ആശ്വാസകാലങ്ങൾ ആവർത്തിയ്ക്കപ്പടുവാൻ... | റീചാർജ്ജ് ടുഡേ
റീചാർജ് ടുഡേ- 3
ആശ്വാസകാലങ്ങൾ ആവർത്തിയ്ക്കപ്പടുവാൻ...
പാസ്റ്റർ വി. പി. ഫിലിപ്പ്
വായനാഭാഗം: അപ്പൊ. പ്രവൃത്തികൾ 3
"ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന് മാനസാന്തരപ്പെട്ട് തിരിഞ്ഞുകൊൾവിൻ, എന്നാൽ കർത്താവിന്റെ സമ്മുഖത്തുനിന്ന് ആശ്വസകാലങ്ങൾ വരികയും നിങ്ങൾക്ക് മുൻ നിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ അവൻ അയക്കുകയും ചെയ്യും" (3:19,20)
വിശുദ്ധ പത്രോസിന്റെ പ്രസംഗങ്ങൾ അപ്പൊ. പ്രവൃത്തികളുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. രണ്ടാം അദ്ധ്യായം 17 മുതൽ ഉള്ള വാക്യങ്ങളിൽ ഒന്നാമത്തെ പ്രസംഗവും മൂന്നാം അദ്ധ്യായം 12 മുതലുളള വാക്യങ്ങളിൽ രണ്ടാമത്തെ പ്രസംഗവും രേഖപ്പെടുത്തിയിരിക്കുന്നു. ഇവ കൂടാതെ പത്രോസിന്റെ മറ്റു പ്രസംഗങ്ങളും കാണാം. മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്യം രണ്ടാമത്തെ പ്രസംഗത്തിൽ നിന്നാണ് ഉദ്ധരിച്ചിരിക്കുന്നത്.
രണ്ട് പ്രധാന നിർദ്ദേശങ്ങൾ പത്രോസ് ഇവിടെ നൽകുന്നു; (1) പാപങ്ങൾ മാഞ്ഞു കിട്ടേണ്ടതിന് മാനസാന്തരപ്പെടുക. (2) ദൈവത്തിങ്കലേക്ക് തിരിഞ്ഞുകൊൾക.
ഈ നിർദ്ദേശങ്ങൾ അനുസരിച്ചാൽ രണ്ട് പ്രധാനപ്പെട്ട വാഗ്ദത്തങ്ങൾ ലഭ്യമാകുമെന്ന് ഉറപ്പു നൽകുന്നു. (1) പാപങ്ങൾ മാഞ്ഞുകിട്ടും (2) കർത്താവിന്റെ സമ്മുഖത്തു നിന്ന് ആശ്വാസ കാലങ്ങൾ വരും. 'കർത്താവിന്റെ സന്മുഖത്തുനിന്ന്' എന്ന് ഉദ്ദേശിക്കുന്നത് രണ്ട് അർത്ഥങ്ങളിൽ മനസ്സിലാക്കാം (1) ആശ്വാസ കാലങ്ങൾ കർത്താവിങ്കൽ നിന്നു വരുന്നു. (2) ആശ്വാസകാലങ്ങൾ കർത്താവിന്റെ സന്നിധിയിൽ നിന്നു വരുന്നു.
ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും കാലത്തു ആശ്വാസം നൽകുവാൻ ഒരുവനു മാത്രമേ കഴിയുകയുള്ളൂ; അത് കർത്താവായ യേശുക്രിസ്തുവിനാണ്. നമുക്ക് ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നവർ ആശ്വാസത്തിനു പകരം വേദനകൾ ആയിരിക്കാം നൽകുന്നത്. എന്നാൽ ആശ്വാസത്തിനുവേണ്ടി ഉറപ്പോടെ നോക്കുവാൻ കർത്താവായ യേശുക്രിസ്തു മാത്രമേ ഉള്ളൂ. അവന്റെ അരികെ വന്നവർക്കെല്ലാം ആശ്വാസം ലഭിച്ചിട്ടുണ്ട്. “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ എല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വാസിപ്പിക്കും” (മത്തായി. 11:28) എന്ന് യേശുക്രിസ്തു അരുളിചെയ്തു കേൾക്കുമ്പോൾ തന്നെ മനസ്സിൽ ദിവ്യ ആശ്വാസത്തിന്റെ തണുപ്പ് അനുഭവിക്കും.
