ഒരു കപ്പൽ ചേതത്തിന്റെ ബാക്കിപത്രം...!
വിടപറഞ്ഞ ഫ്രാൻസിസ് മാർപ്പാപ്പായെ ഓർക്കുമ്പോൾ
തൃശൂർ ജേക്കബ്
1936 ഡിസംബർ 17 ലെ തണുത്ത പ്രഭാതം. അർജന്റീനയിലേക്ക് കുടിയേറി പാർത്ത മാതാപിതാക്കളെ കാണാൻ ആഗ്രഹിച്ച് ഇറ്റലിയിൽ നിന്നും ഒരു കുടുംബം കപ്പൽ യാത്രയ്ക്കൊരുങ്ങുന്നു. ഇറ്റലിയിൽ ഒരു കമ്പനി അക്കൗണ്ടന്റ്ആയ ജോസ് ബെർഗോഗ്ലി - റജീന മരിയ ദമ്പതികളുടെ അഞ്ചു മക്കളിൽ സീമന്ത പുത്രൻ ജോർജ് എന്ന പേരിൽ അറിയപ്പെട്ട ഫ്രാൻസിസ് ആയിരുന്നു ആ കപ്പൽ യാത്രയ്ക്ക് തയ്യാറെടുത്ത വ്യക്തി. പക്ഷെ മുത്തശ്ശന്റെ കോഫി ഷോപ്പ് വിറ്റെങ്കിൽ മാത്രമേ യാത്രയ്ക്കുള്ള പണം ലഭ്യമാകൂ. നിശ്ചിത കാലവുധിക്കുള്ളിൽ കോഫി ഷോപ്പിന്റെ വിൽപ്പന നടക്കാഞ്ഞതിനാൽ നിശ്ചയിച്ചുറപ്പിച്ച യാത്ര ഒഴിവാക്കേണ്ടി വന്നു. തനിക്ക് പോകേണ്ടിയിരുന്ന കപ്പൽ അന്നത്തെ യാത്രയിൽ പ്രതികൂല കാലവസ്ഥയിൽ പെട്ടുണ്ടായ ദുരന്തത്തിൽ തകരുകയും യാത്രയ്ക്കാർ മരിക്കുകയും ചെയ്‌തു. ആ കപ്പൽ ചേതത്തിൽ നിന്നും രക്ഷപ്പെട്ടത് ഫ്രാൻസിസിന്റെ ജീവിതത്തിൽ വഴിത്തിരിവായി.
അർജന്റ്റീനയിലെ എളിയ ജീവിത പശ്ചാത്തലത്തിൽ നിന്നും ഉയർന്നു വന്ന ഫ്രാൻസിസ് 196 9 ഡിസംബർ 13 ന് ജെസ്യൂട്ട് മത പുരോഹിതനായിട്ടായിരുന്നു രംഗ പ്രവേശം ചെയ്തത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം 1992 മെയ് 20 ന് ബ്യൂണസ് ഐറീസിന്റെ സഹായ ബിഷപ്പ് ആയും 1998 ആർച്ച് ബിഷപ്പ് കർദിനാൾ അന്റോണിയോ ക്വറാസിനോയുടെ പിൻഗാമിയായും അവരോധിക്കപ്പെട്ടു. 2001 ഫെബ്രുവരി 21 ന് ജോൺ പോൾ രണ്ടാമൻ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തി. അന്നത്തെ പോപ്പ് ആയിരുന്ന ബെനഡിക്ട് പതിനാറാമൻ രാജി വച്ചതിനെ തുടർന്ന് അഖില ലോക കാത്തോലിക്കാ സഭയുടെ അമരക്കാരനായി നിയോഗിക്കപ്പെട്ടു.
2013-ൽ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ്, എളിമയുള്ള ജീവിതശൈലി സ്വീകരിച്ചതിന് പേരുകേട്ടവനായിരുന്നു. അർജന്റീനയിൽ ജനിച്ച പോപ്പ് ആഡംബരപൂർണ്ണമായ അപ്പോസ്തോലിക്ക് കൊട്ടാരത്തിന് പകരം വത്തിക്കാൻ ഗസ്റ്റ് ഹൗസ് ആയിരുന്നു താമസിക്കാൻ തിരഞ്ഞെടുത്തത്, പലപ്പോഴും എളിമയുള്ള വാഹനങ്ങളിലായിരുന്നു അദ്ദേഹത്തിന്റ യാത്ര.സാധാരണ ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് പോകുന്നതിനോടാണ് അദ്ദേഹം എപ്പോഴും കൂടുതൽ ആവേശം കാണിച്ചത്, അധികാര കേന്ദ്രങ്ങൾ, കൊട്ടാരങ്ങൾ തുടങ്ങിയവയിലല്ല. അത് അദ്ദേഹത്തിന്റെ സ്വഭാവസവിശേഷതയായിരുന്നു.
