പിവൈപിഎ സുവനീറിൻ്റെയും കാഹളത്തിൻ്റെയും കഥ
മറക്കാനാവാത്ത ഓർമകൾ -5
സി.വി. മാത്യു
78-ാമത് പി.വൈ. പി. എ. സമ്മേളനത്തിന്റെ ഉദ്ഘാടനവേദി കണ്ടപ്പോൾ എൻ്റെ ഓർമകൾ കുറച്ചു പുറകോട്ട് പോയി. ഇരുപത്തിയഞ്ചാമത് ജൂബിലി ക്യാമ്പ് 1971 ഡിസംബറിൽ എറണാകുളത്ത് ടിഡിഎം മൈതാനത്താണ് നടന്നത്.
പാസ്റ്റർമാരായ കെ.ഇ എബ്രഹാം, പി.എം. ഫിലിപ്പ് തുടങ്ങിയ പ്രമുഖ സഭാ നേതാക്കൾ വേദിയിലിരുന്ന ജൂബിലി സമ്മേളനം ഓർമ്മയിൽ നിന്ന് മായുന്നില്ല. പിവൈപിഎയുടെ സുവർണ്ണ കാലഘട്ടം ആയിരുന്നു അത്.
ജനപങ്കാളിത്തം കൊണ്ടും സഭാ നേതാക്കളുടെ സാന്നിധ്യം കൊണ്ടും മറ്റും വിജയിച്ച ക്യാമ്പിനോടനുബന്ധിച്ച് എറണാകുളം ടൗണിലൂടെ നടന്ന സുവിശേഷ റാലിയും സമ്മേളനങ്ങളും വളരെ മികച്ചതായിരുന്നു.
സുവിശേഷ റാലിയെ കുറിച്ച് പറഞ്ഞപ്പോൾ മറ്റൊരു സംഭവം ഓർമ്മയിൽ എത്തി. ഏറെ ശ്രദ്ധേയമായ മറ്റൊരു ക്യാമ്പ് തൃശൂർ സിഎംഎസ് സ്കൂളിൽ നടന്നതാണ്. രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള സ്വരാജ് റൗണ്ടിലൂടെ നടന്ന റാലിയുടെ ഒരറ്റം മടങ്ങി കോമ്പൗണ്ടിൽ കയറുമ്പോൾ അവസാനഭാഗം സ്കൂളിൽ നിന്ന് പുറപ്പെടുന്നതേയുണ്ടായിരുന്നുള്ളൂ !
റാലിക്കിടയ്ക്ക് ഉണ്ടാക്കിയ മറ്റൊരു സംഭവവും വിസ്മരിക്കാൻ കഴിയുന്നില്ല. അമേരിക്കയിൽ നിന്ന് അവധിക്ക് നാട്ടിൽ എത്തിയ തൃശ്ശൂർ സ്വദേശികളായ സഹസഭയിലെ ചില സഹോദരന്മാർ റാലി കാണുവാൻ റൗണ്ടിൽ നിന്നിരുന്നു . റാലിയുടെ ഒരു വീഡിയോ അവർ മടങ്ങി ചെല്ലുമ്പോൾ വീട്ടുകാരെ കാണിക്കുന്നതിന് ചിത്രീകരിച്ചു കൊണ്ടിരുന്നു . ഇതിനിടയിൽ ക്യാമ്പ് പകർത്തി അമേരിക്കയിലേക്ക് കൊണ്ടുപോയി കാശുണ്ടാക്കാനുള്ള ശ്രമമാണെന്ന് പറഞ്ഞ് ചിലർ ബഹളം ഉണ്ടാക്കി , വാഹനത്തിൽ കയറി ചിത്രീകരണം നടത്തിയ കസറ്റ് പിടിച്ചുവാങ്ങി. ഏതാനും ദിവസങ്ങൾക്കുശേഷം ഈ കസറ്റ് തിരികെ കൊടുക്കുവാൻ ‘ആവേശക്കമ്മിറ്റി’ക്കാരായ ആരുമുണ്ടായില്ല. ആ ചുമതല തൃശ്ശൂർകാരനായ എൻ്റെ തലയിൽ വന്നു . എനിക്ക് കഴിയില്ല എന്ന് ഞാൻ നിർബന്ധിച്ചു പറഞ്ഞിട്ടും അത് ഏറ്റെടുക്കേണ്ടി വന്നു. ഗുഡ്ന്യൂസ് ഓഫീസിൽ നിന്ന് മടങ്ങി വരുമ്പോൾ കസറ്റ് അവർക്ക് കൊടുക്കാൻ തീരുമാനിച്ചു . വരുന്ന ദിവസം അവരെ വിളിച്ചു പറഞ്ഞിരുന്നു. വൈകിട്ട് കസറ്റുമായി അവരുടെ വീട്ടിലെത്തി . സഭയിലെ ഏതാനും യുവാക്കൾ അവിടെ കൂടിയിട്ടുണ്ട്. വീട്ടുകാർ കസറ്റ് തിരികെ വാങ്ങി ചോദിച്ചു: എല്ലാം കോപ്പിയെടുത്ത് കണ്ടു അല്ലേ? ചോദ്യത്തിൽ ഒരു പരിഹാസം ഒളിച്ചിരിപ്പുണ്ടായിരുന്നു. ആ കസറ്റ് കൺവേർട്ട് ചെയ്യാതെ കാണുവാൻ കഴിയുകയില്ലെന്നും അതിനുള്ള സൗകര്യം അന്ന് ഇവിടെ ഇല്ല എന്നും എന്ന് അവർക്ക് നിശ്ചയം ഉണ്ടായിരുന്നു . ഞാൻ മറുപടിയായി പറഞ്ഞു :
എനിക്കറിയില്ല കസറ്റ് കമ്മറ്റിക്കാരുടെ കയ്യിലായിരുന്നു.. ഒരു മിനിറ്റ് പോലും അവിടെ നിൽക്കാൻ ശ്രമിക്കാതെ ഞാൻ പുറത്തിറങ്ങി. എനിക്ക് വീട്ടിലേക്കുള്ള അവസാന ബസ്സിനുള്ള സമയവുമായിരുന്നു. കുറച്ചു ദൂരം നടന്നുവേണം മെയിൻ റോഡിൽ എത്തുവാൻ. പുറത്തിറങ്ങിയപ്പോൾ രണ്ടു മൂന്ന് സഹോദരന്മാർ പുറകെ വന്നു. ഞാൻ അക്ഷരാർത്ഥത്തിൽ ഭയപ്പെട്ട നിമിഷമായിരുന്നു. പിവൈപിഎ .ക്കാർ അവരുടെ സീനിയർ പാസ്റ്ററെയും കുടുംബത്തെയും അപമാനിച്ചതിനാൽ അവർ എന്നെ കൈകാര്യം ചെയ്യുമെന്ന് ഞാൻ ഭയന്നു. അവർ എന്നോടൊന്നും സംസാരിക്കാതെ പുറകെ വരികയാണ് . അവരിൽ ഒരു സഹോദരന് എന്നെ അൽപം പരിചയമുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ഇടപെടൽ കൊണ്ടോ എൻ്റെ പരിഭ്രമം കണ്ടിട്ടോ ഒന്നും സംഭവിക്കാതെ ഞാൻ രക്ഷപ്പെട്ട ദിവസവും മറക്കാൻ കഴിയില്ല.
മടങ്ങി വരട്ടെ: പിവൈപിഎ എന്ന യുവജന പ്രസ്ഥാനത്തിൻറ ദർശനം ഉൾക്കൊണ്ട ടി.എസ്.ഏബ്രഹാം , പി കെ ജോർജ് , ഉമ്മൻ എബ്രഹാം, ടി.വി തോമസ് , ടി ടി സാമുവൽ ഉൾപ്പെടെ തുടക്കക്കാരായ എല്ലാവർക്കും പുറമേ മികച്ച നേതൃത്വം നൽകിയ പ്രൊഫ. ടി. സി. മാത്യു, സി എം. വർഗീസ് തുടങ്ങിയ നിരവധിപേർ ചെറുതും ദീർഘവുമായ കാലഘട്ടത്തെ ശുശ്രൂഷയ്ക്ക് ശേഷം കർതൃസന്നിധിയിൽ വിശ്രമിക്കുന്നു. പ്രായം കൊണ്ട് അവസാനകണ്ണിയായി അവശേഷിക്കുന്ന ബഹുമാന്യനായ പാസ്റ്റർ ബെഞ്ചമിൻ വർഗീസ് അടൂരിൽ ശുശ്രൂഷകൾ തുടരുന്നതിൽ സന്തോഷമുണ്ട്.
