നാണംകെട്ട വെല്ലുവിളികൾ അവസാനിപ്പിക്കരുതോ?

നാണംകെട്ട വെല്ലുവിളികൾ അവസാനിപ്പിക്കരുതോ?

നാണംകെട്ട വെല്ലുവിളികൾ അവസാനിപ്പിക്കരുതോ?

ടി.എം. മാത്യു 

പെന്തെക്കോസ്തുകാര്‍ എല്ലാം ഭക്തരും  നിഷ്ഠയുള്ളവരുമാണ് എന്നായിരുന്നു അടുത്തയിടെവരെ  നാട്ടുകാരുടെ ചിന്ത . അത്തരം നല്ല സങ്കല്പങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ് അഭിനവ സഭാനായകന്മാരാകാന്‍ കച്ചകെട്ടിയിറങ്ങുന്നവര്‍ കാട്ടിക്കൂട്ടുന്ന അനാത്മീയ പ്രവണതകൾ വിശ്വാസികൾ വിശുദ്ധന്മാരായിരിക്കാന്‍ വിളിക്കപ്പെട്ടവരാണ്. സ്വയം വിശുദ്ധി കാത്തുസൂക്ഷിച്ച്, മറ്റുള്ളവരെ അതിനായി ഒരുക്കി, മാന്യമായ ക്രിസ്തീയ ജീവിതം നയിക്കുകയും തങ്ങളെക്കാള്‍ മറ്റുള്ളവരെ ശ്രേഷ്ഠന്മാരായി കരുതാൻ കടപ്പെട്ടവരുമാണ് എന്നൊരു ധാരണ പൊതുവെ ഉണ്ടായിരുന്നു.  അതിനു പകരം ഇന്നത്തെ പെന്തെക്കോസ്തു ലോകത്തു നടക്കുന്ന ആത്മീയമല്ലാത്ത പലതും കാണുമ്പോൾ നിരാശകൊണ്ടു തലകുനിക്കയാണ് പല വിശ്വാസികളും. സ്വന്തക്കാരുടെയും അവിശ്വാസികളുടെയും പഴിയും ദുഷിയും അപമാനവും സഹിച്ചു ധീരമായി വിശ്വസികളായി നിന്ന പാവപ്പെട്ട വിശ്വാസികൾ പലരും ദുഖത്തിലാണിന്ന്‌. പലതും തുറന്നു എഴുതണമെന്നു താല്പര്യമുണ്ടെങ്കിലും പെന്തെക്കോസ്തിന്റെ ഭാവി തലമുറയെക്കരുത്തി മൗനം പാലിക്കയാണ് പലപ്പോഴും. സോഷ്യൽ മീഡിയയിലെ നാണംകെട്ട വെല്ലുവിളികളെങ്കിലും ഒന്നവസാനിപ്പിക്കാമോ? 

യേശുക്രിസ്തു പരീശന്മാരെക്കുറിച്ച് പരാമര്‍ശിച്ച വാക്യങ്ങളിലെ പോലെ  'നായകന്‍' പദവിക്കായി കൊതിക്കുന്നവര്‍  അവ ശ്രദ്ധയോടെ വായിക്കുന്നതു നല്ലതാണ്. അങ്ങാടിയില്‍ വന്ദനവും പള്ളിയില്‍ മുഖ്യാസനവും തേടിനടക്കുന്നവരെ എത്ര നിശിതമായ ഭാഷയിലാണ്  കര്‍ത്താവ് അവിടെ വിമര്‍ശിച്ചിരിക്കുന്നതു . അതോടൊപ്പം അവിടെ  കർത്താവു പറയുന്നത്. അവർക്കു കിട്ടാനുള്ളത് കിട്ടിപ്പോയി എന്നാണല്ലോ. സ്വർഗ്ഗരാജ്യത്തേക്കുള്ള പ്രയാണത്തിൽ ദൈവകല്പനകളും സാമൂഹ്യ മര്യാദകളും മാറ്റിവയ്ക്കുന്നവരെക്കുറിച്ചാണ് കർത്താവു അത് പറയുന്നതെന്ന് അറിഞ്ഞിരിക്കണം . അതെ, ഇവർ ചെയ്യുന്നതൊന്നും കർത്താവിന്റെ ശിഷ്യത്വ പാഠങ്ങളിലുള്ളവയല്ല

