ആവേശപ്രകടനമോ സാന്ത്വനമോ ഇപ്പോൾ ആവശ്യം?
നമുക്ക് ഒരു മിഥ്യാധാരണയുണ്ട് - പെന്തെക്കോസ്തുകാരായാൽ എപ്പോഴും ഉച്ചത്തിൽ പ്രസംഗിക്കണം, ഉറക്കെ പാടണം.
ഇതിനൊക്കെ വാക്യങ്ങൾ നിരത്തുവാനും നാം സമർഥരാണ്. പെരുവെള്ളത്തിന്റെ ഇരമ്പലിനേക്കാൾ ശബ്ദമുണ്ടാക്കിയാലേ ആരാധനയാകൂ, പാട്ടിനേക്കാൾ ഉച്ചത്തിൽ ഗ്ലോറി പറഞ്ഞാലേ ദൈവം പ്രസാദിക്കൂ, കൊട്ടും മേളവും പാട്ടിനെ വിഴുങ്ങിയാലേ ഉണർവാകൂ എന്നൊക്കെയാണ് പലരും നമ്മുടെ മനസിനെ പഠിപ്പിച്ചു വച്ചിരിക്കുന്നത്. ആരാധന എന്താണ്, ആരാധന എന്തല്ല എന്നൊക്കെ പഠിപ്പിക്കുവാൻ ആർജവമുള്ള ദൈവദാസന്മാർ ഇനി എഴുന്നേൽക്കുമെന്നു വിശ്വസിക്കുവാനും പ്രയാസം. ഒഴുക്കിനനുസരിച്ചു നീന്തുകയാണല്ലോ എളുപ്പം.
ഇടിവെട്ടുശൈലി പ്രസംഗങ്ങളാണോ ശാന്തവും ഹൃദ്യവുമായ സന്ദേശങ്ങളാണോ ഹൃദയത്തെ സ്‌പർശിക്കുക? പ്രസംഗത്തിനിടക്കു സാന്ദർഭികമായി ശബ്ദമുയരുന്നതോ ഉച്ചത്തിൽ സ്തോത്രം പറയുന്നതോ അല്ല ഇവിടത്തെ വിവക്ഷ. ആത്മപ്രേരണയാൽ അതൊക്കെ സംഭവിക്കാം.
മുറിവേറ്റ ഹൃദയങ്ങൾക്ക് സാന്ത്വനമാണ് ആവശ്യം. വേദന അനുഭവിക്കുന്നവർക്ക് ശാന്തമായ തലോടലാണ് വേണ്ടത്. വേദപുസ്‌തത്തിൽ തന്നെ എത്രയോ സന്ദർഭങ്ങളും ഉദാഹരണങ്ങളുമുണ്ട്.
കാട്ടത്തിമേൽ കയറി ഒളിച്ചിരുന്ന സക്കായിയെ വിളിച്ച യേശുവിൻ്റെ ഭാഷയും സമീപനവും എന്തായിരുന്നു. ഗുരു ഏല്‌പിച്ച ദൗത്യം മറന്നു പഴയ ജോലിക്കു പോയി പരാജയപ്പെട്ട പത്രൊസിനെയും കൂട്ടുകാരെയും ശാസിക്കുകയല്ല യേശു ചെയ്‌തത്. ഒരുക്കി വച്ച ഭക്ഷണം കഴിക്കുവാൻ ക്ഷണിക്കുന്നത് 'കുഞ്ഞുങ്ങളേ' എന്നു വാത്സല്യത്തോടെ വിളിച്ചുകൊണ്ടാണ്. അവരെ സാന്ത്വനപ്പെടുത്തുവാനും മാനസാന്തരത്തിലേക്കു നയിക്കുവാനും അതാണ് ഉത്തമമാർഗം എന്നു യേശു തിരിച്ചറിഞ്ഞു.
നമ്മുടെ ചരമവേദികളിൽ ചിലപ്പോൾ പുരോഹിത ന്മാർക്ക് അവസരം നൽകാറുണ്ട്. അവർ സംസാരിക്കുന്ന രീതിയും ഉപയോഗിക്കുന്ന വാക്കുകളിലെ സൗമ്യതയും അവരുടെ ശരീരഭാഷപോലും നാം ശ്രദ്ധിക്കേണ്ടതാണ്.
സൗമ്യമായും ശാന്തമായും സംസാരിക്കുവാനും പെരുമാറുവാനും നമുക്കഭ്യസിക്കാം. പാണ്ഡിത്യ പ്രദർശനത്തിനുള്ള സമയമായി ഇപ്പോഴത്തെ ടെലിവിഷൻ വേദികളെയും ശ്രോതാക്കളെയും കാണാതിരിക്കാം. ഇപ്പോഴെങ്കിലും നമ്മുടെ വാക്കുകൾ ഉപ്പിനാൽ രുചി വരുത്തിയതാകട്ടെ. ശാന്തമായി നൽകുന്ന വചനങ്ങൾ തേൻകൂട്ടി ചുട്ടെടുത്ത ദോശയ്ക്കു സമമാകട്ടെ. നമ്മുടെ അറിവുകളും സാധ്യതകളും കാലത്തിനും അവസരത്തിനുമൊത്ത് ഉപയോഗപ്പെടുത്താം.
Advertisement


































