പിന്നീട് പിവൈപിഎ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അനേകർ ഇന്ന് പലരാജ്യങ്ങളിലായി കഴിയുന്നുണ്ട്. അവരെല്ലാവരുടെയും പേരുകൾ ഓർത്തെടുക്കുക എളുപ്പമല്ല. ഇന്ന് മാറിയ കാലഘട്ടത്തിനനുസൃതമായ പുതിയ മാനങ്ങൾ സ്വീകരിച്ച് കാര്യമായ പരിഷ്കാരങ്ങൾ വരുത്തി പി വൈ പി എ ക്കു നേതൃത്വം കൊടുക്കുവാൻ സമർത്ഥരായ അനേക യുവജന നേതാക്കൾ ഉണ്ടെന്നതിൽ സന്തോഷമുണ്ട്.
ദീർഘകാലത്തെ വിസ്മൃതിക്ക്ശേഷം ചരൽകുന്നിൽ നടന്ന ക്യാമ്പിൽ മുൻപ്രവർത്തകരെ പ്രതിനിധീകരിച്ചാകാം എന്നെ ജൂബിലി സമ്മേളനത്തിൽ ക്ഷണിച്ച് ഒരു ആദരവ് നൽകിയതും, ഞാൻ സുഖമില്ലാതെ വീട്ടിൽ വിശ്രമിക്കുമ്പോൾ പി വൈ പി എ പ്രവർത്തകർ വന്നു കണ്ടു പ്രാർത്ഥിച്ചതും , പി വൈ പി എയുടെ ചരിത്രഗ്രന്ഥത്തിൽ ചില ഓർമ്മകൾ പങ്കിടുവാൻ ഗ്രന്ഥകർത്താവ് ഷിബിൻ സാമുവൽ ശ്രമിച്ചതും മറക്കുന്നില്ല.
മടങ്ങി വരട്ടെ. ജൂബിലി ക്യാമ്പിനെ കുറിച്ചുള്ള ചർച്ചകളാണ് ‘ജൂബിലി സുവനീർ ‘ എന്ന ആശയത്തിലേക്ക് നയിച്ചത്. അതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും പബ്ലിസിറ്റി കൺവീനർ ആയിരുന്ന എന്നെ അതിൻ്റെ പ്രധാന പത്രാധിപൻ എന്ന ചുമതല ഏൽപ്പിക്കുകയും ചെയ്തു.
ഒരു സുവനീറിനെക്കുറിച്ച് മനസ്സിലാക്കുവാനുള്ള മാതൃകയോ രൂപരേഖയോ ഒന്നുമില്ലാതെ ഒരു സുവനീർ ഉണ്ടാക്കുക എന്നത് ശ്രമകരമായ പരിശ്രമം ആയിരുന്നു . ലേഖകരെയും ലേഖനങ്ങളും കണ്ടെത്തുക, അവ എഡിറ്റ് ചെയ്തു ക്രമീകരിക്കുക, റിപ്പോർട്ടുകൾ ക്രോഡീകരിക്കുക അച്ചടി കാര്യങ്ങൾ ശ്രദ്ധിക്കുക തുടങ്ങിയവയ്ക്കായി ദീർഘ ദിവസങ്ങൾ പ്രസിൽ ചെലവഴിക്കേണ്ടി വന്നു.
