ദൈവം നൽകുന്നത് അനന്ത സാധ്യതകൾ: പാസ്‌റ്റർ ഡോ. വർഗീസ് ഫിലിപ്പ്


ദൈവം നൽകുന്നത് അനന്ത സാധ്യതകൾ: പാസ്‌റ്റർ ഡോ. വർഗീസ് ഫിലിപ്പ്
ഐപിസി ബെംഗളുരു സെന്റർ വൺ കൺവൻഷൻ സമാപന ദിന സംയുക്ത ആരാധനയിൽ സംസ്ഥാന പ്രസിഡൻ്റ് ഡോ. വർഗീസ് ഫിലിപ്പ് (വലത്) പ്രസംഗിക്കുന്നു
ad
ad
ad

ഐപിസി ബെംഗളുരു സെന്റർ വൺ വാർഷിക കൺവൻഷന് അനുഗ്രഹീത സമാപനം

ചാക്കോ കെ.തോമസ്, ബെംഗളൂരു

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റർ വൺ 20-മത് വാർഷിക കൺവൻഷൻ ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ സമാപിച്ചു.  

ദൈവം മനുഷ്യനു നൽകിയിരിക്കുന്നത് അനന്ത സാധ്യതകളുടെ ലോകമാണെന്ന് സംസ്ഥാന പ്രസിഡൻ്റ് പാസ്‌റ്റർ ഡോ. വർഗീസ് ഫിലിപ്പ് പ്രസ്താവിച്ചു.

കൺവെൻഷൻ്റെ സമാപന ദിന സംയുക്ത ആരാധനയിൽ തിരുവത്താഴ ശുശൂഷയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അസാധ്യമെന്ന് വിധിയെഴുതുന്നിടത്ത് യുക്താതീതമായ വൻ സാധ്യതതകളാണ് അവിടുന്ന് തുറന്ന് തരുന്നത് . പ്രതിസന്ധികളുടെ മുൻപിൽ പകച്ചു നിൽക്കുന്നവർക്ക് അത്ഭുതകരമായ വഴികൾ അവിടുന്ന് ഒരുക്കി കാത്തിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു .

പാസ്റ്റർ സജി ചക്കുംചിറ അധ്യക്ഷനായിരുന്നു. പാസ്റ്റർ ബി.മോനച്ചൻ മുഖ്യ പ്രഭാഷണം നടത്തി.   

തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ.ഡോ.വർഗീസ് ഫിലിപ്പ് നേതൃത്വം നൽകി. നാല് ദിവസമായി നടന്ന  കൺവെൻഷനിൽ പാസ്റ്റർമാരായ കെ.കെ. മാത്യു നിലമ്പൂർ , ബി.മോനച്ചൻ കായംകുളം, ഡോ.എബി പീറ്റർ കോട്ടയം എന്നിവർ പ്രസംഗിച്ചു .

ക്രിസ്‌തീയ ഗായകൻ റ്റിബിൻ തങ്കച്ചനൊടൊപ്പം ഡിസ്ട്രിക്റ്റ് ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു. സുവിശേഷയോഗം, ഉപവാസ പ്രാർഥന, സോദരി സമാജം സമ്മേളനം , യുവജനങ്ങൾക്കായി പ്രത്യേക ഉണർവ് യോഗം,സൺഡെസ്കൂൾ പിവൈപിഎ വാർഷിക സമ്മേളനം എന്നിവ നടത്തി. 

ബെംഗളുരു സെന്റർ വൺ ഐപിസി യുടെ കീഴിലുള്ള 23 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും സംയുക്ത ആരാധനയിലും തിരുവത്താഴ ശുശ്രൂഷയിലും പങ്കെടുത്തു. 

പാസ്റ്റർ ജോർജ് ഏബ്രഹാം ( ജനറൽ കൺവീനർ), പാസ്റ്റർ സജി ചക്കുംചിറ (സെൻ്റർ സെക്രട്ടറി), പാസ്റ്റർ സാബു ജോൺ ( പബ്ലിസിറ്റി കൺവീനർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകി.