മനുഷ്യസ്നേഹത്തിൻ്റെ മൃദു സ്വരം
ഡോ. മാത്യു ഫിന്നി അനുസ്‌മരണം
മനുഷ്യസ്നേഹത്തിൻ്റെ മൃദു സ്വരം
എബ്രഹാം കുര്യൻ കോട്ടയം (മുൻ പ്രോഗ്രാം കോർഡിനേറ്റർ, വേൾഡ് വിഷൻ ഇന്ത്യ)
ഡോ. മാത്യു ഫിന്നി എന്നത് ഒരു സ്ഥാനമോ പദവിയോ മാത്രമായിരുന്നില്ല. ദൈവശാസ്ത്ര ദർശനത്തെയും സാമൂഹ്യ വികസന ദൗത്യത്തെയും ഒരുമിപ്പിച്ച ഒരു അപൂർവ വ്യക്തിത്വമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ വികസന സംഘടനകളിൽ ഒന്നായ വേൾഡ് വിഷൻ - ഇന്ത്യയ്ക്ക് അദ്ദേഹം നൽകിയ നേതൃത്വം ഒരു ഭരണപരമായ ഉത്തരവാദിത്തം മാത്രമല്ല, ദൈവനീതിയെ മനുഷ്യജീവിതങ്ങളിൽ യാഥാർത്ഥ്യമാക്കാനുള്ള ആത്മസാക്ഷ്യമായിരുന്നു. ദൈവവിശ്വാസം പ്രാർത്ഥനയിലോ പ്രസംഗത്തിലോ ഒതുങ്ങുന്നതല്ല; അത് ദരിദ്രരുടെ കണ്ണീരൊപ്പുന്നതിലും, പീഡിതരുടെ വേദന പങ്കിടുന്നതിലും, അവകാശം നിഷേധിക്കപ്പെട്ടവർക്കു നീതി ഉറപ്പാക്കുന്നതിലുമാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.
ഇന്ത്യയിലെ പിന്നാക്കം നിൽക്കുന്ന കുഞ്ഞുങ്ങൾക്ക് ശരിയായ വിദ്യാഭ്യാസവും പരിചരണവും ലഭിക്കണം എന്ന സ്വപ്നം അദ്ദേഹത്തിന്റെ ദൗത്യമായിരുന്നു. ഒരു കുട്ടിയുടെ ജീവിതം മാറ്റുമ്പോൾ ഒരു കുടുംബത്തിന്റെ ഭാവി മാറുന്നു; ഒരു കുടുംബം മാറുമ്പോൾ സമൂഹം മാറുന്നു എന്ന ഉറച്ച വിശ്വാസമാണ് അദ്ദേഹത്തെ നയിച്ചത്. യഥാർത്ഥ വികസനം കുറെ പദ്ധതികളിലൂടെ മാത്രം വരില്ല, ഓരോ മനുഷ്യന്റെയും മനസ്സിന്റെ പരിവർത്തനത്തിലൂടെയാണ് അത് ആരംഭിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച ചിന്ത. അതുകൊണ്ട് തന്നെ അദ്ദേഹം കൈകാര്യം ചെയ്ത ഓരോ പദ്ധതിയും മനുഷ്യ കേന്ദ്രീകൃതമായിരുന്നു.
ചെന്നൈയിൽ ദീർഘ വർഷങ്ങൾ വേൾഡ് വിഷൻ ഇന്ത്യയുടെ നിരവധി ഡിപ്പാർട്ട്മെൻ്റുകളുടെ തലവനായും പിന്നീട് നാഷണൽ ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചു. പാരമ്പര്യമായി ലഭിച്ച വിശ്വാസ പാതയും സാമൂഹ്യബോധവും അദ്ദേഹം പുതുക്കിപ്പണിതത് വിനയത്തോടെയും ദാസ്യഭാവത്തോടെയും ആയിരുന്നു. അധികാരത്തിന്റെ ഗർവ്വം അദ്ദേഹത്തെ തൊട്ടിരുന്നില്ല; പദവിയുടെ ഉയരം അദ്ദേഹത്തെ ഉയർത്തിയില്ല, മറിച്ച് അദ്ദേഹം പദവിയെ മഹത്വപ്പെടുത്തി.
മാനേജ്മെന്റിലും ലീഡർഷിപ്പിലും അദ്ദേഹം കാട്ടിയ മികവ് ദർശനത്തിൻ്റെയും കരുണയുടെയും സംയോജനമായിരുന്നു. എല്ലാ പദ്ധതികളും കൃത്യതയോടെ ആസൂത്രണം ചെയ്യുമ്പോഴും ഹൃദയസ്നേഹത്തോടെയാണ് അവ നടപ്പാക്കിയിരുന്നത്. സഹപ്രവർത്തകർക്ക് പ്രചോദനവും, സമൂഹത്തിന് ഉൾക്കൊള്ളാവുന്നതുമായ ഒരു വ്യക്തിത്വമായിരുന്നു ഡോ. മാത്യു ഫിന്നിയുടേത്.
ലളിത ജീവിതം അദ്ദേഹത്തിന്റെ അലങ്കാരമായിരുന്നു. പ്രശസ്തിയേക്കാൾ പ്രാർത്ഥനയെ, പ്രഭാവത്തേക്കാൾ പ്രമാണികതയെ, അധികാരത്തേക്കാൾ സേവനത്തെ അദ്ദേഹം തിരഞ്ഞെടുത്തു. അകമഴിഞ്ഞ സ്നേഹവും ദൈവവിശ്വാസവും ചേർന്ന ഒരു ജീവിതം എങ്ങനെ സമൂഹത്തെ രൂപാന്തരപ്പെടുത്താമെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചു.
ഡോ. മാത്യു ഫിന്നി സാർ ഒരു ഓർമ്മയല്ല; സേവനത്തിൽ പാകപ്പെട്ട വിശ്വാസത്തിന്റെ സാക്ഷ്യമാണ്. മാതൃകയാക്കാവുന്ന, അനുസ്മരിക്കപ്പെടേണ്ട, ഹൃദയങ്ങളിൽ തുടർന്നുനിൽക്കേണ്ട ഒരു മഹത്തായ ജീവിതം. ധന്യമായ ആ ജീവിതത്തിന് സ്നേഹാഞ്ജലി.
Advertisement





































































