അച്ചടിച്ചെലവിനായി പണം സമാഹരിക്കുന്നതിന് കുറെ പരസ്യങ്ങൾ സ്വീകരിക്കാമെന്ന് തീരുമാനിച്ചു. പല സഹോദരന്മാരുടെ സഹകരണത്താൽ കുറെ പരസ്യങ്ങൾ ലഭിച്ചു. അച്ചടി പഴഞ്ഞിയിലുണ്ടായിരുന്ന എൻറെ സുഹൃത്ത് പി.സി. ജോർജിന്റെ സഹായത്തോടെ എനിക്ക് പരിചയം ഉണ്ടായിരുന്ന തൃശ്ശൂർ ടൗണിലുള്ള ജോർജ് പ്രിന്റേഴ്സിനെ ഏൽപ്പിച്ചു. കടലാസ് വാങ്ങിക്കുവാൻ ചെറിയ തുക അഡ്വാൻസ് കൊടുത്തു. ബാക്കിപണം പിന്നീട് ലഭിക്കും എന്ന വിശ്വാസത്താൽ അച്ചടി ജോലിയും സുവനീർ പാക്ക് ചെയ്ത് റെയിൽവേ സ്റ്റേഷനിൽ എത്തിക്കുന്ന ജോലിയും അവർ ഭംഗിയായി ചെയ്തു തന്നു. എൻ്റെ നിർബന്ധത്താൽ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളിൽ ചിലർ ഒരു പ്രാവശ്യം പ്രസിൽ വന്നതല്ലാതെ മറ്റ് കാര്യമായ ഇടപെടൽ കമ്മിറ്റികളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇംഗ്ലീഷ് വിഭാഗം പ്രൂഫ് വായിക്കുന്ന ചുമതല ജോയ് എബ്രഹാം ഏറ്റെടുത്തു.മനോഹരമായ ഒരു സുവനീർ പുറത്തിറക്കുവാൻ ദൈവം ഞങ്ങളെ സഹായിച്ചു.
വളരെ പ്രതീക്ഷയോടെ കുമ്പനാട് കൺവെൻഷനിൽ പ്രകാശനം ചെയ്യുവാൻ സുവനീർ എത്തിച്ചു. അതിഥിപ്രസംഗകനായ വിദേശ മിഷനറി ഗോർഡൻ ലിൻസെക്ക് പ്രഥമ കോപ്പി നൽകി പ്രകാശം ചെയ്യുവാൻ തീരുമാനിച്ചു. മിഷനറി പാരിതോഷികമായി ഒരു സംഭാവന നൽകുമെന്നും ആ സംഖ്യ പ്രസിൽ കൊടുത്ത് ബാധ്യത തീർക്കാമെന്നുമായിരുന്നു എൻ്റെ പ്രതീക്ഷ.
പ്രകാശനത്തിനു മുമ്പ് ‘ചെവി കടിയൻമാരായ ‘ ചിലർ ബംഗ്ലാവിൽ എത്തി ഉണ്ണുണ്ണിസാറിനെ കണ്ടു. സുവനീറിൽ പരസ്യങ്ങൾ ചേർത്തിരിക്കുന്നത് വലിയ അപരാധമായി അവതരിപ്പിച്ചു. പി.വൈപി.എ. പ്രവർത്തകർക്ക് നല്ലൊരു പ്രഹരം വാങ്ങി കൊടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഉണ്ണുണ്ണി സാർ സുവനീർ മറിച്ചു നോക്കി പരസ്യമായി പറഞ്ഞു
“നമ്മുടെ സഹോദരന്മാർ പിവൈപിഎ. യുടെ ചരിത്രം ഉൾക്കൊള്ളുന്ന മനോഹരമായ സുവനീർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൻ്റെ അച്ചടി ചെലവിനായി തിരഞ്ഞെടുത്ത കുറെ പരസ്യങ്ങൾ അവസാനഭാഗത്ത് ചേർത്തിട്ടുണ്ട് . ഇത് ചിലർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന് മനസ്സിലായി. പരസ്യങ്ങൾ കാണുവാൻ ബുദ്ധിമുട്ടുള്ള പ്രിയപ്പെട്ടവർ ആ ഭാഗം കീറി മാറ്റി ബാക്കി ഭാഗം വായിച്ചു കൊണ്ടാട്ടെ’’ . ചെവി കടിയന്മാർ പിന്നെ മിണ്ടിയിട്ടില്ല.
