ചിരകാല സുഹൃത്ത് സി.വി. മാത്യു സാറുമായി ഓർമ്മകൾ പങ്കിട്ട് പാസ്റ്റർ കെ.എ. തോമസ്
കെ.ജെ. ജോബ് വയനാട്
തൃശ്ശൂർ: അര നൂറ്റാണ്ട് മുമ്പ് ഒരുമിച്ച് പ്രവർത്തിച്ച ചിലകാല സുഹൃത്തും പെന്തക്കോസ്ത് പത്ര തറവാട്ടിലെ കാരണവരുമായ സി. വി. മാത്യുസാറിനെ കാണാൻ പാസ്റ്റർ കെ. എ.തോമസ് എത്തി. 1972 മുതൽ ചില വർഷങ്ങളാണ് തോമസും സി.വി. സാറും ഇന്ത്യാ എവരി ഹോം ക്രൂസേസിൽ ഒരുമിച്ച് ഉണ്ടായിരുന്നത്. കേരളത്തിലും ഉത്തരേന്ത്യയിലും പ്രവർത്തിച്ചിട്ടുള്ള ആളാണ് തോമസ്. കോട്ടയം ഓഫീസിൽ പ്രസിദ്ധീകരണങ്ങളുടെയും അനുധാവന പ്രവർത്തനങ്ങളുടെയും ചുമതലയിൽ ഒരേ പോലെ പ്രവർത്തിച്ചിട്ടുള്ള ആളാണ് സി.വി.മാത്യു സാർ. ഊഷ്മളമായ ബന്ധം അന്നുമുതലാണ് രൂപപ്പെട്ടത്. പൊതുവേ സൗമ്യനും ശാന്തനും ആയ സി.വി. സാർ സ്നേഹബന്ധങ്ങൾക്ക് വില കൊടുക്കുന്ന ആളുമാണ്.
കെ.എ. തോമസ് തിരുവല്ല ഷാരോൻ ബൈബിൾ കോളേജിൽ 1969 ബാച്ചിൽ പഠനം കഴിഞ്ഞാണ് ഇന്ത്യ എവരിഹോം ക്രൂസേഡിൽ ജോയിൻ ചെയ്തത്. ചില വർഷങ്ങൾ എവരി ഹോം ക്രൂസേഡിൽ പ്രവർത്തിച്ചശേഷം തോമസ് ബോംബെയിലെ ഗാഡ്കൂപ്പർ പെന്തക്കോസ്ത് ദൈവസഭയിലും സെക്കന്ദരാബാദ് - ഫത്തേനഗർ റിവൈവൽ ഏ.ജി ചർച്ചിലും സഭാ ശുശ്രൂഷകനായും പ്രവർത്തിച്ചു. പിന്നീട് ഹൈദരാബാദ് കുക്കടപള്ളിയിൽ പുതിയ പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ ഐ.പി.സി.യുമായി ബന്ധപ്പെട്ടു നിൽക്കുന്നു.
സെക്കന്ദരാബാദ് സിറ്റിയിൽ 160കിലോമീറ്റർ അങ്ങനെയുള്ള ഗ്രാമപ്രദേശമായ ദേവരഗുണ്ടയിൽ, തിരുവല്ല നിരണം കടപ്ര കേന്ദ്രമായി പ്രവർത്തിക്കുന്ന ഫെബ്രോൺ ഗോസ്പൽ തിയോളജിക്കൽ സെമിനാരിയുടെ ഒരു എക്സ്റ്റൻഷൻ ട്രെയിനിങ് സെന്റർ പാസ്റ്റർ തോമസ് നടത്തിവരുന്നു.അവിടെ നിന്ന് ഓരോ വർഷവും പഠിച്ചിറങ്ങുന്ന തദ്ദേശീയരായ വിദ്യാർത്ഥികളെ ശുശ്രൂഷയിൽ കൈത്താങ്ങി വരുന്നു പാസ്റ്റർ തോമസിന്റെ ജീവിതപങ്കാളിയായിരുന്ന എസ്തേർ തോമസ് എന്ന മോളി 2023ൽ കർത്താവ് ഏൽപ്പിച്ച ജോലി തികച്ച് യാത്രയായി. എങ്കിലും തളരാതെ 77 കാരനായ തോമസ് ഇപ്പോഴും തന്നാൽ ആവോളം കർത്താവിനു വേണ്ടി പ്രവർത്തിക്കുന്നതിൽ സി.വി. മാത്യുസാർ ദൈവത്തിന് നന്ദി പറയുകയും മുൻ സഹപ്രവർത്തകനെ ഹൃദയപൂർവ്വം അഭിനന്ദിക്കുകയും ചെയ്തു.
തോമസിന്റെ മക്കളായ ഷീബ, ഫേബ എന്നിവർ കുടുംബമായി അമേരിക്കയിലും ഇളയ മകൾ ബ്ലസ്സിയും കുടുംബവും ഹൈദരാബാദിലും താമസിക്കുന്നു. പാസ്റ്റർ തോമസിന് ഏഴു കൊച്ചു മക്കളും ഉണ്ട്.
Advertisement


















































































