വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു

വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു

ക്സലൈറ്റ് പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളിൽ ഒരാളായിരുന്ന വെള്ളത്തൂവൽ സ്‌റ്റീഫൻ അന്തരിച്ചു. 82 വയസായിരുന്നു. കോതമംഗലത്തിനടുത്ത് വടാട്ടുപാറയിൽ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ.

അന്ന്, പാകതവരാത്ത ചെറുപ്പമായതിനാൽ വിപ്ലവം അറിവില്ലായ്‌മയിൽ നിന്നുള്ള ആവേശമായിരുന്നു എന്ന് ആത്മകഥയിൽ തുറന്നെഴുതിയ വിപ്ലവകാരിയാണ് അന്തരിച്ചത്. കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ തറവാട്ടിൽ സക്കറിയയുടെയും അന്നമ്മയുടെയും മകനായാണ് ജനനം. പിന്നീട് വെള്ളത്തൂവലിലേക്ക് കുടിയേറിയ കർഷകകുടുംബം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ വഴിയേ പാർട്ടിയിലേക്ക്. തുടർന്ന് നക്സലൈറ്റ് പ്രസ്ഥാന ത്തിലേക്ക് ചുവടുമാറ്റം. തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിലൂടെ പ്രസ്ഥാനത്തിൽ സജീവമായി. കേരളത്തിലുട നീളം വിപ്ലവപാർട്ടികൾ കെട്ടിപ്പടുത്തു. 1971ൽ അറസ്‌റ്റ് ചെയ്യപ്പെടുമ്പോൾ കൊലക്കേസ് ഉൾപ്പെടെ പതിനെട്ടു കേസുകളിൽ പ്രതിചേർക്കപ്പെട്ടിരുന്നു.

ജയിലിൽവച്ചുതന്നെ ചാരുമജുംദാറിന്റെ ഉന്മൂലനമാർഗ്ഗത്തെ ഉപേക്ഷിച്ചു. അല്പകാലം സുവിശേഷപ്രവർത്തനത്തിലേക്ക് വഴിതിരിഞ്ഞു. ചരിത്രശാസ്ത്രവും മാർക്സ‌ിയൻ ദർശനവും, പ്രചോദനം, അർധ ബിംബം, മേഘപാളിയിലെ കാൽപ്പാടുകൾ, കനൽവഴികൾ കടന്ന് ഒരുദൈവസാക്ഷ്യം എന്നിവ പ്രധാന പുസ്‌തകങ്ങൾ. കേരളത്തിന്റെ വിപ്ലവ ചരിത്രത്തിലെ നിഗൂഢവും സാഹസികവുമായ ഒരു ഏടാണ് വെള്ളത്തൂവൽ സ്‌റ്റീഫൻ്റെ വിയോഗത്തിൽ ചരിത്രത്തിന്റെ ഭാഗമാകുന്നത്.