മനുഷ്യത്വത്തേയും മാനവികതയേയും മാർവോട് ചേർത്തണച്ച മാർപ്പാപ്പ ലോകത്തിലെ അശരണരുടെ വേദനയും നൊമ്പരവും മനസിലാക്കി. അവരുടെ കണ്ണീർ ഒപ്പിയെടുക്കുന്ന ദൗത്യം ജീവിത നിയോഗമായി ഏറ്റെടുത്തുകൊണ്ടാണ് ചരിത്രത്തിന്റെ കാല യവനികയിലേക്ക് മറയുന്നത്.
മുറിവേറ്റവരേ യും, മുഖ്യ ധാരയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെയും ഹൃദയത്തോട് ചേർത്ത് നിർത്തി. അദ്ദേഹത്തിന്റെ എളിമയർന്ന ജീവിത ശൈലി. മത മേലധ്യക്ഷൻമാരുടെ സ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്ന വ്യത്യസ്തമായ വസ്ത്ര അലങ്കാരമില്ലാതെ സാധാരണ ക്കാരനായ പുരോഹിതന്റെ വേഷവിധാനത്തിൽ പ്രത്യക്ഷപ്പെട്ടു. കൊണ്ടാണ് ഫ്രാൻസിസ് ലോകത്തിന്റെ മനസ് കീഴടക്കിയത്. സ്ത്രീ പൗരോഹിത്വത്തിനായ് ഉള്ള മുറ വിളി സഭയെ സംബന്ധിച്ചിടത്തോളം പുതിയ വെല്ലുവിളിയായിരുന്നു. ഫ്രാൻസിസ് പോപ്പ് പ്രതിസന്ധികളിൽ ആടിയുലഞ്ഞു പോകാതെ ദൈവീക പരിജ്ഞാനത്തിൽ സുരക്ഷിതമായി സഭയെ ധീരമായി മുന്നോട്ടു നയിച്ചു.
സ്വവർഗ വിവാഹം,അബോർഷൻ തുടങ്ങിയ മൗലീക വിഷയങ്ങളിൽ നിന്ന് ലോകത്തിന്റെ ശ്രദ്ധ കാലാവസ്ഥ വ്യതിയാനം, കുടിയേറ്റം ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം കേന്ദ്രീകൃതമാക്കി.
അമേരിക്കൻ ശൈലിയിലുള്ള മുതലാളിത്തത്തോടുള്ള വ്യക്തമായ വെറുപ്പും പണത്തെ ജനങ്ങളുടെ മേൽ "ആരാധനാപരമായി" കാണുന്ന സാമ്പത്തിക വ്യവസ്ഥകളെ ഫ്രാൻസിസ് ഇടയ്ക്കിടെ അപലപിക്കുന്നത് കണക്കിലെടുത്ത്, ചില യാഥാസ്ഥിതിക യുഎസ് നിരീക്ഷകർ അദ്ദേഹത്തിന് മാർക്സിസ്റ്റ് അനുഭാവം ഉണ്ടെന്ന് ആരോപിച്ചു.
കമ്മ്യൂണിസത്തിന്റേതല്ല, സുവിശേഷത്തിന്റേതാണെന്ന തന്റെ നിലപാടുകളെ അദ്ദേഹം ന്യായീകരിച്ചു. 2019 ൽ പരസ്പരം പോരടിച്ചു കഴിഞ്ഞിരുന്ന സൗത്ത് സുഡാനിലെ സർക്കാരിനെയും പ്രതിപക്ഷത്തെയും ഒരുമിച്ചിരുത്തി ചർച്ച നടത്തി. അവരുടെ പാദ രക്ഷകൾ ചുംബിച്ചു കൊണ്ടാണ് രക്ത രൂഷിതമായ അങ്കത്തിനു ഒത്തു തീർപ്പിന്റ ഫോർമുല ആവിഷ്ക്കരിച്ചത്. ലോകത്തെ അലോസരപ്പെടുത്തി കൊണ്ടിരിക്കുന്ന പല കാര്യങ്ങളിലും സമവായം സ്ഥാപിക്കാൻ സ്നേഹത്തിന്റെ നൂലിൽ കോർത്തിനക്കുന്ന അതിസാഹസികമായ നിയോഗത്തിനായിരുന്നു പപ്പാ സ്വയം അർപ്പിതനായി മാറി ചരിത്രം രചിച്ചത്. ലോകത്തിന്റെ മുഖച്ചായ തന്നെ മാറ്റി മറിച്ചു.
