ദൈവീകനന്മകൾ പാഴാക്കരുത്
റവ. ജോർജ് മാത്യു പുതുപ്പള്ളി
ഒരിക്കൽ ഡച്ചുകാരനായ ഒരു ധനികന്റെ മകൻ ധൂർത്തപുത്രനെപ്പോലെ വീടുവിട്ടുപോയി. സകല സമ്പത്തും നഷ്ടപ്പെട്ട യുവാവ് ഒടുവിൽ പട്ടാളത്തിൽ ചേർന്ന് ഇൻഡോനേഷ്യയിലെത്തി. അത്യാവശ്യമായി തനിക്ക് അൽപം പണം അയച്ചുതരണമെന്നു പറഞ്ഞ് അവൻ പിതാവിനു ഒരു കത്തയച്ചു. ഏതാനും ആഴ്ച കഴിഞ്ഞപ്പോൾ പിതാവിന്റെ കത്ത് ലഭിച്ചു. അതിനകത്ത് പണമോ ചെക്കോ കാണാഞ്ഞതിനാൽ നിരാശയോടെ അവൻ കത്ത് വായിക്കാതെ ചുരുട്ടി ബാഗിനകത്തിട്ടു.
ഏതാനും മാസം കഴിഞ്ഞപ്പോൾ അവൻ രോഗിയായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. പിതാവിന്റെ കത്തിനെക്കുറിച്ച് അവൻ ഓർത്തു. അവൻ കത്ത് തുറന്നു വായിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു : പ്രിയ മകനേ, ഞാൻ ക്യാപ്റ്റൻ ഡോണിനോട് അദ്ദേഹത്തിന്റെ കപ്പലിൽ നിന്നെ കയറ്റി സുരക്ഷിതമായി വീട്ടിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എത്രയും വേഗം നീ അദ്ദേഹത്തെ ബന്ധപ്പെട്ടാലും.' ഇതു വായിച്ച ആ യുവാവ് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. തന്നെ പിതാവ് എത്രയേറെ സ്നേഹിച്ചിരുന്നുവെന്ന് അവനു ബോദ്ധ്യമായി. താൻ അതു മനസിലാക്കാതെ പോയതിൽ അവനു കുറ്റബോധം ഉണ്ടായി.
ദൈവം നമുക്കു നൽകുന്ന അവസരങ്ങൾ ദൈവത്തിന്റെ മുന്നറിയിപ്പുകളാണ്. പിതാവിൽനിന്ന് അകന്നു പോയ മകന് ദൈവമാണ് സുബോധം നൽകിയത്. വൈകിയാണെങ്കിലും അവൻ അവസരം വിനിയോഗിച്ചതിനാൽ പിതാവിന്റെ അവകാശങ്ങൾക്ക് അവൻ അധികാരിയായിത്തീർന്നു. സുബോധം വന്നതിനുശേഷം അവൻ പിന്നെയും അനുസരണക്കേട് കാട്ടിയിരുന്നെങ്കിൽ അവന്റെ പഴയ അനുഭവങ്ങളിൽ നിന്നുള്ള വിടുതൽ അവനു ലഭിക്കുമായിരുന്നില്ല.
നമ്മുടെ ഉള്ളിലുള്ള മത്സരമനോഭാവമാണ് അവസരങ്ങളെ തക്ക സമയത്ത് വിനിയോഗിക്കുന്നതിൽ നിന്ന് തടഞ്ഞു നിർത്തുന്നത്. ഇക്കാരണത്താൽ നാം കേട്ടതും അറിഞ്ഞതുമായ സത്യങ്ങളെ നമ്മുടെ വിശ്വാസത്തിലേക്ക് പ്രവേശിപ്പിക്കുവാൻ നാം അശക്തരായി തീരുന്നു.
ചിന്തക്ക് : അങ്ങനെ അവൻ എഴുന്നേറ്റ് അപ്പന്റെ അടുക്കൽ പോയി. ദൂരത്തു നിന്നുതന്നെ അപ്പൻ അവനെ കണ്ടു മനസലിഞ്ഞ് ഓടിച്ചെന്ന് അവന്റെ കഴുത്തു കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു. മകൻ അവനോട് : അപ്പാ, ഞാൻ സ്വർഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല എന്നു പറഞ്ഞു. അപ്പൻ തന്റെ ദാസന്മാരോട് : വേഗം മേൽത്തരമായ അങ്കി കൊണ്ടുവന്ന് ഇവനെ ധരിപ്പിപ്പിൻ. ഇവന്റെ കൈക്കു മോതിരവും കാലിനു ചെരിപ്പും ഇടുവിപ്പിൻ. തടിച്ച കാളക്കുട്ടിയെ കൊണ്ടുവന്ന് അറപ്പിൻ. നാം തിന്ന് ആനന്ദിക്ക. ഈ എന്റെ മകൻ മരിച്ചവനായിരുന്നു, വീണ്ടും ജീവിച്ചു. കാണാതെ പോയിരുന്നു, കണ്ടു കിട്ടിയിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവർ ആനന്ദിച്ചുതുടങ്ങി' (ലൂക്കൊസ് 15 : 20...24).