ഈ ആശ്വാസം നമുക്ക് നിത്യമായി അനുഭവിക്കണം എങ്കിൽ ആദ്യം പറയുന്ന രണ്ട് നിർദ്ദേശങ്ങൾ സമർപ്പണത്തോടെ അനുസരിച്ചേ മതിയാകുകയുള്ളൂ. മാനസാന്തരവും ദൈവത്തിങ്കലേക്ക് തിരിയുന്നതുമായ രണ്ട് അനുഭവങ്ങൾ ആശ്വാസകാലങ്ങൾ ലഭ്യമാകുവാൻ നമ്മിൽ അടിത്തറ പാകുകയാണ്.
കർത്താവിന്റെ സന്നിധിയിൽ വസിക്കുമ്പോഴാണ് അവിടുന്ന് തരുന്ന ആശ്വാസം അനുഭവിക്കുവാൻ കഴിയുന്നത്. മിഷണറി യാത്രാ മദ്ധ്യേ വൈഷമ്യങ്ങൾ നേരിടുകയും ചിലപ്പോൾ ഏകനായി സഞ്ചരിക്കുകയും ചെയ്യേണ്ടി വന്ന പൗലോസ് ഇങ്ങനെ പറയുന്നു “ക്രിസ്തുവിൽ ഞങ്ങളെ ഏപ്പോഴും ജയോത്സവമായി നടത്തുകയും എല്ലായിടത്തും ഞങ്ങളെക്കൊണ്ട് തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന് സ്‌തോത്രം” (2കൊരി. 2:14).
നൊമ്പരങ്ങൾ വർദ്ധിപ്പിക്കുന്ന നിരവധി സാഹചര്യത്തിലൂടെ ഭക്തൻ കടന്നുപോയി. സകല വിധത്തിലും കഷ്ടം സഹിക്കേണ്ടി വന്നു. ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നു, ഉപദ്രവം സഹിക്കേണ്ടിവന്നു. ചിലപ്പോഴൊക്കെ താൻ വീണു പോയി എന്നാൽ “യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ വെളിപ്പെടേണ്ടതിന് യേശുവിന്റെ മരണം ശരീരത്തിൽ എപ്പോഴും വഹിക്കുന്നു” എന്ന് പറഞ്ഞ് പൗലോസ് അവയെല്ലാം അതിജീവിച്ചു (2കൊരി. 4:7-10).
ആശ്വാസ കാലങ്ങൾ എന്നത് സുഖകരമായ ആഡംബര കാലങ്ങളായി നാം തെറ്റിദ്ധരിക്കരുത്. മറിച്ച് പ്രശ്‌നങ്ങളുടെ മദ്ധ്യേ ദൈവ സാന്നിധ്യം അനുഭവിക്കുന്ന ദിവ്യസമാധാനത്തിന്റെ നാളുകൾ ആയിരിക്കും അത്. യേശുക്രിസ്തുവിന്റെ ഒന്നാം വരവ് കാത്തിരുന്ന ഭക്തന്മാരായ യഹൂദന്മാർക്ക് ആശ്വാസത്തിന്റെ നാളുകളായി തീർന്നെങ്കിൽ ആശ്വാസകാലങ്ങൾക്കായി കാത്തിരിക്കുന്ന നമുക്ക് കർത്താവിന്റെ മാർവ്വിൽ നവോൻമേഷം ഏകുന്ന ആശ്വാസ കാലങ്ങൾ ലഭ്യമാകട്ടെ!
ഇവിടെ പറയുന്ന ആശ്വാസകലങ്ങൾ കൃത്യമായും പരിശുദ്ധാത്മാവിനെക്കുറിച്ചു പാറുന്ന ഉണർവിന്റെ കാലമാണ്. ആ ഉണർവിന്റെ കാലങ്ങൾ ആവർത്തിക്കപ്പെടട്ടെ.
സമർപ്പണ പ്രാർത്ഥന
ദിവ്യ ആശ്വാസത്തിന്റെ ഉറവിടമായ സ്വർഗ്ഗസ്ഥനായ പിതാവേ, ഞങ്ങൾ ഇന്ന് അനുഭവിക്കുന്ന നൊമ്പരങ്ങളെ അതിജീവിപ്പാൻ അവിടുന്ന് ഞങ്ങളെ ആശ്വസിപ്പിക്കേണമേ! ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ. തിരുസന്നിധിയിലേക്ക് മടങ്ങിവരികയും അങ്ങേക്കായി ഞങ്ങളെ സമർപ്പിക്കുകയും ചെയ്യുന്നു. ആശ്വാസകലങ്ങൾ ഞങ്ങളിൽ ആവർത്തിക്കണമേ, ആമേൻ.
