മിത്രങ്ങളെ സൃഷ്ടിക്കാം  ശത്രുക്കളെ ഇല്ലാതാക്കാം 

മിത്രങ്ങളെ സൃഷ്ടിക്കാം   ശത്രുക്കളെ ഇല്ലാതാക്കാം 

റവ.ജോർജ് മാത്യു പുതുപ്പള്ളി

സംഖ്യം ശത്രുക്കളുണ്ടായിരുന്നപ്പോഴും ഏബ്രഹാം ലിങ്കൺ തന്റെ ശത്രുക്കളോട് മാനുഷികമായ പരിഗണനകൾ കാട്ടുകയും അവരോട് സ്നേഹപൂർവം പെരുമാറുകയും ചെയ്തിരുന്നു. അതുകണ്ട ഒരു ബന്ധു അദ്ദേഹത്തോടു ചോദിച്ചു : 'അങ്ങ് ശത്രുക്കളെ നശിപ്പിക്കേണ്ടതിനു പകരം അവരെ സുഹൃത്തുക്കളാക്കുന്നത് എന്തുകൊണ്ടാണ് ?' ലിങ്കൺ ശാന്തമായി ഇങ്ങനെ പറഞ്ഞു : 'ഞാൻ അവരെ മിത്രങ്ങളാക്കുമ്പോൾ അവരിലെ ശത്രുക്കളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.'

ശത്രുക്കളായിരുന്ന നമ്മെ മിത്രങ്ങളാക്കുക വഴി യേശുകർത്താവ് ശത്രുക്കളെ നശിപ്പിക്കുകയായിരുന്നു ചെയ്തത്. പക്ഷെ, നശീകരണം ഒരു നിർമ്മാർജ്ജനം ആയിരുന്നില്ല, പിന്നെയോ ഒരു രൂപാന്തരമായിരുന്നു. നരകത്തിലേക്ക് അവരെ നിയോഗിക്കുകയായിരുന്നില്ല, സ്വർഗത്തിലേക്ക് അവരെ പറഞ്ഞയക്കുകയായിരുന്നു. ശത്രുക്കളെ മിത്രങ്ങളാക്കുന്നതിലും വലിയ ഒരു ശത്രുസംഹാരം വേറെയില്ല.

ശത്രുക്കളെ സ്നേഹിക്കുക എന്ന് യേശുകർത്താവ് പറഞ്ഞതിന്റെ അർത്ഥം അതാണ്. ഒരു യഥാർത്ഥ ക്രിസ്ത്യാനിക്ക് മനുഷ്യരായ ശത്രുക്കൾ ഉണ്ടായിരിക്കുകയില്ല. ഈ സത്യം നാം മനസിലാക്കുമ്പോൾ നമ്മുടെ ശത്രുക്കളെ നമുക്ക് സ്നേഹിക്കുവാൻ കഴിയും.

ദൈവത്തിന്റെ ഉത്തമസൃഷ്ടിയാണ് എല്ലാ മനുഷ്യരും. അവരിൽ ഒരാൾ മറ്റൊരാളെ ഹൃദയപൂർവം സ്നേഹിക്കുക എന്നത് ദൈവം ആഗ്രഹിക്കുന്ന കാര്യമാണ്. തമ്മിൽത്തമ്മിൽ സ്നേഹിക്കുക എന്നതാണ് ശത്രുത ഇല്ലാതാക്കുവാനുള്ള മറുമരുന്ന്. സ്നേഹം ദീർഘമായി ക്ഷമിക്കുവാൻ നമുക്കു കൃപ തരുന്നു. കാരണം സ്നേഹത്തിന് അന്യോന്യം മനസിലാക്കുവാനുള്ള കഴിവുണ്ട്.

നാം ശത്രുക്കളെ സ്നേഹിച്ചു തുടങ്ങുമ്പോൾതന്നെ അവരെല്ലാം വളരെ പെട്ടെന്ന് നമ്മുടെ മിത്രങ്ങളായിത്തീരുമെന്നു കരുതരുത്. യേശുകർത്താവിന് അസംഖ്യം ശത്രുക്കൾ ഉണ്ടായിരുന്നു. അവരെല്ലാം അവന്റെ മിത്രങ്ങളായി തീർന്നില്ല എങ്കിലും അവന്റെ സ്നേഹം ശത്രുപാളയത്തിൽ ഉണ്ടായിരുന്ന ചിലരുടെ ഹൃദയങ്ങളിൽ ചലനം സൃഷ്ടിച്ചു. അവനെ പഴിച്ചു പറഞ്ഞവർ അവനെ പുകഴ്ത്തി. അവന്റെ ക്രൂശുമരണം നേരിട്ടു കണ്ട ശതാധിപൻ സത്യം മനസിലാക്കി അനുതപിച്ചു.

പ്രിയപ്പെട്ട ദൈവജനമേ, നമ്മുടെ ശത്രുക്കളെ സ്നേഹിക്കുവാൻ നാം തയാറാകുമോ ? നാം ദൈവത്തോട് ശത്രുക്കളായിരുന്ന സമയത്താണ് അവിടുന്ന് നമ്മെ സ്നേഹിച്ചതെന്ന് അറിയുക.

ചിന്തക്ക് : 'എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നത് : നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ, നിങ്ങളെ പകയ്ക്കുന്നവർക്കു ഗുണം ചെയ്‌വിൻ, നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ, നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ. നിന്നെ ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേതും കാണിച്ചുകൊടുക്ക. നിന്റെ പുതപ്പ് എടുത്തുകളയുന്നവന് വസ്ത്രവും തടുക്കരുത്. നിന്നോടു ചോദിക്കുന്ന ഏവനും കൊടുക്ക. നിനക്കുള്ളത് എടുത്തു കളയുന്നവനോട് മടക്കി ചോദിക്കരുത്. മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇശ്ചിക്കുന്നതുപോലെ തന്നെ അവർക്കും ചെയ്‌വിൻ' (ലൂക്കൊസ് 6 : 27...31).

Advertisement