ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജത്തിന് പുതിയ നേതൃത്വം


ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജത്തിന് പുതിയ നേതൃത്വം
ad
ad
ad

കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു.

പ്രസിഡന്റ്: ജയമോൾ രാജു, വൈസ് പ്രസിഡന്റുമാർ: ഓമന ബാബു, ലീലാമ്മ വർഗ്ഗീസ്,  സെക്രട്ടറി: ഒമേഗ സുനിൽ, ജോയിന്റ് സെക്രട്ടറിമാർ: ഗീത സണ്ണി, ഡെയ്സി സജി, ട്രഷറർ: ബീന എബ്രഹാം എന്നിവരാണ് ഭാരവാഹികൾ.

ഇലക്ഷൻ കമ്മീഷണറായി പീറ്റർ മാത്യു കല്ലൂരും റിട്ടേണിംഗ് ഓഫീസർമാരായി സജി മത്തായി കാതേട്ടും ജോജി മാത്യൂസും പ്രവർത്തിച്ചു.

ചങ്ങനാശ്ശേരി മാമ്മൂട് സ്വദേശിനിയായ ജയമോൾ രാജു, ഐപിസി ശുശ്രൂഷകനായ പാസ്റ്റർ രാജു ജോണിന്റെ സഹധർമ്മിണിയാണ്. പ്രൊഫ.ജെറിൻ രാജു ജോൺ, ഡോ. എന്സഫർ ജെറിൻ, ഡോ. ജെഫ്രിൻ രാജു ജോൺ എന്നിവരാണ് മക്കൾ. ഭർത്താവിനോടൊപ്പം ഹൈദരാബാദ്, വാളകം, കറുകച്ചാൽ, കൊട്ടാരക്കര, പത്തനംതിട്ട, ബഹ്റീൻ, ചെന്നൈ തുടങ്ങിയ വിവിധ സെന്ററുകളിൽ കർത്തൃവേലയിൽ പങ്കാളിയായിട്ടുണ്ട്.  28 വർഷമായി സോദരി സമാജ പ്രവർത്തനരംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്നു. കറുകച്ചാൽ സെന്റർ സോദരി സമാജം സെക്രട്ടറിയായും, പത്തനംതിട്ട സെന്ററിൽ വൈസ് പ്രസിഡന്റ്, സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും, കുമ്പനാട്, പത്തനംതിട്ട മേഖലകളിൽ കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജത്തിൽ കൗൺസിൽ അംഗം, ജോയിന്റ് സെക്രട്ടറി, സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങളും നിർവഹിച്ചിട്ടുള്ള ജയമോൾ രാജു,   ഒരു അനുഗ്രഹീത കൺവെൻഷൻ പ്രഭാഷക കൂടിയാണ്. വേദശാസ്‌ത്രത്തിലും ക്രിസ്ത്യൻ കൗൺസിലിംഗിലും ബിരുദം നേടിയിട്ടുള്ള ജയമോൾ രാജു ആത്മീയമായും സാമൂഹികമായും സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരെ കർത്തൃവേലയിൽ പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. നിലവിൽ തിരുവല്ല സെന്ററിലെ പെനിയേൽ ആനപ്രമ്പാൽ സഭയിലാണ് ഇവർ ശുശ്രൂഷ ചെയ്തുവരുന്നത്.

വൈസ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട ഓമന ബാബു കോട്ടയം പാമ്പാടി സ്വദേശിനിയാണ്. കേരള ഗവ.സർവീസിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആയിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ബാബു മാത്യു ആണ് ഭർത്താവ്. ദീർഘ വർഷങ്ങൾ ഐപിസി പാമ്പാടി സെന്റർ സോദരി സമാജം സെക്രട്ടറിയായും  സ്റ്റേറ്റ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പാമ്പാടി ബെഥേൽ സഭാംഗവും  സോദരിസമാജം സെക്രട്ടറിയുമാണ്. മക്കൾ രണ്ടുപേർ. നാലു കൊച്ചുമക്കളും ഉണ്ട്. മക്കൾ കുടുംബമായി വിദേശത്താണ്.

വൈസ് പ്രസിഡണ്ടായി  തെരഞ്ഞെടുക്കപ്പെട്ട ലീലാമ്മ വർഗീസ് പത്തനംതിട്ട ഏഴംകുളം സ്വദേശിനിയായ ലീലാമ്മ വർഗീസ്, അടൂർ ആനന്ദപള്ളി പാസ്റ്റർ എം. ഗീവർഗീസിന്റെ ഭാര്യയാണ്. 39 വർഷമായി ഐപിസി ശുശ്രൂഷാരംഗത്ത് സജീവമായ ഇവർക്ക് രണ്ടു മക്കളുണ്ട്. അടൂർ ഈസ്റ്റ്, കലയപുരം, പന്തളം സെന്ററുകളിൽ സോദരി സമാജം ഭാരവാഹിയായും, കുമ്പനാട് മേഖലയിൽ വിവിധ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ പന്തളം സെന്റർ പബ്ലിസിറ്റി കൺവീനറായും, പുതുച്ചിറ പെട്ടി സഭയിൽ ശുശ്രൂഷയിലും പങ്കാളിയാവുന്നു. 

സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ഒമേഗ സുനിൽ പത്തനംതിട്ട ജില്ലയിലെ സീതതോട്ടിൽ ഓർത്തഡോക്സ് വിശ്വാസത്തിലുള്ള ആനക്കുഴിക്കൽ ചാക്കോ വർഗീസ് - സാറാമ്മ ദമ്പതികളുടെ മകളായി ജനിച്ചു. ഒമ്പതാം വയസ്സിൽ രക്ഷിക്കപ്പെട്ടു കുമ്പനാട് കൺവെൻഷനിൽ പാസ്റ്റർ പി എം ഫിലിപ്പിന്റെ പ്രസംഗസമയത്ത് ആത്മനിറവ് പ്രാപിച്ചു. ബീഹാറിലെ പൂർണിയയിൽ നാലുവർഷം സുവിശേഷയായിരുന്നു. 2002 ൽ പാസ്റ്റർ സുനിൽ വേട്ടമലയുമായി വിവാഹം നടന്നു . സോദരി സമാജം സംസ്ഥാന ജോയിൻ സെക്രട്ടറിയായി ആറുവർഷം പ്രവർത്തിച്ചിട്ടുണ്ട്. മൂന്നു വർഷത്തിനുശേഷം സെക്രട്ടറിയായി ചുമതയിലേക്ക് എത്തിയിരിക്കുന്നു. മുണ്ടക്കയം, കുറവിലങ്ങാട് സെന്ററുകളുടെ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് സ്ഥാനങ്ങൾ നിർവഹിച്ചിരുന്നു. മക്കൾ: ആഗ്നസ്, ഫ്രാഗ്രൻസ്, ആൽബറൈറ്റ്.

തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിയായ ഗീതാ സണ്ണി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ സണ്ണി ജോർജിന്റെ ഭാര്യയാണ്. തിരുവനന്തപുരം വെസ്റ്റ്, പേരൂർക്കട സെന്ററുകളിലായി 30 വർഷം കുടുംബമായി ശുശ്രൂഷയിൽ പങ്കാളിയായിരുന്നു. ഇരു സെന്ററുകളിലും സോദരി സമാജം ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികൾ വഹിച്ച ഇവർക്ക് രണ്ടു മക്കളുണ്ട്. നിലവിൽ പേരൂർക്കട സെന്റർ സോദരി സമാജം സെക്രട്ടറിയായും മേഖലാ സെക്രട്ടറിയായും പ്രവർത്തിക്കുന്നു.

ജോയിന്റ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ഡെയ്സി സജി തൃശ്ശൂർ ജില്ലയിൽ ആൽപ്പാറയിൽ ജനിച്ചു വളർത്തപ്പെട്ടു. കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് സ്വദേശിയായ പാസ്റ്റർ സജി എബ്രഹാമിന്റെ സഹധർമ്മിണിയാണ്. 30 വർഷമായി സുവിശേഷവേലയിൽ കുടുംബസമേതം ആയിരിക്കുന്നു. ഏക മകൾ നേഴ്സ് ആയി ജോലി ചെയ്യുന്നു. ആറ് വർഷം മലബാർ മേഖലാ സെക്രട്ടറിയായും ആറു വർഷം കാസർഗോഡ് സെന്റർ സോദരി സമാജം സെക്രട്ടറിയായും പ്രവർത്തിച്ചു. ഇപ്പോൾ പാലക്കാട് നോർത്ത് സെന്ററിന്റെ ഐപിസി ശാലേം കരിമ്പ സഭയുടെ ശുശ്രൂഷയിൽ ആയിരിക്കുന്നു.

ട്രഷററായി തെരെഞ്ഞെടുക്കപ്പെട്ട ബീന കുന്നേൽ എബ്രഹാം മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയാണ്. പത്തനാപുരം വയലായിൽ പാസ്റ്റർ ബിജു മത്തായി (ഐപിസി സൗദി റീജിയൻ വൈസ് പ്രസിഡൻ്റ്) ആണ് ഭർത്താവ്. മക്കൾ: രൂഫോസ്,ഗായോസ്,ലോവിസ്. 24 വർഷമായി വിദേശത്ത് ജോലിയോടൊപ്പം ശുശ്രൂഷയിൽ ആയിരുന്നു. റിയാദ് റീജിയണിൽ സോദരി സമാജത്തിന്റെ പ്രവർത്തകയായിരുന്നു. പത്രപ്രവർത്തനത്തിലും  സജീവമായിരുന്നു. അഞ്ചുവർഷമായി ക്രിസ്ത്യൻ കൗൺസിലറായും സാമൂഹിക പ്രവർത്തകയായും പ്രവർത്തിക്കുന്നു. ഐപിസി പത്തനാപുരം സെൻ്ററിൽ വയലാസഭാംഗമാണ്.