റീചാർജ് ടുഡേ-2
ഭയത്തെ പുറത്താക്കുന്ന ദൈവ സാന്നിധ്യം
പാസ്റ്റർ വി.പി. ഫിലിപ്പ്
വായനാഭാഗം: യെശയ്യാവ് :41
ധ്യാനവാക്യം: യെശ. 41: 10 'നീ ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്; ഭ്രമിച്ചുനോക്കേണ്ട, ഞാൻ നിന്റെ ദൈവമാകുന്നു. ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും'.
യോഹന്നാൻ 3: 16- കഴിഞ്ഞാൽ ബൈബിളിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വാക്യമാണിത്. ജീവിതത്തിന്റെ പ്രതിസന്ധികളിൽ എന്നെ ഏറ്റവും ശക്തീകരിച്ച വാക്യവും ഇതുതന്നെ. പ്രത്യേകിച്ചും, 'അണയാത്ത അഗ്‌നിജ്വാല' എന്ന പുസ്തകത്തിന്റെ രചനാവേളയിലാണ് ദൈവം ഈ വാക്യത്തിലൂടെ എന്നോടു സംസാരിച്ചത്. പരിശുദ്ധാത്മാവിന്റെ പഠനവും ഉണർവ് ചരിത്രവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ദൈവശബ്ദംകേട്ട് പുസ്തകരചന ആരംഭിച്ചു. രചനയുടെ അവസാനദിവസങ്ങളിൽ ഞാൻ ന്യൂമോണിയ ബാധിതനായി രണ്ടുപ്രാവശ്യം ആശുപത്രിയിൽ അഡ്മിറ്റായി. എഴുത്തിലോ എഡിറ്റിംഗിലോ എനിക്ക് ശ്രദ്ധിക്കുവാൻ കഴിയാതെയായി. ഇരുന്ന് എഴുതുവാനും കഴിയുന്നില്ല.
വേദനിച്ച ഒരു രാത്രി ദൈവം എന്നോട് ഈ വാക്യത്തിലൂടെ സംസാരിച്ചു; 'നീ ഭയപ്പെടേണ്ട ഞാൻ നിന്നോടുകൂടെയുണ്ട്... എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും'. ഞാൻ എഴുന്നേറ്റു. ഈ വാക്യം ഒരു വെള്ളപ്പേപ്പറിൽ എഴുതി എന്റെ മുറിയുടെ ഭിത്തിയിൽ ഒട്ടിച്ചു. എല്ലാദിവസവും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഈ വാക്യം ഉരുവിട്ടു. അതെ, ദൈവം എന്നെ ശക്തീകരിച്ചു. എന്റെ രചന ദിവസങ്ങൾകൊണ്ട് പൂർത്തിയാക്കി. ദൈവകൃപയാൽ ആ പുസ്തകത്തിന്റെ മൂന്നാം പതിപ്പ് ഇപ്പോൾ പുറത്തിറങ്ങി.
ഈ വാക്യം നിങ്ങൾക്കും ഒരു അനുഗ്രഹമായിത്തീരട്ടെ. ഓരോദിവസവും ഒന്ന് എന്ന ക്രമത്തിൽ ഒരു വർഷത്തേക്ക് 'ഭയപ്പെടേണ്ട' എന്ന സന്ദേശം വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
മനുഷ്യന്റെ ഏഴുവിധ പ്രശ്‌നങ്ങളോടുള്ള മറുപടിയാണ് ഈ വാക്യം.
- ഭയപ്പെടുന്നവരോട് (നീ ഭയപ്പെടേണ്ട)
- എനിക്ക് ആരുമില്ല എന്നു പറയുന്നവരോട് (ഞാൻ നിന്നോടുകൂടെയുണ്ട്)
- ഭ്രമിക്കുന്നവരോട് (ഭ്രമിച്ചുനോക്കേണ്ട)
- ദൈവമേ, നീ ഇതു കാണുന്നില്ലേ, നീ എവിടെ? എന്നു ചോദിക്കുന്നവരോട് (ഞാൻ നിന്റെ ദൈവം ആകുന്നു).
