വാർത്ത വ്യാജമെന്ന് പെന്തെക്കോസ്‌തൽ ലീഡേഴ്സ് കൗൺസിൽ
വാർത്ത: മോൻസി മാമ്മൻ തിരുവനന്തപുരം
തിരുവല്ല: കേരളത്തിലെ പെന്തെക്കോസ്‌തു സഭകൾ ഒരു മുന്നണിക്ക് പിന്തുണ നൽകിയെന്ന വാർത്ത വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പെന്തെക്കോസ്തു സഭകളുടെ നേതാക്കളുടെ കൂട്ടായ്മയായ പെന്തെക്കോസ്‌തൽ ലീഡേഴ്സ് കൗൺസിൽ അറിയിച്ചു
കേരളത്തിലെ പെന്തെക്കോസ്‌തു നേതൃത്വം അറിയാതെ ഏകപക്ഷീയമായി, രാഷ്ട്രീയ ഉദ്ദേശ്യത്തോടെ ഒരു സംഘടന സഭയുടെ പൊതു നിലപാട് സമൂഹത്തിൽ വ്യാജമായി പടർത്തിയതിൽ സഭാ നേതൃത്വം ശക്തമായ അമർഷം രേഖപ്പെടുത്തി.
നൂറ് വർഷം പിന്നിട്ട കേരളത്തിലെ പെന്തെക്കോസ്‌തു സഭകൾ നാളിതു വരെ ഒരു തെരഞ്ഞെടുപ്പിലും രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുകയോ ഏതെങ്കിലും സ്ഥാനാർത്ഥിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു സംഘടന നടത്തിയ പ്രസ്‌താവന സഭാ നേതൃത്വത്തിന്റെ അറിവോടെയല്ല. ഇത്തരം പ്രസ്‌താവന നടത്താൻ സഭ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇത്തരം സംഘടനകളുമായി സഭാ നേതൃത്വത്തിന് യാതൊരു ബന്ധവുമില്ലെന്നും അവർ വ്യക്തമാക്കി.
സഭാംഗങ്ങൾ തങ്ങളുടെ സമ്മതിദാനാവകാശം പ്രാർത്ഥനാപൂർവ്വം വിനിയോഗിക്കണമെന്ന് നേതാക്കൾ വിശ്വാസികളോട് അഭ്യർത്ഥിച്ചു.
പാസ്റ്റർ കെ.സി ജോൺ, പാസ്റ്റർ ടി. ജെ. സാമുവേൽ, പാസ്റ്റർ ഫിലിപ്പ് പി. തോമസ്, പാസ്റ്റർ ഒ. എം. രാജുക്കുട്ടി, പാസ്റ്റർ വൈ. റെജി, പാസ്റ്റർ ടി. എം. കുരുവിള, പാസ്റ്റർ ജോൺസൺ കെ. സാമുവൽ, പാസ്റ്റർ ജോമോൻ ജോസഫ്, പാസ്റ്റർ റോയി ഡാനിയേൽ മാത്യു, പാസ്റ്റർ ജെ. ജോസഫ് തുടങ്ങിയവരാണ് പ്രസ്‌താവനയിൽ അഭ്യർത്ഥിച്ചത്.

