എല്ലാറ്റിനും ഹാലേലുയ്യ!

എല്ലാറ്റിനും ഹാലേലുയ്യ!
ad
ad
ad

ജോമോൻ ജേക്കബ്, തൈച്ചേരിൽ 

ലോകം വിജയികളെ മാത്രം നോക്കി കയ്യടിക്കുമ്പോൾ, ജീവിതം നമ്മെ പഠിപ്പിക്കുന്നത് അതിലും വ്യത്യസ്തമായിട്ടാണ്; വിജയിച്ചവർക്കു മാത്രമല്ല, നന്ദി പറയാൻ പഠിച്ചവർക്കാണ് യഥാർത്ഥ ജീവിത സംതൃപ്തി ലഭിക്കുന്നത്. ഫിഫ വേൾഡ് കപ്പിന്റെ ഫൈനൽ വേദിയിൽ ലോകപ്രശസ്ത ഗായകൻ ജസ്റ്റിൻ ബീബർ "Everything Hallelujah" എന്ന ഗാനം ആലപിച്ചപ്പോൾ, അത് ഒരു സംഗീതാവിഷ്കാരം മാത്രമായിരുന്നില്ല; മനുഷ്യജീവിതത്തോടുള്ള ഒരു ഓർമ്മപ്പെടുത്തലായിരുന്നു. കിരീടം ഒരാൾക്കു മാത്രമേ ലഭിക്കൂ. എന്നാൽ നന്ദി അർപ്പിച്ചു കൊണ്ട്, ദൈവത്തെ സ്തുതിക്കാനുള്ള അവസരം എല്ലാവർക്കും ലഭിക്കുന്നു. ജയിച്ചാലും തോറ്റാലും, നേടിയാലും നഷ്ടപ്പെട്ടാലും, ദൈവത്തെ അനുധാവനം ചെയ്യുന്നവരുടെ  ജീവിതത്തിൽ എപ്പോഴും, എല്ലാറ്റിനും മുഴങ്ങേണ്ട ഏറ്റവും അർത്ഥവത്തായ വാക്കാണ് ഹല്ലേലൂയാ! 

കഷ്ടതകളെ അതിജീവിക്കുന്നത് നന്ദിയുള്ള ഹൃദയത്തിൽ നിന്നുള്ള ഹല്ലേലുയ്യ ആണ്. പ്രതിസന്ധി വേളയിലും അത് പാടുവാൻ കഴിയുന്നവർ സാഹചര്യങ്ങൾക്ക് അടിമയല്ല എന്നാണ് പ്രഖ്യാപിക്കുന്നത്. ബൈബിളിൽ ഇയ്യോബ് എല്ലാം നഷ്ടപ്പെട്ടപ്പോഴും, "യഹോവ തന്നു; യഹോവ എടുത്തു; യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ" ( ഇയോ 1:21) എന്ന യഥാർത്ഥ ഹല്ലേലൂയാ പാട്ടു പാടി. കാരണം, സ്തുതി( ഹല്ലേലുയ) എന്നത് എല്ലാം നല്ലതായതുകൊണ്ടല്ല; എല്ലാറ്റിനുമപ്പുറം ദൈവം നല്ലവനാണെന്ന ഉറപ്പ് പ്രാപിക്കുന്നതാണ്. അമേരിക്കൻ എഴുത്തുകാരൻ സിഗ്ലർ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്  "നന്ദിയുള്ള മനോഭാവമാണ് മനുഷ്യന്റെ ഏറ്റവും ആരോഗ്യകരമായ വികാരം" അതുകൊണ്ട് 'എല്ലാറ്റിനും ഹല്ലേലുയ'  പറയുന്ന ഹൃദയം പരാതികളെക്കാൾ നമ്മളിൽ പ്രത്യാശയെ വളർത്തും. 

