങ്ങി ക്കൊടുക്കുകയും ചെയ്തു. 1920-ൽ പി.വി. ജോൺ ജോലി രാജിവെച്ച് എ.ഡി. ഖാനോടൊപ്പം സുവി ശേഷപ്രവർത്തകനായി. 1924-ൽ ഇരവിപേരൂരിൽ നടന്ന ഒരു യോഗത്തിൽവച്ച് അദ്ദേഹം ആത്മസ്നാനം പ്രാപിച്ചു. 1925 മുതൽ അസംബ്ലീസ് ഓഫ് ഗോഡി നോടു ചേർന്നു പ്രവർത്തിച്ചു. 1938-ൽ അദ്ദേഹം ഐ.പി.സി.യോടു യോജിച്ചു. 1946-ൽ മാവേലിക്കര സെന്റർ ശുശ്രൂഷകനായിരിക്കെ 65-ാം വയസ്സിൽ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. |
ഫോട്ടോകൾ അയച്ചുതന്നത് : കെ.ജെ. ജോബ്, വയനാട്
കടപ്പാട്: കേരള പെന്തെക്കോസ്ത് ചരിത്രം (സാജു ജോൺ മാത്യു)
പഴയകാല പെന്തെക്കോസ്ത് അനുഭവങ്ങൾ പുതിയതലമുറയ്ക്ക് പരിചയപ്പെടുത്തി നൽകുന്ന ഗുഡ്‌ന്യൂസിലെ ഒരു പംക്തിയാണ് 'പണ്ടത്തെ പെന്തെക്കോസ്ത്'
പണ്ടത്തെ പെന്തെക്കോസ്ത്
പ്രാഗത്ഭ്യത്തോടെ തിരുവത്താഴത്തിനായി കൈനീട്ടി, പാസ്റ്റർ പി.എം. ഫിലിപ്പ് മാറ്റിക്കളഞ്ഞു

സന്ദീപ് വിളമ്പുകണ്ടം
ഐപിസി ഫിലാദൽഫിയ കോട്ടയം 2016ൽ, പ്ലാറ്റിനം ജൂബിലി വർഷത്തിൽ, പ്രസിദ്ധീകരിച്ച സുവനീറിലെ ഒരു അനുഭവകുറിപ്പ് ശ്രദ്ധയിൽപെട്ടു. പഴയകാലത്തെ പെന്തെക്കോസ്ത് വേർപാടിന്റെ തീവ്രത വരച്ചുകാണിക്കുന്ന, എന്നാൽ ഏറെ രസകരവുമായ ഓർമ്മകുറിപ്പാണു ഉള്ളടക്കം. പരേതനായ മക്രോണി ബേബിച്ചായന്റെ (പുത്തൻപറമ്പിൽ പി.എം. ചെറിയാൻ) ചെറുപ്പത്തിലെ പെന്തെക്കോസ്ത് അനുഭവങ്ങളിൽ ഒന്നായിരുന്നു അവ.
ഗുഡ്‌ന്യൂസിനു ഏറ്റവും പ്രിയപ്പെട്ട, ദീർഘവർഷങ്ങൾ ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റായിരുന്ന മക്രോണി ബേബിച്ചായൻ ഐപിസി ഫിലാഡൽഫിയ സഭയുടെ മുൻനിര പ്രവർത്തകരിലൊരാളും മികച്ച ജീവകാരുണ്യ പ്രവർത്തനുമായിരുന്നു.
