പുസ്തകങ്ങൾ ഏകാന്തതയിലെ സ്നേഹിതരെപോലെ...

പാസ്റ്റർ വി.പി.ഫിലിപ്പ്
ഏപ്രിൽ 23: ലോകപുസ്തക ദിനമാണ്, വായനയുടെ ആഘോഷ ദിനം.
പുസ്തകങ്ങളുടെ കൂട്ടുകാർക്കു അവർ ഒറ്റയ്ക്കല്ലെന്നും ഒരു പുസ്തകം ഒപ്പമുണ്ടെങ്കിൽ ആരൊക്കെയോ കൂടെയുണ്ടെന്നും ഓർത്തെടുക്കാൻ കഴിയുന്ന ദിനവും.
പഠനം, ബോധനം, സ്വഭാവ രൂപീകരണം എന്നിവയ്ക്ക് പുസ്തകങ്ങൾ തന്നെ വേണം. കയ്യിലൊരു പുസ്തകമുണ്ടെങ്കിൽ ഒരു മെഴുകുതിരി വെട്ടത്തും വായിച്ചെടുക്കാം
നസ്രേത്തിലെ പള്ളിയിൽ യെശയ്യാവിന്റെ പുസ്തകം വിടർത്തി വായിക്കുന്ന യേശുവാണ് നമുക്കു മാതൃകയായുള്ളത്. അദ്ദേഹത്തിന്റെ എഴുത്തുകാരനായ ശിഷ്യൻ ജോൺ പിന്നീട് ഇങ്ങനെ എഴുതി "യേശു ചെയ്തതു മറ്റു പലതും ഉണ്ടു; അതു ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽ തന്നേയും ഒതുങ്ങുകയില്ല എന്നു ഞാൻ നിരൂപിക്കുന്നു."
'ദി പാസ്റ്റർ ആന്റ് ഹിസ് റീഡിംഗ് ' എന്ന ലേഖനത്തിൽ റ്റോണി റെയ്‌ങ്കെ എഴുതിയിരിക്കുന്നത് ഇവിടെ പ്രസക്തമാണ്. ''എന്നെ സംബന്ധിച്ച് സാക്ഷരത എന്നത് ക്രിസ്തു കേന്ദ്രീകൃതമായ വിശ്വദർശനം പുസ്തക വായനയിലൂടെ ഉണ്ടാകുന്ന പ്രവർത്തിയാണ്. സത്യം, നന്മ, സൗന്ദര്യം, ജീവിത രൂപാന്തരം, ആനന്ദം, ആരാധന എന്നിവ കണ്ടെത്താൻ അതു സഹായിക്കുന്നു.''
യരുശലേമിൽ നിന്നും ഗസെക്കുള്ള നിർജ്ജന വഴിയിലേക്കു പോകുവാൻ നിയോഗം ലഭിച്ച ഫിലിപ്പോസ് എത്യോപ്യാ രാജ്ഞിയുടെ മേൽവിചാരകൻ യെശയ്യാവിന്റെ പുസ്തകം വായിക്കുന്നതു കാണുന്നു. "നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ" എന്ന് ഫിലിപ്പോസ് ചോദിക്കുന്നു. വായിച്ചാൽ മനസ്സിലാകുന്നുണ്ടോ എന്ന് ഫിലിപ്പോസ് ചോദിക്കുമ്പോൾ മനസ്സിലായിട്ടില്ലെങ്കിൽ മനസ്സിലാക്കിക്കൊടുക്കാൻ തനിക്ക് കഴിയും എന്ന ധൈര്യം ഉണ്ടായിരുന്നു. പുസ്തകത്തിലെ പൊരുൾ തിരിച്ചുകൊടുക്കാൻ ഫിലിപ്പോസിനു കഴിഞ്ഞതുകൊണ്ടാണ് എത്യോപ്യനെ യേശുക്രിസ്തുവിനുവേണ്ടി നേടാൻ കഴിഞ്ഞതും അവനെ സ്‌നാനപ്പെടുത്തുവാൻ ഇടയായതും. അർത്ഥം സ്വയം മനസ്സിലാക്കിക്കൊടുക്കുക എന്ന ക്രിസ്തീയ ദൗത്യത്തിൽ പഠനം, വായന, പൊരുൾ തിരിച്ചു കൊടുക്കുക എന്നിവയ്ക്ക് പ്രാധാന്യമുണ്ടെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
പുസ്തകങ്ങൾ വായിക്കുമ്പോൾ അവ ജീവനുള്ളതാണെന്നും അവ എന്നോടു സംസാരിക്കുകയാണെന്നും എനിക്കു തോന്നുന്നു വെന്നാണ് ജൊനാഥൻ സ്വിഫ്റ്റ് പറയുന്നത്. ശരീരത്തിന് വ്യായാമം എന്ന പോലെയാണ് മനസ്സിനു വായനയെന്ന് സർ റിച്ചാർഡ് സ്റ്റീൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.
