ഡോ. ഏബ്രഹാം വെണ്മണി എഴുതിയ 'ബൈബിൾ സ്ഥലങ്ങൾ ' പ്രകാശനം ചെയ്തു
കോട്ടയം: ഡോ. ഏബ്രഹാം വെണ്മണി എഴുതിയ 'ബൈബിൾ സ്ഥലങ്ങൾ ' എന്ന പുസ്തകം പ്രകാശനം ചെയ്തു. ഗുഡ്‌ന്യൂസ് ബിസിനസ് മാനേജർ ജെസ്സി ഷാജൻ, ഗുഡ്‌ന്യൂസ് റസിഡന്റ് എഡിറ്റർ സന്ദീപ് വിളമ്പുകണ്ടത്തിനു നൽകി പ്രകാശനം ചെയ്തു.
ബൈബിൾ പഠനത്തിന് സഹായകരമായ ആധികാരിക പുസ്‌തകങ്ങൾ ക്രമീകൃതവും മനോഹരമായും രചിക്കുവാനും പ്രസിദ്ധീകരിക്കുവാനുള്ള ഡോ. ഏബ്രഹാം വെണ്മണിയുടെ നീണ്ട വർഷങ്ങളുടെ പരിശ്രമത്തിൻ്റെ ഫലമാണ് ബൈബിൾ സ്ഥലങ്ങൾ എന്ന ഈ പുസ്‌തകം.
സത്യാന്വേഷികളായ ബൈബിൾ പഠിതാക്കൾക്കും, പ്രസംഗകർക്കും പഠിപ്പിക്കുന്നവർക്കും ഒരു പോലെ പ്രയോജനപ്പെടുന്നതാണ് ബൈബിൾ സ്ഥലങ്ങൾ എന്ന ഈ പുസ്‌തകം. ഏതൊരു ബൈബിൾ പഠിതാവിനും പ്രയോജനകരമാകുന്ന പ്രധാനപ്പെട്ട സ്ഥലങ്ങൾ മാത്രമാണ് ഈ പുസ്‌തകത്തിൽ പഠന വിധേയമാക്കിയിട്ടുള്ളത്. ഒരോ സ്ഥലത്തെ കുറിച്ചുമുള്ള പ്രത്യേകതകളും സംഭവങ്ങളും അതിന്റെ കാലക്രമമനുസരിച്ചാണ് പരമാവധി ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരോ സ്ഥലവും എവിടെയൊക്കെ ബൈബിൾ പറഞ്ഞിട്ടുണ്ട് എന്നറിയുവാൻ കൺകോർഡൻസുകളും അവയുടെ ആധുനിക നാമം അറിയുവാൻ ബൈബിൾ ഡിക്ഷണറികളുമാണ് ഉപയോഗിച്ചിട്ടുള്ളത്.
ബൈബിളിലെ തോട്ടങ്ങൾ, നീരുറവകൾ, കിണറുകൾ, നദികൾ, കടലുകൾ, ദ്വീപുകൾ, മരുഭൂമികൾ, ഗോപുരങ്ങൾ, മലകൾ, താഴ്വരകൾ, ഗുഹകൾ, വഴിയോര സത്രങ്ങൾ, രാജ്യങ്ങൾ, സ്ഥലങ്ങൾ എന്നിവ ഒരോ ഒരോ അധ്യായങ്ങളായിട്ടാണ് പഠനവിധേയമാക്കിയിരിക്കുന്നത്. രാജ്യങ്ങൾ, സ്ഥലങ്ങൾ എന്നീ അദ്ധ്യായങ്ങളിലെ സ്ഥലനാമങ്ങൾ കണ്ടുപിടിക്കുവാനുള്ള സൗകര്യത്തിനായി ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലും ബാക്കിയുള്ള അദ്ധ്യായങ്ങളിലെ പേരുകൾ പരമാവധി ബൈബിളിലെ കാലക്രമത്തിലുമാണ് ചേർത്തിരിക്കുന്നത്.
സത്യദൈവശാസ്ത്രം ബൈബിൾ വ്യക്തികൾ, പുതിയനിയമസർവേ, യേശുക്രിസ്‌തുവിൻ്റെ ജീവചരിത്രം, വെളിപ്പാട് സവിശേഷതകളും വ്യാഖ്യാനവും, യിസ്രായേൽ : ചരിത്രം-ഭാവി, യുഗസത്യങ്ങൾ തുടങ്ങിയ പഠന പുസ്തകങ്ങളിൽ ഉൾപ്പെടെ 20 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
Advt.































Advt.
























