ജീവിതം ബുദ്ധിപൂർവം വിനിയോഗിക്കാം

ജീവിതം ബുദ്ധിപൂർവം വിനിയോഗിക്കാം

റവ.ജോർജ് മാത്യു പുതുപ്പള്ളി

ണ്ടാം ലോകമഹായുദ്ധകാലത്ത് പ്രസിദ്ധിയാർജ്ജിച്ച ഒരു സൈനിക ജനറൽ ആയിരുന്നു 'മോണ്ട് ഗോമറി'  ആഫ്രിക്കയിലും യൂറോപ്പിലും അദ്ദേഹത്തിന്റെ ചുമതലയിൽ ഉണ്ടായിരുന്ന സൈന്യം പല യുദ്ധങ്ങൾ നടത്തി വിജയം നേടുകയുണ്ടായി. അന്ന് വളരെ ശക്തിയോടുകൂടി ഇരച്ചു കയറിയ ജർമൻ സൈന്യത്തെ പരാജയപ്പെടുത്തുവാൻ മോണ്ട് ഗോമാറി കാണിച്ച ധൈര്യം അപാരമായിരുന്നു. യുദ്ധം കഴിഞ്ഞപ്പോൾ 12 രാജ്യങ്ങളാണ് ഇക്കാര്യത്തിൽ മോണ്ട് ഗോമറിയെ അഭിനന്ദിച്ചത്. ഫീൽഡ് മാർഷൽ എന്ന പദവിയും അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹം തന്റെ കീഴിലുള്ള സൈനികരോടൊപ്പം ജീവിക്കുകയും അവരുടെ കഷ്ടങ്ങളിൽ പങ്കുചേരുകയും ചെയ്തു.

ഒരു ദിവസം സൈനികരെ പ്രോത്സാഹിപ്പിക്കുന്ന തിനിടയിൽ അദ്ദേഹം ഒരു പട്ടാളക്കാരനോട് 'താങ്കളുടെ ഏറ്റവും വിലപ്പെട്ട സമ്പാദ്യം എന്താണ് ?' എന്നു ചോദിച്ചു. ആ പട്ടാളക്കാരൻ തന്റെ തോക്ക് കയ്യിൽ പിടിച്ചുകൊണ്ട് 'ഈ തോക്കാണ് എന്റെ ഏറ്റവും വിലയേറിയ സമ്പാദ്യം' എന്നു പറഞ്ഞു. മോണ്ട് ഗോമറി ആ സൈനികനോട് 'നിങ്ങൾ പറഞ്ഞത് തെറ്റാണ്. നിങ്ങളുടെ വിലയേറിയ സമ്പാദ്യം നിങ്ങളുടെ ജീവനാണ്' എന്നു പറഞ്ഞു. ഈ തോക്ക് നിങ്ങളുടെ ജീവനെ സംരക്ഷിക്കുന്നതിനുള്ള ഉപകരണം മാത്രമാണെന്നും അറിയിച്ചു.

'നമ്മിൽ എന്തുണ്ട്' എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ ജീവിതം വിലയുള്ളതായിത്തീരുന്നത്. നമ്മിലേക്കു ദൈവം പകർന്നുതന്ന ദൈവത്തിന്റെ ആത്മാവാണ് നമ്മെ വിലയുള്ളവരാക്കി മാറ്റുന്നത്. എപ്പോഴും തകർന്നുപോകാവുന്ന ശരീരത്തിന് നാം വില കൊടുത്താൽ നിത്യതയിലേക്കു പ്രവേശിക്കേണ്ട ആത്മാവിന്റെ വിലയെ നാം കെടുത്തിക്കളയും. അപ്രകാരമുള്ളവരുടെ ജീവിതവും വിലയില്ലാത്തതായിത്തീരും. അങ്ങനെ വിലയില്ലാത്തവരായി കാണുന്നവർക്ക് എങ്ങനെ മറ്റുള്ളവരെ വിലയുള്ളവരായി കാണുവാൻ കഴിയും ? തങ്ങൾ വിലയില്ലാത്തവരെങ്കിൽ അപ്രകാരമുള്ളവർ തങ്ങളെ എങ്ങനെ സ്നേഹിക്കും ?

തങ്ങളെ സ്നേഹിക്കാത്തവർക്ക് മറ്റുള്ളവരെ സ്നേഹിക്കുവാൻ കഴിയുന്നതല്ല. അതുകൊണ്ടാണ് നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങളുടെ അയൽക്കാരെയും സ്നേഹിക്കണമെന്ന് കർത്താവ് പറഞ്ഞത്. നമ്മെ ഏവരെയും വിലയുള്ളവരായി കർത്താവ് കാണുന്നതുപോലെ നമ്മെ നാമും വിലയുള്ളവരായി കാണേണ്ടതാണ്.ആത്മാവിനെ വിലയുള്ളതായി കരുതാത്തവർ തങ്ങളുടെ വില കെടുത്തിക്കളയുകയാണ് ചെയ്യുന്നത്. അങ്ങനെ സംഭവിക്കാതിരിക്കുവാൻ നമുക്ക് പരിശ്രമിക്കാം.

ചിന്തക്ക് : 'നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ ? അവൻ ജ്ഞാനലക്ഷണമായ സൗമ്യതയോടെ നല്ല നടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ. എന്നാൽ നിങ്ങൾക്കു ഹൃദയത്തിൽ കയ്പ്പുള്ള ഈർഷ്യയും ശാട്യവും ഉണ്ടെങ്കിൽ സത്യത്തിനു വിരോധമായി പ്രശംസിക്കുകയും ഭോഷ്കു പറകയുമരുത്. ഇത് ഉയരത്തിൽനിന്നു വരുന്ന ജ്ഞാനമല്ല, ഭൗമികവും പ്രാകൃതവും പൈശാചികവും ആയതത്രേ. ഈർഷ്യയും ശാട്യവും ഉള്ളേടത്ത് കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ട്. ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമത് നിർമലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു എന്നാൽ സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതച്ചു നീതി എന്ന ഫലം കൊയ്യും' (യാക്കോബ് 3 : 13...18).