പ്രശസ്ത മനഃശാസ്ത്രജ്ഞനായ പി.എം. മാത്യു വെല്ലൂർ നിർദ്ദേശിക്കുന്നത് ശ്രദ്ധിക്കുക. വായന വ്യക്തിത്വ വികാസത്തിന് ഏറെ സഹായകമാണ്. വായനമൂലം കഴിഞ്ഞ കാലത്ത് നേടിയെടുത്ത അറിവുകൾ പുഷ്ടിപ്പെടുകയും പരിപക്വമാകുകയും ചെയ്യുന്നു. കൂടാതെ സ്വന്തം പെരുമാറ്റത്തെയും മനോഭാവത്തെയും പരിഷ്‌ക്കരിക്കാനും സാധിക്കുന്നു.
ആഫ്രിക്കയുടെ അപ്പൊസ്തലൻ എന്നു വിശേഷിപ്പിക്കുന്ന മഹാനായ ഡേവിഡ് ലിവിംഗ്സ്റ്റണെ നിങ്ങൾ ഓർക്കുന്നുണ്ടോ? മനുഷ്യമാംസങ്ങൾ ഭക്ഷിച്ചിരുന്ന കാട്ടാളരായ ജനങ്ങളെ ക്രിസ്തുവിന്റെ സ്‌നേഹത്താൽ രൂപാന്തരപ്പെടുത്തുന്ന അതുല്യ മിഷനറിയായിരുന്നു അദ്ദേഹം. ഡേവിഡ് ലിവിംഗ്സ്റ്റന്റെ വായനാ സ്വഭാവത്തെക്കുറിച്ച് റവ. റ്റി.കെ. ജോർജ്ജ് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്.
റ്റോണി റെയ്‌ങ്കെ, ഡേവിഡ് ലിവിംഗ്സ്റ്റൺ, ഏബ്രഹാം ലിങ്കൺ
വായനയിൽ തല്പരനായ വല്യച്ചൻ ശേഖരിച്ചിരുന്ന സകല പുസ്തകങ്ങളും വായിച്ചു തീർക്കുന്നതിനു കൊച്ചുമകനെ പ്രോത്സാഹിപ്പിച്ചു. കാംബൽ എന്ന മിഷനറിയുടെ ഹോട്ടൻ ടോട്ടരുടെ ഇടയിലുള്ളപര്യടനം എന്ന പ്രബന്ധം ആ ബാലനെ ഹഠാദാകർഷിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിലെ കിരാതന്മാരെക്കുറിച്ചുള്ള വിവരങ്ങൾ അവന്റെ ഹൃദയഭിത്തികളിൽ ഒരിക്കലും മാറാത്ത ചിത്രങ്ങളായി പതിഞ്ഞു. അന്ധകാരപൂർണ്ണമായ ആഫ്രിക്കയിൽ ക്രിസ്തീയ പ്രവർത്തനങ്ങൾ നടത്താം ഈ പുസ്തകം വായിച്ചത് ഡേവിഡ് ലിവിംഗ്സ്റ്റണു പ്രോത്സാഹനമായിത്തീർന്നു.
അമേരിക്കയുടെ ചരിത്രത്തിലെ ഏറെ ശ്രദ്ധേയനായിത്തീർന്ന പ്രസിഡന്റ് ഏബ്രഹാം ലിങ്കൺ തന്റെ ജീവിതത്തിന്റെ ദാരിദ്ര്യാവസ്ഥയിൽ നിന്ന് രാഷ്ട്രത്തിന്റെ പ്രഥമപൗരനായി തീർന്നതിന്റെ കാരണങ്ങളിൽ ഒന്ന് വായനയോടുള്ള ആവേശമായിരുന്നു. അവിചാരിതമായി കൈയ്യിൽ കിട്ടിയ The Blackstone’s commentaries on law എന്ന പുസ്തകം ലിങ്കനെ ഏറെ സ്വാധീനിച്ചു. ആ നിയമസംഹിത വായിക്കുകയും മനഃപാഠമാക്കുകയും ചെയ്തു. കൂട്ടുകാരിയുടെ പ്രോത്സാഹനം കൂടിയായപ്പോൾ ഒരു അഭിഭാഷകനായിതീരുവാനുള്ള പ്രേരണ ലഭിച്ചു. ആ അഭിവാഞ്ച തന്നെ രാജ്യത്തിന്റെ അദ്ധ്യക്ഷ പദവിയിലെത്തിച്ചു.
