ഒരു എയർപോർട്ട് അവലോകനം!

ഒരു എയർപോർട്ട് അവലോകനം!

കെസിയ മേരി തോമസ്

എയർപോർട്ടിൽ പോകാത്ത ആളുകൾ ഇന്ന് വളരെ ചുരുക്കമാണ്. ദൂരയാത്ര പോകുന്നവരെ യാത്രയാക്കാനോ, തിരികെ വരുന്നവരെ സ്വീകരിക്കാനോ, അല്ലെങ്കിൽ സ്വന്തം യാത്രകൾക്കോ ഒക്കെയായി നാം വിമാനത്താവളങ്ങളിൽ എത്താറുണ്ട്. ഒരു ബസ് സ്റ്റോപ്പിലോ റെയിൽവേ സ്റ്റേഷനിലോ കാണുന്നതിനേക്കാൾ വികാരസമ്മിശ്രമായ കാഴ്ചകളാണ് എയർപോർട്ടുകളിൽ കാണാൻ സാധിക്കുക. മനസ്സിന് കുളിർമയേകുന്നതും ഒപ്പം വേദന നൽകുന്നതുമായ വ്യത്യസ്തമായ കാഴ്ചകളാൽ സമ്പന്നമാണ് ഓരോ വിമാനത്താവളവും. അടുത്തയിടെ ഒരു എയർപോർട്ടിൽ കുറെ സമയം ചിലവഴിച്ചപ്പോൾ എന്റെ മനസ്സിൽ പതിഞ്ഞ ചില കാഴ്ചകളുടെ ഒരു അവലോകനമാണിത്.

ഒരുപാട് പേരുടെ സ്വപ്നങ്ങളിലേക്ക് പറന്നുയരുന്നതിന്റെ ആദ്യപടിയാണല്ലോ വിമാനത്താവളങ്ങൾ. സന്തോഷത്തിന്റെയും ലക്ഷ്യങ്ങളുടെയും സ്വപ്നങ്ങളുടെയും ചിറകുകൾ വിടർത്തി നിൽക്കുന്ന വിമാനങ്ങൾ! വിമാനയാത്രക്കാർ തന്നെ പലവിധമാണ്. ഉപരിപഠനത്തിനായി വിദേശത്തേക്ക് ചേക്കേറുന്നവർ, കുടുംബത്തിന്റെ ഭാരം മുഴുവൻ സ്വന്തം തോളിലേറ്റി, സ്വന്തം സന്തോഷങ്ങളും ആഗ്രഹങ്ങളും മാറ്റിവെച്ച് പ്രവാസ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നവർ, ബിസിനസ് സംബന്ധമായ യാത്രകൾ ചെയ്യുന്നവർ... അങ്ങനെ ജാതി-മത-വർഗ്ഗ ഭേദമന്യേ പലരും ഇവിടെ യാത്രക്കാരാകുന്നു.

അവിടെക്കണ്ട മറ്റൊരു കാഴ്ച, ഒരു പൈലറ്റിനെ എയർപോർട്ട് ജീവനക്കാരായ കുറച്ചു സ്ത്രീകളും പുരുഷന്മാരും ചേർന്ന് ആദരവോടെ ആനയിച്ചു കൊണ്ടുവരുന്നതും കാറിൽ കയറ്റി വിടുന്നതുമാണ്. "ഇത്രയും ആഡംബരത്തിന്റെ ആവശ്യമുണ്ടോ?" എന്നൊരു ചോദ്യം ഉള്ളിൽ ഉയർന്നപ്പോൾത്തന്നെ അതിനുള്ള ഉത്തരവും എനിക്ക് ലഭിച്ചു. ഒരുപാട് പേരുടെ സ്വപ്നങ്ങളും സന്തോഷങ്ങളും പേറുന്ന ആ വലിയ ആകാശപ്പേടകത്തെ നിയന്ത്രിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന വ്യക്തികളാണ് പൈലറ്റുമാർ. ഒരു ഫ്ലൈറ്റിലുള്ള മുഴുവൻ യാത്രക്കാരുടെയും വിശ്വാസം ആ പൈലറ്റിലാണ്; ഒരു അപകടവും കൂടാതെ തങ്ങളെ ലക്ഷ്യത്തിലെത്തിക്കുമെന്ന വിശ്വാസം! സമൂഹത്തിന് ഒരു ഉപകാരവുമില്ലാത്ത പലരെയും വിഐപികളായി ആനയിച്ചു കൊണ്ടുപോകുന്നതിനേക്കാൾ എത്രയോ ശ്രേഷ്ഠമാണ്, ഇത്രയും പേരുടെ ജീവൻ സൂക്ഷ്മതയോടെ ആകാശത്തിലൂടെ കൊണ്ടുപോയി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നവരെ ആദരിക്കുന്നത്.

