മുറിവേറ്റ ഭൂമി, തകരുന്ന സ്വപ്‌നങ്ങൾ...
മുറിവേറ്റ ഭൂമി, തകരുന്ന സ്വപ്‌നങ്ങൾ...
സജി മത്തായി കാതേട്ട്
യുദ്ധം ചെയ്യാനാവാത്ത കാലഘട്ടത്തിൽ എത്തി നില്ക്കുകയാണ് നാം.
വിജയം മാത്രമാണ് ഇനിയുള്ള നിലനിൽപ് എന്നുവരുമ്പോഴാണ് യുദ്ധം ചെയ്യാതിരിക്കാനാവാത്തത്.
ലോകം ഉള്ള കാലത്തോളം യുദ്ധവും ഉണ്ടാവും. തോറ്റവൻ്റെ ഉള്ളിൽ പകയും ജയിച്ചന്റെ മനസ്സിൽ അത്യാർത്തിയും നിലനിൽക്കുവോളം യുദ്ധം ചെയ്തേ മതിയാവൂ. പ്രതികാരത്തിന്റെ തീ അണയ്ക്കാത്തിടത്തോളം കാലം യുദ്ധങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും.
നിശബ്ദമാക്കപ്പെടുന്ന നിലവിളികൾ മനുഷ്യൻ പടുത്തുയർത്തിയ സംസ്കാരത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും, ചോര മണക്കുന്ന യുദ്ധഭൂമികൾ നമുക്ക് ചുറ്റുമുണ്ട്.
യുദ്ധം എന്നത് കേവലം വാർത്താചാനലുകളിലെ ഭൂപടങ്ങളോ, വെടിയൊച്ചകളുടെ കണക്കുകളോ മാത്രമല്ല; അതിൽ ജീവിതവും ജീവനും അന്തർലീനമാണ്.
അതിൽ അമ്മമാരുടെ അവസാനിക്കാത്ത കാത്തിരിപ്പുണ്ട്, കുഞ്ഞുങ്ങളുടെ അനാഥത്വമുണ്ട്. മണ്ണടിഞ്ഞു പോയ ഒരായിരം സ്വപ്‌നങ്ങളുടെ ശ്മശാനമാണ് അവിടം.
യുദ്ധം വരുമ്പോൾ ആദ്യം മരിക്കുന്നത് സത്യമാണ്, പിന്നെ മനുഷ്യത്വവും. ബോംബുകൾ വീഴുന്നത് കെട്ടിടങ്ങൾക്ക് മുകളിലല്ല, മറിച്ച് മനുഷ്യരുടെ ഹൃദയങ്ങൾക്കും പ്രതീക്ഷകൾക്കും മുകളിലാണ്.
പ്രിയ കവി അക്കിത്തം പാടിയ വരികൾ എത്ര സത്യമാണ്:
'ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ,
ഉദിക്കയാണെന്നാത്മാവിൽ ആ യിരം സൗരമണ്ഡലം."
എന്നാൽ, യുദ്ധം മനുഷ്യനെ പഠിപ്പിക്കുന്നത് കണ്ണീർ തുടയ്ക്കാനല്ല, മറിച്ച് രക്തം ചിന്താനാണ്. യുദ്ധം ബാക്കിവെക്കുന്നത് വിജയികളെയല്ല, മറിച്ച് തോറ്റുപോയ മനുഷ്യരെയാണ്. ഏണസ്റ്റ് ഹെമിംഗ്‌വേ പറഞ്ഞതുപോലെ:
'ആധുനിക യുദ്ധത്തിൽ നിങ്ങൾ ഒരു കാരണവുമില്ലാതെ ഒരു നായയെപ്പോലെ മരിക്കും."
യുദ്ധം പ്രഖ്യാപിക്കുന്നത് ഭരണാധികാരികളാണ്. എന്നാൽ, അതിൻ്റെ വില കൊടുക്കേണ്ടി വരുന്നത് സാധാരണക്കാരാണ്. തകർന്ന കളിപ്പാട്ടങ്ങൾക്കിടയിൽ തൻ്റെ മാതാപിതാക്കളെ തിരയുന്ന ഒരു കുഞ്ഞിന്റെ ചിത്രം മതി യുദ്ധത്തിൻ്റെ ക്രൂരത മനസ്സിലാക്കാൻ. അവിടെ അതിർത്തികളില്ല, രാഷ്ട്രീയമില്ല, വെറും പച്ചയായ വേദന മാത്രം.
നമ്മുടെ പ്രിയപ്പെട്ട കവി ഒ.എൻ.വി. കുറുപ്പ് ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടത് ഇങ്ങനെയാണ്:
'ഇനിയൊരു യുദ്ധം വരികയാണെങ്കിൽ ഇനിയൊരു ലോകം ഉണ്ടാവില്ല..."
അതെ, ആയുധങ്ങൾ കുന്നുകൂട്ടുമ്പോൾ നമ്മൾ ഇല്ലാതാക്കുന്നത് നമ്മുടെ തന്നെ വ രുംതലമുറയുടെ ശ്വാസത്തെയാണ്.
സമാധാനത്തിന്റെ നിലവിളി...
സമാധാനം എന്നത് ആയുധങ്ങൾ താഴെ വെക്കൽ മാത്രമല്ല, മറിച്ച് പരസ്‌പരം സ്നേഹിക്കാനും ആദരിക്കാനുമുള്ള മനസ്സ് കൂടിയാണ്.
ഇനിയൊരു വെടിയൊച്ച കേൾക്കാത്ത, കുഞ്ഞുങ്ങൾ പേടിക്കാതെ ഉറങ്ങുന്ന ഒരു പുലരി നമുക്ക് സ്വപ്നം കാണാം. വിദ്വേഷത്തിന്റെ മതിലുകൾ തകർത്ത് സ്നേഹത്തിന്റെ പാലങ്ങൾ പണിയാം. യുദ്ധം അവസാനിക്കട്ടെ, മനുഷ്യത്വം ഉണരട്ടെ. കാരണം, മരിച്ചുവീഴുന്ന ഓരോ മനുഷ്യനും ഭൂമിക്ക് ഒരു തീരാനഷ്ടമാണ്.
എന്നാലും പറയട്ടെ; 'നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചു കേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതു തന്നെ; എന്നാൽ അത് അവസാനമല്ല' എന്ന യേശുക്രിസ്തുവിന്റെ വാക്കുകൾ നമ്മെ ധൈര്യപെടുത്തടെ.
Advertisement



















































