ചക്രവർത്തിയുടെ ഭീഷണിയും വിശ്വാസിയുടെ ധൈര്യവും

ചക്രവർത്തിയുടെ ഭീഷണിയും വിശ്വാസിയുടെ ധൈര്യവും

റവ.ജോർജ് മാത്യു പുതുപ്പള്ളി 

ണ്ടാം നൂറ്റാണ്ടിൽ രക്തസാക്ഷിയായിത്തീർന്ന ഒരു ക്രിസ്തീയ വിശ്വാസിയുടെ സാക്ഷ്യം ഇപ്രകാരമായിരുന്നു : അദ്ദേഹത്തെ ചക്രവർത്തിയുടെ മുമ്പാകെ ഹാജരാക്കിയപ്പോൾ അദ്ദേഹത്തിന്റെ വിശ്വാസം ത്യജിക്കണമെന്ന് ചക്രവർത്തി അദ്ദേഹത്തോട് ആജ്ഞാപിച്ചു. യേശുക്രിസ്തുവിനെ തള്ളിപ്പറയുവാൻ പ്രേരിപ്പിച്ചു. എന്നാൽ അദ്ദേഹം ചക്രവർത്തിയുടെ ആജ്ഞ നിരസിക്കുകയാണുണ്ടായത്. ക്രിസ്തുവിനെ തള്ളിപ്പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തെ നാടുകടത്തുമെന്ന് ചക്രവർത്തി ഭീഷണിപ്പെടുത്തി. അതിനു മറുപടിയായി ഇങ്ങനെയാണ് അദ്ദേഹം പറഞ്ഞത് : 'അങ്ങേയ്ക്ക് എന്നെ ഈ രാജ്യത്തിൽനിന്നും ഓടിച്ചുകളയുവാൻ സാധിക്കും. എന്നാൽ യേശുക്രിസ്തുവിന്റെ ഇളകാത്ത നിത്യരാജ്യത്തിൽനിന്നും എന്നെ അകറ്റിക്കളയുവാൻ ഒരു ശക്തിക്കും സാധ്യമല്ല.'

ഇതുകേട്ട ചക്രവർത്തി കൂടുതൽ കോപിഷ്ഠനായി മാറി. അദ്ദേഹത്തിന്റെ വസ്തുവകയെല്ലാം കണ്ടുകെട്ടുമെന്ന് ചക്രവർത്തി പറഞ്ഞു. തന്റെ നിക്ഷേപം കണ്ടെത്തുവാൻ ചക്രവർത്തിക്കു കഴിയില്ലെന്ന് അദ്ദേഹം മറുപടി നൽകി. ഇത് ചക്രവർത്തിയെ കൂടുതൽ കോപാകുലനാക്കി. ചക്രവർത്തിയുടെ വികാരത്തിനു കൂടുതൽ ചൂടുപിടിച്ചു. വിശ്വാസിയെ കൊന്നുകളയുമെന്ന് ചക്രവർത്തി പറഞ്ഞു. അതിനു അദ്ദേഹം പറഞ്ഞ മറുപടിയാകട്ടെ ഇപ്രകാരമായിരുന്നു : 'അങ്ങേയ്ക്കു അതും അസാദ്ധ്യമാണ്. കാരണം നാൽപതു വർഷങ്ങൾക്കു മുമ്പ് ഞാൻ ലോകത്തിനും ജഡത്തിനും മരിച്ച് യേശുക്രിസ്തുവിന്റെ വകയായതാണ്. പിന്നെ എന്നെ കൊല്ലാൻ ആർക്കാണ് സാധിക്കുക ?'.

ക്രിസ്തീയസഭയുടെ ആരംഭം മുതൽത്തന്നെ ക്രിസ്തീയ വിശ്വാസത്തിനെതിരെ പല വിധത്തിലുള്ള ഭീഷണികൾ ഉണ്ടായിട്ടുണ്ട്. അത് ഇന്നും തുടർന്നുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നടക്കുന്ന സംഭവങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ നാം അറിയുന്നുണ്ട്. ഈ വിധത്തിലുള്ള ഭീഷണികളും പീഡനങ്ങളും ഉള്ളപ്പോഴും ക്രിസ്തീയ വിശ്വാസികൾക്ക് ലോകത്തിനു കൊടുക്കുവാൻ ചില സന്ദേശങ്ങൾ ഉണ്ടായിരിക്കും. ഈ സന്ദേശങ്ങൾ ലോകത്തിന്റെ വകയായിട്ടുള്ളതല്ല. ഇത് സ്വർഗീയ സന്ദേശങ്ങളാണ്.അതുകൊണ്ടുതന്നെ ഈ സന്ദേശങ്ങൾ നിത്യമായിട്ടുള്ളതുമാണ്. നശ്വരവും താൽക്കാലികവുമായ ഈ ലോകം സ്വർഗത്തിന്റെ നിത്യസന്ദേശങ്ങളോടാണ് ഏറ്റുമുട്ടുവാൻ ശ്രമിക്കുന്നത്.

നിത്യമായതിനെ നശിപ്പിക്കാൻ കഴിയുമെന്ന ലോകത്തിന്റെ ചിന്ത വിഡ്ഢിത്തവും ഭോഷത്വം നിറഞ്ഞതുമാണ്. ലോകം ചിന്തിക്കുന്നതിലുമപ്പുറം ചിന്തിക്കുവാനും, ലോകം വിശ്വസിക്കുന്നതിനുമ പ്പുറം വിശ്വസിക്കുവാനും ക്രിസ്തീയ വിശ്വാസികൾക്കു കഴിയുമെന്ന സത്യത്തെ മറയ്ക്കുവാൻ ലോകത്തിനു കഴിയുകയില്ല. ക്രിസ്തീയവിശ്വാസികളുടെ നിക്ഷേപം ഈ ലോകത്തിലല്ലാത്തതിനാൽ ഈ ലോകത്തിന് അവരുടെ നിക്ഷേപത്തെ തൊടുവാൻ ഒരിക്കലും കഴിയുന്നതല്ല. നിത്യതയെക്കുറിച്ചുള്ള നമ്മുടെ ദർശനം എപ്രകാരമെന്ന് ചിന്തിച്ചുനോക്കുക.

ചിന്തക്ക് : 'ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നിടമായ ഉയരത്തിലുള്ളത് അന്വേഷിപ്പിൻ. ഭൂമിയിലുള്ളതല്ല, ഉയരത്തിലുള്ളതു തന്നെ ചിന്തിപ്പിൻ. നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസിൽ വെളിപ്പെടും' (കൊലൊസ്യർ 3 : 1...4)