വിശുദ്ധവേർ

വിശുദ്ധവേർ

വിശുദ്ധവേർ

പാസ്റ്റർ സണ്ണി പി. സാമുവൽ 

ആദ്യഭാഗം വിശുദ്ധം എങ്കിൽ പിണ്ഡം മുഴുവനും അങ്ങനെ തന്നേ; വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെതന്നേ” -റോമർ 11:16.

ആദ്യഭാഗം എന്നതിനു First fruit (ആദ്യഫലം) എന്നാണു ഇംഗ്ലീഷ് ഭാഷാന്തരങ്ങളിൽ കാണുന്നത്. ആ വാക്കിനായി മൂലഭാഷയിൽ ഉപയോഗിച്ചിരിക്കുന്ന അപാർഖെ (G536) എന്ന യവനായ വാക്കിനു കൊയ്ത്തിന്റെ ആദ്യഫലം, മാവിൽനിന്നും കോരിയെടുക്കുന്ന ആദ്യഭാഗം, ഒരേ ഇനത്തിൽപ്പെട്ട വ്യക്തികളിൽ മികവിൽ ഉന്നതൻ (Person Superior in excellence to others of the same class) എന്നിങ്ങനെ മൂന്നു അർത്ഥതലങ്ങൾ ആണ് ഗ്രീക്ക് നിഘണ്ടുവിൽ കൊടുത്തിരിക്കുന്നത്. ഈ മൂന്നു അർത്ഥവും യേശുവിലേക്കാണു വിരൽചൂണ്ടുന്നത്. ആദ്യഫലം ക്രിസ്തു (1കൊരി:15:23). അവൻ മരിച്ചവരിൽ ആദ്യജാതൻ (വെളി:1:5). അർത്ഥാൽ ഉയിർത്തെഴുന്നേറ്റവരിൽ ആദ്യഫലം. അവൻ ഭോജനയാഗം ആയ വഴിപാടിന്റെ പുളിപ്പില്ലാത്ത നേരിയമാവു ആണു (ലേവ്യാ:2:1,5). നാം അവനോടു സദൃശന്മാർ ആയിത്തീർന്നാലും (1 യോഹ:3:2) അവനൊപ്പം ഒരിക്കലും ആയിത്തീരുകയില്ല. “ഇവൻ എത്ര മഹാൻ എന്നു നോക്കുവിൻ (എബ്രാ:7:4). അവൻ വിശുദ്ധിയിൽ തികഞ്ഞവൻ! പരിശുദ്ധൻ. 

ഈ ചിന്താധാരയുടെ തുടർച്ചയായിട്ടാണു വിശുദ്ധവേർ (Holy root) എന്ന പ്രയോഗം ഉപയോഗിച്ചിരിക്കുന്നത്. റോമർ 11:16-24 വരെ വാക്യങ്ങളിൽ നാട്ടൊലീവു, കാട്ടൊലീവു, ഒട്ടിച്ചു ചേർക്കൽ (Grafting) വിശുദ്ധവേർ എന്നീ വാക്കുകൾ നാം കാണുന്നു. ഒലീവു, മുന്തിരി, അത്തി എന്നിവ യിസ്രയേലിനെ പ്രതിനിധീകരിക്കുന്നു. ദൃഷ്ടാന്തപരമായി അവ യഥാക്രമം യിസ്രായേലിന്റെ പൗരോഹിത്യം, ആത്മീയം, രാഷ്ട്രം എന്നിവയെ പ്രതിനിധീകരിക്കുന്നു. യിസ്രായേലിന്റെ പൗരോഹിത്യത്തിനു അഥവാ അഹരോന്യ പൗരോഹിത്യക്രമത്തിനു അടിസ്ഥാനവും അടിത്തറയും വിശുദ്ധവേരായ ക്രിസ്തുവാണ്. ഒരു വൃക്ഷത്തിന്റെ വേര് അദൃശ്യമണ്ഡലത്തിൽ ആണല്ലോ നിർവ്വഹണം നടത്തുന്നത്. അപ്പോൾത്തന്നെ പൗരോഹിത്യക്രമം വിശുദ്ധിയുടെ പ്രമാണത്തിൽ അധിഷ്ഠിതവും ആണ്. “വിശുദ്ധമന്ദിരം വിട്ടു മഹാപുരോഹിതൻ പുറത്തിറങ്ങുകയും ദൈവത്തിന്റെ വിശുദ്ധമന്ദിരം ആശുദ്ധമാക്കുകയും അരുത്. അഭിഷേകതൈലമായ സംസ്കാരം അവന്റെ തലമേൽ ഇരിക്കുന്നു (ലേവ്യാ:21:12). സംസ്കാരം എന്നതിനു കിരീടം (Crown) എന്നാണു ആധുനികം അല്ലാത്ത ഇംഗ്ലീഷ് വിവർത്തനങ്ങളിൽ കാണുന്നത്. 

