ആ ചെറിയ ലോകം അവളുടെതായി ; യേശു ഉള്ള ആ ലോകം !

ആ ചെറിയ ലോകം അവളുടെതായി ; യേശു ഉള്ള ആ ലോകം !

വായനഭാഗം: മർക്കോസ് 5:25-34

ല്ലാം നഷ്ടപ്പെട്ട് ജീവിതത്തിൽ ആശയറ്റവളായി മാറിയ ഒരു സാധാരണ സ്ത്രീ ചരിത്രത്തിന്റെ ഭാഗമായി മാറിയ സംഭവമാണ് മേല്പറഞ്ഞ വാക്യങ്ങളുടെ പ്രതിപാദ്യ വിഷയം. തനിക്കു മതവും സമൂഹവും തീർത്ത വേലിക്കെട്ടുകളെ പൊളിച്ചു മാറ്റി, ആ വലിയ പുരുഷാരത്തിന്റെ നടുവിലും അവൾ തിക്കിയും തിരക്കിയും യേശുവിന്റെ അടുത്തെത്തി. 

തന്റെ ഈ അവസ്ഥയിൽ ആരെയും തൊടരുത് എന്ന വിലക്കു കല്പിച്ച അതേ മത പ്രമാണികളുടെ നടുവിൽ അവൾ യേശുവിനെ തൊട്ടു. അവളുടേതായ ഒരു ലോകം സൃഷ്ടിച്ചു. താനും യേശുവും മാത്രമുള്ള ഒരു താത്കാലിക ലോകം!. 

എന്നെ തൊട്ടതു ആർ? എന്ന ചോദ്യത്തിന് മറുപടി പറയാൻ അർഹ ആയതു അവൾ മാത്രം. മറ്റുള്ളവർ എല്ലാവരും തൊട്ടത് ഞാനല്ല എന്ന് തെളിയിക്കുവാൻ ഉള്ള തത്രപ്പാടിലാണ്.

എന്നാൽ അവൾക്ക് നഷ്ടപ്പെടുവാൻ ഒന്നും ഇല്ലായിരുന്നു, പക്ഷെ നേടുവാൻ ഒത്തിരി പ്രതീക്ഷയുമായിട്ടാണ് അവൾ വന്നത്. തന്നെ സൃഷ്ടിച്ചവനെ തൊടുവാൻ ചങ്കൂറ്റം കാണിച്ച ആ ധീര വനിതയുടെ വിശ്വാസത്തിന്റെ മുൻപിൽ അവളുടെ സൃഷ്ടാവ് നിന്നു (Jesus Stopped).എല്ലാം നഷ്ടപ്പെട്ടവളായി വന്നവൾ പൂർണ്ണയായി മടങ്ങിപ്പോയി. താൽക്കാലികമായി താൻ തീർത്ത ആ ചെറിയ ലോകം എന്നേക്കുമായി അവളുടെ സ്വന്തമായി, യേശു താനും മാത്രം ഉള്ള ആ ലോകം!

മതഭക്തിയുടെ മത്ത് പിടിച്ച പുരുഷാരത്തിന്റെ നടുവിൽ നമ്മുടേതായ ഒരു ലോകം സൃഷ്ടിക്കുവാൻ നമുക്ക് സാധിക്കുന്നുണ്ടോ? നമ്മളും യേശുവും മാത്രമുള്ള ഒരു ലോകം!  

അതിനു യേശുവിനെ തൊടുവാനുള്ള ധൈര്യം വേണം, തൊട്ടിട്ടേ പോകുകയുള്ളൂ എന്ന ദൃഢ നിശ്ചയം വേണം, പുരുഷാരത്തിന്റെ കാഴ്ചപ്പാടുകളെ മറികടക്കുന്ന വിശ്വാസം വേണം! അങ്ങനെയെങ്കിൽ ആ വലിയ പുരുഷാരത്തിന്റെ നടുവിൽ 'ഞാനാണ് അങ്ങയെ തൊട്ടത്' എന്ന് പറയുവാനുള്ള ഭാഗ്യം നമുക്കും ലഭിക്കും.

പാട്ടുകാരൻ പാടുന്നതുപോലെ...

നീയെൻ സ്വന്തം.. നീയെൻ പക്ഷം... നീറും വേളകളിൽ...

ഇപ്രകാരമുള്ള വിശ്വാസത്തിന്റെ ഉടമകളായി തീരുവാൻ ദൈവം നമ്മെ സഹായിക്കട്ടെ!

പ്രാർത്ഥന : പ്രതികൂലങ്ങളുടെ നടുവിൽ തളരാതെ അങ്ങും ഞാനും മാത്രമുള്ള ഒരു അടുത്ത ബന്ധത്തിന്റെ ഊഷ്മളത നിലനിർത്തുവാൻ എന്നെ സഹായിക്കണമേ നാഥാ...