കാട്ടാനയാക്രമണത്തിൽ വീട് തകർന്നു; ചുരുളിപ്പതാൽ പത്രോസിന്റെ കുടുംബം കടുത്ത പ്രതിസന്ധിയിൽ; പ്രാർത്ഥനയും സഹായവും അഭ്യർത്ഥിക്കുന്നു
ഇടുക്കി: ഐപിസി ഇടുക്കി നോർത്ത് സെന്ററിലെ ചുരുളിപ്പതാൽ ഫിലദെൽഫ്യ സഭാംഗം പത്രോസിന്റെ വീട് കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടാന തകർത്തു. ആക്രമണത്തിൽ വീടിന് വൻ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. എന്നാൽ പത്രോസിന്റെ രണ്ടാമത്തെ മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബം മുഴുവൻ കോലഞ്ചേരി ആശുപത്രിയിലായിരുന്നതിനാൽ വലിയൊരു ആളപായം ഒഴിവായി. മൂത്ത മകൻ ബൈബിൾ സ്കൂൾ വിദ്യാർത്ഥിയാണ്.
കൂലിപ്പണി ചെയ്ത് ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന ഈ കുടുംബം നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പ്ലസ് ടു കഴിഞ്ഞ ഇളയ മകന് കുറെ നാളുകളായി ബാധിച്ച അസുഖത്തെത്തുടർന്ന് ചികിത്സയും മറ്റു പരിചരണങ്ങളുമായി കഴിയുന്നതിനാൽ കുടുംബാംഗങ്ങൾക്ക് ആർക്കും തന്നെ ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലാണ്. വലിയ സാമ്പത്തിക ബാധ്യതകൾക്കിടയിലാണ് ഇപ്പോൾ കാട്ടാനയുടെ ഉപദ്രവത്തെത്തുടർന്ന് വീടും നഷ്ടപ്പെട്ട് ഈ കുടുംബം കൂടുതൽ കഷ്ടതയിലായിരിക്കുന്നത്.

കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ദൈവകുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കണമെന്നും, തങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായങ്ങൾ നൽകി ഇവരെ കൈതാങ്ങണമെന്നും ഐ.പി.സി ഇടുക്കി നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി പെരുമ്പാവൂർ അഭ്യർത്ഥിച്ചു. Contact: പാസ്റ്റർ ജോയി പെരുമ്പാവൂർ — 9447406942