ഒരു വിമാനത്താവളത്തിൽ ഇൻ്റർനാഷണൽ ടെർമിനലും ഡൊമസ്റ്റിക് ടെർമിനലും ഉണ്ടല്ലോ. എന്തുകൊണ്ടും ഡൊമസ്റ്റിക് ടെർമിനലിനേക്കാൾ വികാരഭരിതമാണ് ഇൻ്റർനാഷണൽ ടെർമിനൽ. അവിടുത്തെ ‘DEPARTURES' എന്ന് എഴുതിയ ബോർഡിന് താഴെ വലിയൊരു ജനക്കൂട്ടം തിങ്ങിനിറഞ്ഞു നിൽക്കുന്നുണ്ടാകും. മക്കളുടെ നല്ല ഭാവിക്കായി, നല്ലൊരു നാളേക്കായി ചോരനീരാക്കി പണമുണ്ടാക്കാൻ വിദേശത്തേക്ക് പോകുന്നവർ; അവർക്ക് കൈത്താങ്ങാകാനും സ്വന്തമായി നല്ലൊരു ജീവിതം കെട്ടിപ്പടുക്കാനും തയ്യാറെടുക്കുന്ന ഒരുപറ്റം യുവാക്കൾ. സ്വന്തക്കാരെയും ബന്ധക്കാരെയും വേർപിരിഞ്ഞ്, ഇനിയൊരു കൂടിക്കാഴ്ച നാളുകൾക്ക് ശേഷമേ ഉണ്ടാകൂ എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ അവർ ശ്രമിക്കുന്നുണ്ട്. ഭർത്താക്കന്മാരെ പിരിയുന്ന ഭാര്യമാരുടെയും, മക്കളെ പിരിയുന്ന അമ്മമാരുടെയും വിതുമ്പലുകൾ; സഹോദരങ്ങൾ പിരിയുമ്പോൾ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്ന കാഴ്ചകൾ; കൺമുന്നിൽ നിന്ന് മറയുന്നതുവരെ തിരിഞ്ഞു കൈവീശിക്കാണിക്കുന്ന പ്രിയപ്പെട്ടവരെ നോക്കി സങ്കടങ്ങൾ കടിച്ചമർത്തി നിൽക്കുന്ന അച്ഛന്മാരും സഹോദരന്മാരും... കണ്ടുനിൽക്കുന്നവരുടെ പോലും കണ്ണുനിറയ്ക്കുന്ന കാഴ്ചകളാണവ.

സങ്കടക്കാഴ്ചകൾ കണ്ട് കണ്ണുകൾ നിറയാൻ തുടങ്ങിയപ്പോൾ ഞാൻ നേരെ ‘ARRIVALS'ലേക്ക് നടന്നു. മനസ്സിന് കുളിർമയേകുന്ന ഒരുപിടി കാഴ്ചകളായിരുന്നു അവിടെ. അവിടെ നിൽക്കുന്നവരുടെ കണ്ണുകളിൽ പ്രതീക്ഷയാണ്; തങ്ങളുടെ പ്രിയപ്പെട്ടവരെ ഉടനെ കാണാമെന്ന പ്രതീക്ഷ! ആകാംക്ഷ നിറഞ്ഞ, അക്ഷമയോടെയുള്ള കാത്തിരിപ്പുകൾ. പ്രിയപ്പെട്ടവരുടെ ഫ്ലൈറ്റ് എത്തിയോ എന്ന് ഓരോ നിമിഷവും ബോർഡിലേക്ക് നോക്കി ഉറപ്പുവരുത്തുന്നവർ. കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ ആകാംക്ഷയോടെ ആ കവാടത്തിലേക്ക് ഉറ്റുനോക്കി നിൽക്കുന്നു. സമയം പുലർച്ചെ 3 മണി. പലരുടെയും കണ്ണുകൾ ഉറക്കക്ഷീണത്താൽ അടഞ്ഞുപോകുന്നുണ്ടെങ്കിലും, വാശിയോടെ കണ്ണുകൾ തുറന്നുപിടിച്ച് പ്രതീക്ഷയോടെ നോക്കിയിരിക്കുകയാണ് അവർ.