ബൈബിൾ അധിഷ്ഠിതമായ കാഴ്ച്ച പാടുകളുടെയും, ഉപദേശങ്ങളുടേയും, പഠിപ്പിക്കലുകളുടെയും നയ വ്യതിയാനങ്ങൾ ആയിരുന്നു ഓരോ സംഭയുടെയും പിറവിക്ക് പിന്നിൽ. സഭകളും,മതങ്ങളും, സമുദായ വിഭാഗങ്ങളും പടുത്തുയർത്തിയ മതിൽ കെട്ടുകൾക്കപ്പുറം മാനവ രാശിയെ മുഴുവനും ഏകോദര സഹോദരങ്ങളായി കണ്ട് അവരിലേക്ക് സ്നേഹത്തിന്റെ വാഹകരായി വർത്തിക്കുന്നതാണ് യഥാർത്ഥ ബൈബിൾ തീം. ഒരു പരമ്പാരാഗത സഭയുടെ മേലധ്യക്ഷൻ എന്ന നിലക്ക് തീർത്തും സാഹസികവും അപ്രയോഗികവും,ദുഷ്ക്കരവും ആയ ശ്രമം ആയിരുന്നു എല്ലാവരെയും സഹജീവികൾ ആയി കണ്ട് അവരിലേക്ക് നന്മയുടെ, സമാധാനത്തിന്റെയും സന്ദേശം എത്തിക്കുന്നതിന്റെ സന്ദേശ വാഹകനായി വർത്തിക്കുക എന്നത്. ഈ കടമ്പകളെ എല്ലാം കാറ്റിൽ പറത്തിയും സ്വന്തം പേരിനും, പദവിക്കും കോട്ടം ഏൽപ്പിക്കും നിലയിൽ വിമർശനങ്ങൾ ഏറ്റു വാങ്ങിയുമാണ് അദ്ദേഹം ത്യജിക്കപെട്ടവരെ ത്യാഗം ചെയ്തും കൂടെ നിർത്തിയത്. .ശരീരത്തിന്റെ അവശതകളും, യാതനകളും മറന്നാണ് ലോകത്തിലെ അടിച്ചമർത്തപ്പെട്ടവർക്കും, അവഗണിക്കപെട്ടതും, പൊതു ധാരയിൽ നിന്ന് അകറ്റി നിർത്തപ്പെട്ടവർക്കും വേണ്ടി യഥാർത്ഥ ക്രിസ്തു ശിഷ്യനായി മാർപ്പാപ്പ അഹോരാത്രം തന്റെ ശബ്ദം ഉയർത്തി. അന്ധകാരത്തിൽ കഴിഞ്ഞിരുന്ന ഒരു ലോക ജനതക്ക് മുന്നിൽ പ്രകാശം പരത്തി കൊണ്ട്ദൈവ പുത്രൻ അവതരിച്ചത് പോലെ ചരിത്രത്തിൽ ഒരു മാർപാപ്പയും അനുവർത്തിക്കാത്ത രീതിയിൽ അറബ് ലോകത്തേക്ക് നിരന്തരം യാത്രകൾ നടത്തി ക്രൈസ്തവ ദർശനത്തിന് പുതിയ മാനങ്ങൾ സമ്മാനിച്ചു. നന്മയുടെ പ്രതി രൂപമായി വർത്തിച്ച് ദരിദ്രർക്കും നിഷ്കാസിതരായവരില്ലേക്കും ഇറങ്ങി ചെന്ന് സമാധാനം വിളംബരം ചെയ്തു.