സുവനീറിലെ അദ്ദേഹത്തിൻറെ ഓർമ്മക്കുറിപ്പ് തുടർന്ന് വായിക്കാം
"കോട്ടയത്ത് ആദ്യമായി സർക്കസ് വന്ന സമയം. ആയുസ്സിൽ കണ്ടിട്ടില്ലാത്ത വിധം വിവിധതരം ഇരുകാലികളെയും നാൽക്കാലിക ളെയും കോളേജ് മാലിയിൽ ഇറക്കുമതി ചെയ്തി രിക്കുന്നു. സർക്കസിന്റെ കണ്ണ് ചിമ്മിക്കുന്ന പരസ്യം കോട്ടയത്തിന്റെ എല്ലാ മുക്കിലും മൂലയിലും കാണാം. ഇതൊന്ന് കാണണമെന്നുള്ള തീവ്രമായ ആഗ്രഹം ചില ദിവസങ്ങൾ ഉള്ളിൽ കൊണ്ടുനടന്നു.
ഈ കാലഘട്ടത്തിൽ ഫിലദൽഫിയയിൽ പരേതനായ പാസ്റ്റർ പി. എം. ഫിലിപ്പു ശക്തമായി കർത്തൃത്വം നടത്തുന്ന സമയം. സർക്കസിലെ ഇരുകാലിമൃഗങ്ങളെ ശക്തമായി വിമർശിച്ചതിന് ശേഷം കഠിനമായ കല്പന പുറപ്പെടുവിച്ചു. ഫിലദൽഫിയായിലെ ഒരു വിശ്വാസി പോലും സർക്കസിന് പോവുകയോ ആയതിൻ്റെ പോസ്റ്റർ നോക്കിനിൽക്കുകയോ ചെയ്യരുത്. തിരുവായിക്കു എതിർവാ ഇല്ലാത്ത സമയം. മനസ്സിൽ സാറിനെ പ്രാകി.
സാറിന്റെ ശാസന കേട്ടുവെങ്കിലും സർക്കസ് കാണുവാനുള്ള ആഗ്രഹം അതിയായി വളർന്നുകൊണ്ടിരുന്നു. എന്തുവന്നാലും കാണുക.
ഞാനും എന്റെ ഉത്തമസുഹൃത്തുമായിരുന്ന കൊച്ചു മോനും (പാസ്റ്റർ പി.എം. ഫിലിപ്പിന്റെ മകൻ) മറ്റൊരാളും കൂടി രഹസ്യമായി സർക്കസിന് പോയി. കണ്ടു തൃപ്തിയായി മടങ്ങി. ഈ വിഷയം ഒരു കാരണവശാലും മറ്റാരും അറിയരുത് എന്ന് പരസ്പരം തിരുമാനവും എടുത്തു. എന്നാൽ പിറ്റേന്ന് രാത്രി പ്രാർത്ഥനയുടെ സമയം കൊച്ചുമോൻ്റെ മനഃസാക്ഷി കുത്തി. കൊച്ചുമോൻ താൻ ചെയ്‌ത കുറ്റം പിതാവിനോട് ഏറ്റു പറഞ്ഞ് പാപക്ഷമ നേടി.
ഞാൻ അടുത്ത ഞായറാഴ്‌ച വളരെ ഉത്സാഹമായി സഭായോഗത്തിൽ ചെന്നിരുന്നു പാട്ട് പാടി. അവസാനം പാസ്റ്റർ പി. എം. ഫിലിപ്പ് തിരുവത്താഴം കൊണ്ടുവന്നു. (ആ കാലത്ത് പാസ്റ്റർ തനിച്ചാണ് ഈ ശുശ്രൂഷ ചെയ്‌തിരുന്നത്). വലിയ പ്രാഗത്ഭ്യത്തോടെ ഞാൻ അപ്പം എടുക്കുവാൻ തുനിഞ്ഞു. എന്നാൽ സാറ് അത് മാറ്റിക്കളഞ്ഞു. ജീവിതത്തിൽ നക്ഷത്രം എണ്ണിയ സമയം. സഭായോഗാനന്തരം സാർ എന്നെ തനിച്ചു വിളിച്ചു വിവരം ചോദിച്ചു. ആദ്യം കള്ളം പറഞ്ഞു "എന്നാൽ എൻ്റെ സ്നേഹിതൻ എന്നെ ഒറ്റി" എന്നറിഞ്ഞപ്പോൾ എല്ലാ തുറന്നു പറഞ്ഞു ക്ഷമ ചോദിച്ചു. ആ കാലഘട്ടത്തിൽ സഭായോഗത്തിൽ കർത്തൃമേശ എടുത്തില്ലെങ്കിൽ പാസ്റ്റർ ചോദിച്ചിരിക്കും. ഇന്നോ! ആറുമാസം എടുത്തില്ലെങ്കിലും ചോദിക്കാറില്ല. കാലം പോയ പോക്ക്.