നല്ല ഒലീവുമരത്തിന്റെ കായ്ക്കാത്ത ശാഖകളെ വെട്ടിക്കളഞ്ഞു (Pruning) കാട്ടൊലീവിൻ ശാഖയെ അവിടെ വെട്ടിയൊട്ടിച്ചു (Grafted). പ്രകൃതിനിയമം അനുസരിച്ചു ഓരോ ശാഖയും അതിന്റെ ഫലം ആണു കായ്ക്കേണ്ടത്. എന്നാൽ ഇവിടെ മറ്റൊരു അത്ഭുതം നടക്കുന്നു. വിശുദ്ധവേരിൽനിന്നു പ്രവഹിക്കുന്ന വിശുദ്ധിയുടെ ആത്മാവു (പോഷണങ്ങൾ) മറ്റൊരു
ഫലസിദ്ധിയിലേക്കു വൃക്ഷത്തെ രൂപാന്തരപ്പെടുത്തുകയാണ്. അർത്ഥാൽ, പുതിയൊരു പൗരോഹിത്യക്രമത്തിലേക്കു മാറ്റപ്പെടുകയാണ്. സമ്പൂർണത വരുത്തുവാൻ കഴിയാഞ്ഞ ലേവ്യാപൗരോഹിത്യത്തിനു നീക്കം വരുത്തിയിട്ടു മല്ക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള മഹാപുരോഹിതനായി എന്നേക്കുമുള്ള പൗരോഹിത്യക്രമം പുനഃസ്ഥാപിച്ചു (എബ്രാ: 7:11-25). അഹരോന്യപൗരോഹിത്യക്രമത്തിനു മുമ്പു സ്ഥാപിതമായതു ആയിരുന്നുവല്ലോ മല്ക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള പൗരോഹിത്യക്രമം. അതിനാലാണു പുനഃസ്ഥാപിച്ചു എന്ന വാക്കു ഉപയോഗിച്ചത്. ചുരുക്കത്തിൽ രണ്ടു പൗരോഹിത്യക്രമങ്ങളും ക്രിസ്തുവിൽ അധിഷ്ഠിതവും ക്രിസ്തുവിന്റെ പൗരോഹിത്യക്രമത്തിന്റെ രണ്ടു ശാഖകളും ആകുന്നു. 

വേര് എന്ന ചിന്താധാര യെഹൂദ ദൈവശാസ്ത്രത്തിലെ (Jewish Theology) ഒരു പോസിറ്റീവ് പദാവലിയാണ്. Shoresh (H8328) എന്ന എബ്രായവാക്കു ആണു വേര് എന്നതിനു ഉപയോഗിച്ചിരിക്കുന്നത്. ഒരു വൃക്ഷത്തിന്റെയും പർവ്വതനിരയുടെയും കുടുംബത്തിന്റെയും വേര് അഥവാ അടിത്തറ എന്നാണതിനർത്ഥം. നല്ല വംശപരമ്പര (Ancestry) ധാർമ്മിക അടിത്തറ (Moral grounding) ആത്മികസ്ഥിരത (Spiritual stability) എന്നിവയുടെ ദൃഷ്ടാന്താർത്ഥം ആയിട്ടാണു ബൈബിളിൽ ഉടനീളം വേര് എന്ന വാക്കു കാണുന്നത്. ക്രിസ്തുവിൽ ഇതെല്ലാം സമ്മേളിക്കുന്നു -പൂർത്തിയാകുന്നു. 