ക്രിസ്തു മരണത്തിലും അതുല്യനായിരുന്നു. ക്രിസ്തുവിന്റെ ശ്രേഷ്ഠ ഇടയനായ ഫ്രാൻസിസ് പാപ്പയും ക്രിസ്തു കാട്ടി തന്ന എളിമയുടെ ആൾ രൂപമായി മാറി. അദ്ദേഹം അതേ ശൈലി ആണ് തന്റെ മരണത്തിലും പിന്തുടരാൻ ആഗ്രഹിച്ചത്. തന്റെ മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി, ഫ്രാൻസിസ് കൂടുതൽ ലളിതമായ ശവസംസ്കാരമാണ് ആവശ്യപ്പെട്ടത്. അധ്യക്ഷ പദവിയുടെ അലങ്കാരമോ, സ്ഥാന മാനങ്ങൾ നൽകി തരുന്ന അകമ്പടിയുടേയോ, ഉള്ളിൽ ഒതുങ്ങി കൂടാൻ ആഗ്രഹിക്കാതെ, വത്തിക്കാൻ സിറ്റിക്ക് പുറത്ത് മരണ ശേഷം അന്ത്യ വിശ്രമം കൊള്ളാനുള്ള സ്ഥലം ഒരുക്കുവാവാനാണ് ആഗ്രഹിച്ചത്. അതിന് വേണ്ടി വത്തിക്കാന് പുറത്തുള്ള സെന്റ് മേരി മേജർ പള്ളിയുടെ മണ്ണിൽഒരു ലളിതമായ ശവകുടീരം അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 1600-വർഷങ്ങൾക്കു ശേഷം അവിടെ സംസ്‌കരിക്കപ്പെടുന്ന ആദ്യത്തെ പോപ്പായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പാ. .100 വർഷത്തിലേറെയായി വത്തിക്കാനിന് പുറത്ത് സംസ്‌കരിക്കപ്പെടുന്ന ആദ്യ പോപ്പും അദ്ദേഹം ആയിരിക്കും. ആധുനിക ആഡംബരങ്ങളുടെ പ്രൌഡ്ഢി യും അധികാരത്തിന്റെ ആനുകൂല്യമുള്ള രാജകീയ ആൾക്കൂട്ടത്തിന്റെ പിൻബലത്തിൽ ഉള്ള ഒരു സംസ്കാര ശുശ്രൂഷഅദ്ദേഹം ആഗ്രഹിച്ചില്ല. ഒരു സാധാരക്കാരന്റെ അടക്കത്തെ അനുസ്മരി പ്പിക്കും വിധം നിഷ്കർഷയോടെ കേവലം അമ്പത് പേർ മാത്രം അടങ്ങുന്ന ലാളിത്യമാർന്ന സംസ്കാരത്തിന്റെ ആൾ കൂട്ടത്തെ മാത്രം അദ്ദേഹത്തിന്റെ സംസ്ക്കാര ശുശ്രൂഷക്ക് ആഗ്രഹിച്ചത്. അധികം ജന സാഗരത്തിന്റ പിന്തുണ കിട്ടാവുന്ന ഒരു ലോക നേതാവ് ആയിട്ട് പോലും ആ വിധമായ ജന പങ്കാളിത്വം പോലും വേണ്ട എന്ന അദ്ദേഹത്തിന്റ തീരുമാനം മരണത്തിലും പാപ്പക്ക് ഉണ്ടായിരുന്ന എളിമ പ്രകടമാക്കുന്നതാണ്.
സമാധാനത്തിന്റെ അപ്പോസ്തോലൻ ആയി അവതരിച്ച അദ്ദേഹം സന്മനസ്സ് ഉള്ളവർക്ക് മാത്രം അല്ല ലോകത്തിനു മുഴുവനും ആയും സമാധാനം ഉണ്ടാവാനാണ് ആഗ്രഹിച്ചത്. യഥാർത്ഥ ക്രൈസ്തവ ദർശനം ആണ് അദ്ദേഹം ലോകത്തിന്റെ മുന്നിൽ വരച്ചു കാട്ടിയത്. തന്റെ ആരോഗ്യം ആയിരുന്നില്ല അദ്ദേഹത്തിന് വിലപ്പെട്ടത്. ഗുരുതരമായ ന്യുമോണിയക്ക് ശേഷം ജീവനും, മരണത്തിനും ഇടക്കുള്ള ഇടനാഴികയിൽ നിന്ന് രക്ഷപ്പെട്ടു പുറത്തു വന്ന അദ്ദേഹം ജീവിതത്തിന്റെ പര്യവസാനത്തിന്റെ ഒരു നാൾ മുന്നേ ഉയിർപ്പിന്റ ഞായറാഴ്ച നന്നേ ക്ഷീണിതനായി ജനാവലിക്ക് സമാധാനം ആശംസിക്കാൻ ജനാവലിക്ക് മുന്നേ പ്രത്യക്ഷനായത്. അപ്പോഴും അദ്ദേഹം തനിക്കു വേണ്ടി പ്രാർത്ഥന അഭ്യർത്ഥിച്ചില്ല. ആശങ്ക അത്രയും ഗാസയെയും മറ്റും ചുറ്റി പറ്റിയുള്ള ലോക സമാധാനത്തിനു വേണ്ടിയും ലോകത്തിന്റെ സൗഖ്യത്തിനു വേണ്ടിയുമുള്ള പ്രാർത്ഥിക്കുവാനുമാണ് ഉദ്ബോധിപ്പിച്ചത്.