പ്രകാശനം കഴിഞ്ഞ് യൂത്ത് സെൻററിൽ കൂടിയ കമ്മറ്റിയിൽ പ്രിന്റിങ് ബില്ല് കൊടുക്കുന്നതിനെക്കുറിച്ച് ഞാൻ പറഞ്ഞു , പക്ഷേ അവിടുത്തെ ചിലരുടെ പ്രതികരണം എന്നെ ഞെട്ടിച്ചു. യൂത്ത് സെൻറർ പണിതതിലുള്ള കടം വീട്ടുവാൻ ഈ പണം ഉപയോഗിക്കണമെന്ന് ചിലർ ശഠിച്ചു. ഞാൻ വിയർത്തു പോയി. ഒടുവിൽ എൻ്റെ സാഹചര്യം മനസ്സിലാക്കി സെക്രട്ടറി ടി. സി . മാത്യു സാർ ഉൾപ്പെടെചിലർ നിർബന്ധിച്ചതുകൊണ്ട് പണം തരാം എന്ന് സമ്മതിച്ചു. മേലാൽ ഇത്തരം പരിപാടികൾക്ക് തലവച്ച്കൊടുക്കുകയില്ല എന്ന് തീരുമാനിച്ചാണ് ഞാൻ പുറത്തിറങ്ങിയതെങ്കിലും പിന്നെയും പല കാര്യങ്ങൾ ഏറ്റെടുത്ത് ചെയ്യേണ്ടിവന്നു.
സഭയുടെ ഔദ്യോഗിക നാവായ സീയോൻ കാഹളത്തിൽ ചില പേജുകൾ പിവൈ പി എ വാർത്തകൾക്കായി അനുവദിച്ചിരുന്നു . സുവനീർ പ്രസിദ്ധീകരിച്ചതോടെ പി വൈ പി എ ക്ക് സ്വന്തമായി ഒരു പ്രസിദ്ധീകരണം വേണമെന്ന് ആശയത്തിന് പ്രസക്തിയേറി.അങ്ങനെ യുവജന മാസിക ആരംഭിക്കാം എന്നു തീരുമാനിച്ചു .അതിൻ്റെ പ്രധാന ചുമതലയും
പബ്ലിസിറ്റി കൺവീനർ എന്ന നിലയിൽ എന്നെ ഏൽപ്പിച്ചു.1973 ജനുവരിയിൽ പി.വൈ.പി.എ റിപ്പോർട്ടർ എന്ന പേരിൽ മാസിക പ്രസിദ്ധീകരണം ആരംഭിച്ചു. യുവജനവുമായി ബന്ധപ്പെട്ട പേരിനായി അപേക്ഷിച്ചിരുന്നു.1973 മെയ് മാസത്തിൽ Youth Trumpet എന്ന പേരിന് അംഗീകാരം കിട്ടി.അങ്ങനെ യുവജനകാഹളം ആരംഭിച്ചു. ഒരു ചെറിയ മാസിക ആയിരുന്നെങ്കിലും അനേകർക്ക് എഴുതുവാൻ പരിശീലനം നൽകിയ ഒരു പ്രസിദ്ധീകരണം എന്ന നിലക്ക് ചരിത്രത്തിൽ യുവജന കാഹളത്തിനുള്ള സ്ഥാനം വിസ്മരിക്കാനാവില്ല. കുറേക്കാലം മാസികയുടെ ഓഫീസും എല്ലാം എൻ്റെ ചെറിയ വീടായിരുന്നു.പോസ്റ്റിംഗ് കണ്ണാറ പോസ്റ്റ് ഓഫീസിൽ നിന്നും. ദൈവകൃപയാൽ മാസികയ്ക്ക് രജിസ്ട്രേഷനും പോസ്റ്റൽ കൺസഷനും മറ്റും ലഭ്യമാക്കുവാൻ കഴിഞ്ഞു. വർഷങ്ങൾക്ക് ശേഷം എൻ്റെ ജോലിത്തിരക്കും മറ്റു അസൗകര്യങ്ങളും പരിഗണിച്ച് എൻ്റെ നിർബന്ധപ്രകാരം എല്ലാ രേഖകളും ബാക്കിയുണ്ടായിരുന്ന ഫണ്ടും സാമ്പിൾകോപ്പികളുടെ ഫയലുകളും എല്ലാം അടക്കം കമ്മിറ്റി നിർദ്ദേശിച്ച ഒരു ടീമിനെ ഞാൻ ഏൽപ്പിച്ചു.
ഞാൻ ഏറ്റെടുത്തതും ചെയ്യുവാൻ കഴിഞ്ഞതും എല്ലാം ദൈവനിയോഗമായി മാത്രം കാണുന്നു. ദൈവം തന്ന അവസരങ്ങൾക്കെല്ലാം നന്ദി പറയുന്നു. എല്ലാ മാനവും മഹത്വവും കർത്താവിനു മാത്രം അർപ്പിക്കുന്നു.