- ഞാൻ ക്ഷീണിതനാണ് എന്നു പറയുന്നവരോട് (ഞാൻ നിന്നെ ശക്തീകരിക്കും)
- എന്നെ സഹായിപ്പാൻ ആരുമില്ല എന്നു പറയുന്നവരോട് (ഞാൻ നിന്നെ സഹായിക്കും).
- എല്ലാവരും എന്നെ കൈവിട്ടു എന്നു പറയുന്നവരോട് (എന്റെ നീതിയുള്ള വലങ്കൈകൊണ്ട് ഞാൻ നിന്നെ താങ്ങും).
പ്രിയരെ, ഓരോ ദിവസങ്ങളിലും ഈ വാക്യം നമ്മെ ശക്തീകരിക്കട്ടെ. ദൈവത്തിന്റെ സാന്നിധ്യം ഭയത്തെ പുറത്താക്കുന്നു എന്ന് അറിയുക. നമ്മുടെ ഭവനങ്ങളിലും ആ ദൈവ സാന്നിധ്യം നിറയപ്പെടട്ടെ. ബില്ലി ഗ്രഹാം പറഞ്ഞതുപോലെ “നമ്മുടെ ഭവനങ്ങൾ ആതിഥ്യമരുളുന്ന ഇടങ്ങളായിരിക്കണമെന്നും, നമ്മുടെ ഭവനത്തിലേക്ക് കടന്നുവരുകയും അവിടെനിന്ന് പുറത്തേക്കുപോകുകയും ചെയ്യുന്ന ഓരോരുത്തരും ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിക്കണമെന്നും ബൈബിൾ നമ്മെ പഠിപ്പിക്കുന്നു.”
സമർപ്പണപ്രാർത്ഥന: 'സൃഷ്ടാവാം ദൈവമേ, അങ്ങ് എന്നെ ധൈര്യപ്പെടുത്തുകയും ശക്തീകരിക്കുകയും ചെയ്യുന്നതിനു ഞാൻ നന്ദി പറയുന്നു. അങ്ങയുടെ നീതിയുള്ള വലങ്കൈകൊണ്ട് എന്നെ താങ്ങിയിരിക്കയാൽ സ്‌തോത്രം. എന്നും അങ്ങയോട് നന്ദിയുള്ളവരായി ജീവിക്കുവാൻ എന്നെ സമർപ്പിക്കുന്നു. ആമേൻ.'
റീചാർജ്ജ് ടുഡേ 1
മടങ്ങുക; അപ്പന്റെ വീട്ടിലേക്ക്
ഡോ. വി. പി. ഫിലിപ്പ്
ധ്യാന ഭാഗം: ലൂക്കോസ് 15:17,18
"അപ്പോൾ സുബോധം വന്നിട്ടു അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ടു നശിച്ചുപോകുന്നു.
ഞാൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ ചെന്നു അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു."
ലൂക്കോസ് 15 ലെ 3 ഉപമകളിൽ ഏറ്റവും അധികം വിശദീകരിക്കുന്ന ഉപമ നഷ്ടപ്പെട്ടു പോയ മകന്റെ ഉപമയാണ്. ഒന്നാമത്തെ ഉപമ വിശദീകരിക്കുവാൻ നാലു വാക്യങ്ങളും രണ്ടാമത്തെ ഉപമ വിശദീകരിക്കുവാൻ 3 വാക്യങ്ങളും എടുക്കുമ്പോൾ, മൂന്നാത്തെ ഉപമ വിശദീകരിക്കുവാൻ 22 വാക്യങ്ങൾ എടുക്കുന്നു. യേശുവിന്റെ ഉപമകളിൽ ഏറ്റവും ദീർഘമായ ഉപമയാണിത്.
യേശു പറയുന്ന മൂന്നാമത്തെ ഉപമയിൽ വീട്ടിലെ ഇളയ മകൻ അവന് വരേണ്ടുന്ന വസ്തുവിലെ പങ്ക് അപ്പനോട് ചേദിക്കുന്നു. അക്കാലത്ത് ജീവിച്ചിരിക്കുന്ന അച്ഛനോട് മകൻ വസ്തു ചോദിക്കുന്നത് അപ്പൻ മരിച്ചതായി കണക്കാക്കുന്നതിനു തുല്ല്യമാണ്. എന്നാൽ ഈ അപ്പൻ അവൻ ചേദിച്ചത് കൊടുത്തു. ചോദിക്കുന്നതിലോ കൊടുക്കുന്നതിലോ തെറ്റില്ല. എന്നാൽ ഇളയ മകൻ അത് ഉപയോഗിച്ചതിൽ ഗുരുതരമായ തെറ്റുകൾ സംഭവിച്ചു.
