FCRA ഭേദഗതി ബില്ലിലെ ആശങ്കകൾ പരിഹരിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ
വാർത്ത: മോൻസി മാമ്മൻ തിരുവനന്തപുരം
തിരുവനന്തപുരം: വിദേശ സംഭാവന സ്വീകരിക്കൽ നിയന്ത്രണ നിയമം (FCRA) ഭേദഗതി ബില്ലിലെ ചില വ്യവസ്ഥകൾ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കും വിവിധ മതസ്ഥാപനങ്ങൾക്കും ഇടയിൽ ഉയർന്നുവരുന്ന ആശങ്കകളെ ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു.
പുതിയ ഭേദഗതി പ്രകാരം, വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെടുകയോ, അല്ലെങ്കിൽ നിശ്ചിത സമയപരിധിക്കുള്ളിൽ പുതുക്കൽ ലഭിക്കാതെയാകുകയോ ചെയ്താൽ ബന്ധപ്പെട്ട സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സ്വമേധയാ റദ്ദാക്കിയതായി കണക്കാക്കുമെന്നുള്ള ഭേദഗതിയെ കുറിച്ച് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം, അത്തരം സാഹചര്യങ്ങളിൽ സ്ഥാപനങ്ങളുടെ വിദേശ സംഭാവനകളും ആസ്തികളും കേന്ദ്ര സർക്കാർ നിർണ്ണയിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലേക്ക് മാറ്റപ്പെടുമെന്ന വ്യവസ്ഥയും ഗുരുതര ആശങ്കകൾക്ക് ഇടയാക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സാങ്കേതിക കാരണങ്ങളാൽ പോലും അപേക്ഷ സമർപ്പിക്കുന്നതിൽ വൈകല്യം സംഭവിച്ചാൽ അല്ലെങ്കിൽ അനുമതി ലഭിക്കുന്നതിൽ താമസം ഉണ്ടായാൽ സ്ഥാപനങ്ങൾക്ക് ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും, നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാത്ത പക്ഷം ബന്ധപ്പെട്ട ആസ്തികൾ കണ്ടുകെട്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
പൊതുതാൽപര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങൾ ഉണ്ടായാൽ നടപടി സ്വീകരിക്കാൻ നിലവിലുള്ള 2010 ലെ നിയമം തന്നെ പര്യാപ്തമാണെന്നും, പുതിയ ഭേദഗതി അനാവശ്യമായ അധിക നിയന്ത്രണങ്ങൾ സൃഷ്ടിക്കുന്നതാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്കെതിരെ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉയരുന്ന ഈ ആശങ്കകൾ ഗൗരവമുള്ളതാണെന്നും, ന്യൂനപക്ഷ വിഭാഗങ്ങൾ ഉൾപ്പെടെ വിവിധ സമൂഹങ്ങൾ മുന്നോട്ട് വെച്ച ആശങ്കകൾ പരിഹരിച്ച ശേഷമേ ബില്ലിന്റെ തുടർനടപടികൾ സ്വീകരിക്കാവൂ എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ ഈ ഭേദഗതിയുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് പിന്തിരിയുകയും, ബന്ധപ്പെട്ട വിഭാഗങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