വായന എന്തിന്?, വായനയുടെ ലക്ഷ്യം എന്താണ്?
ലക്ഷ്യം എത്രയധികം തീവ്രമായിരുന്നുവോ അത്രയധികം വായന പ്രയോജനം ചെയ്യും. എന്തിനുവേണ്ടി വായിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്റെ ഫലം ഉണ്ടാകുന്നത് ഒരാൾ വായനശാലയിൽ കണ്ട വിജ്ഞാനകോശം മുഴുവൻ വായിച്ചുതീർത്തു എന്ന് കരുതുക. പ്രത്യേകമായ ലക്ഷ്യമൊന്നുമില്ലെങ്കിൽ അതുകൊണ്ട് സ്ഥായിയായ പ്രയോജനമുണ്ടാവുകയില്ല എന്ന് പി.എം.മാത്യു വെല്ലൂർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
'അറിവു നേടാൻ വായന വായിക്കുന്നു. അറിവില്ലാത്തവരുടെ ജീവിത നിലവാരം ശോചനീയമാണ്. ഭാഷയിൽ സ്വാധീനമുണ്ടാകാൻ വായന സഹായിക്കുന്നു'. Language is the dress of thoughts എന്ന ഡോ. ജോൺസന്റെ വാക്കുകൾ ഓർക്കുമല്ലോ.
സമയം വിലപ്പെട്ടതാകയാൽ അത് നഷ്ടമാക്കാതിരിപ്പാനും വായന സഹായിക്കും. ഇങ്ങനെ വായനകൊണ്ട് ഗുണങ്ങളേറെ.
വായിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുക, വേഗത്തിൽ വായിക്കുക എന്നീ കാര്യങ്ങളും പ്രധാനപ്പെട്ടതാണ്. നല്ല വായനക്കാർക്ക് വേഗം വായിച്ച് എളുപ്പത്തിൽ കാര്യം ഗ്രഹിക്കുവാൻ സാധിക്കുന്നു. മിനിട്ടിൽ ഏതാണ്ട് 250 വാക്കുകൾ വായിച്ചാൽ അത് സാധാരണ വായനയുടെ വേഗതയായി കണക്കാക്കാറുണ്ട്. എന്നാൽ, ഈ ആധുനിക യുഗത്തിൽ 300/400 വാക്കെങ്കിലും വായിക്കുന്നവനെയേ നല്ല വായനക്കാരനായി കരുതാനൊക്കൂ എന്നാണ് വിദഗ്ദാഭിപ്രായം.
ഇതു ഈബുക്സിന്റെയും ഡിജിറ്റൽ വായനയുടെയും കാലമാണ്. ഫെയ്ക്കുകളുടെ പുറകെ പോകാതിരിക്കുക. രചനകളുടെ ആധികാരികത ഉറപ്പിക്കാനും മറക്കരുത്. എഴുത്തുകാരെയും പ്രസാധകർക്കും ഓർക്കുവാനും ഈ മേഖലയിലെ സുവിശേഷ ദൗത്യത്തെ പ്രോത്സാഹിപ്പാനും ലോകപുസ്തകദിനം ഉപയോഗിക്കാം. ഏകാന്തതയിലെ നല്ല സ്നേഹിതരെപ്പോലെയുള്ള പുസ്തകങ്ങളെ ചേർത്തുപിടിക്കാം.
Advertisement
ലോക പുസ്തക ദിനത്തിൽ വായിക്കാൻ ഒരുപിടി പുസ്തകങ്ങൾ...
നിങ്ങളുടെ കോപ്പികൾ ഉറപ്പുവരുത്തുക
Advertisement





















സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