അവന്റെ പങ്കുമായി വീട്ടിൽ നിന്നും അകലും തോറും പാപത്തിലേക്ക്, ശൂന്യതയിലേക്ക് അവൻ അകലുകയായിരുന്നു. സ്വർഗ്ഗസ്ഥ പിതാവാം ദൈവത്തിൽ നിന്ന് അകലുന്ന മനുഷ്യന്റെ പരാചയത്തിന്റെ ചിത്രമാണിത്. ദുർന്നടപ്പുകാരനായി ജീവിച്ച് വസ്തു നാനാവിധമാക്കിയ ഇളയമകൻ പന്നികളോടൊപ്പം വയർ നിറയ്ക്കുവാൻ ആഗ്രഹിക്കുകയാണ്.
ഒന്നാമത്തെ ഉപമയിലെ കാണാതെ പോയ ആടിന് തനിയെ മടങ്ങാൻ കഴികയില്ല. ഇടയൻ തേടിവന്നു. രണ്ടാമത്തെ ഉപമയിലെ ദ്രഹ്മയ്ക്ക് ഉടമസ്ഥതയുടെ അരികിലേക്ക് തനിയെ മടങ്ങുവാൻ കഴിയുകയില്ല. ഉടമസ്ഥ തേടി ചെന്നു. എന്നാൽ മൂന്നാമത്തെ ഉപമയിലെ നഷ്ടപ്പെട്ട മകന് തനിയെ വീട്ടിലേക്ക് മടങ്ങി ചെല്ലുവാൻ കഴിയും. അവന് ആവശ്യം സുബോധവും മാനസാന്തരവുമാണ്. സ്വന്തമായി ഒരു വീടുണ്ടെന്നും ആ വീട്ടിൽ ഒരപ്പനുണ്ടെന്നും മകന്റെ മടങ്ങിവരവിനായി ആ പിതാവ് കാത്തിരിക്കുന്നു എന്നു തിരിച്ചറിയുക. അപ്പന്റെ സ്‌നേഹം വലുതാണ്. അവർണ്ണനീയമാണ്, അപ്പൻ മകനെ കണ്ടു. മനസ്സലിഞ്ഞു, ഓടിചെന്നു, ചുംബിച്ചു. മനുഷ്യന്റെ മാനസാന്തരത്തോട് എന്നും ദൈവം പ്രതികരിക്കുന്നു.
അപ്പൻ മൂന്ന് കാര്യങ്ങൾ മകനുവേണ്ടി ചെയ്യുകയാണ്. 1. അങ്കിധരിപ്പിച്ചു. സ്വീകരണവും ആദരവും നൽകുകയാണ്. 2. കൈക്ക് മോതിരം ധരിപ്പിച്ചു. അംഗീകാരവും അധികാരവും നൽകുകയാണ്. ഇനി യാചകനുമല്ല നഷ്ടപ്പെട്ടവനുമല്ല. 3. കാലിൽ ചെരിപ്പിട്ടുകൊടുത്തു. പുത്രത്വത്തിലേക്കുളള യഥാ സ്ഥാപനത്തെ കുറിക്കുന്നു. യേശു കർത്താവിന്റെ അങ്കി അവനെ ക്രൂശിച്ചവർ കൈക്കലാക്കിയതും യേശുവിന്റെ കൈകാലുകളിൽ കാരിരുമ്പ് ആണി പച്ചമരകുരിശിനോട് ചേർത്ത് അടിച്ചതും നമ്മെ പുത്രൻമാരും പുത്രമാരും ആക്കുവാനാണെന്ന് ഇവിടെ ഓർക്കുക. അതാണ് ദൈവരാജ്യത്തിന്റെ സുവിശേഷം.
സമർപ്പണ നിയോഗം: മടങ്ങുക; അപ്പന്റെ ഭവനത്തിലേക്ക്, ഇന്നുതന്നെ.
പ്രാർത്ഥന: "സ്വർഗ്ഗസ്ഥനായ പിതാവേ, ഞാൻ മടങ്ങിവരുന്നു. എന്നിൽ നൽകിയ സുബോധത്തിനായി സ്തോത്രം, ആമേൻ"




