സ്‌തനാർബുദ വ്യാപനശേഷി തടയുന്ന പുതിയ ചികിത്സാരീതിക്ക് പേറ്റൻ്റ്
കോഴിക്കോട്: സ്തനാർബുദത്തിന്റെ വ്യാപനശേഷി തടയുന്ന പുതിയ ചികിത്സാ രീതിക്ക് പേറ്റന്റ്. ഇസ്രയേലിലെ ബെൻ ഗൂരിയൻ യൂണിവേഴ്സിറ്റി ഓഫ് ദ് നെഗവേയിൽ മലയാളി ഗവേഷകന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് കണ്ടെത്തൽ.
അതിവേഗം പടരുന്നതരം സ്തനാർബുദത്തിന്റെ വ്യാപനം തടയാൻ സഹായിക്കുന്ന ഗവേഷണത്തിനു നേതൃത്വം നൽകിയത് തിരുവനന്തപുരം പുളിയറക്കോണം ബഥേലിൽ കുടുംബാംഗമായ ഡോ. ലിജു വിജയ സ്റ്റെൽട്ടർ ആണ്.
ഗവേഷണഫലങ്ങൾ നേച്ചർ - സിഗ്നൽ ട്രാൻസ്ഡക്ഷൻ ആൻഡ് ടാർജറ്റഡ് തെറപ്പി ജേണലിൽ പ്രസിദ്ധീകരിച്ചു.
സ്തനാർബുദ കോശങ്ങൾ പടരാൻ ശരീരഭാഗങ്ങളിലേക്കു സഹായിക്കുന്ന പ്രധാന പ്രോട്ടീനെ കണ്ടെത്തി പ്രവർത്തനം നിഷ്ക്രിയമാക്കാനുള്ള മാർഗമാണ് വികസിപ്പിച്ചത്. ട്രിപ്പിൾ നെഗറ്റീവ് ബ്രെസ്റ്റ് കാൻസർ എന്ന അപകടകാരിയായ സ്തനാർബുദത്തിലാണ് ഗവേഷണം കേന്ദ്രീകരിച്ചത്. കാൻസർ കോശങ്ങൾ ആദ്യ ട്യൂമറിൽനിന്ന് വേർപെട്ട് പുതിയ ഭാഗങ്ങളിലേക്ക് നീങ്ങാൻ പികെസി എറ്റ എന്ന പ്രോട്ടീൻ സഹായിക്കുന്നു. മെറ്റാസ്റ്റാസിസ് എന്നറിയപ്പെടുന്ന ഈ പ്രക്രിയയാണ് സ്തനാർബുദ മരണങ്ങളുടെ പ്രധാന കാരണം.
ഗവേഷണത്തിലെ നിർണായകമായ കണ്ടെത്തൽ യുപെപ് 2 എന്ന ചെറിയ പെപ്റ്റൈഡാണ്. ജനിതക ഘടനയിലെ
അധികം ശ്രദ്ധിക്കപ്പെടാത്ത ഭാഗമായ യുഒആർഎഫിൽ നിന്നാണ് ഈ പ്രോട്ടീൻ രൂപപ്പെടുന്നത്. രോഗപ്രേരകമായ പ്രോട്ടീനെ തകർത്തു നശിപ്പിക്കുന്ന ശോഷകമായി (ഡിഗ്രേഡർ) യുപെപ് 2 പ്രവർത്തിക്കും. ഈ കണ്ടെത്തലിനെ അടിസ്ഥാനമാക്കിയ ചികിത്സാരീതിക്കാണ് പേറ്റന്റ്.
തൃശൂർ അമല കാൻസർ സെൻ്റർ, തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി എന്നിവിടങ്ങളിൽ ഗവേഷകനായിരുന്ന ഡോ. ലിജു വിജയ ആറ് വർഷം മുൻപാണ് ഇസ്രയേലിൽ എത്തുന്നത്.
ഐപിസി തേഞ്ഞിപ്പലം കാലിക്കറ്റ് യൂണിവേഴ്സിറ്റി സഭാംഗവും ഇസ്രായേലിൽ റിസേർച്ച് സ്കോളറായ ഡോ. അനിറ്റ ആൻ തോമസ് ആണ് ഭാര്യ. മകൾ: ലിയേൽ അന്ന ലിജു.
Advertisement























































