സമ്പത്തിലും സമയത്തിലും ദശാംശം പൂർണ്ണമായി നൽകിയ പ്രാർത്ഥനാ വനിത

സമ്പത്തിലും സമയത്തിലും ദശാംശം പൂർണ്ണമായി നൽകിയ പ്രാർത്ഥനാ വനിത

തയ്യാറാക്കിയത്: ജോജി ഐപ്പ്  മാത്യൂസ്

ത്മീയ തീഷ്ണതയിൽ തുടങ്ങിയ ബാല്യം ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ അനേകർക്ക് അത്താണിയായ വാർദ്ധ്യക്യമായാണ് ഈ ലോക ജീവിതത്തോട് വിട ചൊല്ലുന്നത്.

സമ്പത്തിൻ്റെ ദശാംശം മാത്രമല്ല സമയത്തിൻ്റെ ദശാംശവും പൂർണ്ണമായി ദൈവത്തിനു നൽകിയ പ്രാർത്ഥനാവനിതയായിരുന്നു റോസമ്മ മാത്യു എന്ന ചിന്നമ്മ.

നാട്ടിലെല്ലാവർക്കും സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ ബാലപാഠങ്ങൾ പകർന്ന് സമൂഹത്തിൽ ഉത്തമ പൗരന്മാരായി വളർത്തിയെടുത്തതിൽ താൻ വഹിച്ച പങ്ക് ചെറുതല്ല. നാലു പതിറ്റാണ്ടോളം അധ്യാപികയായും പ്രഥമാധ്യാപികയായും കുട്ടികളോടൊപ്പം നടന്നു. ഇതിനിടയിൽ പരമ്പരാഗത പ്രമാണങ്ങളെ സത്യത്തിൻ്റെ തിരിച്ചറിവിൽ പിന്നിലേക്ക് മാറ്റി അനുഭവങ്ങൾ നൽകിയ വിശ്വാസ വഴിയിൽ ദൈവീക പ്രമാണങ്ങളെ സ്വായത്തമാക്കി.

റോസമ്മ മാത്യുവും ഭർത്താവ് പി.പി.മാത്യുവും

1925 ഡിസംബർ 22 ന് കൂത്രപ്പള്ളി ഇലവുംമുട്ടിൽ ജോസഫിൻ്റെയും റോസമ്മയുടെയും മകളായി ജനിച്ചു. മാർത്തോമ്മ പശ്ചാത്തലത്തിൽ ആത്മീയബോധ്യങ്ങളും നവീകരണ ചിന്തകളും ദർശിച്ചായിരുന്നു ബാല്യവും യൗവനവും. സമൂഹത്തെ നേർവഴി കാണിക്കാനുള്ള ഉദ്യമത്തിൽ അധ്യാപിക എന്ന തൊഴിൽ തിരഞ്ഞെടുത്തു. കൂത്രപ്പള്ളി, കുറുമാശേരി, വടകര എന്നീ സ്കൂളുകൾക്ക് ശേഷം ഇടിഞ്ഞില്ലം, വേങ്ങൽ -ആലുംതുരുത്തി എന്നീ സർക്കാർ സ്കൂളുകളിൽ സേവനം ചെയ്തു. പ്രധാനധ്യാപികയായി ആലുംതുരുത്തി സ്കൂളിൽ നിന്നും 1981 മാർച്ചിലാണ് അധ്യാപകസേവനത്തിലെ വിടവാങ്ങൽ.

റോസമ്മ മാത്യു മക്കളായ ലിസി, വത്സമ്മ, ശാന്തമ്മ, ലീലാമ്മ, ലീന എന്നിവരോടൊപ്പം

1948 ൽ വേങ്ങൽ ചാലക്കുഴി പുളിമുട്ടിൽ പി.പി.മാത്യുവിനെ (ആപ്പച്ചൻ) ജീവിതസഖിയാക്കി. ഓർത്തഡോക്സ് പശ്ചാത്തലത്തിലാണ് കുടുംബജീവിതത്തിന് തുടക്കമിടുന്നത്. നവീകരണ ആശയങ്ങൾ മൊട്ടിട്ട ഒരു ബാല്യം ഉണ്ടായിരുന്നതിനാൽ നിർമ്മല സുവിശേഷത്തിലേക്കും വിശ്വാസ സത്യങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നതിനു മുഖാന്തിരമായി. 1972 ൽ റോസമ്മയും മക്കളായ വത്സമ്മയും ലിസിയും വിശ്വാസസ്നാനമേറ്റ് വേങ്ങൽ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ (ഐ.പി.സി) അംഗങ്ങളായി. പിന്നീട് മറ്റ് മക്കളായ ശാന്തമ്മ, ലീലാമ്മ, ലീന എന്നിവരും ഡൽഹിയിൽ ജോലിയോടനുബന്ധിച്ചായിരിക്കുമ്പോൾ രക്ഷിക്കപ്പെടുകയും സ്റ്റാനമേറ്റ് സഭയോട് ചേരുകയും ചെയ്തു. ഇവർ നാട്ടിലെത്തി വേങ്ങൽ ഐ.പി.സി സഭാംഗങ്ങളായി. 1991 ൽ പി.പി.മാത്യുവും രക്ഷാമാർഗം പിൻപറ്റി. നാട്ടുകാർക്ക് ഏറെ സഹായിയായിരുന്ന പിതാവ് ഡൽഹിയിൽ മക്കളോടൊപ്പമായിരിക്കുമ്പോൾ 2003 ഓഗസ്റ്റ് 13 ന് താൻ പ്രിയംവച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദൈവം ദാനമായി നൽകിയ 5 പെൺമക്കളെയും പത്ഥ്യോപദേശത്തിലും ആത്മീയ ശിക്ഷണത്തിലും വളർത്തുവാൻ കഴിഞ്ഞു. അവർ ആയിരിക്കുന്ന 5 സ്ഥലങ്ങളിലും കുടുംബമായി അവിടെയുള്ള സഭകൾക്ക് നെടുംതൂണുകളായി ഇവർ നിലകൊള്ളുന്നു. ദൈവദാസന്മാരെയും അശരണരെയും കരുതുന്നതിൽ ആരും മടി കാണിച്ചിരുന്നില്ല. നൂറു വർഷമായ ശരീരത്തിൽ രോഗത്തിൻ്റേതായ പ്രതികൂലം അവസാന വർഷങ്ങളിൽ മാത്രമാണ് ഉണ്ടായത്. 

റോസമ്മ മാത്യു (ഫയൽ ചിത്രം)

2025 നവംബർ 1 ശനിയാഴ്ച്ച രാവിലെ 7 മണിക്ക് താൻ പ്രിയം വച്ച കർത്താവിൻ്റെ സന്നിധിയിലേക്ക് ചേർക്കുവാൻ ദൈവത്തിന് ഇഷ്ടം തോന്നി.

മക്കൾ: വൽസമ്മ ഐസക്ക്, ശാന്തമ്മ അലക്സാണ്ടർ, മറിയാമ്മ വർഗീസ് (ലീലാമ്മ), അന്നമ്മ പൗലോസ് (ലിസി ന്യൂഡൽഹി), ലീന ദാനിയേൽ (ലീമോൾ, ഹൂസ്റ്റൺ, യു.എസ്.എ).

മരുമക്കൾ: പുന്തല വാഴേലത്ത് ഐസക്ക്. വി.ടി, മേപ്രാൽ പാലത്തിട്ടയിൽ ക്യാപ്റ്റൻ അലക്സാണ്ടർ തോമസ്, പുല്ലാട് കോട്ടയ്ക്കൽ കെ.ജെ.വർഗീസ് (ജോസ് തലച്ചിറ), തൃശൂർ മണിത്തോട്ടത്തിൽ പാസ്റ്റർ വിൽസൺ പൗലോസ് (ന്യൂഡൽഹി), ഏഴംകുളം ചെറുവള്ളിമലയിൽ ബാബു ദാനിയേൽ (ഹൂസ്റ്റൺ, യു.എസ്.എ).

കൊച്ചുമക്കൾ: എബി-ബിൻസി, എൽവിന, ഇവാഞ്ചലിൻ, പാസ്റ്റർ സ്റ്റാൻലി ടി. ഐസക്ക് - പ്രിയ, തേജൽ, ഷെനായ്, അജു അലക്സാണ്ടർ - അനുജ, ആൻ, ആരോൺ, ലെജു അലക്സാണ്ടർ - ജെനി, ജെയ്ഡൻ, ലിയോണ, സിജു അലക്സാണ്ടർ - ജെസ്റ്റിന, ലിൻസി വർഗീസ് - ജെജി ജെയിംസ്, ക്യാരിസ്, ക്യാരൺ, ലിജോ വർഗീസ് - പ്രവീൺ മാത്യു, മിഷേൽ, കെയ്ലബ്, റോബിൻ, സ്റ്റെല്ല- സാമുവൽ, സ്റ്റാൻലി, ബിബിൻ ദാനിയേൽ - ജാനിസ്, ലിബിൻ ദാനിയേൽ -സ്റ്റെഫി, നോറ, സ്നേഹ, എഡ്വിൻ ദാനിയേൽ.