ഇത്തരം കാഴ്ചകൾ മനസ്സിലേക്ക് പകർത്തുമ്പോഴാണ് പെട്ടെന്ന് ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടത്: “ദേ ഉമ്മ വരുന്നു!”. വിടർന്നുനിന്ന അവളുടെ കുഞ്ഞിക്കണ്ണുകളെ പിന്തുടർന്ന് നോക്കുമ്പോൾ, ദൂരെ നിന്ന് പർദ്ദയണിഞ്ഞ മൂന്ന് സ്ത്രീകൾ നടന്നുവരുന്നത് കണ്ടു. ഒറ്റനോട്ടത്തിൽ മൂന്നുപേരും ഒരുപോലെ മാസ്കും പർദ്ദയും ധരിച്ചവരായിരുന്നു. എന്നാൽ ആ കുഞ്ഞിന് അവളുടെ ഉമ്മയെ ദൂരത്തുനിന്നുതന്നെ തിരിച്ചറിയാൻ കഴിഞ്ഞു. ഉമ്മ അടുത്തുവന്ന് അവളെ വാരിപ്പുണരുന്ന കാഴ്ച മനസ്സിന് ഒരു പ്രത്യേക സന്തോഷം നൽകി.

അതാണ് ‘ARRIVALS'! ‘DEPARTURES'ൽ വേർപിരിയലിൻ്റേയും സങ്കടത്തിന്റെയും കണ്ണുനീരാണെങ്കിൽ, ‘ARRIVALS'ൽ ഒത്തുചേരലിന്റെയും ആനന്ദത്തിന്റെയും കണ്ണുനീരാണ്.

ഞാൻ ചിന്തിച്ചപ്പോൾ നമ്മുടെ ജീവിതവും ഏറെക്കുറെ ഒരു എയർപോർട്ടിന് സമാനമാണ്. നമ്മുടെ സ്വപ്നങ്ങൾക്കായി, നമ്മുടെയും മറ്റുള്ളവരുടെയും സന്തോഷങ്ങൾക്കായി നാം നെട്ടോട്ടമോടുന്നു. എയർപോർട്ടിൽ അറൈവൽസും ഡിപ്പാർച്ചേഴ്സും ഉള്ളതുപോലെ നമ്മുടെ ജീവിതത്തിലും സന്തോഷങ്ങളും സങ്കടങ്ങളും ആളുകളും കടന്നുവരികയും കടന്നുപോവുകയും ചെയ്യുന്നു. എന്നാൽ എയർപോർട്ട് നമ്മെ ഒരു കാര്യം ഓർമ്മിപ്പിക്കുന്നുണ്ട്; ഇവിടെ കാണുന്ന ദുഃഖങ്ങളോ സന്തോഷങ്ങളോ ഒന്നും ശാശ്വതമല്ല. ഇന്നത്തെ ദുഃഖം നാളെ സന്തോഷവും, ഇന്നത്തെ സന്തോഷം നാളത്തെ ദുഃഖവും ആകാം. ഒന്നും നിത്യമല്ല!

ഭൂമിയിൽ നിത്യമായത് ഒന്നുമാത്രം; ഈ ലോകത്തുനിന്നുള്ള നമ്മുടെ ‘ഒടുവിലത്തെ DEPARTURE'. അതിൻ്റെ മനോഹരമായ ARRIVAL ആകട്ടെ സ്വർഗ്ഗത്തിലും!

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement