ഇറാനെ കുറിച്ചുള്ള ബൈബിൾ പ്രവചനങ്ങൾ

ഇറാനെ കുറിച്ചുള്ള ബൈബിൾ പ്രവചനങ്ങൾ

ഡോ.ഏബ്രഹാം വെൺമണി

ർത്തമാനകാല ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന ഇറാൻ എന്ന പേര് അതേപടി ബൈബിൾ താളുകളിൽ നമുക്ക് ലഭ്യമല്ല, കാരണം ബൈബിൾ രചിച്ച കാലഘട്ടത്തിൽ ഈ പേരിൽ ഒരു രാജ്യം ഇല്ലായിരുന്നു.

എന്നാൽ ഇന്നത്തെ ഇറാനിൽ ഉൾപ്പെടുന്ന മൂന്ന് പുരാതന രാജ്യങ്ങളുടെ പേരുകൾ ബൈബിളിൽ കാണാൻ കഴിയും, അത് ഏലാം, മേദ്യ, പാർസി എന്നിവയാണ് (ഉല്പത്തി 14; യെശയ്യാവ് 21:2; 22:6; യിരെമ്യാവ് 25:25; എസ്ഥേർ 1:18-19; ദാനിയേൽ 5:8; 8:2; 10:1, 13, 20). പുരാതനകാലത്തെ ഈ മൂന്ന് രാജ്യങ്ങൾ ചേർന്നതാണ് ഇന്നത്തെ ഇറാൻ. 

ഏലാമ്യർ തെക്കുപടിഞ്ഞാറ് ഭാഗത്തും മേദ്യർ വടക്ക് പടിഞ്ഞാറും പാർസികൾ തെക്കുഭാഗത്തും പാർത്തിരുന്നു. എലാമിൻ്റെ തലസ്ഥാനം ശുശനും മേദ്യരുടെ ആസ്ഥാനം എക്ബത്താനയും പാർസികളുടെ ആസ്ഥാനം പാസർഗദയും ആയിരുന്നു.

പഴയനിയമ കാലത്തിൻ്റെ ആരംഭത്തിൽ ഏലാമായിരുന്നു ശക്തം; പ്രവാചകനായ യിരെമ്യാവിൻ്റെ കാലം വരെയും അങ്ങനെ ആയിരുന്നു. യെശയ്യാവും യിരെമ്യാവും ഏലാമിനോടുള്ള പ്രവചന ശബ്ദങ്ങൾ മുഴക്കുന്നുണ്ട്. പിന്നത്തേതിൽ ആ മുൻഗണന മേദ്യർക്കായി. അധികം വൈകാതെ പാർസികൾ ശക്തരായി. ദാനിയേലിന്റെ കാലത്ത് തന്നെ അവർ മൂന്നും സഖ്യകക്ഷികളായി. ആദ്യം മേദ്യ-പേർഷ്യ എന്നും തുടർന്ന് പേർഷ്യാ രാജ്യം എന്നും അറിയപ്പെട്ടു. അവർ അന്നത്തെ വലിയ ബാബിലോണിനെ തോല്പിച്ചു മിഡിൽ ഈസ്റ്റിൽ പേർഷ്യൻ സാമ്രാജ്യം സ്ഥാപിച്ചു. എത്യോപ്യാ മുതൽ അന്നത്തെ ഇന്ത്യയുടെ വടക്കേ അറ്റം വരെ ആ പേർഷ്യൻ സാമ്രാജ്യത്തിൻ്റെ അതിരുകൾ ആയിരുന്നു എന്ന് ബൈബിൾ സൂചിപ്പിക്കുന്നു (എസ്ഥേർ 1:1; 8:9).

പാർസി രാജാവായ മഹാനായ കോരെശിന്റെ കാലത്താണ് യഹൂദന്മാർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോയി ആലയം നിർമ്മിക്കുവാനുള്ള പ്രഖ്യാപനം ഉണ്ടാകുന്നത് (യെശയ്യാവ് 44:28-45:8; എസ്രാ 1:1-2). സെരുബ്ബാബേലിൻ്റെ നേതൃത്വത്തിലും പിന്നീട് എസ്രായുടെ നേതൃത്വത്തിലും വലിയൊരു കൂട്ടം ജനം മടങ്ങിപ്പോയി.

കോരെശ്, ദാര്യാവേശ്, അഹശ്വരേശ്, അർത്ഥഹ്ശഷ്ടാവ് ഇവരൊക്കെ ബൈബിളിൽ പരാമർശിക്കപ്പെടുന്ന പേർഷ്യൻ രാജാക്കന്മാരാണ്.

പിന്നീട് പേർഷ്യൻ സാമ്രാജ്യത്തെ കീഴ്പ്പെടുത്തി ഗ്രീസ് സാമ്രാജ്യം അലക്സാണ്ടറുടെ കാലത്ത് മിഡിൽ ഈസ്റ്റ് ഭരിച്ചു. പേർഷ്യയിലെ പഴയ മതം ബിസി. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൊരാഷ്ട്രർ സ്ഥാപിച്ച സൊരാഷ്ട്രനിസം ആയിരുന്നു. അഹുരാം മസ്ദ (ജ്ഞാനമുള്ള അധിപതി) എന്നതായിരുന്നു അവരുടെ ദൈവത്തിൻ്റെ നാമം. 

ആധുനിക ഇറാനിൽ 1925-1979 വരെ പഹ്‌ലവി ഭരണ വാഴ്ച ആയിരുന്നു. 1979 ൽ ഇന്നത്തെ ഭരണത്തിലേക്ക് മാറി. 9 കോടിയിലധികം ജനങ്ങൾ; 90% ത്തിലധികം ഷിയാക്കളും 5% സുന്നികളും ബാക്കി എല്ലാം കൂടി 5% ആണ് എന്ന് പൊതുകണക്ക്. 

ഇന്നത്തെ ഇറാനെ കുറിച്ചുള്ള പ്രവചനം മനസ്സിലാക്കാൻ പഴയ ഏലാമിനെയും പാർസിയെയും അഭിസംബോധന ചെയ്തുള്ള ബൈബിൾ പ്രവചനമാണ് നാം മനസ്സിലാക്കേണ്ടത്. യിരെമ്യാവും യെഹെസ്കേലും ഇത് പ്രവചിക്കുന്നുണ്ട്:

പ്രവചന സംഗ്രഹം:

1. ഏലാമിൻ്റെ മുഖ്യബലമായ അവരുടെ വില്ല് ദൈവം ഒടിച്ചു കളയും (യിരെമ്യാവ് 49:35). പുരാതന കാലത്തെ വില്ലാണ് ഇന്നത്തെ മിസൈലുകളും അത് വഹിക്കുന്ന സ്ഫോടക വസ്തുക്കളും. അത് ദൈവം ഒടിച്ചു കളയും എന്നർത്ഥം.

2. ആകാശത്തിൻ്റെ നാല് ദിക്കുകളിൽ നിന്ന് നാല് കാറ്റ് വരുത്തി ഈ എല്ലാ കാറ്റുകളിലേക്ക് അവരെ ചിന്നിച്ചു കളയും_ (യിരെമ്യാവ് 49:36). ആകാശത്ത് നിന്നു വരുന്ന തകർച്ച എന്ന് വ്യക്തം. 

3. ഏലാമിൻ്റെ പ്രവാസികൾ ചെല്ലാത്ത ഒരു ജാതിയും ഉണ്ടായിരിക്കുകയില്ല (യിരെമ്യാവ് 49:36-37). ഇപ്പോൾ തന്നെ ഏകദേശം 40 ലക്ഷം ഇറാനികൾ സമീപ രാജ്യങ്ങളിലേയും മറ്റിടങ്ങളിലായും ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിലുണ്ട് എന്നാണ് കണക്കാക്കുന്നത്. അമേരിക്കയിലും 5 ലക്ഷം ഇറാനികൾ ഉണ്ട്. ഇപ്പോഴത്തെ യുദ്ധത്തോട് കൂടി അവരുടെ ചിതറപ്പെടീൽ വീണ്ടും വർദ്ധിക്കുവാനാണ് സാധ്യത. 

4. ചിതറപ്പെടുന്നവർ മാനസാന്തരപ്പെട്ടില്ലെങ്കിൽ, അവരെ അവരുടെ ശത്രുക്കളുടെ മുമ്പാകെ ഭ്രമിപ്പിക്കും. അനർത്ഥം, ഉഗ്രകോപം തന്നെ യഹോവ വരുത്തും; അവരുടെ പിന്നാലെ വാൾ അയച്ച് അവരെ ന്യായം വിധിക്കും (യിരെമ്യാവ് 49:36-37).

6. ദൈവം തൻ്റെ സിംഹാസനത്തെ ഏലാമിൽ സ്ഥാപിച്ച് അവിടെ നിന്ന് രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിച്ചു കളയും (യിരെമ്യാവ് 49:38). പാപത്തിലേക്ക് നയിക്കുന്ന നേതൃനിരയെ ദൈവം നശിപ്പിക്കും എന്നർത്ഥം. ദൈവം തൻ്റെ സിംഹാസനം അവിടെ സ്ഥാപിക്കുമ്പോൾ അനേകർ ന്യായം വിധിക്കപ്പെടും; എന്നാൽ മറുവശത്ത് അനേകർ രക്ഷകനായ യേശുവിൻ്റെ സ്നേഹത്തിലേക്കും കർത്തൃത്വത്തിലേക്കും വരുമെന്നും വന്നു കൊണ്ടിരിക്കുന്നു എന്നും പൊതുവേ മനസ്സിലാക്കുന്നു, വിശ്വസിക്കുന്നു. 

7. ജീവനുള്ളവരുടെ ദേശത്ത് അവർ ഭീതി പരത്തിയതിനാൽ അവർ ന്യായം വിധിക്കപ്പെട്ട് കുഴിയിലേക്കിറങ്ങി ഭൂമിയുടെ അധോഭാഗത്തെ പാതാളത്തിലേക്ക് പോകും (യെഹസ്കേൽ 32:24-25).

8. മഹാപീഡനകാലത്തിൽ റഷ്യയോട് ചേർന്നുള്ള സഖ്യത്തിൽ ഏലാമ്യരും മേദ്യരും പാർസികളും യിസ്രായേലിനോട് യുദ്ധത്തിന് വരുമെന്ന് യെഹെസ്കേൽ 38:5; യിരെമ്യാവ് 25:25 വ്യക്തമാക്കുന്നു.

9. എന്നാൽ ഒടുവിൽ ദൈവം അവരുടെ പ്രവാസം മാറ്റും (യിരെമ്യാവ് 49:39). ഇതൊരു ശുഭ സന്ദേശമാണ്. മശീഹയുടെ ഭരണകാലത്ത് അത് സംഭവിക്കുമെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. 

സമാധാനത്തിനായും ദൈവപ്രവൃത്തികൾക്കായും  പ്രാർത്ഥിക്കാം.

Advertisement