മാവേലിക്കര കല്ലുമല ചർച്ച് ഓഫ് ഗോഡ് സഭയുടെ നെയിം ബോർഡ് തകർത്തു; പോലീസ് അന്വേഷണം ആരംഭിച്ചു
മാവേലിക്കര: കല്ലുമല അക്കനാട്ടുകര ചർച്ച് ഓഫ് ഗോഡ് സഭയുടെ കോമ്പൗണ്ടിനുള്ളിൽ സ്ഥാപിച്ചിരുന്ന എൽ.ഇ.ഡി ലൈറ്റ് ഘടിപ്പിച്ച നെയിം ബോർഡ് സാമൂഹ്യവിരുദ്ധർ തകർത്തു. ഇന്ന് (ചൊവ്വാഴ്ച) രാവിലെയാണ് ബോർഡ് തകർത്ത നിലയിൽ കണ്ടെത്തിയത്. 55 വർഷത്തോളം പഴക്കമുള്ള പ്രമുഖ ആരാധനാലയത്തിന് നേരെയാണ് ഈ അതിക്രമം ഉണ്ടായിരിക്കുന്നത്.
സംഭവത്തെ തുടർന്ന് സഭയുടെ പാസ്റ്റർ ലൈജു നൈനാൻ മാവേലിക്കര പോലീസിൽ പരാതി നൽകി. മാവേലിക്കര പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സനൂജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സഭാ അധികൃതർ ആവശ്യപ്പെട്ടു.

ഉന്നതതല ഇടപെടൽ; പ്രതികൾക്കായി വലവീശി പോലീസ്
സംഭവമറിഞ്ഞയുടൻ സഭാ നേതൃത്വം ആഭ്യന്തര മന്ത്രി, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എസ്. അരുൺകുമാർ എം.എൽ.എ, അഡ്വ. മുത്താര രാജ്, അനിൽ വർഗീസ് എന്നിവരെ വിവരമറിയിച്ചു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുകയും, മാവേലിക്കര ഡിവൈ.എസ്.പിയെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും സംഭവസ്ഥലം സന്ദർശിച്ച് പാസ്റ്റർ ലൈജു നൈനാനെ കണ്ട് പിന്തുണ അറിയിച്ചു. തുടർന്ന് മാവേലിക്കര പോലീസ് സ്റ്റേഷനിലെത്തി എസ്.എച്ച്.ഒയുമായി ചർച്ച നടത്തുകയും പ്രതികളെ ഉടൻ പിടികൂടാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രദേശത്ത് സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന കുറ്റക്കാരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
വിവരങ്ങൾക്ക്: +91 97460 45859 (പാസ്റ്റർ ലൈജു നൈനാൻ)
Advertisement























































