ഐപിസി കേരള സ്റ്റേറ്റ് ജനറൽ ബോഡിയും തിരഞ്ഞെടുപ്പും മാർച്ച് 9ന്
വാർത്ത: ജോജി ഐ. മാത്യൂസ്
കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ കേരള സ്റ്റേറ്റ് ജനറൽബോഡിയും 2026-2029 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 2026 മാർച്ച് 9 തിങ്കളാഴ്ച്ച മുതൽ നടക്കും. മുൻ ടേമുകളെ പോലെ നിയോജകമണ്ഡല അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.
നവംബർ 18ന് കുമ്പനാട് ഹെബ്രോൻപുരത്ത് കൗൺസിൽ ഹാളിൽ നടന്ന സ്റ്റേറ്റ് കൗൺസിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഐ പി സി ഭരണഘടന X വകുപ്പ് 3/1 പ്രകാരം വാർഷിക അംഗത്വഫീസായി ഒരാൾക്ക് 5 രൂപയും സഭാ രജിസ്ട്രേഷനും കുടിശിക ഉള്ളവർ അതും ചേർത്ത് ഡിസംബർ 30ന് മുൻപ് കുമ്പനാട് സ്റ്റേറ്റ് ഓഫീസിൽ നേരിട്ട് അടയ്ക്കണം.
ഓൺലൈനായി ബാങ്ക് മുഖേനെ പണം അടയ്ക്കാൻ കഴിയില്ല. കുടിശിക ഉൾപ്പടെ അംഗത്വം പുതുക്കുന്ന സഭകൾക്ക് മാത്രമെ ജനറൽബോഡിയിൽ പങ്കെടുക്കാൻ കഴിയു.
ഇലക്ഷൻ കമ്മീഷണറായി ജോൺ തോമസിനെയും റിട്ടേണിങ്ങ് ഓഫീസർമാരായ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ, സണ്ണി മുളമൂട്ടിൽ, ഡോ. സാബു ജോൺ, ബ്രദർ ബെന്നി കൊച്ചുവടക്കേൽ എന്നിവരെയും നിയമിച്ചു.
ജൂലൈ 15ന് സ്റ്റേറ്റ് തിരഞ്ഞെടുപ്പ് അജണ്ടയായി കൗൺസിൽ കൂടിയിരുന്നു. അന്ന് തർക്കത്തെ തുടർന്ന് മാറ്റിയതാണ് നവംബർ 18 ന് പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസിൻ്റെ അധ്യക്ഷതയിൽ കൂടിയ കൗൺസിൽ ഏകകണ്ഠമായി തീരുമാനിച്ചത്.
ഭരണഘടന വിരുദ്ധമായി സമാന്തര പ്രവർത്തനം നടത്തുകയും വ്യാജ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുകയും ചെയ്തവർക്കെതിരെ കൗൺസിൽ കർശന നടപടി സ്വീകരിച്ചു.
Advt.
