ഫിലദൽഫിയായുടെ ആദ്യകാലത്ത് പെന്തിക്കോസ്ത് എല്ലാം കൊണ്ടും ഒരു പ്രത്യേകതയുള്ള പ്രസ്ഥാനമായിരുന്നു. ജീവിതരീതി, വസ്ത്രധാരണം, കൊടുക്കൽ വാങ്ങൽ, സംസാരം ഇങ്ങനെ എല്ലാത്തിലും വേർ പാടിൻ്റെ ചുവയുണ്ടായിരുന്നു.
ഫിലദൽഫിയായിലെ ആദ്യകാലവിശ്വാസികളിൽ ഒരാളായിരുന്നു ഐപ്പച്ചൻ. ചീന്തിക്കട വലിയ കുട്ടയിൽ ആക്കി വീടു തോറും കച്ചവടം നടത്തി തന്റെ സാധാരണയിൽ വലുതായ കുടുംബത്തെ പോറ്റി പുലർത്തിയിരുന്ന മാന്യനായ വിശ്വാസി. കയറുന്ന വീടുകളിൽ കച്ചവടത്തിൻ്റെ കൂട്ടത്തിൽ സുവിശേഷം അറിയിക്കുക അദ്ദേഹത്തിൻറെ പ്രവർത്തനശൈലിയാ യിരുന്നു.
ആ കാലഘട്ടത്തിൽ ഫിലദിൽഫിയായിൽ സാമ്പത്തികമായി നല്ല കഴിവുള്ള ഒരമ്മച്ചി തനിച്ചു വന്നിരുന്നു. അമ്മച്ചിയുടെ ഒരു സ്ഥലം കച്ചവടം ഐപ്പച്ചൻ മുഖാന്തരം നടത്തി. ബ്രോക്കർ ഫീസ് എന്താണെന്ന് അറിയാൻ മേലാത്ത കാലം. കച്ചവടം നടന്നു കിട്ടിയതിന്റെ സന്തോഷത്തിൽ ആ മാന്യമാതാവ് ഐപ്പച്ചന് ഒരു തുക സംഭാവനയായി കൊടുത്തു. ഐപ്പച്ചൻ വേണ്ടന്ന് ആദ്യം പറഞ്ഞുവെങ്കിലും മാതാവിൻ്റെ നിർബന്ധം തന്റെ സാമ്പത്തികപരാധീനതയും കാരണം ഐപ്പച്ചൻ അത് സ്വീകരിച്ചു.
ദിവസങ്ങൾ മുന്നോട്ടുപോയി. ഒരിക്കൽ മാതാവ് പറഞ്ഞ കൂട്ടത്തിൽ സ്ഥലം വില്‌പനയുടെ കാര്യവും പാസ്റ്റർ പി. എം. ഫിലിപ്പിനോട് പറഞ്ഞു. അതിന് പാരിതോഷികമായി ഐപ്പച്ചന് കൊടുത്ത കാര്യവും പറഞ്ഞു. സാറ് ക്ഷുഭിതനായി. ഒരു വിശ്വാസിയുടെ കൈയ്യിൽ നിന്നും ബ്രോക്കറേജ് മേടിച്ചുവെന്ന് പറഞ്ഞ്, അത് തെറ്റാണെന്നും മടക്കിക്കൊടുത്ത് സഭയിൽ ക്ഷമ പറയുവാനും ശഠിച്ചു. എന്നാൽ ഐപ്പച്ചൻ തയ്യാറായില്ല. ഒരു മടിയും കൂടാതെ സഭ അദ്ദേഹത്തെ മുടക്കി. അദ്ദേഹവും കുടുംബവും സി.പി.എം.ൽ ചേർന്നു. നോക്കണം കാലത്തിൻ്റെ പോക്ക്. ഇന്ന് ബ്രോക്കറേജ് ഒരു വിശുദ്ധ തൊഴിലാണ്. അതിൻ്റെ ദശാംശവും സഭയിൽ ഇടും. തെറ്റും ശരിയും ദൈവം തീരുമാനിക്കട്ടെ. നാം വിതച്ചതു കൊയ്യും.