പൗലോസ് ക്രിസ്തുവിനെ ഫലപ്രദമായ വേര് (റോമർ11:17) ചുമക്കുന്ന വേര് (റോമർ 11:18) എന്നിങ്ങനെയും ഈ ഭാഗത്തു വിളിക്കുന്നു. ക്രിസ്തു ഫലകരമായ വേര് ആയതിനാലാണു ദൈവം അനുസരണക്കേടിൽ അടച്ചുകളഞ്ഞു എല്ലാവരെയും (യെഹൂദരെയും ജാതികളെയും) (റോമർ:11:32;3:9) ഒന്നിച്ചു ഗ്രാഫ്റ്റ് ചെയ്തു ചേർത്തു പുതിയൊരു ഫലവൃക്ഷത്തെ (ദൈവസഭയെ) സജീവമാക്കിയത്. സ്വന്തമായ ഒലീവുമരം എന്നാണു ഈ പുതിയ മരത്തിൻ്റെ പേര് (റോമർ:11:24). ചുമക്കുന്ന ഈ വേരു എല്ലാവരുടെയും വേദനകളും കഷ്ടപ്പാടുകളും നിന്ദയും ദുഃഖവും ഭാരവും എല്ലാം ചുമക്കുന്നു. അദ്ധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കും ഈ വേരിൽ വിശ്രാമമുണ്ട്. വംശാവലിയിൽ അവൻ യിശ്ശായിയുടെ വേരായവനും (യെശയ്യാ: 11:10; റോമൻ 15:12) യിശ്ശായിയുടെ കുറ്റിയിൽ നിന്നു പൊട്ടിപ്പുറപ്പെടുന്ന മുളയും ആകുന്നു (യെശയ്യാ:11:1). ഈ മുള വളർന്നു വലുതായ തായ്ത്തടിയിലേക്കാണു കാട്ടൊലീവിന്റെയും നാട്ടൊലീവിന്റെയും (അഥവാ സ്വാഭാവിക കൊമ്പുകളെയും റോമൻ 11:24) ഒട്ടിച്ചുചേർത്തത്. ഈ വിശുദ്ധവേരിനു ഒലീവുവൃക്ഷത്തിന്റെ തായ്ത്തടിയിലും ഒട്ടിച്ചു ചേർക്കപ്പെട്ട ശാഖകളിലും ശക്തമായ സ്വാധീനമുണ്ട്, ശക്തമായ രൂപാന്തരശക്തിയുണ്ട്. അതിനാൽ അനുസരണക്കേടിന്റെ ഫലം കായ്ക്കുവാൻ അവയ്ക്ക് കഴിയുകയില്ല. 

അവൻ ദാവീദിൻ്റെ വേരും വംശവുമാണ് (വെളി: 5:5;22:16). അവൻ വരണ്ട നിലത്തെ വേർ ആണ് (യെശയ്യാ:53:2). അങ്ങനെ അവൻ കഷ്ടാനുഭവങ്ങളിൽ തികെഞ്ഞവൻ ആയി (എബ്ര:2:9). അവൻ കൈ തൊടാതെ പറിഞ്ഞുവന്നു ഭൂമിയിൽ പർവ്വതം ആയി നിറയുന്ന കല്ലാണു (ദാനീ:2:35;44). ആ പർവ്വതത്തിന്റെ ആധിപത്യത്തിനു ഇളക്കം ഇല്ലാത്തതും നീക്കം വരാത്തതും ആണ്. വിശുദ്ധവേര് അതിൻ്റെ എല്ലാ പ്രൗഢിയോടുംകൂടെ വെളിപ്പെടാറായി. അതിലേക്കു ലോകം നീങ്ങിക്കൊണ്ടിരിക്കുന്നു. ആമേൻ കർത്താവേ വരേണമേ

Advertisement