സഭയില്‍ ജനാധിപത്യമല്ല, ദൈവാധിപത്യം പരിശുദ്ധാത്മാവിന്‍റെ നിയന്ത്രണത്തിനു വിധേയമായി നടപ്പിലാക്കുകയാണു വേണ്ടത്. അതിനു പരിശുദ്ധാത്മാവിന്‍റെ സ്വരം തിരിച്ചറിയാന്‍ കഴിയുന്ന വിനീതദാസന്മാരെയാണു വേണ്ടത്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എങ്ങനെ ഇതു സാധിക്കുമെന്നു ചിന്തിക്കുന്നവർ കണ്ടേക്കാം. അവർ പിന്നിട്ട ഇരുപതു നൂറ്റാണ്ടിലെ അപ്പോസ്തോലിക സഭയുടെ വളര്‍ച്ചയെക്കുറിച്ചു  വായിക്കുന്നതു നന്നായിരിക്കും. സഭയില്‍ ദുഷ്പ്രവണതയും തന്‍പോരിമയും നടപ്പാക്കാന്‍ ശ്രമിച്ചവര്‍ സഭയ്ക്കു വരുത്തിവെച്ച നാശത്തെക്കുറിച്ചും അതു ഇരുണ്ട ഒരു കാലത്തേക്കു സഭയെ എങ്ങനെ നയിച്ചു എന്നതും ചരിത്രത്താളുകളില്‍ നിന്നും നാം ശരിയായി മനസിലാക്കണം.  രാഷ്ട്രീയ പ്രവണതകള്‍ സഭയില്‍ ഏറിവരുമ്പോള്‍ സഭയിലെ ദൈവികാംശത്തിനു സാരമായ കേടുസംഭവിക്കുന്നു എന്നു മറന്നുപോകരുത്.

ഭാരതത്തില്‍ രജിസ്റ്റര്‍ചെയ്ത പ്രസ്ഥാനമെന്ന നിലയില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയില്‍ ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ടത് ആവശ്യമാണ്. എന്നാല്‍, അതിനു പിന്നില്‍ ദൈവവചനം  പറയുന്നതിനുള്ള പ്രാധാന്യം തള്ളിക്കളയരുത്.  ലോകസംഘടനയുടെ പ്രമാണങ്ങള്‍വെച്ചുകൊണ്ടു മാത്രമല്ല  ദൈവസഭയെ നയിക്കേണ്ടത്. അല്ലാത്തതിനു നിത്യതയില്‍പോലും വിലയില്ലെന്നു മനസിലാക്കിയാല്‍ വിലകുറഞ്ഞതിന്‍റെ പിന്നാലെ പോകുന്നതും കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നതും അവസാനിക്കും. അപ്പോള്‍ ജാതികളുടെ ഇടയില്‍ ദൈവനാമത്തിനു മാന്യതയുണ്ടാകും. പെന്തെക്കോസ്തുകാര്‍ പരസ്പരം സ്നേഹിക്കുന്ന, കരുതുന്ന സംഘമാണെന്ന ബോധ്യം പൊതുജനങ്ങളിലുമുണ്ടാകും. മറിച്ചായാല്‍ അതു പെന്തെക്കോസ്തിനാകെ നാണക്കേടാകും. ഇത്തരം ദുഷിച്ച നടപടിക്കെതിരെ ശബ്ദിക്കാന്‍ പെന്തെക്കോസ്തു മാധ്യമങ്ങള്‍ക്കുള്ള ഉത്തരവാദിത്വം ഞങ്ങളും മറക്കുന്നില്ല. അതുപോലെ സഭയിലെ യുവജനങ്ങളും ദൈവത്തെ സ്നേഹിക്കുന്ന കര്‍ത്തൃദാസന്മാരും ഇവയ്ക്കെതിരെ ശബ്ദമുയര്‍ത്തണം. സഭാ നടപപടികൾ എങ്ങനെ ദൈവഹിതപ്രകാരവും ദൈവനാമമഹത്വത്തിനുമാക്കി മാറ്റാൻ കഴിയും എന്നതിനെക്കുറിച്ചു ഗൗരവമായിത്തന്നെ വിശ്വാസികൾ ചിന്തിക്കേണ്ടിയിരിക്കുന്നു. അതിനുള്ള സമയം സമാഗതമായിരിക്കുന്നു.

Advertisement