കോട്ടയത്തെ പല സഭകളും ഫിലദൽഫിയയിൽ നിന്ന് മാറ്റി സ്ഥാപിക്കപ്പെട്ടവരാണ്. അതിൽ ഒന്നാണ് കൊല്ലാട്ട് എബനേസർ. ആദ്യകാലങ്ങളിൽ ഫിലദൽഫിയായിലെ സ്നാനം ഒന്നുകിൽ കൊടൂരാർ കടവിലോ അല്ലെങ്കിൽ ഇറഞ്ഞാൽ കടവിലോ ആയിരുന്നു. ഒരിക്കൽ കൊല്ലാട് കടവിൽ സ്‌നാനം നടത്താൻ തീരുമാനിച്ചു. അന്ന് പാലം ഇല്ലായിരുന്നു. കടവിൻ്റെ ഇക്കരയിൽ വിശ്വാസികൾ ഡ്രം അടിച്ചുപാടി വന്നു. അപ്പോൾ തന്നെ അപ്പുറത്തെ കരയിലും ഒരു കൂട്ടം. അവരും ഡ്രം അടിച്ച് തെറിപാട്ടുപാടി നില്ക്കയാണ്. വിശ്വാസികളായ ആൾക്കാർ ഓരോരുത്തരായി ആറ്റിൽ ഇറങ്ങി. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാ വിന്റെയും നാമത്തിൽ സ്‌നാനമേറ്റു. അതേസമയം അപ്പുറത്ത് ഒരു പട്ടിയെ നിർബന്ധമായി പിടിച്ച് സ്നാനം കഴിച്ച് വിട്ടു. സ്നാനം അലങ്കോലപ്പെടുത്തുവാൻ അവർ ആവുന്നത് ശ്രമിച്ചു. എന്നാൽ സംയമനം പാലിച്ചതിനാൽ അനിഷ്ഠ സംഭവങ്ങൾ ഒന്നും ഉണ്ടായില്ല.
എന്നാൽ അന്ന് സ്‌നാനം കഴിപ്പിച്ച പാസ്റ്റർ ഉള്ളരുകി പ്രാർത്ഥിച്ചു. നായയെ കുളിപ്പിച്ച് സ്നാന ശുശ്രുഷയെ വികൃതമായി ചിത്രീകരിച്ച വ്യക്തിയുടെ മാനസാന്തരത്തിനായി പ്രാർത്ഥിച്ചു.
കാലം മുന്നോട്ടുനീങ്ങി. ആ കടവിൽ ഏതൊരു വ്യക്തിയാണോ പട്ടിയെ സ്നാനം കഴിപ്പിച്ചത് അതേ വ്യക്തി ചില നാളുകൾക്ക് ശേഷം അതേ കടവിൽ പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിന്റേയും പേരിൽ സ്നാനമേറ്റു സഭയോടു ചേർന്നു.
പ്രാർത്ഥന കേൾക്കുന്ന ദൈവം ഇന്നും ജീവിക്കുന്നു എന്നതിന് ഇതുപോലെ അനേകം അനുഭവങ്ങൾ ഉണ്ട്. "
Advt.













