വഴി ഇതാകുന്നു, ഇതിലെ നടക്കുക
റവ. ജോർജ് മാത്യു പുതുപ്പള്ളി
നഗരത്തിലുള്ള ടൗൺ ഹാളിൽ പ്രസംഗിക്കുവാൻ പോകുകയായിരുന്നു സായിപ്പ്. വഴിയറിയാതെ വലഞ്ഞ അദ്ദേഹം നഗരത്തിൽ കണ്ട ഒരു ബാലനോട് ഇങ്ങനെ പറഞ്ഞു : 'കുഞ്ഞേ, ടൗൺ ഹാളിലേക്കുള്ള വഴി നീ എനിക്കു പറഞ്ഞുതന്നാൽ ഞാൻ നിനക്ക് സ്വർഗത്തിലേക്കുള്ള വഴി പറഞ്ഞുതരാം.' കുസൃതിക്കാരനായ ബാലൻ സായിപ്പിനോട് ചോദിച്ചു : 'തൊട്ടുമുമ്പിൽ കാണുന്ന ടൗൺ ഹാളിലേക്കുള്ള വഴിപോലും നിശ്ചയമില്ലാത്ത അങ്ങേക്ക്, സ്വർഗത്തിലേക്കുള്ള വഴി എങ്ങനെയാണ് അറിയുവാൻ കഴിയുന്നത് ?'
ലോകാരംഭം മുതൽ സ്വർഗത്തിലേക്കുള്ള വഴിയറിയുവാൻ സത്യാന്വേഷികളായ മനുഷ്യർ ശ്രമിക്കാറുണ്ട്. എല്ലാ മതങ്ങളിലുമുള്ളവർ രക്ഷയിലേക്കുള്ള മാർഗം എന്തെന്ന് അന്വേഷിച്ച് അലയുന്നു. പലർക്കും എത്ര ശ്രമിച്ചിട്ടും യഥാർത്ഥ വഴി കണ്ടുപിടിക്കുവാൻ കഴിയുന്നില്ല. ഇവിടെയാണ് യഥാർത്ഥ രക്ഷാമാർഗമായ യേശുക്രിസ്തുവിന്റെ പ്രസക്തിക്ക് തിളക്കമേറുന്നത്. വഴിയറിയാതെ വഴിതേടിയലയുന്നവരോട് യേശു പറയുന്നു : 'ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.' വിശുദ്ധ ത്രിത്വത്തിന്റെ (Holy Trinity) സുതാര്യമായ പ്രത്യേകത വിശദീകരിച്ച യേശു സ്വർഗത്തെക്കുറിച്ചുള്ള സകല സംശയങ്ങൾക്കും പൂർണ്ണ നിവാരണം വരുത്തി. യേശുവാകുന്ന യഥാർത്ഥ വഴിയിലൂടെ കോടാനുകോടികൾ സ്വർഗത്തിലേക്കുള്ള യഥാർത്ഥ പാത കണ്ടെത്തി.
ഇന്നും കർമമാർഗങ്ങളിലൂടെ വഴി തേടിയലഞ്ഞ് നിരാശരാകുന്ന അനേകരെ നമുക്കുചുറ്റും കാണുവാൻ കഴിയും. കർമമാർഗങ്ങളിലൂടെ ദൈവത്തെ കണ്ടെത്തുവാനോ പ്രസാദിപ്പിക്കുവാനോ കഴിയുകയില്ലെന്ന കാര്യം അവർ അറിയുന്നില്ല. വഴിയും സത്യവും ജീവനുമായ യേശുക്രിസ്തുവിനെ അറിയുന്നവർ യഥാർത്ഥത്തിൽ സ്വർഗരാജ്യം കണ്ടെത്തിക്കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം.
യേശു മഹാദൈവമാണെന്ന് തിരിച്ചറിഞ്ഞ പത്രൊസ് ഉച്ചത്തിൽ ഇപ്രകാരം വിളിച്ചു പറഞ്ഞു : 'മറ്റൊരുത്തനിലും രക്ഷയില്ല. നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻകീഴിൽ മനുഷ്യരുടെ ഇടയിൽ യേശു എന്ന നാമമല്ലാതെ വേറൊരു നാമവുമില്ല' അപ്പൊ. പ്രവൃത്തി 4 : 12).
യഥാർത്ഥ വഴിയും സത്യവും ജീവനും കണ്ടെത്തിയ സെന്റ് പോൾ ഇങ്ങനെ പ്രഖ്യാപിച്ചു : 'ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു. അവൻ എന്റെ ഉപനിധി ആ ദിവസംവരെ കാക്കുവാൻ ശക്തനെന്ന് ഉറച്ചുമിരിക്കുന്നു' (2 തിമൊ. 1 : 12). തന്റെ ജീവിതം മുഴുവൻ യേശുവാകുന്ന യഥാർത്ഥ വഴിയെക്കുറിച്ചും ഏക സത്യത്തെക്കുറിച്ചും നിത്യജീവനെക്കുറിച്ചും മറ്റുള്ളവരോട് പറയുവാൻ പൗലൊസ് ചെലവഴിച്ചു. സ്വാമി വിവേകാനന്ദൻപോലും യേശുവിനെക്കുറിച്ച് പ്രസ്താവിച്ചത് ഇങ്ങനെയായിരുന്നു : യേശുക്രിസ്തു ജീവിച്ച കാലത്ത് ഞാൻ പലസ്തീനിൽ ജീവിച്ചിരുന്നെങ്കിൽ ഞാൻ ആ പുണ്യാത്മാവിന്റെ പാദങ്ങൾ എന്റെ കണ്ണീരുകൊണ്ടല്ല, ഹൃദയരക്തംകൊണ്ടു കഴുകുമായിരുന്നു.'
ഇന്നും യഥാർത്ഥ വഴിതേടി അലയുന്ന സത്യാന്വേഷികൾക്കു മുമ്പിൽ ഇന്നും യേശുവിന്റെ മൃദുശബ്ദം മുഴങ്ങുന്നു : 'അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും'
(മത്തായി 11 : 28). ആശ്വസിപ്പിക്കാൻ ശ്രമിക്കാമെന്നല്ല, ആശ്വസിപ്പിക്കും എന്നത്രെ ഉറപ്പായി കർത്താവ് പറയുന്നത്. ആശ്വാസപ്രദനായ യേശുകാർത്താവിന്റെ മുമ്പാകെ കടന്നുവന്ന് ആർക്കും സൗജന്യമായി നിത്യസമാധാനവും പൂർണ്ണ ആശ്വാസവും പ്രാപിക്കാം.
ചിന്തക്ക് : 'ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിലൂടെ കടന്നുപോയൊരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്ക് ഉള്ളതുകൊണ്ട് നാം നമ്മുടെ സ്വീകാരം മുറുകെപ്പിടിച്ചുകൊൾക. നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിക്കുവാൻ കഴിയാത്തവനല്ല. പാപം ഒഴികെ സകലത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവന ത്രെ നമുക്കുള്ളത്. അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്ത് ചെല്ലുക' (എബ്രായർ 4 : 14...16).