ലോകത്തെ മുഴുവനും ആയി സ്വന്തം സഹോദങ്ങളായി കണ്ട് വെറുപ്പിന്റെയും, വേർ തിരിവിന്റെയും വിദ്വേഷത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ചു മാറ്റി അശരണർക്കും ആലമ്പഹീനർക്കും വേണ്ടി ശബ്ദം ഉയർത്തി അവരോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തുന്ന ഒരു ലോക നേതാവ് ഇനി വരും കാലങ്ങളിൽ ദൈവ ദൂതനായി പ്രത്യക്ഷപ്പെടുമോ എന്നാണ് ലോകം ഉദ്യോഗത്തോടെ കാത്തിരിക്കുന്നത്.യഥാർത്ഥ ക്രിസ്തു ശിഷ്യനായി പാവങ്ങളോട് ഒപ്പം സഹവസിക്കാനും, അവർക്ക് വേണ്ടിശബ്ദം ഉയർത്തുവാനും അവരിൽ ഒരാളായി മാത്രം അറിയപ്പെടാൻ ആഗ്രഹിച്ച വ്യക്തി. പേരിനും പ്രശസ്തിക്കും വേണ്ടി ആണ് ഇങ്ങനെ എല്ലാം ചെയ്തത് എന്ന് വാദിച്ചാൽ പോലും സ്വന്തം പ്രതിച്ചായക്കു ഏറെ മങ്ങൽ സംഭവിച്ചിട്ടും അണു വിട അദ്ദേഹം എടുത്ത നയങ്ങളിൽനിന്ന് പിന്നോട്ട് പോവാതെ ദൈവീക നിയോഗം ആയി ഏറ്റെടുത്ത് അവക്കെല്ലാം പരിഹാരം കാണുവാനും, ക്രൈസ്തവ ജീവിത വീക്ഷണത്തിന്റെ ഉപാസനയായി സ്വീകരിച്ചു അത്തരം കാര്യങ്ങളെ കൈകാര്യം ചെയ്യുവാനും
അദ്ദേഹത്തിന് കഴിഞ്ഞു എന്നിടത്താണ് അദ്ദേഹത്തിന്റെ ഇടപെടലുകൾ എല്ലാം നിസ്വാർത്ഥമായിരുന്നു എന്ന തീർപ്പിലേക്ക് നമ്മുക്ക് എത്തി ചേരേണ്ടി വരുന്നത്.
യഥാർത്ഥ ക്രിസ്തു ശിഷ്യനായ ഒരു സഭാ നേതാവ് ഇതിന് മുന്നേ ഇങ്ങനെ ഉണ്ടായിട്ടുള്ളതായി ഓർക്കുന്നില്ല.ഇനി ഒരു ലോക നേതാവ് ചരിത്രത്തിൽ ഇങ്ങaനെ ഉണ്ടാവുമോ എന്നറിയില്ല.
അവസാനം ആയി പപ്പയെ കുറിച്ച് പറഞ്ഞു നിർത്തുമ്പോ രണ്ടു ബൈബിൾ വാക്യങ്ങളാണ് മനസിലേക്ക് കടന്ന് വരുന്നുത്..
" ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ " "ബുദ്ധിമാന്മാർ ആകാശ മണ്ഡലത്തിന്റെ പ്രഭ പോലെയും പലരേയും നീതിയിലേക്ക് തിരിക്കുന്നവർ നക്ഷത്രങ്ങളെ പോലെയും എന്നും എന്നേക്കും പ്രകാശിക്കും." ( ദാനിയേൽ 12:3)
Advertisement
















