എല്ലാറ്റിലും ഹല്ലേലുയ്യ പാടുക എന്നത്, പുതിയ തുടക്കങ്ങളുടെ വാതിലാണ്. പൗലോസും ശീലാസും ജയിലിൽ കിടന്നപ്പോൾ കരഞ്ഞില്ല; മറിച്ച് അവർ ഹല്ലേലുയ്യ പാടി. അവരുടെ സ്തുതി ആദ്യം അവരുടെ മനസ്സിൽ പതിഞ്ഞ വേദനകളിൽ നിന്ന് അവരെ സ്വതന്ത്രമാക്കി, പിന്നീട് അവരുടെ മുമ്പിൽ പ്രതിസന്ധി ആയിരുന്ന ജയിലിന്റെ വാതിൽ തുറന്നുകൊണ്ട് അവരെ സ്വതന്ത്രമാക്കി. സി. എസ്. ലൂയിസ് എഴുതുന്നു: "നല്ലതിനും നന്ദി പറയുക; പ്രയാസങ്ങൾക്കും നന്ദി പറയുക, അവ നമ്മെ കൂടുതൽ പക്വതയുള്ളവരാക്കി വിശ്വാസത്തിന്റെ സൗന്ദര്യത്തെ വർധിപ്പിക്കും". 

'ഹല്ലേലൂയാ' കേവലം ഒരു വാക്കിൽ തീർക്കേണ്ടതല്ല, മറിച്ച് അത് നമ്മുടെ ജീവിതശൈലി ആകേണ്ടതാണ്. അതുകൊണ്ട്,  സന്തോഷത്തിൽ മാത്രം അല്ല, കണ്ണീരിലും; സമൃദ്ധിയിൽ മാത്രം അല്ല, കുറവിലും; ഉത്തരങ്ങൾ ലഭിക്കുമ്പോൾ മാത്രം അല്ല, കാത്തിരിപ്പിന്റെ നിശ്ശബ്ദതയിലും ദൈവത്തെ സ്തുതിക്കുന്നവരാണ് ആത്മീയമായി ശക്തരായവർ. വിട്ടുമാറാത്ത 'ശൂലം' ശരീരത്തിൽ അനുഭവിക്കുമ്പോഴും, "ഞാൻ ബലഹീനനായിരിക്കുമ്പോൾ തന്നെ ശക്തനാകുന്നു, എന്റെ ബലഹീനതകളിൽ ഞാൻ സന്തോഷിക്കും (ഹല്ലേലുയ്യ പാടും ) എന്നു ഉറക്കെ പ്രഖ്യാപിച്ച അപ്പോസ്തലനായ പൗലോസിന് അത് പറയുവാൻ സാധിച്ചത്, ഏതൊരു അവസരത്തിലും ഹല്ലേലൂയാ പാടുക എന്നത് തന്റെ ആത്മീയ ജീവിത ശീലമായി മാറ്റിയതുകൊണ്ടാണ്. 

ചുരുക്കത്തിൽ, "Everything Hallelujah" എന്ന സന്ദേശം നമ്മെ ഓർമ്മിപ്പിക്കുന്നത് ഇതാണ്: ജീവിതം എല്ലായ്പ്പോഴും നമ്മുടെ ഉദ്ദേശ്യം പോലെ നടക്കില്ല; പക്ഷേ ദൈവത്തിന്റെ സാന്നിധ്യം നമ്മോടൊപ്പമുണ്ടെങ്കിൽ ഓരോ സാഹചര്യവും ഹല്ലേലുയ്യ കൃതജ്ഞത പാടുന്ന ആരാധനയുടെ വേദിയാക്കി മാറ്റാം. വിജയം കിട്ടുമ്പോൾ ഹല്ലേലൂയാ പറയുന്നത് സ്വാഭാവികമാണ്; എന്നാൽ പരാജയത്തിലും പ്രതിസന്ധിയിലും പ്രതീക്ഷയോടെ ഹല്ലേലൂയാ പറയാൻ കഴിയുന്ന ഹൃദയമാണ് യഥാർത്ഥ ആത്മീക  വിജയിയുടെ ഹൃദയം. അതുകൊണ്ട്, ഇന്ന് മുതൽ നമ്മുടെ ജീവിതത്തിന്റെ ഭാഷ പരാതിയല്ല, നന്ദിയാകട്ടെ ; നമ്മുടെ അധരങ്ങളുടെ ഗാനം ഭയമല്ല, "ഹല്ലേലൂയാ"യാകട്ടെ. കാരണം, നന്ദി പറയുന്നവൻ ജീവിതത്തെ മുമ്പിൽ നിന്ന് നേരിടും; ഹല്ലേലൂയാ പറയുന്നവൻ ജീവിതത്തെ ജയിക്കും.